പാക്കേജ് പുറത്താക്കുന്നത്

പാക്കേജ് പുറത്താക്കുന്നത്

സ്വാശ്രയഭാരതം ലക്ഷ്യമിട്ടുള്ള കോവിഡാനന്തര ഇന്ത്യയുടെ പുനര്‍നിര്‍മാണ പരിപാടികള്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തികോത്തേജക പ്രഖ്യാപനങ്ങളായി പുറത്തുവന്നു. 200 ലക്ഷം കോടിവരുന്ന നമ്മുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്‍റെ (ജിഡിപി) പത്തു ശതമാനം വരുമിത്.

കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ റിസര്‍വ് ബാങ്ക്, ഏപ്രിലില്‍ പ്രഖ്യാപിച്ച 6.9 ലക്ഷം കോടി രൂപയുടെ പാക്കേജിതിലുള്‍പ്പെടും. 'പ്രധാനമന്ത്രി ഗരീബ് കല്യാണ യോജന' യിലൂടെ പാവങ്ങളെ സഹായിക്കാനായി ധനമന്ത്രി 1.7 ലക്ഷം കോടി രൂപയുടെ പാക്കേജും പ്രഖ്യാപിച്ചിരുന്നു. ഈ മാസം 11 മുതല്‍ സെപ്തംബര്‍ 30 വരെ സര്‍ക്കാര്‍ 4.2 ലക്ഷം കോടി രൂപ കടമെടുക്കുന്നുണ്ട്. 2020-21 ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന 7.8 ലക്ഷം കോടി രൂപയുടെ കടത്തിനു പുറമേയാണിത്. ഇവയെല്ലാം ചേര്‍ന്നതാണു 20 ലക്ഷം കോടിയുടെ പാക്കേജ്.

കണക്കുകളുടെ സാങ്കേതികതയില്‍ മാത്രം കാര്യങ്ങളെ അളന്നു കുറിക്കുമ്പോള്‍ കളത്തിനു പുറത്താകുന്ന വിലാസമില്ലാത്തവരുടെ വേവലാതികളെ വേണ്ടപോലെ അഭിസംബോധന ചെയ്യാതെയാണു ധനമന്ത്രിയുടെ ഈ 'കുറിപ്പടി' യെന്ന ആക്ഷേപം പൊതുവേയുണ്ട്.

വലിയൊരു സാമ്പത്തികോത്തേജക പദ്ധതി കൂടാതെ മഹാമാരി ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാനാവുകയില്ലെന്നുതന്നെയാണു വിദഗ്ദ്ധമതം. "ജനങ്ങളുടെ ക്രയവിക്രയശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഇപ്പോള്‍ പ്രധാനം. സാധാരണക്കാരന്‍റെ ചെലവഴിക്കല്‍ ശേഷി കൂട്ടണം. അതിനായി ജനങ്ങളുടെ കൈകളിലേക്കു നേരിട്ടു പണമെത്തിക്കണം. ഗ്രാമീണ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്കുകയും ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും വേണം." നോബല്‍ സമ്മാനജേതാവും ലോകമറിയുന്ന സാമ്പത്തികവിദഗ്ദ്ധനുമായ അഭിജിത് ബാനര്‍ജിയുടെ ഈ വാക്കുകളില്‍ പ്രതിസന്ധിയില്‍ വല്ലാതെയുലയുന്ന ഗ്രാമീണ മനസ്സിന്‍റെ വേദനയുണ്ട്.

