Latest News
|^| Home -> Editorial -> ട്രംപമേരിക്കയുടെ ബൈഡന്‍ ദൂരം

ട്രംപമേരിക്കയുടെ ബൈഡന്‍ ദൂരം

Sathyadeepam

അമേരിക്കന്‍ ഐക്യനാടുകളുടെ 46-ാമത്തെ നായകനായി 2021 ജനുവരി 20-ന് ജോ ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍, പല കാലങ്ങളില്‍ പല കാരണങ്ങളാല്‍ മുറിഞ്ഞ് ചിതറിയ അമേരിക്കന്‍ ഐക്യബോധത്തിന്റെ സൗഹാര്‍ദ്ദ സങ്കലനത്തെക്കൂടി അത് യാഥാര്‍ത്ഥ്യമാക്കുന്നുണ്ട്. വംശീയ വിദ്വേഷത്തിന്റെയും ജനാധിപത്യ നിഷേധങ്ങളുടെയും നാലാണ്ട് നീണ്ട ട്രംപ് ഭരണത്തിന്റെ കൊടി താഴുമ്പോള്‍, സംഭാഷണങ്ങളുടെയും സഹവര്‍ത്തിത്ത്വത്തിന്റെയും കുലീന ഭാവങ്ങളിലേയ്ക്ക് ബൈഡന്‍, അമേരിക്കയെ തിരികെ നടത്തുന്നത് പ്രത്യാശയോടെ നോക്കിക്കാണുകയാണ് ലോകം.
”അമേരിക്ക ഒരുമിക്കണം. രാജ്യത്ത് വിഭാഗീയത ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന പ്രസിഡന്റാകാനില്ലെന്ന് ഉറപ്പു നല്കുന്നു. ദേഷ്യവും ശത്രുതയും മാറ്റിവച്ച് രാഷ്ട്രമെന്ന നിലയില്‍ നമുക്ക് മുന്നേറാം.” നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോസഫ് ബൈഡന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് പറഞ്ഞ ഈ വാക്കുകളില്‍, എല്ലാവരെയും ഒന്നായി കാണുന്ന, ഒരുമിപ്പിക്കുന്ന നേതാവിന്റെ നീതിബോധമുണ്ട്.
ജോസഫ് ബൈഡന്‍ ജയിച്ചത് 75 മില്ല്യണ്‍ വോട്ടുകളോടെയാണ്. ഏകദേശം 5 മില്ല്യണ്‍ പൗരന്മാരാണ് ട്രംപിനേക്കാള്‍ ബൈഡന് വോട്ട് ചെയ്തത്. അമേരിക്കയില്‍ ആദ്യമായി ഒരു വനിത, വൈസ് പ്രസിഡന്റായി എത്തിയിരിക്കുന്നു. പകുതി ഇന്ത്യക്കാരിയും, പകുതി ജമൈക്കന്‍ കറുത്തവംശജയുമായ കമലഹാരിസ് അമേരിക്കന്‍ ന്യൂനപക്ഷ പ്രാതിനിധ്യ വിജയത്തിന്റെ ശുഭ സൂചനയാകുന്നു.
തന്റെ തോല്‍വിയെ പതുക്കെ ട്രംപ് അംഗീകരിച്ചു തുടങ്ങിയെങ്കിലും, അദ്ദേഹത്തിന്റെ 70 മില്യണ്‍ അനുഭാവികളുടെ പിന്തുണയെ കുറച്ചു കാണേണ്ടതില്ല. റിപ്പബ്ലിക്കന്‍ പര്‍ട്ടിയുടെ ഉറച്ച വോട്ടുകള്‍ ട്രംപിനു മാത്രമുള്ള പിന്തുണയല്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടു തന്നെയാണ് ഈ നിരീക്ഷണം. അപ്പോഴും, ഇത്രയും വലിയൊരു ജനാവലി വംശവെറിയുടെയും, അപര വിദ്വേഷത്തിന്റയും തിരസ്‌ക്കാര ചിന്തകളില്‍ തങ്ങളെത്തന്നെ അടയാളപ്പെടുത്തിയെന്നതിലാണ്, അമേരിക്കയില്‍നിന്നും ഉടനെയെങ്ങും ഇറങ്ങിപ്പോകാനിടയില്ലാത്ത ‘ട്രംപിസ’ത്തിന്റെ അപകടത്തെപ്പറ്റി ജനാധിപത്യ ലോകം ആകുലപ്പെടേണ്ടത്. അത്രയൊന്നും ആധുനികമല്ലാത്തൊരു ജനാധിപത്യ ബോധത്തിന്റെ അവകാശികളാണ് അമേരിക്കന്‍ ജനതയെന്ന യാഥാര്‍ ത്ഥ്യവും ഇതോടൊപ്പം ചേര്‍ത്തുവയ്ക്കണം. 