‘ക്രിസ്തുവിനെ തോല്പിക്കരുത്’

‘ക്രിസ്തുവിനെ തോല്പിക്കരുത്’

സഭാതര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകളിലെ മൂന്നു പ്രതിനിധികളെ വീതം ഉള്‍പ്പെടുത്തി, മുഖ്യമന്ത്രി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ഏറ്റവുമൊടുവില്‍ മുളന്തുരുത്തി പള്ളിയിലെ നാടകീയ സംഭവപരമ്പരകളും ഉപവാസ പ്രഖ്യാപന സമരനിരകളുമാണ് സംഭാഷണം മേശയ്ക്കിരുപുറവുമാകാനുള്ള സര്‍ക്കാര്‍ ക്ഷണത്തിന്റെ പ്രധാന കാരണം. സെപ്തം. 21 ന് തിരുവനന്തപുരത്താണ് ചര്‍ച്ച.
പതിറ്റാണ്ടുകള്‍ പഴക്കമുള്ളൊരു തര്‍ക്കം കോടതി വ്യവഹാരങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ വികസിച്ച് ഒടുവില്‍ സമ്പാദിച്ച വിധി ഒരു വിഭാഗത്തെ മാത്രം ആഹ്ലാദിപ്പിച്ചപ്പോള്‍, മറുവിഭാഗത്തിന്റെ നിരാശ പ്രതിഷേധ പ്രകടനങ്ങളായി തെരുവ് നിറച്ചു. തര്‍ക്കമുന്നയിക്കപ്പെട്ട പള്ളികളുടെ അവകാശവും, നടത്തിപ്പും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി വിട്ടുകൊടുത്തുകൊണ്ടുള്ള വിധി തര്‍ക്കവിരാമത്തിനിടയായില്ലെന്ന് മാത്രമല്ല, പുതിയ രാഷ്ട്രീയ സമവാക്യങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന നിതാന്ത സമസ്യയായി നില തുടരുകയുമാണ്.
2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയെ വിമര്‍ശിച്ചുകൊണ്ട് 2019 ജൂലൈ 2-ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗബഞ്ച് ചീഫ് സെക്രട്ടറിയെ കോടതിയില്‍ വിളിച്ചു വരുത്തി ശാസിക്കുകയും, നിയമം നടപ്പാക്കുന്നതിലെ അലംഭാവത്തെ അതിശക്തമായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ 2019-ലെ അയോധ്യവിധിയില്‍ സുപ്രീംകോടതി പുലര്‍ത്തിയ 'സാമൂഹ്യ സാമാന്യ നീതിബോധം' ഇവിടെയുണ്ടായില്ല എന്ന വിമര്‍ശനമുണ്ട്. തര്‍ക്കഭൂമിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതില്‍ ചരിത്രരേഖകള്‍ക്കപ്പുറം വിധിയേല്പിക്കാനിടയുള്ള സാമൂഹ്യപരിക്കുകളെക്കുറിച്ചുള്ള മുന്‍വിചാരത്തില്‍ കൂടിയും നയിക്കപ്പെട്ടതിനാലാകണം, പള്ളി പൊളിച്ചത് തെറ്റാണെന്ന് പറയുമ്പോഴും, അമ്പലം പണിയണമെന്നും, പുതിയ മസ്ജിദിന് അര്‍ഹമായ ഇടവും, ഈടും ഉറപ്പാക്കണമെന്നും കോടതി നിഷ്‌ക്കര്‍ഷിച്ചത്. സഭാതര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ടുള്ള അന്തിമവിധിയില്‍ ഈ സാമൂഹ്യ ദീര്‍ഘവീക്ഷണമില്ലാതെ പോയെന്ന നിരീക്ഷണമുണ്ട്. 1934-ലെ ഭരണഘടനയെ ഇഴകീറിപ്പരിശോധിച്ചു പറഞ്ഞ വിധിയില്‍ സഭാ പരിസരത്തിലെ ശാശ്വതശാന്തിപ്പതാക കീറിപ്പാറുന്നതിനെ മുന്‍കൂട്ടി കാണാതെ പോയതിന്റെ പരിണിതിയാണ് അന്തിമവിധിയ്ക്കു ശേഷവും തുടരുന്ന അന്തമില്ലാത്ത തര്‍ക്കദോഷങ്ങള്‍.
