കണ്ണീരടങ്ങണം കനലും

കണ്ണീരടങ്ങണം കനലും
Published on

മണിപ്പൂരില്‍18 മാസമായി തുടരുന്ന ലഹളകള്‍, കൊലപാതകങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഇത്രയും നീണ്ടുനിന്ന കലാപബാധിത ഇടം മറ്റൊന്നുണ്ടോ എന്ന് സംശയമാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമങ്ങളും ഇതര സംസ്ഥാനങ്ങളും ആവര്‍ത്തിച്ച് സമാധാനത്തിനായി മുറവിളി കൂട്ടിയിട്ടും അത് കേള്‍ക്കപ്പെട്ടിട്ടില്ല. തൂക്കുമന്ത്രിസഭയല്ലാത്ത ഒരു ഗവണ്‍മെന്റ്, അത് നല്‍കുന്ന നിയമവാഴ്ച, കേന്ദ്രസേനയുടെ ശക്തമായ സാന്നിധ്യം എന്നിവ ഉണ്ടായിട്ടും സമാധാനം ഇന്നും മണിപ്പൂരിന് അന്യമാണ്. നീണ്ട 18 മാസങ്ങള്‍ക്കുശേഷവും വീണ്ടും മണിപ്പൂര്‍ വാര്‍ത്തകളില്‍ നിറയുകയാണ് കലാപങ്ങള്‍ വഴി തന്നെ.

ജിരിബാമില്‍ മൂന്ന് കുട്ടികളുടെ അമ്മയും സ്‌കൂള്‍ അധ്യാപികയും കുക്കിഹമാര്‍ ഗോത്ര വിഭാഗത്തില്‍പ്പെട്ടതുമായ ഒരു സ്ത്രീയെ മെയ്‌തെയ് സായുധ സംഘടനയായ അരീബായി തെങ്കോളിന്റെ നേതൃത്വത്തില്‍ ക്രൂരമായി ചുട്ടുകൊന്ന സംഭവമാണ് വീണ്ടും കലാപത്തിന് വഴിതെളിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈ സംഭവത്തിലെ പ്രതികള്‍ പൊലീസ് സ്‌റ്റേഷനില്‍ ഒളിവില്‍ കഴിയുകയാ ണെന്നും അവരെ വിട്ടു കിട്ടണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്ത കുക്കി ഹാമാര്‍ സംഘവും സി ആര്‍ പി എഫും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് 11 ഹമാര്‍ഗോത്രക്കാര്‍ വെടിയേറ്റു മരിച്ചത്. ഇതിന്റെ പക തീര്‍ക്കാന്‍ ആയിരിക്കണം ദുരിതാശ്വാസക്യാമ്പില്‍ നിന്ന് 10 മെയ്തികളെ കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടു പോയത്. അവരില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

ബാക്കി വന്ന മൃതദേഹങ്ങള്‍ നദിയില്‍ നിന്നാണ് വീണ്ടെടുക്കപ്പെട്ടത്. ഈ മാസം ഏഴിനുശേഷം 17 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായി. ഇതേ തുടര്‍ന്ന് ജിരിബാം ജില്ലയിലും ഇംഫാല്‍ താഴ്‌വരകളിലും പ്രതിഷേധം പടരുകയാണ്.

സംസ്ഥാന ഭരണ സംവിധാനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുമ്പോള്‍ ഭരണ പദവി പ്രസിഡന്റിനെ ഏല്‍പ്പിക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 356 സംവിധാനം ഭരണഘടനയിലുണ്ട്.

ആര്‍ക്കാണ് മണിപ്പൂരില്‍ അസമാധാനം ദിനചര്യയുടെ ഭാഗമാക്കേണ്ടത്? കണ്ണീര്‍ ജനങ്ങളുടെ ഭക്ഷണമാക്കേണ്ടത്? വെറുപ്പ് തൊഴിലിടങ്ങളുടെ സ്വഭാവമാക്കേണ്ടത്? ദുരിതാശ്വാസ ക്യാമ്പുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത്? ഐക്യത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നുപോലും ഇടാതെ ഇങ്ങനെ എത്രനാള്‍? ആറുമാസത്തിനുള്ളില്‍ ഞാന്‍ സമാധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബീരാന്‍ സിംഗ് പറഞ്ഞിട്ട് മൂന്നു മാസം തികഞ്ഞില്ല! കര്‍ഷകര്‍ക്ക് പാടങ്ങളില്‍ പണിയെടുക്കാന്‍ സാധിക്കുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. അഞ്ചു ജില്ലകളില്‍ അഫ്‌സ്പാ നിയമം (സായുധസേനയ്ക്കുള്ള സവിശേഷ അധികാരം) എത്തിയിട്ടും മാറ്റങ്ങള്‍ ഇല്ല.

ഇസ്രായേലിലും ഉക്രെയ്‌നിലും റഷ്യയിലും പലവട്ടം സന്ദര്‍ശനം നടത്തി സമാധാന ആഹ്വാനം ഉരുവിട്ട പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ ഇതുവരെയും ഇന്ത്യയുടെ ഭാഗമാണെന്ന് തോന്നിയിട്ടില്ല. ആ നാട് സന്ദര്‍ശിക്കാനോ ജനങ്ങളെ ഐക്യത്തിലേക്ക് ആകര്‍ഷിക്കാനോ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അത് എത്രയും വേഗം വേണം. രാഷ്ട്രീയം മാറ്റിവച്ച് ജനങ്ങളെ മനുഷ്യരായി കാണുകയും അവരുടെ മനുഷ്യത്വത്തെ ഉണര്‍ത്തുന്ന തരത്തില്‍ നേതാക്കളുടെ സന്ദര്‍ശനം ഉണ്ടാവുകയും ജനങ്ങളുടെ മുറിവില്‍ തൈലം പുരട്ടുന്ന തരത്തിലുള്ള സമാധാന ശ്രമങ്ങള്‍ രൂപപ്പെടുകയും ചെയ്താലേ മണിപ്പൂരില്‍ സമാധാനശ്രമങ്ങള്‍ ശക്തിപ്പെടൂ. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനങ്ങള്‍ ശക്തമായ അനുരണനങ്ങള്‍ ഉയര്‍ത്തിയത് നമ്മള്‍ കണ്ടതാണ്.

ഇവിടെ സമാധാനം കൊണ്ടുവരണമെങ്കില്‍ അതിന് നിശ്ചിത ഇടപെടലുകള്‍ വേണം. അതുകൊണ്ടുവരാന്‍ ഇപ്പോള്‍ കഴിയുന്നതു മണിപ്പൂര്‍ ഭരിക്കുന്ന ബി ജെ പി ഗവണ്‍മെന്റിനു മാത്രമാണ്, അതിനുവേണ്ട മൂലധനം ഇച്ഛാശക്തിയൂം. പ്രശ്‌നങ്ങള്‍ക്കിടയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താത്തത്, ശക്തമായ നിയമവാഴ്ച ഉറപ്പുനല്‍കാത്തത്, ചെറിയ അനിഷ്ടസംഭവങ്ങളില്‍ പോലും വളരെ വ്യക്തവും കൃത്യവുമായ സന്ദേശം നല്‍കുന്ന ഇടപെടലുകള്‍ ഉണ്ടാകാത്തത് ഇവയൊക്കെ ജനങ്ങളുടെ ഉള്ളിലുള്ള വിശ്വാസ്യത നശിപ്പിക്കുകയാണ്. ഇപ്പോള്‍ തുടരുന്ന വിഭജനങ്ങള്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍, ഇവയൊക്കെ ഗവണ്‍മെന്റിന് എന്തൊക്കെയോ നേടിക്കൊടുക്കുന്നു എന്ന പ്രതീതിയാണ് പുറത്തുനിന്ന് സംസ്ഥാനത്തെ നോക്കി കാണുന്നവര്‍ക്കുള്ളത്. അത് അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടത് സംസ്ഥാന ഗവണ്‍മെന്റാണ്. ഇതിനിടെ സംസ്ഥാന ഗവണ്‍മെന്റിന്റെ കൂട്ടുകക്ഷിയായ നാഷണല്‍ പീപ്പിള്‍ പാര്‍ട്ടി ഈ ദിവസങ്ങളില്‍ ബി ജെ പി ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്. സമാധാനം തിരികെ പിടിക്കാന്‍ ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ല എന്നു തന്നെയാണ് ആരോപണം. കലാപബാധിത പ്രദേശങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ രണ്ടും കോണ്‍ഗ്രസിന് ലഭിച്ചതും ഭരണപക്ഷത്തിന്റെ നിസംഗതയുടെ അടയാളമാണ്.