1920-ല്‍ മാത്രമാണ് എല്ലാ സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചത്. 1965-ലാണ് വളരെയേറെ സമര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കറുത്തവര്‍ക്ക് വോട്ടവകാശം ലഭിക്കുന്ന ബില്‍ ഒപ്പുവയ്ക്കപ്പെട്ടത്. ചരിത്രത്തിലാദ്യമായി ഒരു വനിതയെ പ്രസിഡന്റാക്കാനുള്ള അവസരമാണ് ഹിലാരി ക്ലിന്റന്റെ പരാജയത്തിലൂടെ അമേരിക്ക ഉറപ്പാക്കിയത്! തീവ്ര വലതുപക്ഷ വ്യതിയാനത്തിന്റെ അപചയ വഴികളില്‍ നിന്നും അതിവേഗം ട്രംപിന്റെ അമേരിക്ക മടങ്ങിപ്പോരുമെന്ന് ചിന്തിക്കേണ്ടതില്ലെന്നര്‍ത്ഥം. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ ഏറെ ആഗ്രഹിച്ചിട്ടും പണിതുയര്‍ത്താനാകാതിരുന്ന വിഭാഗീയ മതിലിപ്പോള്‍ അമേരിക്കയുടെ നെഞ്ചത്തുതന്നെ നല്ല നിലയുറപ്പിച്ചാണയാള്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്. ട്രംപിന്റേത് വന്‍ തോല്‌വിയല്ല; ബൈഡന്റേത് വന്‍ വിജയവുമല്ല.
‘അമേരിക്കയാദ്യം’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ട്രംപ് അധികാരത്തിലേറിയത്. പാരിസ് ഉടമ്പടിയില്‍ നിന്നുള്ള ഏകപക്ഷിയ പിന്‍മാറ്റത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ കൂട്ടുത്തരവാദിത്വ നിഷേധവും, ഇറാന്‍ ബന്ധം വഷളാക്കിക്കൊണ്ട് അണ്വായുധ നിര്‍വ്യാപന യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കിയതും, ‘WHO’യുമായുള്ള സാമ്പത്തിക നിസ്സഹകരണത്തിലൂടെ UN സമിതിയുമായുള്ള ബന്ധവിഛേദവും ഉള്‍പ്പെടെ മൂഢത്വം നിറഞ്ഞ മറ്റനേകം നയവൈകല്യങ്ങളുെട അകമ്പടിയോടെ അമേരിക്കയെ യഥാര്‍ത്ഥത്തില്‍ അയാള്‍ അവസാനത്തേതാക്കി. ‘കോവിഡ് പെട്ടെന്നൊരു ദിവസം അത്ഭുതം പോലെ അപ്രത്യക്ഷമാകും’ എന്ന് വിശ്വസിച്ച ട്രംപ് കുറ്റകരമായ തന്റെ അനാസ്ഥയിലൂടെ രണ്ടരലക്ഷം പേരെയാണ് കുരുതികൊടുത്തത്.
‘പുതിയ അമേരിക്ക’യുമായുള്ള ഇന്ത്യന്‍ നയതന്ത്രബന്ധം മോദി സര്‍ക്കാര്‍ നയങ്ങളില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഇന്ത്യയില്‍ അനുദിനം വഷളാകുന്ന സാമൂഹ്യ സാഹചര്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങളില്‍ അടിസ്ഥാനമിട്ട ബൈഡനുമായുള്ള മോദിയുടെ കൂടിക്കാഴ്ചകളെ കഠിനമാക്കിയേക്കാം. കെട്ടുകാഴ്ചയുടെ ‘നയതന്ത്രങ്ങള്‍’ അമേരിക്കയില്‍ അപ്രസക്തമാകുന്ന ‘ഡെമോക്രാറ്റിക്’ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
