ആവിഷ്‌ക്കാരത്തിന്റെ ഡിജിറ്റല്‍ സ്വാതന്ത്ര്യം

ആവിഷ്‌ക്കാരത്തിന്റെ ഡിജിറ്റല്‍ സ്വാതന്ത്ര്യം

വാര്‍ത്താവിനിമയത്തിന്റെ ഡിജിറ്റല്‍ അവതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് നവംബര്‍ 10-ന് വിജ്ഞാപനമിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സമ്മിശ്ര പ്രതികരണം. രാജ്യത്തെ ഓവര്‍ ദി ടോപ്പ് (O.T.T.) പ്ലാറ്റ് ഫോമുകള്‍, ഓണ്‍ ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍ എന്നിവയുടെ പ്രക്ഷേപണാനുമതി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ കീഴിലാക്കിയതോടെ നെറ്റ്ഫ്‌ളക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍, സോണി ലൈവ്, ജിയോ സിനിമ തുടങ്ങിയ 27 ഓളം ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. പുതിയ നിയന്ത്രണം നിലവില്‍ വരുന്നതോടെ ഇവയിലെ ഉള്ളടക്കം പരിശോധിക്കാനും ആവശ്യമെങ്കില്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനും ഇനി മുതല്‍ സര്‍ക്കാരിനാകും.
രാജ്യത്തെ രാഷ്ട്രീയ സാമൂഹ്യ ജീവിത പരിസരങ്ങളെ അതിവേഗം സ്വാധീനിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ വിവര കൈമാറ്റങ്ങളെ വിലയിരുത്താനോ വിശദീകര ണം തേടാനോ പ്രത്യേക നിയമമോ സ്വയം ഭരണാധികാര സമിതിയോ നിലവിലില്ലാത്ത സാഹചര്യത്തില്‍, O.T.T. പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെത്തിയ പൊതു താല്പര്യ ഹര്‍ജിയിലിടപെട്ടുകൊണ്ട്, കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണമാരാഞ്ഞ വേളയിലാണ്, 1961-ലെ 'അലോക്കേഷന്‍ ഓഫ് ബിസിനസ് റൂള്‍സ്' ഭേദഗദതി ചെയ്തുകൊണ്ട് പുതിയ വിജ്ഞാപനമിറക്കിയത്.
വിലാസമില്ലാത്ത വിദ്വേഷപ്രചരണങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെ അവ്യക്ത വ്യവഹാരങ്ങളുടെയും വിനിമയ വേദിയായി സാമൂഹ്യ മാധ്യമ ലോകം മാറിത്തീര്‍ ന്നിട്ട് നാളേറെയായി. സമുദായ സൗഹാര്‍ദ്ദവും, സാമൂഹ്യ സുരക്ഷയും അപകടത്തിലാകും വിധം വിഭാഗീയതയുടെ വിഷലിപ്ത വിതരണം വേഗത്തിലാക്കാന്‍ ഡിജിറ്റലെന്ന ഒന്നാന്തരം ഒളിവിടത്തിനു കഴിയുന്നുണ്ടെന്ന വിമര്‍ശനത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ സമീപിച്ചതിന്റെ സാധൂകരണമായി പുതിയ നിയന്ത്രണത്തെ കാണുന്നവരുണ്ട്. 'പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ'യ്ക്കാണ് അച്ചടി മാധ്യമങ്ങളുടെ നിയന്ത്രണം. 'ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസ്സോസിയേഷനാ'ണ് ദൃശ്യമാധ്യമങ്ങളുടെ പ്രധാന നിരീക്ഷകന്‍. 'അഡൈ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ' പരസ്യങ്ങളുടെയും 'സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍' സിനിമകളുടെയും മേല്‍നോട്ട ചുമതല വഹിക്കുന്നു. ഇത്തരത്തിലുള്ള യാതൊരു നിരീക്ഷണ നിയന്ത്രണങ്ങളുടെ പരിധിയിലുള്‍പ്പെടാതെ നിര്‍ബാധം നിര്‍ഗ്ഗളിക്കുന്ന ഡിജിറ്റല്‍ പ്രവാഹങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ട്, 'നാഷണല്‍ സൈബര്‍ കോ-ഓര്‍ഡിനേറ്റര്‍ സെന്ററിനെ' സര്‍ക്കാര്‍ പുതിയതായി ചുമതലപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വിദേ ശ നിക്ഷേപം പരമാവധി 26%മായി കുറയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നല്കിയിട്ടുണ്ട്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരായുള്ള അന്യായ കയ്യേറ്റമായി പുതിയ നിയന്ത്രണങ്ങളെ നിരീക്ഷിക്കുന്നവരുണ്ട്. നിയതവും നിശ്ചിതവുമായ നിയമ വ്യവസ്ഥയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെ പുതിയ നിയന്ത്രണങ്ങള്‍ ദുഃസ്വാധീനിക്കുമെന്ന ഭീതിദാശങ്കയിലാണ് ജനാധിപത്യലോകം. അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനാനുമതിയെ റദ്ദു ചെയ്യാന്‍, കോടതി നിര്‍ദ്ദേശത്തിന്റെ മറവില്‍ സര്‍ക്കാര്‍ മുതിര്‍ന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമായി വിലയിരുത്തപ്പെടുന്നത് സമകാലിക സംഭവങ്ങളുടെ അനുബ ന്ധമാണിതെന്ന നിലയില്‍ക്കൂടിയാണ്. ഒരു വര്‍ഷത്തിലേറെയായി കാശ്മീര്‍ മേഖല ഡിജിറ്റലിന്റെ പ്രകാശവലയത്തിന് വെളിയിലാണ്. സ്റ്റാന്‍സ്വാമി, വരവര റാവുപോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിചാരണത്തടവ് അനന്തമായി നീളുമ്പോഴാണ്, ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ ഗുരുതരമായ ആരോപണ മുനകളില്‍ അടിമുടി മുറിഞ്ഞിട്ടും, തീവ്രേദശീയ വാര്‍ത്താ വക്താവ് അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കപ്പെട്ടതും ജയില്‍ വിമുക്തനായതും.
ഇതിനിടെ കേരളത്തില്‍ പോലീസിന് അമിതാധികാരം നല്കുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തിന് അതിര് നിശ്ചയിക്കുന്ന കേരള പോലീസ് ആക്ട് ഭേദഗതി ഉത്തരവില്‍ ഗവര്‍ണറുടെ ഒപ്പ് കാത്തിരിക്കുകയാണ്. 118A വകുപ്പ് കൂട്ടിച്ചേര്‍ത്തതിലൂടെ അപകീര്‍ത്തിപരമായ പരാമര്‍ശത്തിന്മേല്‍ പോലീസിന് സ്വമേധയാ കേസെടുക്കാമെന്ന പുതിയ വ്യവസ്ഥ വഴി സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗ സാധ്യത തടയാനാകുമെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും മാധ്യമ നിയന്ത്രണം തന്നെയാണ് അനന്തരഫലം.
ഡിജിറ്റല്‍ മേഖലയിലെ നിയന്ത്രണങ്ങളുടെ ആഗോളമാതൃകകള്‍ പരിഗണന വിഷയമാകേണ്ടതാണ്. 2019 ഏപ്രിലില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ നിയന്ത്രണങ്ങള്‍ അക്രമവാസനയെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളെ വിലക്കുന്നതായിരുന്നു. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ നിയന്ത്രണ നിയമം ദേശീയ താല്പര്യങ്ങളെ ഹനിക്കുന്ന പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതും വാര്‍ത്തയും വീക്ഷണവും തമ്മിലുള്ള നല്ലയനുപാതത്തെ പ്രോത്സാഹിപ്പിക്കുന്നതും, ശുദ്ധ വാര്‍ത്തയിലെ വ്യക്തത നിര്‍ബന്ധമാക്കുന്നതുമായിരുന്നു. 2018-ല്‍ യു.കെ. സര്‍ക്കാര്‍ പൗരന്മാരുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്ന നിര്‍ദ്ദേശങ്ങള്‍ ധവളപത്രമായി സേവനദാതാക്കള്‍ക്ക് നല്കുകയും, വാര്‍ഷിക സുതാര്യതാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കുകയും ചെയ്തു. എന്നാല്‍ സൗദി അറേബ്യ, കെനിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങളെ സ്വാഗതം ചെയ്തുകൊണ്ടാണ് ഓണ്‍ലൈന്‍ സുരക്ഷയെ ഉറപ്പാക്കിയത്.
