കോവിഡ്, പള്ളിതുറക്കുമ്പോള്‍

കോവിഡ്, പള്ളിതുറക്കുമ്പോള്‍

പള്ളി തുറക്കുകയാണ്, വാതില്‍ പകുതി ചാരിയാണെങ്കിലും. കാരണം നിലവിലെ സ്ഥിതി പരിഗണിച്ച് നിയന്ത്രണങ്ങള്‍ നിലനിര്‍ത്തിയാണ് ആരാധനാലയങ്ങളിലെ അകപ്പെരുമാറ്റങ്ങളെ അനുവദിക്കുന്നത്.

മൂന്നു മാസത്തിലേറെയായി അടച്ചിട്ട ദേവാലയങ്ങളിലേയ്ക്ക് വിശ്വാസികള്‍ മടങ്ങിയെത്തുന്നത് മുടങ്ങിപ്പോയ ആരാധനകളിലേയ്ക്ക് മാത്രമല്ല, അടഞ്ഞുകിടന്നപ്പോഴും അണഞ്ഞുപോകാതിരുന്ന അകത്തിരിയെരിച്ചും, അകന്നിരുന്നപ്പോഴും അപരന്റെ ആവശ്യങ്ങളോട് അകലാതിരുന്നതിന്റെ ആത്മീയതയോടെയുമാണെന്നതിനാല്‍ കോവിഡൊരുക്കിയ പുതിയ ജീവിതക്രമത്തെ സുവിശേഷാത്മകമായി ബലപ്പെടുത്താന്‍കൂടിയാണ്.

തുറക്കുന്നത് കോവിഡാനന്തരമല്ല, കോവിഡിനൊപ്പമാണ്. അതുകൊണ്ടുതന്നെ മുമ്പ് തുറന്നിരുന്ന പലതിലേയ്ക്കും, പലരിലേക്കും പള്ളികള്‍ അടയ്ക്കുകയുമാണ്. അനുഷ്ഠാനബദ്ധമായത് അനുഭൂതിബദ്ധമായതിനെ അനുധാവനം ചെയ്യേണ്ടതിനാല്‍, ആത്മീയതയിലെ പ്രകടനാത്മകത അവസാനിക്കുകയാണ്. ആള്‍ക്കൂട്ടങ്ങളാല്‍ അടയാളപ്പെട്ടിരുന്ന വിശ്വാസപ്രകരണങ്ങള്‍ റദ്ദാകുന്നത് കോവിഡിന്റെ നിയന്ത്രണ നിയതിയാല്‍ മാത്രമല്ല, ആത്മീയത പുറത്തേക്കെന്നതിനേക്കാള്‍ അകത്തേയ്ക്കുള്ള ആത്മായനം കൂടിയായതിനാലാണ്. നിറയാത്ത കണ്‍ വെന്‍ഷന്‍ പന്തലുകളും മുറിഞ്ഞുതീരുന്ന പ്രദക്ഷിണങ്ങളും വിശ്വാസത്തിന്റെ ശരിയായ സാക്ഷ്യങ്ങളല്ലാത്തതിനാല്‍ ആരെ യും അസ്വസ്ഥമാക്കേണ്ടതുമില്ല. ഒന്നും കോവിഡിനെ ഭയന്നിട്ട് മാത്രമല്ല, ആള്‍ക്കൂട്ടം പ്രത്യേകിച്ചൊന്നിനെയും അടയാളപ്പെടുത്താത്തതുകൊണ്ടുകൂടിയാണ്. 'ചെറിയ അജഗണങ്ങളെ' ഭയപ്പെടാത്ത അജപാലകരെയാണ് കോവിഡാനന്തര സഭയ്ക്കാവശ്യം, ക്രിസ്തുവിനും.

അടച്ചിട്ടനാളുകളില്‍ തീര്‍ത്തും അകത്തകപ്പെട്ടുപോയ അജപാലകരുടെ ഒറ്റപ്പെടലുകളുളവാക്കിയ 'പ്രശ്‌ന'ങ്ങള്‍ പതിവില്ലാത്ത തലക്കെട്ടുകൡ വാര്‍ത്തയായ വാരങ്ങള്‍ സഭയ്ക്കകത്തും പുറത്തും അമ്പരപ്പുളവാക്കിയെന്നു മാത്രമല്ല, ചിലതെല്ലാം ഇടര്‍ച്ചയ്ക്കിടയാക്കുകയും ചെയ്തു. ഒരുമിച്ചിരുന്ന ശീലങ്ങള്‍ തനിച്ചിരിക്കാനുള്ള പരിശീലനമാകുന്നില്ലെന്ന തിരിച്ചറിവത് സമ്മാനിച്ചുവെന്ന് മാത്രമല്ല, അജപാലനമെന്നാല്‍ 'ആളും അനക്കവു'മാണെന്ന അബദ്ധ ധാരണകളെയതുറപ്പിക്കുകയും ചെയ്തു. ഒറ്റയ്ക്കിരിക്കാനുള്ള ഭയംകൊണ്ട് തിരക്കില്‍പ്പെട്ടു പോകുന്നവരും, തിരക്കുകള്‍ തിരക്കിപോകുന്നവരുമുണ്ട്. രണ്ടും ആരോഗ്യകരമായ സമീപനങ്ങളല്ലെന്നു മാത്രമല്ല, പൗരോഹിത്യത്തിന്റെ പരമാര്‍ത്ഥത്തെ പടിയിറക്കുകയുമാണ്. കാരണം വിളിക്കപ്പെട്ടത് പ്രാഥമികമായും 'തന്നോടുകൂടി ആയിരിക്കാനാണ്.' മറ്റെന്തും അതിനനുബന്ധമോ, അതിനു ശേഷമോ ആണ്. ഏകാന്തതയെ ഭയപ്പെടുന്ന സമര്‍പ്പിതന്‍ കുരിശിന്റെ നിഴലിനെപ്പോലുമൊഴിവാക്കും.