സ്ഥാനാര്‍ത്ഥിത്വം സ്വീകരിച്ചുകൊണ്ട് ബൈഡന്‍ പറഞ്ഞു, ‘ഇരുട്ടുമായല്ല, വെളിച്ചവുമായാണ് എന്റെ സഖ്യം.” പ്രചാരണത്തിനിടെ തന്നെപ്പോലെ വിക്കുള്ള ഒരു കുട്ടിയുമായി ബൈഡന്‍ കൂട്ടായി. ആ കുട്ടി അദ്ദേഹത്തെക്കുറിച്ച് പിന്നീട് പറഞ്ഞതിങ്ങനെ, ‘കരുതലുള്ളയാള്‍.’
ഏറ്റവും പ്രായം കൂടിയ വ്യക്തിയായി വൈറ്റ് ഹൈസിലെത്തുമ്പോഴും മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴില്‍ വൈസ് പ്രസിഡന്റായിരുന്നുവെന്നതുള്‍പ്പെടെ ദീര്‍ഘാകാല പൊതുപ്രവര്‍ത്തന പരിചയം ബൈഡന് മുതല്‍ക്കൂട്ടാകും. ഇറാക്ക് യുദ്ധത്തെ എതിര്‍ത്ത അമേരിക്കന്‍ സെനറ്ററുടെ വിദേശ നയ പരിപാടികളില്‍ ലോക സമാധാനം പ്രധാന പരിപാടിയാവുക സ്വാഭാവികം. ജീവിതത്തില്‍ അടിക്കടിയുണ്ടായ ദുരന്തങ്ങളില്‍ മനസ്സ് പതറാതിരുന്ന വ്യക്തിത്വം, അടിയുറച്ച ദൈവവിശ്വാസത്തിന്റെയും ആഴമേറിയ കുടുംബബന്ധങ്ങളുടെയും അടയാളമാകുന്നത് അമേരിക്കയെ കൂടുതല്‍ ആധികാരികമാക്കും.
ജോണ്‍ എഫ്. കെന്നഡിക്കു ശേഷം മറ്റൊരു കത്തോലിക്കന്‍ ബൈഡനിലൂടെ ലോകനേതൃത്വത്തിലേയ്‌ക്കെത്തുമ്പോള്‍ ഫ്രാന്‍സിസ് പാപ്പ നയിക്കുന്ന കത്തോലിക്കാ സഭയുടെ നവീകരണ നിലപാടുകള്‍ അമേരിക്കന്‍ നയങ്ങളെ സ്വാധീനിച്ചേക്കാമെന്ന നിരീക്ഷണം നിര്‍ണ്ണായകമാണ്. വ്യക്തിപരമായ നേട്ടത്തിനോ അധികാരത്തില്‍ പിടിമുറുക്കുന്നതിനോ ജനതയുടെ സംസ്‌കാരത്തെ രാഷ്ട്രീയമായി ചൂഷണം ചെയ്യുന്നത് ആരോഗ്യകരമായ ‘ജനകീയത’ (population)യുടെ അധഃപതനമാണെന്ന് ‘ഏവരും സഹോദരര്‍’ എന്ന ചാക്രിക ലേഖനത്തിലൂടെ പാപ്പ മുന്നറിയിപ്പു തരുന്നു (FT 159). ”ജനതകളും രാജ്യങ്ങളും സാമൂഹ്യ സൗഹൃദ പരിശീലനം വഴി ആഗോള കൂട്ടായ്മയെ, സംശുദ്ധ രാഷ്ട്രീയത്തിലൂടെ യാഥാര്‍ത്ഥ്യമാക്കണമെന്നും” പാപ്പ ഓര്‍മ്മിപ്പിക്കുന്നു (FT 154). കാരണം ”എല്ലാവരിലേയ്ക്കും തുറവിയുള്ള രാഷ്ട്രീയ ഉപവി” (FT 190) മൗലികവാദ അസഹിഷ്ണുതയെ നശിപ്പിക്കും. അതുവഴി ”സാര്‍വ്വദേശീയ പൊതുനന്മയും ദുര്‍ബലരാജ്യങ്ങളുടെ സംരക്ഷണവും” (FT 174) ഉറപ്പാക്കാന്‍ പുതിയ അമേരിക്കയിലൂടെ ബൈഡന് കഴിയട്ടെ.

Leave a Comment

*
*