ഭയപ്പെടേണ്ട, സമാധാനം

ഭയപ്പെടേണ്ട, സമാധാനം

തലക്കെട്ടിലെ ഭയപ്പെടേണ്ട, സമാധാനം എന്നീ രണ്ടു വാക്കുകള്‍ക്കിടയിലെ കുറച്ചു കുത്തുകളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും നല്കുന്ന അര്‍ത്ഥവ്യത്യാസങ്ങളാണ് ഈ ഈസ്റ്റര്‍ തിരുനാളിന്‍റെ സന്ദേശം. നാമിന്നനുഭവിക്കുന്ന പല സമാധാനങ്ങളും ഭയപ്പെടേണ്ടവതന്നെയെന്നു കുത്തുകളില്ലാതെയുള്ള ആ രണ്ടു വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. പക്ഷേ, ഭയത്തിനും സമാധാനത്തിനുമിടയില്‍ കുത്തുകള്‍ നിറഞ്ഞ കഷ്ടപ്പാടുകളുടെ ഒരു വിശുദ്ധ വാരം കടന്നുവരുമ്പോള്‍ അതു ഭയത്തില്‍ നിന്നു യഥാര്‍ത്ഥ സമാധാനത്തിലേക്കു നമ്മെ പറിച്ചുനടുന്ന ഒരു തിരുനാളാകുന്നു. നമ്മിലെയും നമ്മുടെയും പ്രകൃതിയോടു നാം കാണിക്കേണ്ട അടുപ്പവും നമ്മിലെ ആസക്തികളോടും നമുക്കു ചുറ്റുമുള്ള അനീതികളോടും നാം പാലിക്കേണ്ട അകലവുമാണത്. ഇവ രണ്ടും കുത്തുകള്‍ നിറഞ്ഞ, കഷ്ടപ്പാടുകളുടെ ഒരു വലിയ ആഴ്ചതന്നെ!
സഭയില്‍ നാം കൊണ്ടാടുന്ന പല ആഘോഷങ്ങളും തിരുനാള്‍ ശൈലികളും മറ്റു മതസമൂഹങ്ങളില്‍ നിന്നും സം സ്കാരങ്ങളില്‍ നിന്നും കടമെടുത്തതാണ്. ചില സാംസ്കാരിക ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ഈസ്റ്റര്‍ തിരുനാള്‍ യഹൂദ-ആംഗ്ലോ സാക്സണ്‍-ക്രിസ്തീയ ആഘോഷ പാരമ്പര്യങ്ങളുടെ സങ്കലനമാണ്.
ഇംഗ്ലീഷ് ചരിത്രത്തിന്‍റെ പിതാവെന്നറിയപ്പെടുന്ന എട്ടാം നൂറ്റാണ്ടിലെ വി. ബേദെയുടെ നിരീക്ഷണത്തില്‍ കത്തോലിക്കാസഭയിലെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ആരംഭം മദ്ധ്യ യൂറോപ്പിലെ ട്യൂട്ടന്‍സ് ഗോത്രവര്‍ഗാഘോഷവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വസന്തകാലത്തിന്‍റെ ദേവതയായ ഇയോസ്ത്രേയില്‍നിന്നാണത്രേ ഈസ്റ്റര്‍ എന്ന പദം ഉത്ഭവിച്ചത്. ബുദ്ധിമുട്ടുകളുടെ കാലം അവസാനിപ്പിച്ചുകൊണ്ടുള്ള വസന്തത്തിലെ വിളവെടുപ്പിന്‍റെ ഈ ഉത്സവം മരണത്തെ തോല്പിച്ചുകൊണ്ടു യേശു ഉയിര്‍ത്തതിന്‍റെ ആഘോഷവുമായി ചേര്‍ത്തുവയ്ക്കാന്‍ അവര്‍ക്കു വിഷമമൊന്നും ഉണ്ടായില്ല. യഹൂദരുടെ പെസഹാതിരുനാളുമായും ഈസ്റ്റര്‍ ദിനത്തെ ബന്ധപ്പെടുത്തുന്നുണ്ട്. യഹൂദര്‍ നിസാന്‍ മാസത്തിലാണു പെസഹാതിരുനാള്‍ ആഘോഷിക്കുന്നത്; അവരുടെ കലണ്ടര്‍ പ്രകാരം വര്‍ഷത്തിന്‍റെ ആദ്യമാസം. 300 വര്‍ഷം നീണ്ട ഈജിപ്തിലെ അടിമത്തം അവസാനിപ്പിച്ചു മോശയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ കാനാന്‍ ദേശത്തേയ്ക്കു യാത്രആരംഭിച്ചതിന്‍റെ സ്മരണകൂടിയാണു പെസഹാ തിരുനാള്‍. മരണത്തിന്‍റെ അടിമത്തത്തില്‍ നിന്നു ജീവന്‍റെ സ്വര്‍ഗത്തിലേക്കു യേശു മനുഷ്യകുലത്തെ പറിച്ചുനട്ടതിന്‍റെ സ്മരണയാണല്ലോ ഈസ്റ്റര്‍ ആഘോഷം.
