കലാ(പാ)ലയ സ്മരണകളുടെ കാലിക പ്രസക്തി

കലാ(പാ)ലയ സ്മരണകളുടെ കാലിക പ്രസക്തി

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സുധാകരനും ഇക്കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ നിയന്ത്രണം തെറ്റിയ വാക്കുകള്‍ അസഹിഷ്ണുതയുടെ അരോചക പ്രയോഗങ്ങളായി സാംസ്‌ക്കാരിക കേരളത്തെ അമ്പരപ്പിച്ചു.

വ്യത്യസ്ത രാഷ്ട്രീയ ചേരികളില്‍ തുടരുമ്പോഴും കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ കലാപക്കളരിയില്‍ പരിശീലിപ്പിക്കപ്പെട്ടതിന്റെ പശ്ചാത്തലം രണ്ടുപേരും ഒരുേപാലെ അവകാശപ്പെടുന്നുണ്ട്. നാളിതുവരെയും പ്രകോപനത്തിന്റെ ആ പ്രയോഗശൈലികളെ രാഷ്ട്രീയകേരളം ഒരു പരിധിവരെ സഹിച്ചുപോന്നെങ്കിലും ഇരുവരുടെയും ബ്രണ്ണന്‍ കോളേജ് സ്മരണകള്‍ രാഷ്ട്രീയ മര്യാദയുടെ സാമാന്യരേഖകളെ ഭേദിച്ചു വഷളാക്കി എന്നതാണ് വാസ്തവം.

ഇഷ്ടമില്ലാത്ത പെരുമാറ്റത്തോടുള്ള ഇഷ്ടക്കേട് പരസ്യമാക്കുന്നതില്‍ സാഹചര്യങ്ങളുടെ സാംഗത്യത്തെ സഹാനുഭൂതിയോടെ സമീപിക്കാത്ത മുഖ്യമന്ത്രിയുടെ 'കടക്കുപുറത്ത്' പോലുള്ള പ്രയോഗങ്ങളുടെ മുനയും മൂര്‍ച്ചയും നന്നായി അറിയാവുന്നത് ഇവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെന്നയാണ്. കണ്ണൂരിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ സംരക്ഷകമുഖമാണ് കെ. സുധാകരന്‍. അതുകൊണ്ട് തന്നെ വാക്കുകളിലെ രോഷവും പെരുമാറ്റത്തിലെ കാര്‍ക്കശ്യവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അതിജീവനത്തിനാവശ്യമെന്ന് പറഞ്ഞാണ് പലപ്പോഴും ആ പാര്‍ട്ടിയുടെ ന്യായീകരണം. അതോടൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ 'കണ്ണൂര്‍ ശൈലി' ഇനി മുതല്‍ സംസ്ഥാന രാഷ്ട്രീയത്തിന്റെ പൊതുപ്രവര്‍ത്തന ശൈലിയാകുമോ എന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നുമുണ്ട്.

കോവിഡ് മൂന്നാം തരംഗഭീഷണി ഉമ്മറപ്പടിയില്‍ തുടരുന്ന ഒരു നാട്ടില്‍ ഇത്തരം 'ഗ്വോഗ്വോ' വിളികള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണെമന്നാണ് ബഹുഭൂരിപക്ഷ നിലപാട്. എന്നാല്‍ രണ്ടുപേരുടെയും കലാലയ സ്മരണകള്‍ പോര്‍വിളിയുടെ പിന്നാമ്പുറ കാഴ്ചകള്‍ മാത്രമായി അധഃപതിക്കുമ്പോള്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തേണ്ട ക്യാമ്പസ് രാഷ്ട്രീയത്തിന്റെ നൈതികതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ രാഷ്ട്രീയ സംഘട്ടനം മാത്രമാണെന്ന അഭിനവ രാഷ്ട്രീയബോധത്തിന്റെ പശ്ചാത്തല സഹായി മാത്രമായി അവരുടെ ക്യാമ്പസ് കാലം പരിണമിച്ചോ എന്നാണ് സാംസ്‌കാരിക കേരളം അത്ഭുതപ്പെടുന്നത്! ചവിട്ടി വീഴ്ത്തിയതിന്റെ വീരകഥകളും ഒഴിഞ്ഞുമാറിയതിന്റെ പ്രതിരോധവഴികളും മാത്രം ഉത്തരവാദിത്വപ്പെട്ട രണ്ടു നേതാക്കളുടെ കലാലയ സ്മരണകൡ ഇന്നും സജീവമെങ്കില്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം പൊതുക്ഷേമത്തെ മുന്‍നിറുത്തി തന്നെയെന്ന് വിശ്വസിക്കുക വിഷമകരമാണ്.

കൊലപാതകരാഷ്ട്രീയത്തിന്റെ ചോരച്ചാലുകളില്‍ നിരവധി തവണ ചുമന്നു കുതിര്‍ന്നതാണ് കണ്ണൂര്‍ രാഷ്ട്രീയം. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ പക്ഷെ, ജീവന്‍ നഷ്ടപ്പെട്ടതൊക്കെയും സാധാരണക്കാരുടേതാണ്. രക്തസാക്ഷിക്കുടുംബ സംരക്ഷണ പരിപാടികളിലൂടെ സംഘര്‍ഷ രാഷ്ട്രീയത്തിന്റെ തുടര്‍ക്കഥകള്‍ക്ക് തിരക്കഥയൊരുക്കുന്നതാണ് ഇപ്പോഴും അവിടത്തെ പ്രധാന ക്ഷേമ രാഷ്ട്രീയവും. കൊല്ലപ്പെട്ടവരുടെ എണ്ണം പാര്‍ട്ടികളില്‍ സമനില നേടുമ്പോള്‍ മാത്രം ഇടവേളയെന്നതാണ് സമാധാനശ്രമങ്ങളുടെ സാധാരണയന്ത്യം.

