ഉപതിരഞ്ഞെടുപ്പുകള്‍ കളം നിറയുകയാണ്. ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളും നൂറ്റിനാല്‍പ്പത് നിയമസഭാ മണ്ഡലങ്ങളുമുള്ള കേരളത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ഇത്രമാത്രം പ്രാധാന്യം എന്തെന്ന് മലയാളക്കര ആകമാനം സംശയിക്കുന്നു. ഇരുപത്തിനാല് മണിക്കൂറും തുറന്നുവച്ചിരിക്കുന്ന ചാനല്‍ ക്യാമറകള്‍ കേരളത്തിന്റെ വാര്‍ത്താലോകത്തെ ഈ മൂന്ന് മണ്ഡലങ്ങളിലേക്ക് ഒതുക്കിയിരിക്കുന്നു. വാര്‍ത്തകള്‍ വില്‍ക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സദ്യ വിളമ്പാന്‍ ആക്ഷേപങ്ങളും ആക്രോശങ്ങളും കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുകയാണ്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുടെ അപ്രതീക്ഷിത മരണം, രോഗം തുടങ്ങിയ പ്രധാനപ്പെട്ട കാരണങ്ങളൊന്നുമല്ല ഈ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് നിദാനമായിട്ടുള്ളത്. മത, രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വിധേയമായി നിലവില്‍ നിയമസഭയിലെ ജനപ്രതിനിധികളായിരുന്നവര്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടു ക്കപ്പെട്ടതും രണ്ട് മണ്ഡലങ്ങളിലെ വിജയത്തോടെ ഒന്ന് ഉപേക്ഷിച്ചതുമാണ് ഈ മൂന്ന് ഉപതിരഞ്ഞെടുപ്പുകള്‍ക്കും കാരണം. ഇത് ഒരു സാധാരണ പൗരനെ ഇത്ര യേറെ ബാധിക്കുന്ന വിഷയമാകുന്നതെങ്ങനെ?
എല്ലാ പാര്‍ട്ടികളും നേര്‍ക്കുനേര്‍ 'ഡീലുകള്‍' ആരോപിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നേതാക്കന്മാര്‍ക്ക് ഡീലുകള്‍ ഇല്ലാതാകുന്നത് ജനങ്ങളോടാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കപ്പെടുന്ന കോടികള്‍ മണ്ഡല ത്തിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ഗുണകരമാകുന്നുണ്ടോ? തിരഞ്ഞെടുപ്പുകള്‍ കളം നിറയ്ക്കുമ്പോഴും അത് സാധാരണക്കാരന്റെ കലം നിറയ്ക്കുന്നില്ല എന്ന് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങള്‍ തന്നെയും തിരിച്ചറിയട്ടെ.
നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രളയത്തില്‍ പാലം ഒലിച്ചുപോയ ചാലിയാര്‍ പുഴയ്ക്ക് അപ്പുറമുള്ള ആദിവാസി ഊരുകളിലേക്ക് ചങ്ങാടത്തില്‍ വോട്ട് തേടി പോയ നാട്ടുകാരനായ മന്ത്രി പാറയില്‍ ഉറച്ചുപോയ ചങ്ങാടത്തില്‍ കുടുങ്ങിയത് അരമണിക്കൂറിലേറെയാണ്. തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും പലതു കഴിയുമ്പോഴും സാധാരണക്കാരന് അന്യമാകുന്ന വികസനത്തിന്റെ തെളിവും അടയാളവുമായി അത്. ചങ്ങാടത്തില്‍ കുടുങ്ങുന്നത് ആദിവാസി ഊരിലെ ഒരു ഗര്‍ഭിണിയോ രോഗിയോ വിദ്യാര്‍ഥികളോ ആണെങ്കില്‍ സംഭവിക്കാവുന്ന അപ കടങ്ങള്‍ക്ക് ഏതു ജനപ്രതിനിധിക്ക് സമാധാനം നല്‍കാന്‍ കഴിയും? മന്ത്രി കുടുങ്ങുമ്പോള്‍ മാത്രമാണല്ലോ വാര്‍ത്തയാകുന്നത്. പ്രചാരണത്തിനായി ഉപ യോഗിക്കപ്പെടുന്ന, തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ പെട്ടതും കണക്കില്‍ പെടാത്തതുമായ കോടികള്‍ യഥാര്‍ഥത്തില്‍ ഇവിടെയുള്ള ദരിദ്രനുകൂടി അവ കാശപ്പെട്ടതും പാവപ്പെട്ടവന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും ഉപയുക്തമാകേണ്ടതുമാണ്.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപകടകരമായ ഒരു ദിശാമാറ്റം ഈ നാളുകളിലെ തിരഞ്ഞെടുപ്പുകളില്‍ സംഭവിക്കുന്നുണ്ട് എന്ന് ജനം തിരിച്ചറി യേണ്ടതുണ്ട്. 'പണ-ആധിപത്യ'ത്തിന്റെ ഉത്തരേന്ത്യന്‍ തിരഞ്ഞെടുപ്പ് മോഡല്‍ നമ്മളും ഏറ്റെടുത്തിരിക്കുന്നു. കള്ളപ്പണം, മദ്യം, മൂന്നാംകിട തിരഞ്ഞെടുപ്പ് റെയ്ഡുകള്‍, പ്രതിപക്ഷ ബഹുമാനമില്ലാത്ത ആരോപണങ്ങള്‍, മാഫിയാബന്ധ ങ്ങള്‍ തുടങ്ങിയവ സാക്ഷരകേരളത്തിലും അരങ്ങുവാഴാന്‍ ആരംഭിച്ചിരിക്കുന്നു. പണം കൊണ്ടും മദ്യം കൊണ്ടും കേരളത്തിന്റെ പൗരബോധത്തെ വിലയ്‌ക്കെടു ക്കാനാവില്ല എന്ന് തെളിയിക്കേണ്ടത് ഇവിടുത്തെ ജനങ്ങളാണ്. ഒരു വോട്ട് ചെയ്യാന്‍ ദാനം കിട്ടുന്ന പണത്തേക്കാള്‍ കൂടുതലാണ് ഗവണ്‍മെന്റിന് നികുതി യിലൂടെ നാം നല്‍കുന്ന പണം എന്ന് തിരിച്ചറിഞ്ഞ് ജനപ്രതിനിധികള്‍ക്കു മുമ്പില്‍ നിവര്‍ന്നു നില്‍ക്കാനുള്ള ധൈര്യം പൗരന്മാര്‍ക്ക് ഉണ്ടാകണം.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രത്തിലെ പാപ്പരത്വമാണ് ഈ ഉപ തിരഞ്ഞെടുപ്പുകള്‍ വെളിപ്പെടുത്തുന്ന മറ്റൊരു യാഥാര്‍ഥ്യം. സ്ഥാനാര്‍ഥികളുടെ മത്സരത്തിന് മാനദണ്ഡമാകേണ്ട പ്രത്യയശാസ്ത്ര വ്യത്യാസങ്ങള്‍ അവതരിപ്പി ക്കുന്നത് മറന്നുകൊണ്ട്, മതവും ജാതിയും അനാവശ്യ ആരോപണങ്ങളും കൊണ്ട് പ്രചാരണം കൊഴുപ്പിക്കാനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. പ്രത്യയശാസ്ത്ര ബോധം നഷ്ടപ്പെടുന്നതുകൊണ്ടാണ് കൂറുമാറ്റങ്ങളും കാലുവാരലുകളും സംഭവിക്കുന്നത്. എല്ലാ പാര്‍ട്ടികളും നേര്‍ക്കുനേര്‍ 'ഡീലുകള്‍' ആരോപി ക്കുമ്പോള്‍ യഥാര്‍ഥത്തില്‍ നേതാക്കന്മാര്‍ക്ക് ഡീലുകള്‍ ഇല്ലാതാകുന്നത് ജനങ്ങളോടാണ്.
തിരഞ്ഞെടുപ്പിന്റെ പോര്‍വിളികളും വിജയത്തിന്റെ ആവേശങ്ങളും കെട്ടടങ്ങു മ്പോളെങ്കിലും നാടിന്റെ നന്മയ്ക്കായി ഒരുമിച്ച് ഓടുന്ന രാഷ്ട്രീയ സംസ്‌കൃതി രൂപപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത്തരം തിരഞ്ഞെടുപ്പ് അനുബന്ധ നാടകങ്ങള്‍ കണ്ട് അരാഷ്ട്രീയവാദത്തിലേക്ക് ആയിരിക്കും സാവധാനം ജനം നടന്നടുക്കുന്നത്.