കാഴ്ചകൾ ഒരുക്കുന്ന കാഴ്ചപ്പാടുകൾ

കാഴ്ചകൾ ഒരുക്കുന്ന കാഴ്ചപ്പാടുകൾ

പെണ്‍ശരീരം എന്ന ലേബലിന്‍റെ പേരില്‍ പിച്ചിചീന്തപ്പെട്ട നിര്‍ഭയയുടെയും സൗമ്യയുടെയും ജിഷയുടെയും പേരിനൊപ്പം ജമ്മുവിലെ കഠ്വ ജില്ലയില്‍ കൊല്ലപ്പെട്ട ആ എട്ടു വയസ്സുകാരിയുടെ പേരുകൂടി ചേര്‍ക്കപ്പെടുന്നു. ഈ സംഭവം, അഹിംസയുടെയും ആത്മീയതയുടെയും ഈറ്റില്ലമെന്ന ഖ്യാതി പേറുന്ന നമ്മുടെ നാടിനെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയിരിക്കുന്നു. ഈ ക്രൂരകൃത്യത്തിനു നേതൃത്വം നല്കിയവരില്‍ നിയമപാലകരും പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്നുള്ളതും കുറ്റപത്രം സമര്‍പ്പിക്കുന്നതു തടയാന്‍ ആദ്യം ശ്രമിച്ചതു പ്രാദേശിക അഭിഭാഷകരാണെന്നതും നമ്മിലെ ഭീതി ഇരട്ടിപ്പിക്കുന്നു. ഒരു പിഞ്ചു ബാലികയുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും പിച്ചിചീന്തപ്പെട്ടത് ഒരു ക്ഷേത്രാങ്കണത്തിലാണെന്നുള്ളതു ശരീരത്തെ ഈശ്വരന്‍റെ വാസസ്ഥാനമായി കാണുന്ന നമ്മുടെ സംസ്കാരത്തിനേറ്റ തീരാകളങ്കം കൂടിയാണ്.

ഈ ബാലികയെ പീഡിപ്പിച്ചതിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്ത പയ്യനാണെന്നാണു പൊലീസിന്‍റെ കുറ്റപത്രം. ഡല്‍ഹിയിലെ നിര്‍ഭയ കേസിലും ക്രൂരതയെ അതിന്‍റെ രൗദ്രഭാവത്തില്‍ കയ്യിലെടുത്തതും പ്രായപൂര്‍ത്തിയാകാത്ത പ്രതിയായിരുന്നു. നമ്മുടെ കുട്ടികളുടെ കുട്ടിത്തം മാറി കാടത്തത്തിലേക്കു നീങ്ങുകയാണോ?

ഈ ക്രൂരകൃത്യം ചെയ്തവരെ മൃഗങ്ങള്‍ എന്നുപോലും വിളിക്കാനാവുന്നില്ല. കാരണം, മൃഗങ്ങള്‍ ഇണ ചേരുന്നതു പരസ്പരം അനുമതിയോടെയാണ്. വിശപ്പടക്കാനല്ലാതെ അവര്‍ പരസ്പരം കൊല്ലാറില്ല. സുഖത്തിനുവേണ്ടി മാത്രം മറ്റൊന്നിനെ വേദനിപ്പിക്കില്ല. ഇതു മനുഷ്യരൂപം ധരിച്ച ഏതോ വിചിത്ര ജീവികളാണ്. എങ്ങനെ ഇങ്ങനെ ചിലരുണ്ടായി എന്നു നാം ചിന്തിക്കണം.

ഈ ആധുനികലോകത്തില്‍ നമ്മുടെ കുട്ടികളെ വളര്‍ത്തുന്നതു മാതാപിതാക്കളോ അദ്ധ്യാപകരോ വിദ്യാഭ്യാസസ്ഥാപനങ്ങളോ മതങ്ങള്‍ പോലുമോ ആണെന്നു കരുതാനാവില്ല. വിവര-സാങ്കേതിക വിദ്യകളും ഇന്‍റര്‍നെറ്റും തുറന്നിടുന്ന പരി ധികളില്ലാത്ത വലിയൊരു ലോകമാണ് അവരുടെ രക്ഷിതാക്കള്‍, അവരുടെ പാഠശാല. അതിലെ കാഴ്ചകളാണ് അവരില്‍ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കുന്നത്.

അശ്ലീലത്തിനും അക്രമത്തിനും അതിര്‍വരമ്പുകളിടാത്ത നൂറുകണക്കിനു വെബ്സൈറ്റുകളുടെ കുത്തൊഴുക്കാണ് ഇന്‍റര്‍നെറ്റില്‍. അരുതാത്ത കാഴ്ചകള്‍ അടച്ചുവയ്ക്കാന്‍ ഒരു നിയന്ത്രണവുമില്ലാത്ത ഒരു ദേശമാണു നമ്മുടേത്. കഴിഞ്ഞ തലമുറ മറവിലും ഒളിവിലും കണ്ടിരുന്ന ഇത്തരം കാര്യങ്ങള്‍, ദൃശ്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ പരുവപ്പെടാത്ത കൗമാരജീവിതങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെടുകയാണ്. അങ്ങനെ അശ്ലീലവും അക്രമവും അവരുടെ മനസ്സുകള്‍ക്കു ശ്ലീലവും ക്രമവുമാകുന്നു. അരുതാത്ത ഈ അശ്ലീല-അക്രമദൃശ്യങ്ങള്‍ നമ്മെ അതിന്‍റെ അടിമകളും സാവധാനം അതിന്‍റെ പ്രയോക്താക്കളുമാക്കുന്നു. കണ്ട കാര്യങ്ങള്‍ കാണിക്കാനുള്ള ത്വര വര്‍ദ്ധിക്കുന്നു. അരുതാത്ത കാഴ്ചകളിലൂടെയുള്ള നിരന്തര പ്രയാണം അരുതാത്ത പ്രവൃത്തികളിലേക്കും നമ്മെ നയിക്കും. കഠ്വ ജില്ലയിലെ ബാലികയെ പിച്ചിചീന്തിയ നരാധമന്മാരുടെ കാര്യത്തിലും അതുതന്നെയാണു സംഭവിച്ചത്. നിര്‍ഭയ സംഭവത്തിനുശേഷം ഇനി ഒരു പെണ്‍ജീവിതത്തിന്‍റെയും ദുരന്തകഥ നമ്മുടെ സമൂഹമനഃസാക്ഷിയെ കരയിക്കരുതെന്നു നാം ആവര്‍ത്തിച്ചുറപ്പിച്ചിട്ടും അടച്ചിട്ട വാതിലുകള്‍ക്കകത്തും കലുങ്കുകള്‍ക്കടിയിലും ഇരുള്‍ വീണ ഇടവഴികളിലും പെണ്‍നിലവിളികള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. മൃഗത്തേക്കാള്‍ ബുദ്ധിയും വിവേകവും മനുഷ്യനുണ്ടുപോലും; നുണ, കല്ലുവച്ച നുണ.

ജമ്മുവിലെ ഈ കൊടുംകൃത്യത്തെക്കുറിച്ചു സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകുമായ സാറാ ജോസഫ് എ ഴുതി: "എന്‍റെ നാടേ, കുട്ടിത്തം കൈവിട്ടു ക്രൂരത കൈപ്പിടിയിലാക്കുന്ന പുത്തന്‍ തലമുറയെ, ഒരുങ്ങിക്കൊള്‍ക, കഠ്വയിലെ ആ പെണ്‍കുരുന്നിന്‍റെ കണ്ണീരില്‍ ഒലിച്ചുപോകാന്‍."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org