അഭിരുചികൾ വിദ്യാർത്ഥികളെ നയിക്കട്ടെ

അഭിരുചികൾ വിദ്യാർത്ഥികളെ നയിക്കട്ടെ

എസ്എസ്എല്‍സി പരീക്ഷയില്‍ ട്യൂഷനില്ലാതെ 600-ല്‍ 475 മാര്‍ക്ക് വാങ്ങിയതിന്‍റെ സന്തോഷത്തോടെ അമ്മയുടെ അടുത്തേയ്ക്ക് ഓടിക്കിതച്ച് എത്തിയതാണു രാജുമോന്‍. ദരിദ്രകുടുംബം. കൂലിപണിക്കാരന്‍ അച്ഛന്‍. ഹൈസ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അമ്മ. രാജുവിന്‍റെ ചെവിക്കു പിടിച്ചുകൊണ്ടുള്ള അമ്മയുടെ ചോദ്യം: "ഡിസ്റ്റിങ്ഷനു വേണ്ട ബാക്കി 5 മാര്‍ക്ക് എവിടേടാ?"

മുകളിലെഴുതിയത് വെറുമൊരു കഥാസന്ദര്‍ഭമാണെങ്കിലും ഇതിലെ കഥാപാത്രങ്ങള്‍ക്കു ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകരോടു സാദൃശ്യമുണ്ട്. 10, 12 ക്ലാസ്സുകളിലെ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കപ്പെടുന്ന ദിവസങ്ങളുടെയും ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ NEET ഉണ്ടാക്കിയ നീറ്റലിന്‍റെയും പശ്ചാത്തലത്തിലുമാണീ മുഖക്കുറിപ്പ്.

പഠിക്കുന്ന സ്ഥാപനത്തിന്‍റെ യശസ്സും, പഠിപ്പിക്കുന്ന അദ്ധ്യാപകരും, ഒപ്പം പഠിക്കുന്ന കