തടവറയ്ക്കുള്ളിലെ തടവറകള്‍

തടവറയ്ക്കുള്ളിലെ തടവറകള്‍
Published on

ജാതിക്കോളങ്ങള്‍ക്ക് ഇന്ത്യയില്‍ മരണമുണ്ടോ?

അമേരിക്കയില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയത് 1865 ലാണ്. അതിനും 100 വര്‍ഷങ്ങള്‍ക്കുശേഷമാണ് എല്ലാ സ്റ്റേറ്റുകളിലും കറുത്തവര്‍ഗ ക്കാര്‍ക്ക് അവിടെ വോട്ടവകാശം കിട്ടിയത്. പക്ഷെ സ്വാതന്ത്ര്യം കിട്ടിയ നാളുകളില്‍ തന്നെ ഇന്ത്യന്‍ ഭരണഘടന എല്ലാ വിഭാഗങ്ങള്‍ക്കും വോട്ടവകാശം നല്‍കി. ജാതിയിടങ്ങളില്‍ ജീവിച്ചിരുന്ന എല്ലാവര്‍ക്കും വലിയ മാറ്റമാണ് ഇത് നല്‍കിയത്. ഒന്നാമത് ഒരാള്‍ക്ക് സ്വന്തം തൊഴില്‍ മാറ്റാമെന്ന് വന്നു. കുലത്തൊഴില്‍ ചെയ്യണം എന്ന നിര്‍ബന്ധം ഒഴിവായി. ജാതി മറികടന്ന് വിവാഹം സാധ്യമായി. ഇഷ്ടമുള്ളിടത്തുപോയി താമസിക്കാം, പഠിക്കാം എന്നൊക്കെ വന്നു. വലിയ സാധ്യതകള്‍ ഇത് സ്വതന്ത്ര ഇന്ത്യയ്ക്ക് തുറന്നു കൊടുത്തു. ഇന്ത്യയുടെ വികസന സ്വപ്‌നങ്ങളുടെ തറക്കല്ല് ആയിരുന്നു അത്.

തടവില്‍ കഴിയുന്നവരോട് ജാതിവിവേചനം പാടില്ല എന്ന സുപ്രീംകോടതി വിധി കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യയുടെ രാഷ്ട്രീയ ആകാശത്ത് തെളിഞ്ഞത്. തടവുകാരുടെ ജാതി രേഖപ്പെടുത്തണമെന്ന ജയില്‍ ചട്ടം, താഴേക്കിടയിലെ ജോലി ചെയ്യാന്‍ താഴ്ന്ന ജാതിക്കാരെ നിയോഗിച്ചിരുന്നു എന്നതിലെ അന്യായം, ഭക്ഷണം പാകപ്പെടുത്താന്‍ അതിനു ചേര്‍ന്ന ജാതിക്കാര്‍ വേണമെന്ന ചിന്ത, ചില വിഭാഗക്കാരെ എല്ലാക്കാലവും സമൂഹവിരുദ്ധരായി കണ്ടിരുന്ന രീതി, കുലത്തൊഴില്‍ ജയിലില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ എന്നിങ്ങനെ തുടങ്ങി കേരളമടക്കം 11 സംസ്ഥാനങ്ങള്‍ ഇത്തരം അന്യായങ്ങളുടെ ജനിതക രേഖകള്‍ പേറിയിരുന്നു എന്ന കാര്യം വെട്ടത്ത് കൊണ്ടുവന്നത് സുകന്യ ശാന്ത എന്ന മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജിയാണ്. മൂന്നു മാസത്തിനകം ജയില്‍ മാനുവല്‍ പരിഷ്‌കരിച്ച് പുതിയത് നല്‍കണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കോടതി ഇതേ തുടര്‍ന്ന് നല്‍കിയിരിക്കുന്നത്.

കുറ്റം വിധിക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ വീണ്ടും വിധിച്ചു ജാതിയുടെ കോളങ്ങളില്‍ ആക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍?

ദീര്‍ഘനാള്‍ നീണ്ട വിചാരണകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം കുറ്റം വിധിക്കപ്പെട്ട് ശിക്ഷിക്കപ്പെടുന്നവരെ വീണ്ടും വിധിച്ചു ജാതിയുടെ കോളങ്ങളില്‍ ആക്കുന്നവരെക്കുറിച്ച് എന്തു പറയാന്‍? ശിക്ഷയ്ക്കുള്ളിലേ ശിക്ഷയോ, തടവറയ്ക്കുള്ളിലേ തടവറകളോ അല്ലാതെ അവ മറ്റെന്താണ്? അല്ലെങ്കില്‍ ഇനി തടവറകള്‍, കൊളോണിയലിസത്തിന്റെ ശേഷിപ്പ് കൈവിടാന്‍ ആഗ്രഹിക്കാത്ത ദുഷ്പ്രഭുത്വങ്ങളുടെ ഇടങ്ങള്‍ എന്ന് വരുമോ? അതോ 3500 വര്‍ഷമായി ഇന്ത്യയുടെ ഡി എന്‍ എ യില്‍ തുടരുന്ന ജാതിപ്പിരിവുകളുടെ സ്വാഭാവിക അവതാരങ്ങളോ പൊടിപ്പുകളോ ആണോ അവ? കൊലപാതക്കുറ്റത്തിന് ബ്രാഹ്മണന് നാടുകടത്തലും ശൂദ്രന് ചിത്രവധവും കല്‍പ്പിച്ച സവര്‍ണ്ണബോധത്തിന്റെ ബാക്കി തന്നെ അവയെന്നു ഗ്രഹിക്കേണ്ടിവരും.

