Latest News
|^| Home -> Editorial -> ‘പാവം പാമ്പിനെ വെറുതെ വിടുക’

‘പാവം പാമ്പിനെ വെറുതെ വിടുക’

Sathyadeepam

‘കടിച്ചതു പാമ്പല്ല; കടിയേറ്റതു ഷെഹ്ലയ്ക്കുമല്ല.’ മാറ്റിപ്പറഞ്ഞതല്ല, സംഭവിച്ചതങ്ങനെയാണ്, അതുതന്നെയാണ്.

നവംബര്‍ 20 ബുധനാഴ്ച ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി ഷെഹ്ല ഷെറിന് ഉച്ചകഴിഞ്ഞു 3.15-ന് ക്ലാസ്സുമുറിയില്‍ വച്ചു പാമ്പു കടിയറ്റേതിനുശേഷം യഥാസമയം ആശുപത്രിയിലെത്തിക്കാതെ സ്കൂള്‍ അധികൃതരും ചികിത്സ നല്കാതെ ആശുപത്രികളും കരുണയില്ലാതെ കയ്യൊഴിഞ്ഞപ്പോള്‍ അനാസ്ഥയുടെ മൂന്നു മണിക്കൂര്‍ നഷ്ടപ്പെട്ടും, അവഗണനയുടെ 105 കിലോമീറ്റര്‍ സഞ്ചരിച്ചും അനിവാര്യമായ ദുരന്തത്തിലത് അവസാനിച്ചപ്പോള്‍, നഷ്ടം മാതാപിതാക്കളുടെയും അവളുടെ അടുത്ത കൂട്ടുകാരികളുടെയും മാത്രം.

ഇതു സംഭവിച്ചതു ബീഹാറിലല്ല, സമ്പൂര്‍ണ സാക്ഷര കേരളത്തിലാണ്, ഓല മറച്ചു കുത്തിയ പഴകി നരച്ച പഴയ പള്ളിക്കൂടത്തിലല്ല, പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇടതു സര്‍ക്കാരിന്‍റെ ‘സ്മാര്‍ട്ട് ക്ലാസ്സ്’ മുറിയിലാണ്…! പൂക്കളെ സ്നേഹിച്ചും പൂമ്പാറ്റയെപ്പോലെ പറന്നും ഒരു നാടിന്‍റെ വിളക്കായി വിളങ്ങേണ്ടവളോടു പാമ്പിനു പ്രത്യേകിച്ചു വൈരം തോന്നേണ്ടതില്ല. ക്ലാസ്സ് മുറിയിലെ മാളം അതുണ്ടാക്കിയതുമല്ല…!

അന്വേഷണവിധേയരായി മൂന്ന് അദ്ധ്യാപകരെയും ഒരു ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തത്രേ…! മനഃപൂര്‍വമല്ലാത്ത നരഹത്യപോലുള്ള വകുപ്പു ചേര്‍ത്തുള്ള നടപടി, എല്ലാം ഒന്നാറിത്തണുക്കുമ്പോള്‍ ആരുമറിയാതെ തിരിച്ചെടുക്കാനാണെന്നാര്‍ക്കാണറിയാത്തത്.

പത്തു വയസ്സുകാരിക്കു മനഃപൂര്‍വം മരണം ‘അനുവദിച്ച’ അദ്ധ്യാപകര്‍ പ്രധാന അദ്ധ്യാപകനോടൊപ്പം അടച്ചിട്ട ഓഫീസ് മാളത്തിനകത്തു സ്വയം ഒളിച്ചപ്പോള്‍, മടിയും മറയുമില്ലാതെ പുറത്തിറങ്ങി എല്ലാം തുറന്നു പറഞ്ഞ ഷെഹ്ലയുടെ സഹപാഠികളുടെ വാക്കുകളിലെ ചൂടില്‍ വെന്തും ചോരയില്‍ കുളിച്ചും സാംസ്കാരിക കേരളത്തിനു നന്നായി പൊള്ളുന്നുണ്ടായിരുന്നു.

