കേരളം പച്ച പുതയ്ക്കട്ടെ

കേരളം പച്ച പുതയ്ക്കട്ടെ

കവിതകളിലും അഭ്രപാളികളിലും ഒതുക്കപ്പെടുന്ന കേരളത്തിന്‍റെ ഹരിതചാരുത ഇന്നിന്‍റെ യാഥാര്‍ത്ഥ്യമാക്കണമെന്ന സ്വപ്നവുമായി "ഹരിതകേരളം" പദ്ധതിക്കു കഴിഞ്ഞ ഡിസംബര്‍ 8 സാക്ഷിയായി. ഗാര്‍ഹിക മാലിന്യനിര്‍മ്മാര്‍ജ്ജനവും ജലസ്രോതസ്സുകളുടെ ശുദ്ധീകരണവും കാര്‍ഷികസംസ്കാരത്തിന്‍റെ പുനരുദ്ധാരണവുമാണു "ഹരിതകേരളം" പ്രാമുഖ്യം നല്കുന്ന കാര്യങ്ങള്‍.
ഈ ത്രിവിധ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനായി പഞ്ചായത്ത്-ജില്ലാ-സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ത്രിതല കമ്മിറ്റിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ടു കഴിഞ്ഞു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സാമൂഹ്യക്ഷേമ പ്രസ്ഥാനങ്ങളുടെയും രണ്ടു ലക്ഷത്തോളമുള്ള കുടുംബശ്രീ യൂണിറ്റുകളുടെയും വിദ്യാലയങ്ങളുടെയും ആത്മാര്‍ത്ഥ സഹകരണം മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.
ആധുനിക മനുഷ്യന്‍റെ ആര്‍ത്തിയുടെയും സ്വാര്‍ത്ഥതയുടെയും ബാക്കിപത്രമായ മാലിന്യങ്ങളെ സംസ്കരിക്കാനുള്ള ഹരിതകേരള പദ്ധതി മലയാളിക്കു പ്രകൃതിക്കനുകൂലമായ ഒരു നവസംസ്കാരം സ്വന്തമാക്കാനുള്ള വാതിലാണ് തുറന്നു തന്നിരിക്കുന്നത്. ഇതിലേക്ക് അതിവേഗം, ബഹുദൂരം മുന്നോട്ടു പോകുവാന്‍ കാലം നമ്മോടാവശ്യപ്പെടുന്നുണ്ട്.
"ഹരിതകേരളം" പദ്ധതികളായി മുന്നോട്ടുവച്ചിരിക്കുന്ന ഈ പ്രധാന ലക്ഷ്യങ്ങളൊക്കെത്തന്നെ വര്‍ഷങ്ങളായി സഭ അതിന്‍റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയിരിക്കുന്നതാണ്. നമ്മുടെ രൂപതകളുടെയും സന്ന്യാസസ്ഥാപനങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തന വിഭാഗങ്ങള്‍ എല്ലാംതന്നെ ഇത്തരം പരിസ്ഥിതി സൗഹൃദ, പരിസര ശുചീകരണപദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നുണ്ട്. ഇതു സ്വന്തം ഇടവക, രൂപതാസംവിധാനങ്ങള്‍ വിട്ടു കൂടുതല്‍ ജനകീയമാക്കാനും സംഘടിതമാക്കാനുമുള്ള അവസരമാണു നമ്മുടെ മുന്നില്‍.