ഈ വിഷമസന്ധി മുറിച്ചുകടക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരങ്ങള്‍ കൈമാറുന്ന തരത്തില്‍ വികേന്ദ്രീകരണ നയത്തിലൂന്നിയ ഭരണസമീപനമാണാവശ്യം. "സാമൂഹ്യക്ഷേമപദ്ധതികള്‍ ഫലപ്രദമായ രീതിയില്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യവും പണവും നല്കണം. പലപ്പോഴും സാമൂഹ്യക്ഷേമമേഖലയ്ക്കു പുറത്താകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കു പ്രത്യേക പരിഗണനയുണ്ടാകണം. ഏതു സംസ്ഥാനത്തുനിന്നും റേഷന്‍ വാങ്ങാന്‍ കഴിയുംവിധം പൊതുവിതരണ സംവിധാനം പുനഃസംഘടിപ്പിക്കുകയും ഏതു നാട്ടിലും തൊഴിലെടുക്കാന്‍ സാധിക്കുംവിധം ഗ്രാമീണ തൊഴിലുറപ്പു നയം പരിഷ്കരിക്കുകയും വേണം." രാജ്യത്തെ 60 ശതമാനത്തിലധികം വരുന്ന പാവപ്പെട്ടവരെ നേരിട്ടു പരിഗണിക്കുന്ന പദ്ധതികളാകണം വികേന്ദ്രീകൃത സ്വഭാവത്തോടെ നടപ്പിലാക്കേണ്ടതെന്നാണു മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍റെയും നിലപാട്. നീണ്ടുപോകുന്ന ലോക്ക്ഡൗണ്‍ നമ്മുടെ സാമ്പത്തികാസൂത്രണത്തിന്‍റെ പിഴവുകളെ കൂടുതല്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്കു പൂജ്യത്തിനു താഴെയായിരിക്കുമെന്നാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസിന്‍റെ ഏറ്റുപറച്ചില്‍. അതേസമയം മോറട്ടോറിയം കാലാവധി മൂന്നു മാസത്തേയ്ക്കു കൂടി നീട്ടിയതിനൊപ്പം ഇക്കാലഘട്ടത്തിലെ പലിശ ടേം ലോണായി പരിഗണിക്കാനുള്ള തീരുമാനം ചെറുകിട ഇടത്തരം വ്യവസായങ്ങളെ സംബന്ധിച്ച് ആശ്വാസകരമാകുമെന്ന വിലയിരുത്തലുമുണ്ട്.

എന്നാല്‍ കൃഷിമേഖലയുടെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നതൊന്നും പാക്കേജിലില്ലായെന്ന ആക്ഷേപം ഗൗരവമുള്ളതാണ്. വില നഷ്ടം മൂലം വിളറിപ്പോയ കര്‍ഷകദുരിതങ്ങളെ അത്രവേഗം വിപുലമായ കര്‍ഷകവായ്പകളിലേക്ക് ആകര്‍ഷിക്കാനാകുമെന്നു തോന്നുന്നില്ല. കോവിഡാനന്തരയിന്ത്യയിലെ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴത്തേതിനേക്കാള്‍ പെരുകുമോയെന്നും ഭയപ്പെടണം. ചുരുക്കത്തില്‍ പണലഭ്യത ഉറപ്പാക്കുന്ന ഉത്തരവാദിത്വത്തിന്‍റെ നല്ലൊരു പങ്കും, ബാങ്കിംഗ്-സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെ ഏല്പിച്ചു സര്‍ക്കാര്‍ കൈകഴുകുമ്പോള്‍ കൈനീട്ടി നില്ക്കു ന്ന പാവങ്ങളുടെ ദുരിതം കോവിഡിനുശേഷവും തുടരുമെന്ന് ഏതാണ്ടുറപ്പായി.

നേരത്തെതന്നെ സ്വകാര്യമേഖലയ്ക്കായി വില്പനയ്ക്കുവച്ച ഇന്ത്യയുടെ ആകാശവും ഇപ്പോള്‍ വിറ്റൊഴിവാക്കാനൊരുങ്ങുന്ന ബഹിരാകാശവും (ISRO), 'ആത്മനിര്‍ഭര' (സ്വാശ്രയത്വം)ത്തിന്‍റെ അഭിമാനയടയാളമായി അവതരിപ്പിക്കുന്നതിന്‍റെ (കു)യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ? 'സമൂഹത്തിലെ ഏറ്റവും ദുര്‍ബലവിഭാഗത്തെ എങ്ങനെ പരിഗണിക്കുന്നുവെന്നതിലാണ് ഒരു രാജ്യത്തിന്‍റെ മഹത്ത്വ'മെന്നോര്‍മ്മിപ്പിച്ച മഹാത്മജിയുടെ നാട്ടില്‍, ധനമന്ത്രി നിര്‍മല സീതാറാം പ്രഖ്യാപിച്ച സാമ്പത്തികോത്തേജന പാക്കേജ് ദാരിദ്ര്യത്തിനു പകരം ദരിദ്രരെ ഉന്മൂലനം ചെയ്യുന്നതാകരുതെന്ന ജനജാഗ്രതയെ കോവിഡ് കാലം റദ്ദാക്കാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org