'ആകാശമിടിഞ്ഞുവീണാലും നീതി നടപ്പാക്കണമെന്നൊരു തത്ത്വമുണ്ടത്രെ…!' മരടിലെ ഫ്‌ളാറ്റുകള്‍ തകര്‍ത്തും, സഭാതര്‍ക്കം തെരുവില്‍ തുടരാന്‍ അന്തിമവിധിയിലൂടെ 'അനുവദിച്ചും', കോടതിയപകീര്‍ത്തിവിചാരണവേളയില്‍ അഭിഭാഷകനോട് മാപ്പ് 'അപേക്ഷിച്ചും', ഉന്നത നീതിപീഠം നീതിന്യായ ലോകത്തെ അമ്പരിപ്പിച്ചപ്പോള്‍, ചില ശാഠ്യങ്ങള്‍ നീതിശാസനങ്ങളായെന്ന സംസാരം പ്രതികൂട്ടിലാക്കുന്നത്, ഈയിടെ വിരമിച്ച ന്യായാധിപനെയാണെന്നത് യാദൃശ്ചികമാണോ? ചില പ്രകോപനങ്ങള്‍ വിധിയില്‍ പ്രതിധ്വനിക്കുന്നത് പ്രതിലോമകരം തന്നെയാണ്. ഇവിടെയെല്ലാം നിയമാധിഷ്ഠിത നീതി പൊതുനീതിയെ പുറത്താക്കിയോ എന്ന സംശയം ബാക്കിയാകുന്നുണ്ട്.
നീതി നിവര്‍ത്തിതമാകണമെന്ന് ഒരു കൂട്ടര്‍ക്ക് വാദിക്കാം. കാരണം നീതിന്യായ വ്യവസ്ഥയിലൂടെ നിര്‍ണ്ണയിക്കപ്പെട്ട വിധിയുടെ ബലം അവര്‍ക്കുണ്ട്. കോടതിയുടെ അന്തിമവിധി അവര്‍ക്കനുകൂലവുമാണ്. 'എന്നാല്‍ നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിക്കപ്പുറം പോകണമെന്ന' ഗുരുമൊഴിയുടെ പൊരുളില്‍ വിടരുന്ന സുവിശേഷ നീതിയുടെ നിലവിളി കേള്‍ക്കാതിരിക്കരുത്.
സഭയുടെ സ്വത്വം പ്രധാനമായും അതിന്റെ പൊതു ആരാധനാ സമൂഹബോധമാണ്. ആദിമ ക്രൈസ്തവ സമൂഹം "ഏകമനസ്സോടെ താല്പര്യപൂര്‍വ്വം അനുദിനം ദേവാലയത്തില്‍ ഒന്നിച്ചുകൂടി"യെന്ന് നടപടി പുസ്തകം സാക്ഷിക്കുമ്പോള്‍ (അപ്പ. 2:46) അതിനവരെ യോഗ്യരാക്കിയത് "എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതി, തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ച"തിനാലാണ് (അപ്പ. 2:45) എന്നത് മറന്നുപോകരുത്. "രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു" (അപ്പ. 2:97). കര്‍ത്താവിന് ചേരാത്തതും, കര്‍ത്താവ് ചേര്‍ക്കാത്തതും പിന്നീട് സഭയില്‍ 'ചേര്‍ക്കപ്പെട്ടതു'തന്നെയാണ് അപചയവഴികളില്‍ അവള്‍ ഇടറിയാടാനിടയായത്. ഇത്തരം അനൈക്യം നല്കിയ ഇടര്‍ച്ചകളുടെ നാള്‍വഴികളില്‍ പലപ്പോഴായി എല്ലാ സഭാ സമൂഹങ്ങളുടെയും പേരെഴുതപ്പെട്ടിരിക്കുന്നതിനാല്‍ പരസ്പരം തിരുത്താനാകാതെ തിരിഞ്ഞു