സ്വാതന്ത്ര്യം കിട്ടിയിട്ടും തുല്യതയുടെ ഭരണഘടനാസുവിശേഷം നിലവില്‍ വന്നിട്ടും ഉദ്യോഗസ്ഥ ഭരണത്തിന്റെ ഇടനാഴികളില്‍ പുളഞ്ഞു കൊത്തുന്ന ജാതിയുടെ വിഷപീഡയേറ്റ് പിടഞ്ഞു വീഴുന്നവര്‍ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ യൂണിവേഴ്‌സിറ്റികള്‍ മുതല്‍ (ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദളിതനായ രോഹിത് വെമുല) തടവറയിടങ്ങളില്‍ വരെ ഉണ്ടെന്നുള്ളത് ലജ്ജിപ്പിക്കണം. ചിലര്‍ ദാരിദ്ര്യത്തെ ജാതിയോട് ഉപമിക്കാറുണ്ട്. ലോകത്തെങ്ങും ദാരിദ്ര്യം ഒരുപോലെയാണെന്നും അത് ഉണ്ടാക്കുന്നത് വിശപ്പ് എന്ന സാര്‍വ ലൗകീക ശാരീരിക അവസ്ഥയാണെന്നുമൊക്കെ. പക്ഷേ ഒരു പിന്നാക്ക ജാതിക്കാരന്റെ അവസ്ഥ അത് അനുഭവിച്ചവര്‍ക്ക് മാത്രം മനസ്സിലാവുന്ന ഒന്നാണ്.

ആ വ്യവസ്ഥയുടെ അടിത്തട്ടില്‍, അതിന്റെ പുളിപ്പ് തികട്ടുന്ന 30 കോടിയില്‍ അധികം വരുന്ന ഇന്ത്യന്‍ ജനതയുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അപമാന വാക്കുകള്‍, പുണ്യാഹം തളിക്കല്‍, കെട്ടിയിട്ടുള്ള മര്‍ദനം, നഗ്‌നരാക്കി നടത്തല്‍, കൂട്ട ബലാത്സംഗം, ദുരഭിമാനക്കൊലകള്‍, ചുട്ടെരിക്കല്‍ തുടങ്ങി എത്രയോ തരത്തിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെ ജാതി ഇന്ത്യയില്‍ ഫണം വിടര്‍ത്തുന്നു.

ഭരണഘടനാശില്പിയായ അംബേദ്കര്‍ മഹര്‍ സമുദായക്കാരനായിരുന്നു. ആ സമുദായക്കാരുടെ നിഴല്‍ ഭൂമിയില്‍ വീണാല്‍, നിഴലുമൂലമുള്ള അയിത്തം മായ്ക്കാന്‍ ചൂലും കെട്ടി വേണമായിരുന്നു അവര്‍ക്ക് നടക്കുവാന്‍. സ്വന്തം നിഴലു മായ്ക്കാന്‍ ചൂലും കെട്ടി നടക്കേണ്ടവര്‍ സ്വാതന്ത്ര്യ പ്രാപ്തിയുടെ 77-ാം വത്സരത്തിലും ഉണ്ട്.

ജാതിശരീരത്തില്‍ നിന്ന് പൗരശരീരത്തിലേക്കുള്ള വളര്‍ച്ചയ്ക്കാണ് ഭരണഘടനയും നിയമങ്ങളും, നിയമം നടപ്പാക്കുന്ന ഇടങ്ങളുമൊക്കെ ഉയരേണ്ടത്. ജാതിക്കും നിറത്തിനും തൊഴിലിനും അപ്പുറം പൊതു ഇടങ്ങളുടെ നിര്‍മ്മാണവും മനുഷ്യന്റെ മഹത്വവുമാണ് അവ ഉന്നമാക്കേണ്ടത്. അതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ ഫലം. ജാതി സമത്വത്തെ നിഷേധിക്കുന്നു. അത് ഒരാളുടെ കഴിവിനെ, പരിശ്രമത്തെ ഒന്നുമല്ലാതാക്കുന്നു. എത്ര പ്രതിഭയുള്ളവര്‍ ആയാലും അവര്‍ താഴ്ന്ന ജാതിക്കാര്‍ എങ്കില്‍ തങ്ങള്‍ക്കൊപ്പം അല്ല എന്ന് ചിന്തിക്കുന്ന ഒരിടം എന്ത് വികസനത്തിലേക്കാണ് സമൂഹത്തെ നയിക്കുന്നത്? ഇതു നവോത്ഥാനത്തിന്റെ പിന്‍മടക്കമാണ്.

നവോത്ഥാനം തുടച്ചു മാറ്റുവാന്‍ ആഗ്രഹിച്ച ജാതിയുടെ തിരിച്ചുവരവ് ഇന്ത്യ മുഴുവന്‍ ഇന്ന് കാണുന്നുണ്ട്. ജാതിയും ജാതി പറയുന്ന മതവും പാര്‍ട്ടികളും ശക്തിപ്പെടുന്നു. അതു പുതിയ രാഷ്ട്രീയ ശരികള്‍ ആകുന്നു. സമ്മര്‍ദരാഷ്ട്രീയത്തിന്റെ കരുവായി ജാതി ചുരുങ്ങുന്നു. ആവശ്യങ്ങള്‍ക്ക് മാത്രം ജാതി പറഞ്ഞ് കാര്യം നേടുന്നതില്‍ ഒതുങ്ങുന്ന നവോത്ഥാനമാണ് ഇന്നിന്റെ തരംഗം! അപ്പോഴും ജാതികൊണ്ടു മുറിവേറ്റു പിന്‍വാങ്ങുന്നവരുടെ സങ്കടങ്ങള്‍ക്ക് കാവലാകാന്‍ ജുഡീഷ്യറി ഉണ്ടെന്നുള്ള ആശ്വാസം ബാക്കി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org