വീണ്ടും ചില വീട്ട്കാര്യങ്ങള്‍

വീണ്ടും ചില വീട്ട്കാര്യങ്ങള്‍

കുടുംബങ്ങളുടെ പരിശുദ്ധിയും വിവാഹത്തിന്റെ പവിത്രതയും ഒരിക്കല്‍കൂടി ലോകശ്രദ്ധയിലേക്കുണര്‍ത്താന്‍ 2016 മാര്‍ച്ച് 19-ന് പരി. ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രബോധനമായ 'അമോറിസ് ലെത്തീസ്യാ'യുടെ (സ്‌നേഹത്തിന്റെ ആനന്ദം) അഞ്ചാം വാര്‍ഷികവേളയിലാണ് പുതിയ കുടുംബവര്‍ഷ പ്രഖ്യാപനം. 2021 മാര്‍ച്ച് 19-ന് തുടങ്ങി 2022 ജൂണ്‍ 26-ന് റോമില്‍ നടക്കുന്ന ആഗോള കുടുംബസംഗമത്തോടെ കുടുംബവര്‍ഷാചരണം സമാപിക്കും.
പരി. പാപ്പായുടെ കുടുംബവര്‍ഷ പ്രഖ്യാപനം 'സ്‌നേഹത്തിന്റെ ആനന്ദവഴികളെ' ഇന്നത്തെ ലോകത്തിന് കുറെക്കൂടി പരിചയപ്പെടുത്തി നല്കാനാണ്. കുടും ബജീവിതത്തിലെ വെല്ലുവിൡളെ വചനാത്മകമായി വിലയിരുത്താനും ക്രിയാത്മകമായി അഭിമുഖീകരിക്കാനും ദൈവാശ്രയബോധത്തോടെ അതിജീവിക്കാനുമുതകുന്ന നിര്‍ദ്ദശങ്ങളാല്‍ സമ്പന്നമായ 'അമോറിസ് ലത്തീസ്യ'യുടെ തുടര്‍ പഠനവും പരിശീലനവും കുടുംബവര്‍ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാകുന്നത്, അതുകൊണ്ടാണ്. അങ്ങനെ കുടുംബത്തിന്റെ സുവിശേഷം ഹൃദയങ്ങളും ജീവിതവും നിറയ്ക്കുന്ന സന്തോഷമായി അനുഭവിക്കാന്‍ ആളുകളെ സഹായിക്കുക വഴി' (AL 200), യഥാര്‍ത്ഥ ആനന്ദത്തിലേക്കുള്ള തപവഴികള്‍ സുവിശേഷത്തിന്റേതാണെന്ന് ലോകം തിരിച്ചറിയണമെന്ന് പാപ്പ ആഗ്രഹിക്കുന്നു.
വിവാഹത്തിന് അതില്‍ത്തന്നെ മനുഷ്യസ്‌നേഹത്തിന്റെ പരിവര്‍ത്തനശേഷിയുള്ളതിനാല്‍ കുടുംബജീവിതത്തിന്റെ മഹത്വപ്രഘോഷണം സുവിശേഷപ്രഘോഷണം തന്നെയെന്ന് പാപ്പയ്ക്ക് ഉറപ്പുണ്ട്. സ്വയംദാനത്തിലൂടെ വെളിപ്പെടുന്ന ദൈവസ്‌നേഹാനുഭവത്തിന്റെ പ്രഥമ പരിശീലനവേദിയായി കുടുംബം മാറണമെന്ന ആഗ്ര ഹം പാപ്പയുടെ ഈ പ്രഖ്യാപനത്തിന് പുറകിലുണ്ട്. അര്‍ത്ഥപൂര്‍ണ്ണമായ ദാമ്പത്യബന്ധത്തിലൂടെ ആധികാരികമാകുന്ന ക്രൈസ്തവസാക്ഷ്യം യുവജനങ്ങളെ പരിചയപ്പെടുത്തുക എന്നതും ഇതിന്റെ പ്രഥമ പരിഗണനയാണ്. ഇതിന് നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും കുറെക്കൂടി വികസ്വരമാക്കണമെന്നും, വിവാഹത്തെയും കുടുംബത്തെയും നവീകൃതമായ അവബോധത്തോടെ സമീപിക്കാന്‍ നമുക്ക് കഴിയണമെന്നും പാപ്പ ആഹ്വാനം ചെയ്യുന്നു (AL 2).
