കാലിടറുന്ന കൗമാരകേരളം

കാലിടറുന്ന കൗമാരകേരളം

108 ദിവസത്തിനുള്ളില്‍ 66 കുട്ടികള്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു!! അടച്ചിരിപ്പുകാലത്ത് അടഞ്ഞുപോയ അനാരോഗ്യ കൗമാരത്തെ നന്നായി അടയാളപ്പെടുത്തുന്നുണ്ട് ഭയപ്പെടുത്തുന്ന ഈ കണക്കെടുപ്പ്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ കയറാനാകാതെ പുറത്തു നില്‍ക്കേണ്ടി വന്നതില്‍ മനംനൊന്ത് ജീവിതത്തില്‍ നിന്നു തന്നെ ഇറങ്ങിപ്പോയ മലപ്പുറം ഇരിമ്പിളിയത്ത് ഒമ്പതാം ക്ലാസ്സുകാരി ദേവികയുടെ സങ്കടത്തോടെയായിരുന്നു പുതിയ അധ്യയന വര്‍ഷാരംഭം. യാത്ര പകുതിയലവസാനിപ്പിക്കുന്ന കുരുന്നുകള്‍ പറയാതെ പറയുന്നത് പതിവിനപ്പുറമുള്ള ഗൗരവത്തോടെ കേരളം കേള്‍ക്കേണ്ടതുണ്ട്.

കളിചിരികള്‍ക്ക് മീതെ മാസ്‌ക്കിട്ട കോവിഡ് അവധിക്കാലം കൂടിച്ചേരലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍, നിരന്തരം അകത്തകപ്പെട്ടുപോയ കുഞ്ഞുമനസ്സുകളിലെ തിരയിളക്കങ്ങളെ തിരിച്ചറിയാതെ പോയതിനാലാണ് ആത്മഹത്യാ നിരക്കിലെ അസാധാരണ പെരുപ്പമെന്നതിനാല്‍, പ്രതിസ്ഥാനത്ത് കുടുംബമാവുക സ്വാഭാവികം; കുടുംബത്തെ അസ്വസ്ഥമാക്കിയ കോവിഡ് കൂട്ടു പ്രതിയും.

കോവിഡ് പരീക്ഷണങ്ങളില്‍ ഏറ്റവുമധികം പരിക്ഷീണരായത് നമ്മുടെ കുട്ടികള്‍ തന്നെയാണ്. കഴിഞ്ഞ അവധിക്കാലം അങ്ങനെയായിരുന്നില്ലെന്ന് മാത്രമല്ല, അവധി കഴിഞ്ഞും വിദ്യാലയങ്ങള്‍ തുറക്കാതിരുന്നത് സ്ഥിതി വഷളാക്കുകയും ചെയ്തു. ഇന്ത്യയില്‍ 15 ലക്ഷം സ്‌കൂളുകളിലായി 25 കോടി വിദ്യാര്‍ത്ഥികള്‍ ആദ്യമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 25 മുതല്‍ വീട്ടിലിരിപ്പാണ്. ഇതില്‍ 33% വിദ്യാര്‍ത്ഥികള്‍ സ്വകാര്യ സ്‌കൂളുകളില്‍ ഓണ്‍ ലൈന്‍ ആയി പഠനം തുടരുമ്പോള്‍ ബഹുഭൂരിപക്ഷവും ടിവി ചാനലുകള്‍, വാട്‌സാപ്പ് പോലുള്ള സങ്കേതങ്ങളില്‍ പഠനത്തെ പിന്തുടുരുന്നു. ഇന്ത്യയില്‍ ഓണ്‍ലൈന്‍ പഠനം ഡിജിറ്റല്‍ വിഭജനത്തിന്റേത് കൂടിയാണ്. അവധി കഴിഞ്ഞിട്ടും 'അവധി'യില്‍ തുടരുകയാണ് നല്ലൊരു പങ്കും എന്നര്‍ത്ഥം.

കോവിഡ് കാലത്തെ കുട്ടികള്‍ക്കിടയിലെ ആത്മഹത്യയുടെ അമ്പരിപ്പിക്കുന്ന കണക്ക് പുറത്തു വിട്ടത് മുഖ്യമന്ത്രി തന്നെയായതിനാല്‍, അത് അതിവേഗം വാര്‍ത്തയായി. കുട്ടികള്‍ക്കും, കൗമാരക്കാര്‍ക്കുമിടയിലെ ആത്മഹത്യാ പ്രവണത പഠിക്കാനും തടയാനുമായി ഡിജിപി ശ്രീലേഖ അധ്യക്ഷയായി ഒരു സമിതി രൂപീകരിക്കപ്പെട്ടു.