കോവിഡ്, തിരുത്തുന്നത് അജപാലന സമീപനങ്ങളെക്കൂടിയാണ്. ശുശ്രൂഷകളെന്ന പേരില്‍ പ്രത്യക്ഷപ്പെട്ടതു പലതും ശക്തിപ്രകടനങ്ങളായിരുന്നു. അകക്കാമ്പഴിഞ്ഞു തുടങ്ങിയത് അറിയിക്കാതിരിക്കാനായിരുന്നോ, കഴിവു തെളിയിച്ച 'കാര്യപരിപാടി'കള്‍? മുന്തിയപള്ളികളും, മുന്‍നിരകെട്ടിടങ്ങളും മുമ്പില്‍ വച്ച് മറച്ചത് സുവിശേഷവെട്ടത്തെയാണോയെന്നും ആത്മപരിശോധന നടത്തണം. സഭയ്ക്ക് ക്രിസ്തുവിനെക്കാളും കിളിരമുണ്ടാകരുത്.

ആദിമക്രൈസ്തവ സമൂഹത്തിന്റെ അനൗദ്യോഗികാഭിമുഖ്യങ്ങളിലേയ്ക്ക് സഭ വീണ്ടും സ്‌നാനപ്പെടേണ്ടതുണ്ട്. സംരക്ഷിക്കപ്പെടേണ്ട ഔപചാരികതയുടെ അധികഭാരമില്ലാത്ത, അയാസരഹിതമായ ഇടപെടലുകളാകണം, കോവിഡാനന്തരസഭയുടെ മുഖവും മൊഴിയും. വിയോജിപ്പുകളോടുള്ള സഹിഷ്ണുത തന്നെയാണ് സഭയില്‍ മാറ്റമുണ്ടാക്കുന്നതും, മാറ്റിനിര്‍ത്തുന്നതും. 'സഭാ ശത്രുക്കളോ'ടുള്ള നിരന്തര നിഴല്‍യുദ്ധമായി സഭാജീവിതം ചെറുതാകരുത്.' ചില 'സംരക്ഷണങ്ങളുടെ' അധികബാധ്യതയില്‍ നിലപാടുകളില്‍ നിറംകലരുന്നത് പൊതുസമൂഹത്തിന് വേഗം മനസ്സിലാകും. വിദ്വേഷപ്രചാരത്തിന്റെ ഒളിയുദ്ധത്തിലെ ഇരകളും വേട്ടക്കാരും സഭയില്‍ തന്നെയെന്നതും നമ്മെ ലജ്ജിപ്പിക്കണം. വെറുപ്പിന്റെ വ്യാപനം കോവിഡിനെക്കാള്‍ വേഗത്തിലാകുന്നത് മാനസിക നില തകരാറിലായ രോഗാതുര സമൂഹത്തിന്റെ ക്ഷയലക്ഷണം തന്നെയാണ്. ജീവിതത്തിലെ സുപ്രധാനവും സഭാത്മകവുമായ മുഹൂര്‍ത്തങ്ങളെ ആഘോഷങ്ങളില്ലാതെയും അര്‍ത്ഥവത്തായാചരിക്കാമെന്ന പാഠം കോവിഡിനു ശേഷവും തുടരാനുള്ളതാണ്. വിവാഹത്തിനു 50 പേര്‍ മതിയെന്ന തീരുമാനം നാം അകത്തുവരയ്ക്കുന്ന ഒരു വരകൂടിയാണ്.

പോപ്പ് ഇന്നസെന്റ് മൂന്നാമന്റെയടുക്കല്‍ മുഖാമുഖത്തിനായി ശ്രമിക്കുന്ന അസ്സീസിയിലെ കിളിരം കുറഞ്ഞ ചെറുപ്പക്കാരന്‍ ഫ്രാന്‍സിസ്, കയ്യിലിരുന്ന സുവിശേഷമുയര്‍ത്തി ആവശ്യമറിയിച്ചതിങ്ങനെ, 'ഈ പുസ്തകമനുസരിച്ച് ജീവിക്കാനുള്ള അനുവാദവും ആശീര്‍വ്വാദവും വേണം.'

കോവിഡ്, പള്ളിവാതില്‍ തുറക്കുമ്പോള്‍ വിശ്വാസിക്കും വേണ്ടതും ഇതുതന്നെ, സുവിശേഷാനുസൃതജീവിതത്തിനുള്ള ആശീര്‍വാദം. അനുവാദം നേതൃത്വം നല്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org