ക്രിസ്മസിന്‍റെ സാര്‍വത്രികയിടം

ക്രിസ്മസിന്‍റെ സാര്‍വത്രികയിടം

അതിരുകളെ തൊടുന്ന ആഘോഷവേളയായി മറ്റൊരു ക്രിസ്മസ് കാലം. ഇടം നഷ്ടപ്പെട്ടവരും, ഇടമൊരുക്കി കാത്തിരിക്കുന്നവരും ഒരുമിച്ചാഘോഷിക്കുന്നതിനാലാകണം അതു 'തിരുവിട'ത്തിന്‍റെ തിരുനാളായത്.

തിരുപ്പിറവിയുടെ തിരുവവതാര വാര്‍ത്ത കേട്ട് ഓടിയെത്തിയവരില്‍ ആടുകളെ രാപ്പാര്‍ത്തിരുന്ന ഇടയന്മാരുമുണ്ടായിരുന്നല്ലോ. ബെത്ലഹേമിലെ പുല്ക്കൂട്ടില്‍ തെളിഞ്ഞ പുണ്യതാരകം പാവപ്പെട്ട ഇടയക്കൂട്ടത്തെ ക്ഷണിച്ചുണര്‍ത്തിയതു തിരുപ്പിറവിയുടെ സദ്വാര്‍ത്തയിലേക്കെന്നതിനോടൊപ്പം സ്വന്തം സ്വത്വബോധത്തിനകത്തെ ഇത്തിരിയിടത്തിലേക്ക് കൂടിയായിരുന്നു. രാവിന്‍റെ കാവല്‍ക്കാര്‍ക്കു പേരും വിലാസവുമില്ലായിരുന്നു. ഇരുട്ടിവെളുത്താലും അവര്‍ സമൂഹത്തിന്‍റെ വിളുമ്പില്‍ത്തന്നെ…! പുല്‍ക്കൂട്ടിലെ പുഞ്ചിരിവെട്ടത്തില്‍ അവരുടെ മുഖമിപ്പോള്‍ തെളിയുന്നത് അംഗീകാരത്തിന്‍റെ നക്ഷത്രത്തിളക്കത്തിലേക്ക് അവര്‍ നീക്കിനിര്‍ത്തപ്പെട്ടതുകൊണ്ടു കൂടിയാണ്.

ചരിത്രമെന്നാല്‍ മനുഷ്യന്‍റെ 'ഇട'വഴികളുടെ ചിത്രം തന്നെയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പുറപ്പാടു യാത്രയില്‍ മോശ പലപ്പോഴും അധൈര്യപ്പെട്ടതു യാത്രയിലെ ക്ലേശങ്ങളാല്‍ മാത്രമായിരുന്നില്ല. അറ്റംകാണാമരുയാത്രയ്ക്കൊടുവില്‍ വാഗ്ദത്തഭൂമിയിലെ 'പോക്കുവരവി'ന്‍റെ അനിശ്ചിതത്വത്താലുമായിരുന്നു. ലോകത്തെ നയിച്ച പ്രത്യയശാസ്ത്രങ്ങളില്‍ എപ്പോഴും ഇടം നഷ്ടപ്പെട്ടവരുടെ വേവലാതികളുണ്ട്. ചരിത്രത്തിന്‍റെ ഇങ്ങേയറ്റത്ത് കോളനിവാഴ്ചകളുടെ ആരോഹണാവരോഹണങ്ങളില്‍ തട്ടിത്തന്നെയാണു രണ്ടു മഹായുദ്ധങ്ങളില്‍ ലോകം രണ്ടായതും. 1947-ലെ വിഭജനത്തിന്‍റെ മുറിപ്പാടിലൂടെ എതിര്‍ദിശകളിലേക്കു നിരങ്ങിനീങ്ങിയതു രണ്ടു സംസ്കാരങ്ങളായിരുന്നു. അതിനിടയില്‍ ഒഴുകിപ്പടര്‍ന്ന കണ്ണീര്‍ച്ചാലുകളില്‍ ഉരുകിയൊലിച്ചതു ഭാരതമെന്ന സത്യവും സമഭാവനാ സങ്കല്പവുമാണെന്ന ഓര്‍മയിലാണു ഗാന്ധിജി സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്നും ഒഴിഞ്ഞൊതുങ്ങിയത്.

