Latest News
|^| Home -> Editorial -> വ്യാകുലമുദ്രയുടെ ഉടലാഴം

വ്യാകുലമുദ്രയുടെ ഉടലാഴം

Sathyadeepam

1896-ല്‍ സ്ഥാപിതമായ എറണാകുളം വികാരിയാത്തിന്‍റെ (ഇപ്പോള്‍ എറണാകുളം-അങ്കമാലി അതിരൂപത) പ്രഥമ വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍ ളൂയിസ് പഴേപറമ്പില്‍ പിതാവിന്‍റെ ചരമശതാബ്ദി വര്‍ഷമാണിത്. 1919 ഡിസംബര്‍ 9-നായിരുന്നു ആ ചരിത്രവിയോഗം.

മാര്‍ ളൂയിസ് മറഞ്ഞുപോയൊരു ചരിത്രത്താള്‍ മാത്രമല്ല. നസ്രാണിസഭ മറക്കരുതാത്ത മഹാസംഭവങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ച മഹാപുരുഷനാണ്. സീറോ മലബാര്‍ സഭ സ്വയാധികാരസഭയായി ലോകം മുഴുവന്‍ വളര്‍ന്നുവെങ്കില്‍ അതിനു വളമായി മാറിയ ആദ്യത്തെ കണ്ണീരുപ്പിന്‍റെ വ്യാകുലമാണു പിതാവ്.

2019-ലെ ചരമശതാബ്ദി ആചരണവേളയില്‍ പിതാവിനെ കൃതജ്ഞതാപൂര്‍വം ഓര്‍മിക്കുമ്പോള്‍ ആദരവോടെ കൈകൂപ്പുന്നതു സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലെ സഭാചരിത്രത്തിനു നേരെകൂടിയാണ്. അതുകൊണ്ടുതന്നെ ഈ അനുസ്മരണം അതിരൂപതയുടെ അതിരുകളില്‍ ഒതുക്കാവുന്നതല്ല; സീറോ മലബാര്‍ സഭ മുഴുവന്‍റെയും ശ്രദ്ധാഞ്ജലിയര്‍ഹിക്കുന്ന അതുല്യമായ ചിത്രവും ചരിത്രവുമാണു മാര്‍ പഴേപറമ്പിലിന്‍റേത്.

“അചഞ്ചലമായ നിശ്ചയത്തോടെ വളരെ പീഡകള്‍ സഹിച്ചു ബഹുജനങ്ങളുടെ ഉല്‍ക്കര്‍ഷത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിക്കുന്ന ഒരുവന്‍ മഹാത്മാവാണെന്നുള്ള ഉപാധിയെ അര്‍ഹിക്കുന്നു. ഈ മാനദണ്ഡം വച്ചുനോക്കിയാല്‍ മലങ്കര-സുറിയാനി സമുദായത്തില്‍ ജനിച്ചിട്ടുള്ള മഹാത്മരില്‍ അഗ്രഗണ്യന്‍ മാര്‍ ളൂയിസായിരുന്നുവെന്നു കാണാവുന്നതാണ്.” മാര്‍ ളൂയിസിന്‍റെ ജീവചരിത്രക്കുറിപ്പില്‍ ഐ.സി. ചാക്കോ കുറിച്ചിട്ട ഈ വരികള്‍ പിതാവിന്‍റെ വ്യക്തിത്വത്തിലേക്കു നന്നായി തുറക്കുന്ന വഴിയും വാതിലുമാണ്. കര്‍മലീത്ത മൂന്നാം സഭയിലെ വൈദികനായിരുന്ന ളൂയിസ് പിതാവ്, നസ്രാണി സഭയെ നയിക്കാന്‍ നാടിനെ അറിയുന്ന നാട്ടുമെത്രാന്മാരാണ് അനുയോജ്യമെന്ന ആശയത്തെ ഒരവശ്യപ്പോരാട്ടമാക്കിയപ്പോള്‍ ലെയോണ്‍ മൗരിന്‍ മെത്രാന്‍ ചാര്‍ത്തി നല്കിയതാണ് ആ ‘വ്യാകുലപട്ടം’.