ഡിജിറ്റല്‍ നിയന്ത്രണങ്ങളെ പൊതുവില്‍ സ്വാഗതം ചെയ്യാമെങ്കിലും അതിന്റെ അവതരണവും ആവിഷ്‌ക്കാരവും വിശദാംശങ്ങളില്‍ എങ്ങനെയാകാമെന്നതിലെ അവ്യക്തത പുതിയ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയെ നന്നായി ചോദ്യം ചെയ്യുന്നുണ്ട്. സിനിമയിലെ അക്രമരംഗങ്ങള്‍ നിയന്ത്രിക്കുന്ന അതേ നിഷ്‌ക്കര്‍ഷതയോടെ വാര്‍ത്താ പോര്‍ട്ടലുകളെ നിരീക്ഷിക്കാമോ എന്ന പ്രശ്‌നമുണ്ട്. മുഖ്യധാരാ മാധ്യമങ്ങളെപ്പോലും ശക്തമായി സ്വാധീനിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലേയ്ക്ക് നിയന്ത്രണം നാളെ നീളുമോ എന്ന ആശങ്കയുണ്ട്. സിനിമ സെര്‍ട്ടിഫിക്കേഷന്‍ മാതൃകയില്‍ സ്വയംഭരണ സ്വഭാവമുള്ള സ്വതന്ത്ര ഏജന്‍സിക്ക് ഡിജിറ്റല്‍ നിയന്ത്രണ ചുമതല നല്കുന്നത് കൂടുതല്‍ അഭികാമ്യമാണോ എന്ന് ചിന്തിക്കാവുന്നതാണ്. വ്യത്യസ്തതകളെയും വിയോജിപ്പുകളെയും സഹജബോധത്തില്‍ സമന്വയിപ്പിക്കുന്ന സാഹോദര്യ വിസ്മയത്തിന്റെ ആഘോഷമാണ് ജനാധിപത്യം. അതിനെ നിസ്സഹായമാക്കുന്ന നിയന്ത്രണങ്ങള്‍ ജനങ്ങളുടെ സുരക്ഷയല്ല, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ സുരക്ഷിതത്വമാകാം പലപ്പോഴും ഉറപ്പാക്കുന്നത്.
'പരസ്പരം അഭിമുഖീകരിക്കാനും സഹായിക്കാനും നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം സംവദിക്കേണ്ടതുണ്ട്' എന്ന് 'ഏവരും സഹോദരര്‍' എന്ന ചാക്രിക ലേഖനത്തില്‍ പാപ്പ ഓര്‍മ്മിപ്പിക്കുന്നു (FT. 198). 'ആധികാരികമായ സാമൂഹിക സംവാദത്തില്‍ അപരന്റെ വീക്ഷണത്തെ ആദരിക്കാനും അതില്‍ നിയമാനുസൃതമായ ബോധ്യങ്ങളും താല്പര്യങ്ങളും ഉള്‍പ്പെട്ടേക്കാം എന്ന് അംഗീകരിക്കാനുള്ള കഴിവ് അന്തര്‍ഭവിച്ചിരിക്കുന്നതിനാല്‍' (FT. 203, ആരോഗ്യകരമായ സംഭാഷണങ്ങളുടെ ആധികാരിക വേദിയായി വാര്‍ത്താവിനിമയ ലോകം വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിനുതകുന്ന നിര്‍ദ്ദേശങ്ങളാകണം നിയന്ത്രണങ്ങളായി വരേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org