ഇന്നിപ്പോള്‍ 2024 ഓടെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യവ്യാപകമായി നടപ്പാക്കാനുള്ള ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം 'നുഴഞ്ഞുകയറ്റ' ക്കാര്‍ക്കെതിരാണെന്നു സംഘപരിവാറും മോദിഭക്തരും വാദിക്കുമ്പോഴും പിറന്ന മണ്ണില്‍ നിവര്‍ന്നുനില്ക്കാനുള്ള പാവപ്പെട്ട ജനതയുടെ ആത്മാഭിമാന ശ്രമങ്ങളെ ഇല്ലാതാക്കാനാണീ 'ഔപചാരിക പട്ടികപുതുക്കലെന്ന്' ആര്‍ക്കാണറിയാത്തത്? ഒഴിവാക്കുകയാണു ലക്ഷക്കണക്കിനാളുകളെ; രാജ്യത്തുനിന്നും, രാഷ്ട്രീയത്തില്‍ നിന്നും. പിറന്ന മണ്ണിലെ തങ്ങളുടെ ജനിതകമുദ്രകളെ പുതുതായി തെളിയിച്ചെടുക്കേണ്ട അധികബാദ്ധ്യതയില്‍ ആസ്സാമിലും അനുബന്ധപ്രദേശങ്ങളിലും ഒരു നാടു മുഴുവന്‍ ക്യൂവിലാണ്. ആ ക്യൂവിന്‍റെ നീളവും വീതിയും രാജ്യത്തിന്‍റെ ഏതൊക്കെ ഭാഗങ്ങളിലേക്കു നിരങ്ങിനീങ്ങുമെന്നാണിനിയറിയേണ്ടത്.

ദേശീയതാ ഉച്ചഭാഷിണിക്കു മുമ്പില്‍ ഇന്ത്യന്‍ ജനാധിപത്യം നിരന്തരം കീഴടങ്ങുന്ന ദയനീയതയാണെങ്ങും. പൗരത്വയോഗ്യതാ നിര്‍ണയത്തില്‍ മതം ഒരു പ്രധാന അടയാളമായി തിരിച്ചറിയപ്പെടുംവിധം 'അകത്തും പുറത്തും' എന്ന മട്ടില്‍ രാജ്യം പിളര്‍ന്നകലുന്നതാണ് ഒടുവിലത്തെ കാഴ്ച. ഏക ശിലാത്മകമായ ഭൂരിപക്ഷാധിപത്യം ഏകാധിപത്യ പ്രവണതകളോടെ ചുവടുറപ്പിക്കാന്‍ ബദ്ധപ്പെടുന്ന സമകാലത്തെ 'പുതിയ കണക്കെടുപ്പില്‍' ജീവിതത്തിന്‍റെ കണക്കു തെറ്റുന്നവരുടെ സങ്കടങ്ങളിലുണ്ട് പുല്‍ക്കൂട്ടിലെ ഇത്തിരിയിടത്തിന്‍റെ നോവും നോമ്പും. കാരണം വേരില്ലാത്തവരെയും പേരില്ലാത്തവരെയും അഡ്രസ്സ് ചെയ്ത മഹാസംഭവമായിരുന്നല്ലോ മനുഷ്യാവതാരം.

ഒരു കണക്കെടുപ്പിന്‍റെ കഥകൂടി ചേര്‍ത്താണല്ലോ തിരുപ്പിറവിയുടെ തിരുവായന പൂര്‍ത്തിയാകുന്നത്. പേരെഴുതിക്കാന്‍ പോയ രണ്ടു പേര്‍ തിരുക്കുടുംബമായി തിരിച്ചുവന്നു. യാത്രകള്‍ തീര്‍ത്ഥയാത്രകളാകുന്നതു 'കുടുംബത്തില്‍' തിരികെയെത്തുമ്പോള്‍ മാത്രമാണ്. തിരികെയെത്താനാകുന്ന ദൂരത്തേയ്ക്കു മാത്രം നമുക്കിനി യാത്ര പോകാം. അതു നാട്ടിലെ വീട്ടിലേക്കു മാത്രമല്ല, നാടു വീടാകുന്നിടത്തേക്കും വേണം. ഇടറുന്നവരോടു പരസ്പരം ഇടമുണ്ടെന്ന് ഉറക്കെപ്പറയാന്‍ ഈ തിരുപ്പിറവിത്തിരുനാള്‍ കാരണമാകട്ടെ.

വായനക്കാര്‍ക്കെല്ലാവര്‍ക്കും സമാധാനം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org