ഈസ്റ്റര്‍ ആഘോഷങ്ങളിലെ മുട്ടയും ഇങ്ങനെ ഈജിപ്ത്-പേര്‍ഷ്യന്‍ സംസ്കാരങ്ങളില്‍ നിന്നു കടമെടുത്തതാണ്. മുട്ട സമൃദ്ധിയുടെയും നവീകൃതജീവിതത്തിന്‍റെയും പ്രതീകമാണവര്‍ക്ക്. ജീവന്‍റെ ഈ പ്രതീകം കര്‍ത്താവിന്‍റെ ഉത്ഥാനത്തിന്‍റെ അടയാളമായി അങ്ങനെ ഉപയോഗിക്കപ്പെട്ടു.
യേശുവിന്‍റെ ഉത്ഥാനം സുവിശേഷങ്ങളുടെ പൂര്‍ത്തീ കരണമാണ്. സ്നേഹം വിരോധത്തെയും ജീവന്‍ മരണത്തെയും നന്മ തിന്മയെയും കീഴ്പ്പെടുത്തിയതാണ് ഈസ്റ്റര്‍. നമ്മിലെ കല്ലറകളെ ശൂന്യമാക്കാനുള്ള വെല്ലുവിളിയാണ് ഈസ്റ്റര്‍. കല്ലറകള്‍ക്ക് ഉത്ഥാനമഹിമയുണ്ടാകുന്നത് അതു ശൂന്യമാക്കപ്പെടുമ്പോഴാണ്. നിറഞ്ഞു കിടക്കുന്ന കല്ലറകകള്‍ ദുര്‍ഗന്ധമുണ്ടാക്കും. കല്ലറകള്‍ ഭേദിച്ചു പുറത്തുവരാനും യഥാര്‍ത്ഥ സമാധാനം പുല്കാനും ഈസ്റ്റര്‍ നമ്മെ നിര്‍ബന്ധിക്കുന്നു. കേരള സഭയിലും കേരളസമൂഹത്തിലുമുള്ള ഇന്നത്തെ പല സമാധാനാന്തരീക്ഷങ്ങളും ഭയപ്പാടിന്‍റേതുതന്നെയാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ദമ്പതികള്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും അധികാരികളും വിശ്വാസികളും തമ്മിലും ഈ ഭയപ്പാടു നിറഞ്ഞ സമാധാനാന്തരീക്ഷമാണ്. പുറമേ ശാന്തമെങ്കിലും അകം ഭയപ്പാടിന്‍റെ നെരിപ്പോടിലാണ്.
ദേശീയ പാതയോരത്തുനിന്നും മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി വിധി നമ്മുടെ കുടുംബാന്തരീക്ഷത്തില്‍ സമാധാനം നിറയ്ക്കാനുള്ളതാണെങ്കിലും അതു പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധാപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ മദ്യപ്രതിസന്ധിയെ നേരിടാന്‍, സാമ്പത്തികനഷ്ടത്തെ നികത്താന്‍ സകല വഴികളും തേടുകയാണു കേരള ഭരണനേതൃത്വം. നമ്മുടെ കുടുംബങ്ങളില്‍ ഉണ്ടാക്കാനാഗ്രഹിക്കുന്ന സമാധാനാന്തരീക്ഷത്തിന് കഷ്ടപ്പാടുകളുടെ, കൂട്ടായ പരിശ്രമങ്ങളുടെ കുത്തുകള്‍ ഇല്ലെങ്കില്‍ കേരള ഗ്രാമങ്ങളും കൗമാരങ്ങളും ലഹരിയുടെ പുത്തന്‍ കെണികള്‍ക്ക് ഇരയാകുമെന്നതില്‍ തര്‍ക്കമില്ല. ചുറ്റുപാടുകളോടു നിരന്തരം സമരം ചെയ്തുകൊണ്ടാണു ജൈവമായതെന്തും നിലനില്ക്കുന്നത് എന്ന ഡാര്‍വിന്‍റെ സിദ്ധാന്തം മറക്കാതിരിക്കാം. ചുറ്റും വളരുന്ന ഭയപ്പാടുകളോടുള്ള നിരന്തര സമരമാണു നമ്മെ യഥാര്‍ത്ഥ സമാധാനത്തിലേക്കു നയിക്കുന്നത്. നട്ടെല്ലു നിവര്‍ത്തി നമുക്കു വരും തലമുറയോടു പറയാം: "ഭയപ്പെടേണ്ട… സമാധാനം നിങ്ങളോടുകൂടെ."
ഈസ്റ്ററിന്‍റെ മംഗളങ്ങള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org