എന്റെ ഇന്ത്യ, എന്നിലെ ഇന്ത്യ

എന്റെ ഇന്ത്യ, എന്നിലെ ഇന്ത്യ

ജനുവരി 26-ന് ഭാരതം അതിന്‍റെ 67-ാം റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്. റിപ്പബ്ലിക് ആവുക എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ തങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന പരമാധികാരമുപയോഗിച്ചു തങ്ങളെ ഭരിക്കാനുള്ള ഒരു ഗവണ്‍മെന്‍റിനെ തിരഞ്ഞെടുക്കുക എന്നതാണ്. ഭരിക്കാനുള്ള അധികാരം നല്കപ്പെടുന്നതു പൈതൃകം വഴിയല്ല, തിരഞ്ഞെടുപ്പു വഴിയാണ്.
1858-ല്‍ ഇംഗ്ലണ്ടിലെ രാജ്ഞി ഇന്ത്യയുടെ ഭരണനിര്‍വഹണം ഏറ്റെടുക്കുകയും 1876-ല്‍ ഭാരതത്തിന്‍റെ രാജ്ഞിയായി സ്വയം അവരോധിക്കുകയും ചെയ്തു. അങ്ങനെ ഭാരതം മുഴുവന്‍  ബ്രിട്ടീഷ് രാജഭരണത്തിന്‍റെ കീഴിലായി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം ബ്രിട്ടീഷുകാരില്‍ നിന്നും ഭാരതത്തെ സ്വതന്ത്രമാക്കുക മാത്രമായിരുന്നില്ല, സ്വതന്ത്രഭാരതത്തെ ഒരു ജനാധിപത്യരാജ്യമാക്കുകകൂടിയായിരുന്നു. 1947-ല്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും 1950-ല്‍ ഭാരതം റിപ്പബ്ലിക് ആകുന്നതുവരെ നമ്മുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും വിദേശകാര്യ നയവും ബ്രിട്ടീഷ് നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ഈ കാലയളവില്‍ ബ്രിട്ടീഷ് രാജാവ് ജോര്‍ജ് ആറാമന്‍റെ കീഴില്‍ സി രാജഗോപാലാചരി ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായി ഭരണം തുടര്‍ന്നു.
1950 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്ടിനെ അസാധുവാക്കിക്കൊണ്ട് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു. ഭാരതത്തിന്‍റെ ആദ്യപ്രസിഡന്‍റായി സ്ഥാനമേറ്റെടുത്തുകൊണ്ടു ഡോ. രാജേന്ദ്രപ്രസാദ് തന്‍റെ ആദ്യ പ്രസംഗത്തില്‍ ജനങ്ങളോടു പറഞ്ഞു: "കാലം നമ്മോട് ഒരു പുനഃസമര്‍പ്പണം ആവശ്യപ്പെടുന്നു. നമ്മുടെ രാഷ്ട്രപിതാവും സ്വാതന്ത്ര്യസമര സേനാനികളും സ്വപ്നം കണ്ട വര്‍ഗരഹിതവും സന്തോഷവും സമാധാനവും നിറഞ്ഞതുമായ ഒരു നവസമൂഹസൃഷ്ടിയുടെ സാക്ഷാത്കാരത്തിനായി വരൂ, നമുക്കു കകൈകോര്‍ക്കാം. ഇത് ആഘോഷത്തിന്‍റെ മാത്രം ദിവസമല്ല, സമര്‍പ്പണത്തിന്‍റേതുകൂടിയാണ്.
സത്യദീപം ഈ ലക്കം ഈ സ്വപ്നലോകത്തിലൂടെ ഒരു പുനഃസമര്‍പ്പണത്തിലേക്കുള്ള യാത്രാശ്രമം നടത്തുകയാണ്. സ്വയം ഭരിക്കാന്‍ അവകാശമുള്ള ഒരു ജനതയുടെ സ്വപ്നങ്ങളാണീ താളുകളില്‍. ഭാവി ഇന്ത്യയുടെ അധികാരസ്ഥാനങ്ങള്‍ കയ്യാളാന്‍ ഒരുങ്ങുന്ന ഒരുപറ്റം യുവനജനങ്ങള്‍ അവരുടെ ഇന്ത്യ ഏതു രൂപത്തിലായിരിക്കണമെന്നു ഹൃദയഭാഷയില്‍ കുറിക്കുകയാണ്. അതില്‍ അദ്ധ്യാപനശൈലിയിലെ അഴിച്ചുപണികളുണ്ട്; രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വേണ്ട 'പെരിസ്ട്രോയിക്ക' കളുണ്ട്; സമര്‍പ്പിതജീവിതങ്ങള്‍ക്കുള്ള നവശൈലികളുണ്ട്; സാമൂഹ്യക്ഷേമ പ്രവര്‍ത്തകര്‍ക്കുള്ള പുത്തന്‍ ചക്രവാളങ്ങളുണ്ട്; നീതിന്യായ വ്യവസ്ഥിതിയില്‍ വരുത്തേണ്ട പരിവര്‍ത്തനങ്ങളുണ്ട്; പുഷ്കലമാകേണ്ട സാഹിത്യലോകത്തെക്കുറിച്ചുള്ള ആശകളുണ്ട്; ആരോഗ്യമേഖലയെ ആധുനീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളുണ്ട്; സോഫ്റ്റ്വെയര്‍, എന്‍ജിനീയറിംഗ് മേഖലകള്‍ തരുന്ന പുത്തന്‍ ചക്രവാളങ്ങളുമുണ്ട്.
ഈ സ്വപ്നങ്ങളുടെ പങ്കുവയ്ക്കല്‍ നമുക്കു തരുന്നത് ആഘോഷങ്ങളുടെ രാവുകളല്ല; കൂട്ടായ പരിശ്രമത്തിന്‍റെ പ്രവര്‍ത്തനദിനങ്ങളാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പാത പിന്തുടര്‍ന്നു കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ നോട്ടീസിന്‍റെ കവര്‍പേജില്‍ നിന്നും ഔദ്യോഗികരേഖകളില്‍ നിന്നും മഹാത്മാഗാന്ധിയുടെയും ഡോ. അബേദ്കറുടെയും നെഹ്റുവിന്‍റെയും ചിത്രങ്ങള്‍ കേരള ഭരണ നേതൃത്വം ഒഴിവാക്കിയത് ഒരു ആഘാതവാര്‍ത്തയാണ്. എന്നാല്‍ വര്‍ത്തമാന വ്യവസ്ഥിതികളുടെ ഒരു സമൂല പൊളിച്ചെഴുത്തല്ല, രാഷ്ട്രപിതാവിന്‍റെയും സ്വാതന്ത്ര്യസമര സേനാനികളുടെയും സ്വപ്നസാക്ഷാത്കാരത്തിനായുള്ള ശക്തമായ നിലപാടുകളിലേക്കുള്ള ഒരു പറിച്ചുനടലാണ് ഈ ലക്കം. വരൂ, നമുക്ക് ഒരു റപ്പബ്ലിക് രാഷ്ട്രമാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org