ഔദാര്യമല്ല, അംഗീകാരം

ഔദാര്യമല്ല, അംഗീകാരം

പോയ വര്‍ഷം സമ്മാനിച്ച ചില നടുക്കങ്ങളുടെയും പുതുവര്‍ഷം തന്ന ചില ഓര്‍മപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ സീറോ-മലബാര്‍ മെത്രാന്‍ സിനഡിനു വേദിയൊരുങ്ങുകയാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ശ്രീലങ്കയിലെ കൊളോംബോയില്‍വച്ചു ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബി ഷപ്സ് കോണ്‍ഫെറന്‍സിന്‍റെ ഒമ്പതാം പ്ലീനറി അസംബ്ലി നടന്നു. ഏഷ്യയുടെ മാറുന്ന സാഹചര്യത്തില്‍ ദൈവിക കരുണയുടെ വാഹകരായി ഏഷ്യയിലെ കത്തോലിക്കാ കുടുംബങ്ങള്‍ ഉയരണം എന്ന ദീര്‍ഘവും വ്യക്തവുമായ കര്‍മപദ്ധതികളോടെയാണു പ്ലീനറി സമ്മേളനം അവസാനിച്ചത്.
സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ഒരു യാത്രയിലാണ് ഈ ലോകത്തില്‍ സഭ. മനുഷ്യരെ കൂടുതല്‍ ദൈവോന്മുഖരാക്കാനുള്ള വിളിയാണു സഭയുടേത്. കാലാകലങ്ങളില്‍ അതിനുള്ള കര്‍മപദ്ധതികള്‍ സഭ തന്‍റെ വിളിയും ദൗത്യവുമായി തന്നെ ഏറ്റെടുത്തു നടത്തിയിട്ടുമുണ്ട്. അവിദ്യയുടെ അന്ധകാരത്തില്‍നിന്നു വിദ്യയുടെ പ്രകാശത്തിലക്കു സമൂഹത്തെ ഉയര്‍ത്താന്‍ പള്ളിക്കൂടങ്ങള്‍, രോഗാവസ്ഥയില്‍ നിന്ന് ആരോഗ്യാവസ്ഥയിലേക്കു മനുഷ്യന്‍റെ ശരീരത്തെയും മനസ്സിനെയും നയിക്കാന്‍ ആശുപത്രികള്‍, ആരോരുമില്ലാത്തവര്‍ക്ക് അത്താണികളായി ആതുരാലയങ്ങള്‍… സഭ തന്‍റ ദൗത്യനിര്‍വഹണ യാത്രയിലാണ്.
ശാരീരികപരിമിതികള്‍ മൂലം മനസ്സ് എത്തുന്നിടത്തു കരം എത്തിക്കാനാകാതെ വിഷമിക്കുന്ന ഒട്ടനവധി പേര്‍ ഇന്നു സമൂഹത്തിലുണ്ട്. ശാരീരികവൈകല്യം ബാധിച്ചവര്‍, ഭിന്നശേഷിയുള്ളവര്‍, വൃദ്ധര്‍, ഗര്‍ഭവതികള്‍ തുടങ്ങി ഈ വിഭാഗത്തില്‍ പ്പെടുന്നവര്‍ക്കു നമ്മുടെ പല സര്‍ക്കാര്‍-സര്‍ക്കാരിതര ഓഫീസുകളും സംവിധാനങ്ങളും പൊതുസ്ഥലങ്ങളം ആരാധനാലയങ്ങളും ഇന്ന് അപ്രാപ്യമാണ്. ശാരീരികപരിമിതികളുള്ളവരും നമ്മോടൊപ്പംതന്നെ ഉള്ളവരാണെന്ന ബോദ്ധ്യം ഇവയുടെ നിര്‍മാണഘട്ടത്തില്‍ ഇല്ലാതെ വന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സമൂഹത്തിന്‍റെ മനോഭാവത്തില്‍ അടിസ്ഥാനപരമായുള്ള ഒരു മാറ്റം ഉണ്ടാവുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാര്‍ഗം.
വൈകല്യം ബാധിച്ചവര്‍ എന്നല്ല, ഭിന്നശേഷിക്കാര്‍ എന്നാണല്ലോ ഇവരെ നാം വിളിക്കുന്നത്. മാനസിക-ശാരീരികവൈകല്യംമൂലം സമൂഹത്തില്‍ നിന്ന് അകന്നു കഴിയാന്‍ നിര്‍ബന്ധിതരാണ് ഇവരെല്ലാവരും. എന്നാല്‍ അവര്‍ക്കിണങ്ങുന്ന സാഹചര്യമൊരുക്കിയാല്‍ നമ്മോടൊപ്പം നിന്നുതന്നെ സമൂഹനിര്‍മിതിയില്‍ സഹകരിക്കാനുള്ള ശേഷിയും ശേമുഷിയും ഇവര്‍ക്കുമുണ്ട്. വൈകല്യം ബാധിച്ചവരല്ല, ഭിന്നശേഷിക്കാര്‍ എന്ന പ്രയോഗമാറ്റംതന്നെ ഒത്തിരി ഗുണം ചെയ്തിട്ടുണ്ട്. ഇനി നമുക്കാവശ്യം ഈ പ്രയോഗമാറ്റം പ്രയോഗത്തില്‍ വരുത്തുക എന്നതാണ്.
ഈ ചുവടുമാറ്റത്തിന്‍റെ മുന്‍പന്തിയില്‍ എറണാകുളം- അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗം 'സഹൃദയ'യുടെ നവീന സമീപനങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഭിന്നശേഷിക്കാരുടെ സര്‍വേ എടുക്കുകയും അവര്‍ക്കായി കൂട്ടായ്മകള്‍ രൂപീകരിക്കുകയും ചെയ്തു. ആദ്യഘട്ടമായി അങ്കമാലി ബ്ലോക്കിലെ എട്ടു പഞ്ചായത്തുകളില്‍ മാത്രം നടപ്പിലാക്കിയ സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതി സമൂഹത്തിന്‍റെയും സര്‍ക്കാരിന്‍റെയും കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഓരോ പഞ്ചായത്തും വികസന പദ്ധതികള്‍ക്കായി പൊതു ഗ്രാമസഭകള്‍ വിളിക്കുന്നതിനു മുമ്പായി ഭിന്നശേഷിക്കാരുടെ കൂട്ടായ്മകള്‍ വിളിക്കണമെന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും പൊതുസ്ഥാപനങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കുംകൂടി കടന്നുവരാന്‍ പാകത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു സഹൃദയയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സഹായകമായി.
ഔദാര്യത്തിന്‍റെ അപ്പക്കഷണങ്ങളല്ല, അംഗീകാരത്തിന്‍റെ വേതനമാണു ഭിന്നശേഷിക്കാര്‍ക്കു വേണ്ടത്. വെള്ളമൊഴുക്കാന്‍ ചാലു കീറണം, വൈദ്യുതി കൊണ്ടുപോകാന്‍ കമ്പി വലിക്കണം. ചാലു കീറലും കമ്പി വലിക്കലും വെള്ളത്തിനും വൈദ്യുതിക്കും നാം കൊടുക്കുന്ന ഔദാര്യമല്ല, നമ്മു ടെ കടമയാണ്. ഒരേ ലക്ഷ്യത്തിലേക്കു പല വഴിയെ ചരിക്കുന്നവരല്ലേ നാം?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org