ലോകം അടച്ചിട്ടകത്തിരിക്കാന്‍ തുടങ്ങിയിട്ട് ആറുമാസമായി. ലോക്ക്ഡൗണിന്റെ ആദ്യനാളുകള്‍, അവിചാരിതമായി വീണു കിട്ടിയ അവധി ആഘോഷത്തിന്റെ ആഹ്‌ളാദലകളാല്‍ കൗതുകപ്പെട്ടെങ്കിലും അടച്ചിരിപ്പ് നീണ്ടുപോയപ്പോള്‍, അനിശ്ചിതത്വ ത്തിന്റെ അങ്കലാപ്പില്‍ വീട്ടകങ്ങള്‍ വേഗം വിഷാദാത്മകമായി. കോവിഡ് പ്രതിരോധത്തിന് സമൂഹ്യാകലം പ്രധാനമായത്, കൂടിച്ചേരലുകളെ അസാധ്യമാക്കി. അടച്ചിരിപ്പിന്റെ അസ്വസ്ഥതകളെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ചകളില്‍ നിലതെറ്റിയാണ് പല കുട്ടികളും വീണുപോയതെങ്കില്‍ സര്‍വ്വതല സ്പര്‍ശിയാകാത്ത നമ്മുടെ വിദ്യാഭ്യാസസംവിധാനം തന്നെയാണ് പ്രതികൂട്ടില്‍. അധ്യയനം ബൗദ്ധികം മാത്രമാകുമ്പോള്‍ വിപരീത സാഹചര്യങ്ങളെ വിമലീകരിക്കാനുള്ള കഴിവില്ലാതെ ദിശതെറ്റിയാണ് നമ്മുടെ യുവത. യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടികള്‍ പഠിക്കുകയല്ല, മത്സരിക്കുകയാണ്. മിഷേല്‍ ഫുക്കോ പരിചയപ്പെടുത്തുന്ന 'മത്സരാത്മക വ്യക്തിത്വ' രൂപീകരണമെന്ന നവലിബറല്‍ സമ്പ്രദായത്തിലെ പ്രധാന പ്രയോഗസാധ്യത മാത്രമായി വിദ്യാഭ്യാസ പ്രക്രിയ മാറിപ്പോകുന്നതില്‍ അശേഷം ആശങ്കയില്ലാത്ത നമ്മുടെ സാമൂഹ്യരാഷ്ട്രീയ പരിസരം ആത്മഹത്യാ പ്രേരണയുടെ പിരിധിയില്‍ വരണം. കീഴ്‌പ്പെടുത്തലിന്റെ ഭാഷയായി വിദ്യ വികലമായപ്പോള്‍, ഒഴിവാക്കപ്പെടുമോ എന്ന ഭയം മരണഭീതിയായി വളര്‍ന്നു. അങ്ങനെയാണ് ആത്മഹത്യ അവര്‍ക്ക് സ്വഭാവിക പരിണിതയാകുന്നത്.

'ഈ കുട്ടികള്‍ക്കെന്തുപറ്റി'യെന്ന ചോദ്യം കുട്ടികളോട് മാത്രമാകുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥത്തില്‍ ഉത്തരം മുട്ടുന്നത് എന്ന് തിരിച്ചറിയുന്നിടത്ത്, ഇനിയും പ്രതീക്ഷയ്ക്കു വകയുണ്ട്. കുട്ടികളുടെ പ്രശ്‌നം അവരുടേത് മാത്രമല്ലാത്തതാണ് അതിനു കാരണം. അമിത പ്രതീക്ഷകളുടെ അതിഭാരം അധിക സമ്മര്‍ദ്ദമായി അവര്‍ക്ക് നല്കിയത് നാം തന്നെയാണ്. അതില്‍ പലപ്പോഴും ചുവടിടറിയ ആ കുട്ടികളെ നാം ചേര്‍ത്തുപിടിക്കാതെ ചിതറിമാറിയതുകൊണ്ടാണ്, സ്വയം നഷ്ടപ്പെടുത്തുന്ന അവസാന തീരുമാനം അവരുടേതായത്. പരീക്ഷകള്‍ ജയിക്കാന്‍ മാത്രമല്ല, തോല്‍ ക്കാനുമുള്ളതാണെന്നവരെ പഠിപ്പിക്കണം. വിജയിച്ചവരുടെ വിജയഗാഥകള്‍ മാത്രമല്ല തോറ്റുപോയവരുടെ പോരാട്ടവഴികളും നമ്മുടെ കുട്ടികള്‍ക്ക് പരിചിതമാകട്ടെ.

മൊബൈല്‍ ഫോണിലെ അഭ്രപാളിയില്‍ ചിത്തഭ്രമത്തോടെ തിരയുന്ന കൗതുകബാല്യം നവമാധ്യമബാധ്യതയാണ്. 'പബ്ജി'യോടൊപ്പം അലറിയാര്‍ക്കുന്ന ആക്രോശങ്ങളില്‍ കൊലവിളിയുടെ ഉള്‍ക്കിടിലമൊളിഞ്ഞിരിപ്പുണ്ടെന്നവരറിയണം. അതറിയിക്കാനാകുംവിധം മാധ്യമബോധനത്തിന്റെ പരിശീലനക്കളരിയിലൂടെ രക്ഷിതാക്കളും കടന്നുപോകണം. വീണ്ടെടുക്കാനാവാത്തവിധം ആര്‍ ക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്ന വിശേഷം സുവിശേഷമായി നമ്മുടെ കൗമാരലോകം കുറെക്കൂടി ശ്രദ്ധയോടെ ശ്രവിക്കേണ്ടതുണ്ട്. "നിങ്ങള്‍ എവിടെയോ അവിടെനിന്ന് തുടങ്ങുക. നിങ്ങള്‍ ക്കെന്തുണ്ടോ അതുപയോഗപ്പെടുത്തുക. നിങ്ങള്‍ക്കെന്താവുമോ അത് പ്രവര്‍ത്തിക്കുക." ടെന്നീസ് മാന്ത്രികന്‍ ആര്‍തെര്‍ ആര്‍ഷെയുടെ ഈ വാക്കുകള്‍ തന്നെയാണ് 9 വയസ്സുകാരന്‍ ഫായിസ് അവന്റേതായ വാക്കുകളില്‍ ആവര്‍ത്തിച്ചത്. 'കൊയപ്പം' കുട്ടികളുടേതല്ല, നമ്മുടേതാണ്, മുതിര്‍ന്നവരുടേത്… തിരിച്ചുകൊടുക്കുക അവരുടെ ബാല്യത്തെയും ബാലാവകാശങ്ങളെയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org