ക്ലാസ്സ് മുറികളില്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെങ്കില്‍, അല്ലെങ്കില്‍ അതില്‍ ചെരിപ്പിട്ടു കയറാനെങ്കിലും അനുവദിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു ഷെഹ്ലയുടേതെന്നു തിരിച്ചറിയുമ്പോള്‍, ഒരു കോടി രൂപ അനുവദിച്ചിട്ടും നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കാതിരുന്ന ബത്തേരി നഗരസഭയുടെ അനാസ്ഥയും ക്ലാസ്സു മുറികളില്‍ കുട്ടികള്‍ ചെരിപ്പിടുന്നതിനെതിരെയുള്ള നിരോധനം നീക്കാന്‍ കഴിഞ്ഞ ജൂണില്‍ ബാലാവകാശ കമ്മീഷന് ആലക്കോടു സ്വദേശിയായ ഒരു വിദ്യാര്‍ത്ഥി നല്കിയ പരാതിയില്‍ യഥാസമയം നടപടിയെടുക്കാതിരുന്നതും കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോഴാണ്, കടിച്ചതു ‘പാമ്പ’ല്ലെന്നും ‘കടിയേറ്റത്’ ഷെഹ്ലയ്ക്കല്ലെന്നും നമുക്കു മനസ്സിലാകുന്നത്. ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്ന ‘ആന്‍റിവെനം’ പാമ്പുകടിയേറ്റവര്‍ക്കു നല്കുന്നതില്‍ നിന്നും ഡോക്ടര്‍മാര്‍ മടിക്കുന്ന സാഹചര്യമെന്താണെന്നുകൂടി അന്വേഷിക്കണം. ഗൗരവസാഹചര്യങ്ങളില്‍ ആന്‍റിവെനം നല്കുമ്പോഴുണ്ടാകുന്ന ഗുരുതരപ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കാനുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങളുടെ അപര്യാപ്തത തങ്ങളെ നിസ്സഹായരാക്കുന്നുണ്ടെന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആവലാതികള്‍ക്കു മറുപടി പറയേണ്ടതു ആരോഗ്യവകുപ്പാണ്.

പതിവുപോലെ പ്രശ്നത്തില്‍ നേരിട്ടു പങ്കാളികളായ വ്യക്തികളിലേക്കു മാത്രം നടപടികളെ ചുരുക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നപരിഹാരത്തെയാണു ചെറുതാക്കുന്നതും അകലെയാക്കുന്നതും. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും ഒരുമിച്ചിരുന്നു പിഴ മൂളുകയും പിഴവു കണ്ടെത്തി പരിഹരിക്കുകയും വേണം. പി ടി എ പോലുള്ള സംവിധാനങ്ങളെ കുറേക്കൂടി ക്രിയാത്മകമായി ക്രമീകരിക്കുകയും വിദ്യാലയ വികസനവേദികളില്‍ ഗൗരവപൂര്‍വം ഉള്‍ച്ചേര്‍ക്കുകയും വേണം. പുല്ലു പറിക്കുന്നതും പൊത്തടയ്ക്കുന്നതുമൊക്കെത്തന്നെയാണ് ഇപ്പോഴും ചര്‍ച്ചയെന്നതിനാല്‍ പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന ‘വിഷപ്പാമ്പുകളുടെ’ ഒളിവിടമെങ്കിലും നമുക്കു മനസ്സിലാകുമോ എന്നു സംശയമാണ്.

‘തന്‍റെ മുന്നിലിരിക്കുന്ന കുട്ടി തന്‍റേതല്ലെന്നു തോന്നുന്നതെപ്പോഴാണോ ആ നിമിഷം ആ അദ്ധ്യാപകന്‍ വിദ്യാലയത്തിന്‍റെ പിടിയിറങ്ങണമെന്ന’ നിത്യചൈതന്യയതിയുടെ വാക്കുകളുയര്‍ത്തിയ പ്ലക്കാര്‍ഡുകള്‍ക്കു കീഴില്‍ കുഞ്ഞു പ്രതിഷേധക്കൈകള്‍ വിറച്ചപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളെ ഇനിയും ‘സ്വന്തമാക്കാത്ത’ നമ്മുടെ വ്യവസ്ഥിതി തന്നെയാണു വിഷം ചീറ്റിയതെന്നു തിരിച്ചറിയാനെങ്കിലും ഷെഹ്ലയുടെ ചത്തുനീലിച്ച കണ്ണുകള്‍ സഹായിക്കട്ടെ. പാവം പാമ്പിനെ വെറുതെ വിടുക!

Leave a Comment

*
*