നടക്കേണ്ടി വരുന്ന ദൗര്‍ഭാഗ്യം ക്രിസ്തുവിന്റേതാകുന്നതാണ് പൊതുസമൂഹത്തിന്റെ സങ്കടം. നേതൃത്വത്തെ വിജയിപ്പിക്കാന്‍ സഭയെ പരാജയപ്പെടുത്തുന്നതാണ് സമകാലീന സഭാചരിത്രവും. വര്‍ത്തമാന കാലത്തോടുള്ള ക്രിസ്തീയമായ പ്രതികരണത്തില്‍, അനുദിനമെന്നോണം അസമര്‍ത്ഥമായിത്തീരുന്ന ആധുനികസഭകള്‍, പഴയതിലേയ്ക്കും പാരമ്പര്യത്തിലേയ്ക്കും മടങ്ങാന്‍ കാണിക്കുന്ന തിടുക്കത്തെ ഒന്നാന്തരം ഒഴിഞ്ഞുമാറ്റമായി കാണുന്നവരുണ്ട്. വചനത്തിന്റെ വിളമ്പുമേശയില്‍ വിഭാഗീയതയുടെ വിഭവങ്ങള്‍ നിറയുന്നത് നിര്‍ഭാഗ്യകരമാണ്. ക്രിസ്തു, ദേവാലയപരിസരങ്ങളിലെ ചുരുക്കെഴുത്തായി മാത്രം ചെറുതാക്കപ്പെടുമ്പോള്‍ സംരക്ഷിക്കപ്പെടേണ്ടവയുടെ പട്ടികയും നീളും. വീണ്ടെടുക്കാനുള്ള വെപ്രാളത്തില്‍ അവന്‍ അവസാനത്തേതുമാകും.
വിജയം കോടതിയിലേതു മാത്രമാകരുത്. തോറ്റുപോയവനെ ചേര്‍ത്തുപിടിക്കുമ്പോഴാണ് അത് സുവിശേഷത്തിന്റെ ആഹ്‌ളാദ പൂര്‍ണ്ണിമയാകൂ. പള്ളികള്‍ പങ്കിട്ടെടുക്കുമ്പോള്‍, ക്രിസ്തു പുറത്തേയ്ക്കാണ്.
സംവാദമൊരുക്കുന്ന സംഭാഷണമേശയിലേയ്ക്കാണ് ക്ഷണം. മറ്റുള്ളവരുമായി ഞാന്‍ ഏര്‍പ്പെടുന്ന ഉടമ്പടിയിലൂടെയാണ് ഭാഷ നിലനില്‍ക്കുന്നത്. അത് അപരനുമായുള്ള വിനിമയത്തിന്റെ ഉല്പന്നമാണ്. "ഭാഷ ഉണ്മയുടെ പാര്‍പ്പിടമാണെന്ന്" ഹൈഡഗര്‍. കാരണം ഭാഷണമാണ് മനുഷ്യന്റെ ആത്മബോധത്തിന്റെ അടിസ്ഥാനം. അപരബദ്ധമായ ആത്മബോധത്തെ സാധ്യമാക്കുന്ന സംഭാഷണത്തിന് സ്‌നേഹത്തിന്റെയും വിട്ടുവീഴ്ചയുടെയും മേശയില്‍ ഇരുകൂട്ടരുമൊരുമിക്കണം. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രീണന സമീപനങ്ങള്‍ക്കപ്പുറത്ത് നിഷ്പക്ഷതയുടെ നീതിപക്ഷത്ത് നില്‍ക്കാന്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്കുന്ന സര്‍ക്കാരിനാകണം. വിശ്വാസ്യതയുടെ വാതിലിലൂടെ തന്നെയാണ് സംഭാഷണമുറിയിലേയ്ക്കുള്ള പ്രവേശനം.
ചര്‍ച്ച നടക്കണം, അത് ക്രിയാത്മകമാകണം, സര്‍വ്വാധിപത്യത്തിന്റെയല്ല, സര്‍വ്വാദരവിന്റെ സംഭാഷണമുണ്ടാകട്ടെ. ക്രിസ്തു തോല്‍ക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org