സൂര്യപ്രകാശം, കാറ്റ് തുടങ്ങിയ പ്രകൃതിവിഭവങ്ങളെ നമ്മുടെ അനുദിനജീവിതവ്യാപാരങ്ങളുടെ ഊര്‍ജ്ജസ്രോതസ്സുകളാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. നാല്പതിലധികം നദികള്‍ കേരളത്തിലൂടെ കടന്നുപോകുന്നു. അതില്‍ പ്രധാനപ്പെട്ടതും നാല്പതു ലക്ഷത്തോളം ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നതും പെരിയാറിനെയാണ്. എന്നാല്‍ ആ പെരിയാറിന്‍റെ ഇന്നത്തെ സ്ഥിതി ഭീകരമാണ്. രാസമാലിന്യങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യവും മത്സ്യസമ്പത്തിലെ ഗണ്യമായ കുറവും പെരിയാറിനെ വീണ്ടെടുക്കാനാവാത്തവിധം നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. യമുന, ഗംഗപോലെയുള്ള നദികളെ ശുദ്ധീകരിക്കാനായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ നമുക്കു മാതൃകയാക്കാവുന്നതാണ്. 230-ഓളം പദ്ധതികളാണു ഗംഗയുടെ ശുചീകരണത്തിനായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഒരു കേവല ന്യൂനപക്ഷത്തിന്‍റെ സൗകര്യത്തിന്‍റെയും ലാഭത്തിന്‍റെയും പേരുപറഞ്ഞു ബഹുഭൂരിപക്ഷം വരുന്ന ജനത്തിന്‍റെ ജീവിതത്തെ അപകടത്തിലാക്കാന്‍ നമുക്കാവില്ല. നമ്മുടെ ഗാര്‍ഹിക ആവശ്യങ്ങളിലും ആഘോഷാവസരങ്ങളിലും നാം ഉപയോഗിച്ചു തള്ളുന്ന വസ്തുക്കളില്‍ നിന്നുള്ള പുനരുത്പാദനം ഊര്‍ജ്ജിതമാക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണം. നദീജല ശുദ്ധീകരണവും നദീതടസംരക്ഷണവും ഫലപ്രദമാകുന്നത് ഇതൊക്കെ ഒരു ജനകീയമുന്നേറ്റമാകുമ്പോഴാണ്. പ്രകൃതിസംരക്ഷണമെന്നതു കേവലം പ്രകൃതിസ്നേഹികളുടെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ മാത്രം ദൗത്യമാകാതെ ഒരു ജനത്തിന്‍റെ വികാരമാകണം. അതിനുള്ള ഏറ്റവും അനുകൂലമായൊരു അന്തരീക്ഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അന്ധകാരത്തില്‍ അങ്ങിങ്ങു കത്തിനിന്ന ചെറുചെരാതുകള്‍ ചേര്‍ന്ന് ഒരു അഗ്നിസ്തംഭമാകാനുള്ള അവസരം.
ആധുനിക കാലത്തില്‍, ജനമുന്നേറ്റങ്ങളുടെ ശക്തി മറ്റു സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങളിലൂടെയും വാര്‍ത്താമാധ്യമങ്ങളിലൂടെയും മാത്രമേ കേരളജനത കണ്ടിട്ടുള്ളൂ. കുടിവെള്ള പ്രശ്നവും പെരിയാര്‍ മലിനീകരണപ്രശ്നവും ജനമൊന്നാകെ ജാതി, മത ഭേദങ്ങള്‍ മറന്ന് ഏറ്റെടുക്കുമ്പോഴാണു ശാശ്വത പരിഹാരമുണ്ടാവുക. ഇത്തരം ജനകീയ മുന്നേ റ്റങ്ങള്‍ക്കു മുന്നില്‍ കുടിവെള്ളത്തെയും ശ്വാസവായുവിനെയും മലിനപ്പെടുത്തുന്ന സംവിധാനങ്ങളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന നിയമപാലകരുടെ മുഖംമൂടികളും തകര്‍ന്നുവീഴുമെന്നതില്‍ തര്‍ക്കമില്ല. സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടി സമൂഹനന്മയ്ക്കു തടസ്സം നില്ക്കലല്ല സാമൂഹ്യതാത്പര്യങ്ങള്‍ സ്വന്തം താത്പര്യങ്ങളാക്കുന്നതാണു കരണീയം. ഭൂമിയെ സ്വന്തം ഭവനമായി കാണാന്‍ ആഹ്വാനം ചെയ്ത ഒരു മാര്‍പാപ്പയുടെ സന്താനങ്ങളാണു നാം. ദൈവം ഈ ഭൂമിയെ സൃഷ്ടിച്ച് അതു നമ്മെ ഏല്പിച്ചത് അതിനെ ഭരിക്കാനല്ല, സംരക്ഷിക്കാനാണെന്നു മറക്കാതിരിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org