എതിര്‍പ്പാര്‍ട്ടികളില്‍പ്പെട്ടവരെ അതിര് കെട്ടി പുറത്തുനിറുത്തുന്ന 'സഹവര്‍ത്തിത്വത്തിന്റെ' പാര്‍ട്ടിഗ്രാമങ്ങള്‍ കൊണ്ട് സജീവമാണ് ഇപ്പോഴും, ഉത്തര മലബാറിന്റെ രാഷ്ട്രീയചിത്രമെന്നത് സമത്വത്തിന്റെ സാഹോദര്യ കേരളം 'അഭിമാനത്തോടെ' ഏറ്റു പറയണം! വിയോജിക്കുന്നവരെ 'കൈകാര്യം' െചയ്താണ് ഇവിടെ നമുക്ക് പരിചയം; അത് സൊസൈറ്റിയിലാണെങ്കിലും, സോഷ്യല്‍ മീഡിയായിലാണെങ്കിലും.

രാഷ്ട്രീയകേരളം ചര്‍ച്ചയ്‌ക്കെടുക്കുന്ന പ്രമേയങ്ങളില്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗ സാധ്യതകളില്ലെന്നത് സമകാലീന പൊതുപ്രവര്‍ത്തനത്തിന്റെ പരാധീനതയാണ്. മുമ്പില്‍ വയ്ക്കാന്‍ പുതുതായി പ്രത്യേകിച്ചൊരു രാഷ്ട്രീയ അജണ്ടയുമില്ലാതെയാണ് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പോക്കുവരവുകള്‍. സൈദ്ധാന്തിക സംവാദങ്ങളുടെ സ്ഥാനത്ത് പാര്‍ട്ടി ന്യായീകരണത്തൊഴിലാളികളുടെ നിലതെറ്റിയ ആക്രോശങ്ങള്‍ കൊണ്ട് ബഹളമയമായ അന്തിചര്‍ച്ചകളാണെങ്ങും. എല്ലാ വരുടെയും ശരീരഭാഷ ഒന്നാണിവിടെ; സംരക്ഷകര്‍!

പാര്‍ട്ടികളും പ്രവര്‍ത്തകരും പരസ്പര സംരക്ഷണത്തിന്റെ പരിവേഷമണിയുമ്പോള്‍ വഴിയാധാരമാകുന്നത് ഇവിടത്തെ പാവപ്പെട്ടവരാണ്. ആര്‍ക്കും എങ്ങനെയും വ്യാഖ്യാനിച്ച് വെട്ടിത്തീര്‍ക്കാവുന്ന മരങ്ങളേ ഇവിടുള്ളൂ എന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ തന്നെ വിളിച്ചു പറയുമ്പോള്‍ കോടികളുടെ വനംകൊള്ള രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരി പരിഹാസ്യമാക്കിയവസാനിപ്പിക്കുമെന്നുറപ്പാണ്. വാര്‍ത്തകള്‍ അറിയിക്കാനല്ല, ചിലതൊക്കെ മറയ്ക്കാനുള്ളതാണെന്നും മനസ്സിലാകുന്നുണ്ട്.

നേതൃശേഷി തെളിയിക്കേണ്ടത് പോര്‍വിളിയുടെ സംരക്ഷക കുപ്പായമണിഞ്ഞല്ല, സംവാദത്തിന്റെ സംഘടിത രാഷ്ട്രീയത്തെ സമര്‍പ്പിച്ചുകൊണ്ടാകണം. ആളുകളെ കൂട്ടാന്‍ ഇത്തരം ആക്രോശങ്ങള്‍ മതി; നേതാവാകാനതു പോരാ. കോണ്‍ഗ്രസ്സിന്റെ മുറിഞ്ഞുപോയ ജനസമ്പര്‍ക്കങ്ങളെ മുറുകെപ്പിടിക്കുക തന്നെയാണ് തിരിച്ചുവരവിന്റെ ജനാധിപത്യ വഴി. അകത്തുള്ളതിനെ നന്നായി കുടഞ്ഞിടുന്നുണ്ട്, നമ്മുടെ ഭാഷയും ഭാഷണവും. പ്രബുദ്ധകേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കാനും സഞ്ചരിക്കാനും നേതാക്കള്‍ക്കു കഴിയണം. ഉന്നതസ്ഥാനീയരുടെ സംസാരവും സമ്പര്‍ക്കവും ഔന്നത്യപൂര്‍ണ്ണമായിരിക്കണമെന്ന പൊതുന്യായം എപ്പോഴും പാലിക്കപ്പെടേണ്ടതാണ്. ഓര്‍മ്മകള്‍ സമൂഹത്തെ നവീകരിക്കാനുതകണം, ഒരിക്കലും നശിപ്പിക്കാനാകരുത്.

'വംശങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നവര്‍ മനുഷ്യവംശത്തിനെതിരെ പാപം ചെയ്യുന്നു'വെന്ന കവി ഹൊസെ മാര്‍ട്ടിയുടെ വാക്കുകള്‍ വിദ്വേഷത്തിന്റെ കക്ഷിരാഷ്ട്രീയത്തെ ജനവിരുദ്ധമായി 'കൈകാര്യം' ചെയ്യുന്നവര്‍ക്കുള്ള താക്കീതാണ്. കലാലയസ്മരണകളെ കലാപസ്മരണയാക്കുന്നവര്‍ ഇത് മറക്കരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org