വര്‍ഗീയതയേക്കാള്‍ വംശീയത അടിത്തട്ടില്‍ പുകയുന്ന പ്രശ്‌നം പരിഹരിക്കാന്‍ താഴെ തട്ട് മുതല്‍ തന്നെ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടിവരും. പട്ടികവര്‍ഗ പദവി വേണമെന്ന മെയ്തി വിഭാഗത്തിന്റെ ദീര്‍ഘനാളായുള്ള ആവശ്യം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഹൈക്കോടതി അംഗീകരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെതിരെ ഗോത്ര വിഭാഗമായ കുക്കികള്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. അധികാരത്തിലും വിഭവ നിയന്ത്രണത്തിലും മണിപ്പൂരില്‍ മേല്‍ക്കൈയുള്ള മെയ്തികളുടെ കണ്ണില്‍ കുക്കികള്‍ മ്യാന്‍മറില്‍ നിന്ന് കുടിയേറി വന്ന 'അന്യ'രാണ് ഈ അതിലോല വിടവിലാണ് ഹൈക്കോടതി വിധി കത്തിപ്പടര്‍ന്നത്. ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ക്രിയാത്മകതയും സൂക്ഷ്മതയും വിവേകദര്‍ശനവും ഉള്ള നേതാക്കന്മാരെയാണ് ആവശ്യം.

സംസ്ഥാന ഭരണ സംവിധാനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെടുമ്പോള്‍ ഭരണ പദവി പ്രസിഡന്റിനെ ഏല്‍പ്പിക്കാന്‍ അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 356 സംവിധാനം ഭരണഘടനയിലുണ്ട്. ഇപ്പോഴത്തെ മണിപ്പൂരിന്റെ സാഹചര്യം പരിഗണിച്ച് അത്തരം സാധ്യതകളെക്കുറിച്ചും കേന്ദ്രം പര്യാലോചിക്കേണ്ടതാണ് നീണ്ട നാളായി തുടരുന്ന അസ്ഥിരത, അസമാധാനം നീതീ വാഴ്ചയില്ലായ്മ, ഇവ എല്ലാത്തരം അക്രമങ്ങളിലേക്കും അട്ടിമറികളിലേക്കും ജനങ്ങളെ കൊണ്ടുപോകും. മന്ത്രിമന്ദിരങ്ങള്‍, എം എല്‍ എ മാരുടെ വീടുകള്‍, പൊതുസ്ഥാപനങ്ങള്‍ പൊലീസ് സ്‌റ്റേഷനുകള്‍ ദേവാലയങ്ങള്‍ ഇവയൊക്കെ ആക്രമിക്കപ്പെടുന്നത് പൊതുജീവിതം പൂര്‍ണ്ണമായും താളം തെറ്റി എന്നതിന്റെ ലക്ഷണമാണ്. വിവേക പൂര്‍ണ്ണവും അടിയന്തര പ്രാധാന്യമുള്ളതുമായ പ്രവര്‍ത്തികളാണ് ഇനി മണിപ്പൂരില്‍ ഉണ്ടാവേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org