നിര്‍ഭയത്വത്തിന്‍റെ നിസ്വാര്‍ത്ഥ സുവിശേഷം

നിര്‍ഭയത്വത്തിന്‍റെ നിസ്വാര്‍ത്ഥ സുവിശേഷം

ഈയിടെ പൂര്‍ത്തിയായ ഡല്‍ഹി തിരഞ്ഞെടുപ്പു ശ്രദ്ധേയമായതു പ്രചാരണത്തിനായി ഉപയോഗിച്ച വിഷയങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ടു കൂടിയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനനേട്ടങ്ങളിലൂന്നി കെജ്രിവാളും കൂട്ടരും സമ്മതിദായകരെ സമീപിച്ചപ്പോള്‍ പതിവുപോലെ, വിദ്വേഷം വിതറിയ പ്രയോഗങ്ങളോടെയാണു ബിജെപി രംഗം കൊഴുപ്പിച്ചത്. വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ജനം തെരഞ്ഞുപിടിച്ചു തോല്പിച്ചപ്പോള്‍, ഒരു രാഷ്ട്രത്തിന്‍റെ പ്രധാന ഈടുവയ്പ് ജനമാണെന്നും, ജനകീയ പ്രശ്നങ്ങളില്‍ ഭീതിയുടെ വിരിപ്പിട്ടു വിജയിക്കുക എപ്പോഴും എളുപ്പമാകില്ലെന്നുമുള്ള തിരിച്ചറിവ് രാജ്യതലസ്ഥാനത്തിന്‍റെ പുതിയ ശീര്‍ഷകമായി.

ഭീതിയുടെ രാഷ്ട്രീയം ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയിട്ടു നാളെറെയായി. ചരിത്രം പരിശോധിച്ചാല്‍ ഭയത്തിന്‍റെ വ്യാപാരത്തിലൂടെ തന്നെയാണ് അധികാരത്തിന്‍റെ അകത്തളങ്ങള്‍ നിറഞ്ഞതും നിലനിന്നതുമെന്നു മനസ്സിലാകും. നാസി നേതാവായിരുന്ന ഹെര്‍മന്‍ ഗോറിംഗിനെപ്പോലുള്ളവര്‍ അതിസമര്‍ത്ഥമായി അത് ഉപയോഗിച്ചിട്ടുമുണ്ട്. ഫാസിസ്റ്റ് കാലത്തു മനുഷ്യന്‍ കേള്‍വി മാത്രമുള്ള വ്യക്തിയായി മാറും എന്ന് എം.എന്‍. വിജയന്‍ നിരീക്ഷിക്കുന്നതും അതുകൊണ്ടുതന്നെ. ശത്രുതയുടെ നിഴല്‍ സാദ്ധ്യതയെ നിരന്തരം നിലനിര്‍ത്തുന്ന ഹെഗേലിയന്‍ സമീപനം ഒരു രാജ്യം അതിന്‍റെ നിലനില്പിനുപോലുമാധാരമാക്കുന്ന അസാധാരണ സാഹചര്യമാണ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ അപകടം. പാക്കിസ്ഥാന്‍ വെറുമൊരു അയല്‍രാജ്യം മാത്രമാകാതെ നിരന്തരമായ ആപത്സൂചനയായി അടയാളപ്പെടുന്നതു യാദൃച്ഛികമാകാത്തത് അതുകൊണ്ടാണ്. നേരത്തെ അതു തിരഞ്ഞെടുപ്പിലെ വെറുമൊരു വിഷയാവതരണമായിരുന്നെങ്കില്‍ ഇപ്പോള്‍ ജനകീയ പ്രശ്നങ്ങളുടെ പ്രതിഷേധനിരകളില്‍ നിരന്തരം നിറയൊഴിക്കാനുള്ള വെറുപ്പിന്‍റെ വെടിമരുന്നായി വികസിപ്പിച്ചെടുക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ആക്രമണഭീതിയുടെ അടിയന്തിരാവസ്ഥയെ നിരന്തരം അനുഭവിപ്പിക്കുന്നതിലൂടെ രാജ്യത്തെതന്നെ അപകടകരമായി നിര്‍വചിക്കുകയാണിവിടെ. അങ്ങനെയാണു കുറച്ചു പേര്‍ അകത്തും മറ്റൊരു കൂട്ടര്‍ പുറത്തും എന്ന മട്ടില്‍ നാടു വിഭജിതമാകുന്നത്.

