Latest News
|^| Home -> Editorial -> വാർ​ദ്ധക്യത്തെ വസന്തമാക്കാൻ

വാർ​ദ്ധക്യത്തെ വസന്തമാക്കാൻ

Sathyadeepam

വാര്‍ദ്ധക്യശുശ്രൂഷ (Geriatric Nursing) എന്ന ശാസ്ത്രീയമായ ആതുരശുശ്രൂഷാമേഖല കേരളത്തിലും സഭയുടെ ആതുരശുശ്രൂഷാ സംരംഭങ്ങളിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. 38,863 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന നമ്മുടെ കേരളത്തില്‍ ജീവിക്കുന്ന മൂന്നര കോടി ജനങ്ങളുണ്ട്. 2021-ഓടെ കേരള ജനസംഖ്യയുടെ 25 ശതമാനം 65 വയസ്സിനു മുകളില്‍ പ്രായമുള്ളവരാകും എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേവലം 152 ഔദ്യോഗിക വൃദ്ധസദനങ്ങളാണു കേരളത്തിലുള്ളത്. അതില്‍ 85 ശതമാനത്തോളം വൃദ്ധസദനങ്ങളാകട്ടെ വളരെ പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ളതും. മറ്റുള്ളവയാകട്ടെ സാധാരണക്കാരായവര്‍ക്കു താങ്ങാന്‍ പറ്റാത്ത തുക ചോദിക്കുന്ന സ്ഥാപനങ്ങളും. വയോജന സംരക്ഷണമേഖലയില്‍ സത്വര ശ്രദ്ധ നാം നല്കിയില്ലെങ്കില്‍ നമ്മുടെ സാമൂഹ്യാന്തരീ ക്ഷം കൂടുതല്‍ പ്രശ്നസങ്കീര്‍ണമാകുമെന്നതില്‍ തര്‍ക്കമില്ല.

കേരളത്തിലെ വയോജന സംരക്ഷണശുശ്രൂഷ കേവലം ആതുരശുശ്രൂഷയുടെ തലത്തില്‍ നിന്ന് ഒരു സാമൂഹ്യസേവനത്തിന്‍റെ ശാസ്ത്രീയതലത്തിലേക്ക് ഉയരേണ്ടതുണ്ട്. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവര്‍ക്കും പാവങ്ങള്‍ക്കുമായി അനേകം സുരക്ഷാപദ്ധതികള്‍, കാരുണ്യഭവനങ്ങള്‍ തുടങ്ങിയ പാരമ്പര്യം കേരളസഭയ്ക്കുണ്ട്. കേരളത്തില്‍ വൃദ്ധജനസംരക്ഷണത്തിനായി സഭ ഏറ്റെടുത്തിട്ടുള്ള ഈ ആതുരശുശ്രൂഷയില്‍ കാലാനുസൃതമായ ഒരു ശാസ്ത്രീയ അഴിച്ചുപണി ആവശ്യമായി വന്നിരിക്കുകയാണ്.

“എപ്പോള്‍ മരിക്കുമെന്നു തിട്ടമില്ലാത്ത ഒരാള്‍ക്കു ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ എങ്ങനെ ജീവിക്കണമെന്നും തിട്ടമുണ്ടാവില്ല.” തത്ത്വചിന്തകനായ ജോണ്‍ റസ്കിന്‍റെ വാക്കുകളാണിവ. വേഗത്തിലോടുന്ന ആധുനിക ജീവിതസാഹചര്യങ്ങളില്‍ കൂട്ടുകുടുംബത്തിന്‍റെ സമൃദ്ധിയില്‍ നിന്ന് അണുകുടുംബത്തിന്‍റെ അരക്ഷിതാവസ്ഥയിലായിരിക്കുന്ന ആധുനിക കേരളത്തിന്‍റെ കുടുംബാന്തരീക്ഷത്തില്‍, ഒറ്റപ്പെട്ടു പോകുന്ന നമ്മുടെ മുതിര്‍ന്ന പൗരന്മാരെ നാം കാണാതെ പോകരുത്. കേരളത്തിലെ ഭവനങ്ങളില്‍ ഒറ്റപ്പെട്ടു താമസിക്കുന്ന വൃദ്ധജനങ്ങള്‍ക്കു ജീവിതസായാഹ്നത്തില്‍ ലഭിക്കേണ്ട ‘സന്തോഷം’ ലഭിക്കുന്നുണ്ടോ എന്നു തിരിച്ചറിയാന്‍ അവരുടെ ബന്ധുമിത്രാദികളെപ്പോലെ സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. ഈ തിരിച്ചറിവില്‍ നിന്നുള്ള ഉത്തരവാദിത്വനിര്‍വഹണമാണ് ഒരു പരിഷ്കൃത സമൂഹത്തെ സൃഷ്ടിക്കുന്നത്. നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാന്‍പോലെയുള്ള ചില രാജ്യങ്ങള്‍ നാടിന്‍റെ ജീവിതനിലവാരത്തെ അളക്കാനുപയോഗിക്കുന്ന പ്രധാന ഘടകം അതിലെ പൗരന്മാരുടെ ജീവിതസന്തോഷമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