അന്നത്തെ സഭാനേതൃത്വത്തെ അസ്വസ്ഥമാക്കിയ ആ വിമതശബ്ദം പിന്നീടു മേല്പട്ടസ്ഥാനത്തെ ഉറച്ച ശബ്ദമായിയെന്നതു ചിത്രത്തിന്‍റെ കാവ്യനീതിയാകാം. 1896 മുതല്‍ 1919 വരെ നീണ്ട 23 വര്‍ഷത്തെ അജപാലനശുശ്രൂഷയിലുടനീളം തുടക്കക്കാരന്‍റെ പരിഭ്രാന്തിയല്ല, ഒരു ക്രാന്തദര്‍ശിയുടെ നിശ്ചയദാര്‍ഢ്യമാണ് അതിരൂപത അനുഭവിച്ചത്. അതിരൂപതാ ആസ്ഥാനമന്ദിരം, സെന്‍റ് മേരീസ് സ്കൂള്‍ ആലുവ, പെറ്റിസെമിനാരി തുടങ്ങിയ പിതാവിന്‍റെ ഈടുവയ്പായി വാഴ്ത്തപ്പെടുമ്പോഴും ഹൃദയം തൊട്ട ആത്മീയതയുടെയും കര്‍ക്കശതയാര്‍ന്ന സുതാര്യതയുടെയും ഉടല്‍സാക്ഷ്യം തന്നെയായിരുന്നു മാര്‍ പഴേപറമ്പില്‍. വൈദികരുടെ സ്ഥലംമാറ്റ പത്തേന്തിയില്‍ അദ്ദേഹം പ്രത്യേകം എഴുതിയിരുന്ന പദപ്രയോഗം “ദൈവതിരുമുമ്പില്‍ കണക്കുകള്‍ ബോധിപ്പിക്കാനുള്ളതിനാല്‍” എന്നായിരുന്നുവെന്നതില്‍ തന്നെയുണ്ട് ആ ജീവിത വീക്ഷണവും വിശുദ്ധിയും.

സഭയെക്കുറിച്ചുള്ള ആകുലത ആഴത്തില്‍ വ്യാകുലപ്പെടുത്തിയ കഥയാണു മാര്‍ ളൂയിസിന്‍റേത്. കര്‍ക്കശതയില്‍ സ്വയം അടയാളപ്പെടുത്തിയ ആ ജീവിതം ‘തിരുഹൃദയത്തി’ന്‍റെ ആര്‍ദ്രതയിലലിഞ്ഞുള്ള അജപാലനതീക്ഷ്ണതയുടെ ഉടലാഴമായതങ്ങനെയാണ്. അതിഥിയായാണു വന്നതെങ്കിലും (ചങ്ങനാശ്ശേരി പുളിങ്കുന്ന് സ്വദേശി) അതിവേഗത്തില്‍ ആദ്യം രൂപതയുടെ ഹൃദയത്തിലും പിന്നീട് അതിരൂപതയ്ക്കു സഭാനേതൃഹൃദയത്തിലും വലിയൊരിടമൊരുക്കുവോളം യഥാര്‍ത്ഥ ഇടയനായിത്തീര്‍ന്ന ചരിത്രമാണത്. ആകുലത തന്നെക്കുറിച്ചല്ലാത്ത, ഇടങ്ങളിലൊക്കെ ആ ‘വ്യാകുല’ത്തിന്‍റെ കയ്യൊപ്പുണ്ട്. വ്യക്തിപരമായ നഷ്ടത്തേക്കാള്‍ സഭയുടെ നേട്ടം പ്രഥമമാക്കിയ പ്രഥമ മെത്രാനാണദ്ദേഹം. കൈകൂപ്പിനിന്നു തന്നെ വേണം ആ സ്മരണയെ വണങ്ങാന്‍; അതിരൂപതയും സഭയും.

Leave a Comment

*
*