ലോകം ഏറ്റവും ആശ്വാസത്തോടെ കേട്ട സദ്വാര്‍ത്ത 'ഭയപ്പെടേണ്ട' എന്നാണ്. ആ സുവിശേഷത്തിന്‍റെ പ്രഘോഷണദൗത്യം സഭ സധൈര്യം ഏറ്റെടുക്കേണ്ട സമാനതകളില്ലാത്ത ഈ സന്ദര്‍ഭത്തില്‍ ചിലരെ ഭയപ്പെടുകയോ, ഭയക്കണമെന്നു പറയാതെ പറയുകയോ ചെയ്യുമ്പോള്‍ സമാധാനത്തിന്‍റെ സഹവര്‍ത്തിത്വത്തെ അസാധുവാക്കുകയാണു ചെയ്യുന്നത്. ചില മാധ്യമങ്ങളുടെ നിരന്തരമായ 'ആക്രമണഭീതി'യില്‍ എന്തിനെയും എപ്പോഴും പ്രതിരോധിക്കേണ്ട ബാദ്ധ്യതയെ സഭാസംരക്ഷണമായി ചിലര്‍ ഏറ്റെടുക്കുന്നതിലൂടെ പൊതുബോധത്തെതന്നെയും നാം പുറത്തുനിര്‍ത്തുകയാണ്.

യഥാര്‍ത്ഥത്തില്‍ ചെറുതാക്കപ്പെടാതിരിക്കാനുള്ള ചെറുത്തുനില്പാണ് എല്ലാ പ്രതിരോധശ്രമങ്ങളും, ചിലപ്പോള്‍ പ്രത്യാക്രമണംപോലും! നമ്മുടെ അസ്തിത്വത്തെ ബാഹ്യചിഹ്നങ്ങളില്‍ മാത്രം അടയാളപ്പെടുത്തുന്നിടത്ത് ഇത്തരം പ്രതിരോധങ്ങള്‍ കൂടുതല്‍ അനിവാര്യമാകും. ഈ ഭയത്തെ തന്‍റെ ശിഷ്യര്‍ അതിജീവിക്കണമെന്നായിരുന്നു ക്രിസ്തുനിലപാട്. പറഞ്ഞത് അവര്‍ക്കു മനസ്സിലായില്ല എന്ന തിരിച്ചറിവിലാണ് അന്ത്യഅത്താഴവേളയില്‍ കുനിഞ്ഞിരുന്നു കാല് കഴുകിയത്. ക്രിസ്തു ആരെയും ഭയന്നുമില്ല, ഭയപ്പെടുത്തിയുമില്ല; പകരം എല്ലാവര്‍ക്കും അഭയമായി.

യാതൊന്നിനും അധീനമാകാതെ, എല്ലാറ്റിനും അതീതമായവന്‍റെ സുവിശേഷം 'ഭയ'മില്ലാതെ പ്രസംഗിക്കാന്‍ സഭയുടെ ഔദ്യോഗിക പ്രഘോഷണവേദികള്‍ക്കു കരുത്തുണ്ടാകണം. അതിനു വിശദീകരണ പ്രസ്താവനകളുടെ വേലിനിരകളല്ല, സുതാര്യത സമ്മാനിക്കുന്ന ആധികാരികതയുടെ ആന്തരികബലം മാത്രം മതി. കാരണം നിര്‍ഭയനാവുകയെന്നാല്‍ നിസ്വാര്‍ത്ഥനാവുകയെന്നു തന്നെയാണര്‍ത്ഥം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org