മറ്റു പ്രായക്കാരുമായുള്ള സഹവാസത്തിലൂടെ ഒരു വ്യക്തിക്കു വളര്‍ച്ചയുണ്ടാകുമെങ്കിലും മാനസിക ഉല്ലാസവും ആന്തരികസന്തോഷവും സമപ്രായക്കാരുടെ സാന്നിദ്ധ്യത്തിലാണ് കൂടുതലുണ്ടാവുക. വാര്‍ദ്ധക്യത്തില്‍ എത്തുന്നവരുടെ കാര്യത്തിലും ഇതു വാസ്തവമാണ്. വീട്ടിലെ ഏകാന്തതയില്‍ അവരെ തനിച്ചിരുത്തുന്നതിനേക്കാള്‍ സമപ്രായത്തിലുള്ള അവരെ ഒരു സംഘമായിത്തന്നെ ഒരുമിച്ചിരിക്കാനുള്ള, ആരോഗ്യവും അനുകൂലവുമായ അന്തരീക്ഷവും സൃഷ്ടിക്കുക എന്നതു കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഈ കൂട്ടായ്മയുള്ള ജീവിതശൈലിയെ സാധു വൃദ്ധമന്ദിരങ്ങള്‍ എന്ന പേരില്‍ തരംതാഴ്ത്താതെ സന്തോഷസദനങ്ങളാക്കി ഉയര്‍ത്തിയെടുക്കാനുള്ള വിളി കേരളസഭയ്ക്കുണ്ട്.

നമ്മുടെ ഒട്ടുമിക്ക കത്തോലിക്കാ ദേവാലയങ്ങള്‍ക്കും സാമാന്യം വലിയ പരിസരങ്ങളും സെമിത്തേരിയും പാരീഷ് ഹാളും വേദപാഠ സ്കൂള്‍കെട്ടിടവും അതിനോടു ചേര്‍ന്നു വേണ്ടുവോളം ഭൂമിയുമുണ്ട്. ഇവയോടൊപ്പം ഇടവകയിലെ വൃദ്ധര്‍ക്കായി ഒരു ഭവനം ഉണ്ടാകുന്നതില്‍ ഒരു അപാകതയുമില്ല. പള്ളിയോടു ചേര്‍ന്നുള്ള ഈ സദനങ്ങള്‍ അവര്‍ക്കുള്ള ആത്മീയസേവനങ്ങള്‍ മുടക്കം കൂടാതെ നല്കും. ശാന്തവും സമാധാനപൂര്‍ണവുമായ ഒരു അന്തരീക്ഷം ഉറപ്പുവരുത്തും. കൂട്ടായ പ്രാര്‍ത്ഥനയ്ക്കും ഒത്തുചേരലിനും സാദ്ധ്യത കൂടും. കൂടാതെ സാമൂഹ്യസുരക്ഷയുടെ കാര്യത്തില്‍ ബന്ധുക്കള്‍ക്കു കൂടുതല്‍ ഉറപ്പും ഉണ്ടാകും.

ഈ സാമൂഹ്യപ്രതിബദ്ധതയില്‍ നിന്ന് ഒളിക്കാന്‍ സഭയ്ക്കാവില്ല. സഭയിലെ ഇന്നത്തെ നിലയിലുള്ള സ്ഥാപനങ്ങളും സ്വത്തുവകകളും പടുത്തുയര്‍ത്തുന്നതില്‍ ഒട്ടും കുറവല്ലാത്ത പങ്കുവഹിച്ചിട്ടുള്ള മുതിര്‍ന്ന തലമുറയിലെ ഈ അല്മായ സഹോദരങ്ങള്‍ക്ക് അവരുടെ വാര്‍ദ്ധക്യത്തില്‍ ഒന്നുചേര്‍ന്നു സാമൂഹ്യജീവിതം നയിക്കുന്നതിനും സന്തോഷം അനുഭവിക്കുന്നതിനും അവസരം നല്കേണ്ടത് അവരുടെ ചോരയുടെയും നീരിന്‍റെയും ഫലം ഇന്നനുഭവിക്കുന്ന നമ്മുടെ ഉത്തരവാദിത്വമാണ്.

പ്രായമായവരെ വീട്ടില്‍ തനിച്ചാക്കിയും അപരിചിതരായ വേലക്കാരെ കൂട്ടിനിരുത്തിയും ജോലിക്കായി വീടുവിട്ടു പോകുന്നവരുടെ ഉത്കണ്ഠയെക്കുറിച്ചും നാം ചിന്തിക്കണം. അവരെ സംരക്ഷിക്കേണ്ടതും ശുശ്രൂഷിക്കേണ്ടതും മക്കളുടെ കടമയെന്നു പറഞ്ഞ് അണുകുടുംബജീവിതം നയിക്കുന്ന ജോലിക്കാരായ ദമ്പതികളെ ആത്മസംഘര്‍ഷത്തിലാക്കുന്നതും ശരിയല്ല.

പ്രായമേതായാലും സാമൂഹികമായി ഇടപെട്ടും കൂടിക്കലര്‍ന്നും ജീവിക്കാനല്ലാതെ ഒറ്റപ്പെട്ട ഏകാന്തതയില്‍ കഴിയാന്‍ ഒരു മനുഷ്യനും ആഗ്രഹിക്കുന്നില്ല. കേരളത്തിലെ ഭവനങ്ങളില്‍ കഴിയുന്ന വൃദ്ധജനങ്ങള്‍ക്കു മാനസികോല്ലാസത്തിനും ആന്തരികസമാധാനത്തിനും വഴി നല്കുന്ന ഇടവകയോടു ചേര്‍ന്നുള്ള കൂട്ടായ ജീവിതമാണു കരണീയം.

Leave a Comment

*
*