വൈവാഹികജീവിതത്തില്‍ 'സ്‌നേഹത്തിന്റെ രൂപാന്തരീകരണ'ത്തിന് (1 കൊറി. 13:4) വലിയ പ്രാധാന്യമുണ്ട്. അതിന്റെ നൈരന്തര്യഭാവം പൂര്‍ണ്ണവും സ്ഥായിയുമായ ഫലപ്രാപ്തിക്ക് അനിവാര്യവുമാണ്. ജീവിതാവസാനം വരെ തുടരുന്ന ബന്ധമാകയാല്‍ സുസ്ഥിരമായ സമര്‍പ്പണം ഏറെ പ്രധാനപ്പെട്ടതുമാണ്.
ഓരോ വിഭാഗത്തിനും അനുയോജ്യമായ അജപാലനശൈലിയിലൂടെ അനുയാത്രയുടെ സുവിശേഷമാകണം, സഭയുടെ പ്രഘോഷണവിഷയം. കുടുംബജീവിതത്തിന്റെ അരികുകളില്‍ 'ഉപേക്ഷിക്കപ്പെടുന്ന'വരെക്കുറിച്ച് കരുതലുണ്ടാകണമെന്ന് പാപ്പ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വേര്‍പിരിഞ്ഞ് കഴിയുന്ന ദമ്പതികളും വിവാഹബന്ധം ഔപചാരികമായി വേര്‍പെടുത്തിയവരും, സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവരും, ഭിന്നശേഷിക്കാരും, പ്രായമായവരും, 'നല്ല കുടുംബ'ത്തിന് വെളിയിലാകുന്ന അപകടത്തെ അനുഗമിക്കാനാകുന്ന വിധത്തില്‍ സഭയുടെ അജപാലനാഭിമുഖ്യങ്ങളെ ആധുനീകരിക്കണമെന്ന് പാപ്പ ആവശ്യപ്പെടുന്നു (Chapt 6). ആര്‍ദ്രതയുടെ സുവിശേഷമാകണം അജപാലകരുടെ മാര്‍ഗ്ഗരേഖ. യോഗ്യതയുടെ പ്രതിസമ്മാനമായി മാത്രം ദിവ്യകാരുണ്യത്തെ അവതരിപ്പിക്കാതെ, വീണുപോകുന്നവരുടെ പാഥേയമായത് സമ്മാനിക്കപ്പെടണമെന്ന് പാപ്പ പറയുമ്പോള്‍ അനുഗമനാധിഷ്ഠിതമായ (accompaniment) ഇടയശുശ്രൂഷയുടെ ചൂര് മണക്കുകയാണ് (AL 305).
അനുയാത്രയുടെ അനുകമ്പാനുഭവം ആദ്യമായി അടയാളപ്പെടേണ്ടത് നമ്മുടെ വീട്ടകങ്ങളിലാണ്, വ്യക്തികളിലാണ്. 'നമുക്ക് സ്വപ്നം കാണാം – മെച്ചപ്പെട്ട ഭാവിയുടെ പാത' (Let us dream – the path to a better future) എന്ന പോപ്പ് ഫ്രാന്‍സിസി ന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ നമ്മില്‍ വരുത്തേണ്ട മാറ്റത്തിന്റെ മഹായാത്രയെ സൂചിപ്പിക്കുന്നുണ്ട്. അതില്‍ 'അപകേന്ദ്രീകരണ'മാണ് പ്രധാനം (decenter). 'അത് നിന്റെ ചില കേന്ദ്രങ്ങളെ ഉപേക്ഷിക്കലാണ്. വാതിലുകളും ജനലുകളും തുറന്ന്, നിന്നെ കേന്ദ്രബിന്ദുവാക്കി നിനക്കു ചുറ്റും കറങ്ങാനുള്ള പ്രലോഭനത്തെ അതിജീവിക്കലാണ്.' ഇത് 'അപര കേന്ദ്രീകൃതമായ' അതീത ദര്‍ശനത്തിലേക്ക് (transcend) നമ്മെ നയിക്കുമെന്ന് പാപ്പയ്ക്ക് ഉറപ്പുണ്ട്. അത് സുവിശേഷാധിഷ്ഠിതമായ അധികയാത്രാദൂരവുമാണ് (Extra mile).
കേരള സഭയില്‍ കുടുംബവര്‍ഷ പ്രഖ്യാപന ചിന്തകള്‍ക്ക് പ്രാധാന്യമേറെയാണ്. മുന്‍പെന്നതിനേക്കാള്‍ നിസ്സാര കാരണങ്ങള്‍ക്ക് പിണങ്ങി മാറുന്നവരും, പിരിഞ്ഞുപോകുന്നവരും കൂടിവരികയാണ്. വിവാഹമോചന കേസ്സുകളും പെരുകുന്നു. 'പുര നിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരുടെ' എണ്ണം നമ്മുടെ കുടുംബങ്ങളില്‍ കൂടുതലാകുന്നുണ്ട്. വിവാഹം വൈകുന്നതുമൂലമുണ്ടാകുന്ന വന്ധ്യതാ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. നാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന വൃദ്ധ മാതാപിതാക്കളുടെ പ്രയാസങ്ങളും വിവരണാതീതം. കൃഷി പ്രധാന തൊഴില്‍ മാര്‍ഗ്ഗമായി സ്വീകരിച്ചിരിക്കുന്ന വലിയൊരു വിഭാഗത്തിന് വിളകളുടെ വിലയിടിവും, പുതിയ പരിസ്ഥിതി കര്‍ക്കശനയങ്ങളും തിരിച്ചടിയാകുന്നുണ്ട്. യുവതീയുവാക്കള്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ചേക്കേറുന്ന രീതി വര്‍ദ്ധിച്ചുവരുന്നതിനാല്‍ നാട്ടില്‍ യുവജന സംഘടനാ പരിശീലന വേദികള്‍ ശൂന്യമാകുകയാണ്.
സഭാ നേതൃത്വത്തിന്റെ അടിയന്തിര ശ്രദ്ധ പതിയേണ്ട സാഹചര്യമാണിത്. വത്തിക്കാന്‍ മാതൃകയില്‍ കുടുംബങ്ങള്‍ക്കുവേണ്ടി മാത്രമായി സമ്പൂര്‍ണ്ണ സിനഡല്‍ സമ്മേളനം ഇവിടെയും വിളിച്ച് ചേര്‍ക്കണം. മൂന്നു റീത്തുകളിലെ പിതാക്കന്മാരു ടെ സംയുക്തയോഗവും അഭികാമ്യമാണ്. അല്മായര്‍ക്കും കുടുംബപ്രേഷിത മേഖലയിലെ ശുശ്രൂഷകര്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുറപ്പാക്കി വേണം കുടുംബ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍. കെ.സി.ബി.സി. ഫാമിലി കമ്മീഷന്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തണം. കുടുംബവിശ്വാസപരിശീലനത്തിന്റെ പ്രാധാന്യം നവ സാമൂഹ്യമാധ്യമ സാധ്യതകളില്‍ പ്രത്യേകമായി പ്രയോജനപ്പെടുത്തണം.
സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളിലെ അമിതോത്സാഹത്തിനിടയില്‍ ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ നേതൃത്വം കാണാതെ പോകരുത്. മതാന്തര പ്രണയ വിവാഹം എന്ന ഏകവിഷയത്തിലേക്ക് സഭയുടെ സമകാലീന പ്രശ്‌നങ്ങളെ ചുരു ക്കി സഭ ചെറുതാകുകയുമരുത്. കുടുംബപ്രേഷിത പരിശീലന 'പരിപാടി'കളുടെ അതിപ്രസരത്തിലും അടിതെറ്റുന്ന ദമ്പതികള്‍ നമ്മെ ആകുലപ്പെടുത്തണം. പരിഹാരം വീണ്ടും പുതിയ പരിപാടികളാകണമെന്നില്ല. പഴയ പ്രബോധനങ്ങളുടെ വെറും ആവര്‍ത്തനവുമാകാതിരിക്കണം. യാഥാര്‍ത്ഥ്യബോധത്തിലൂന്നിയ പ്രാര്‍ത്ഥനാപൂര്‍വ്വകമായ ആത്മപരിശോധന ആദ്യം നടക്കട്ടെ. പര്യാലോചനയ്‌ക്കൊടുവില്‍ പ്രശ്‌നവും, പരിഹാരവും തെളിഞ്ഞുവരും. ഓര്‍ക്കുക, കുടുംബം തകര്‍ന്നാല്‍ സമൂഹം തകരും, സഭയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org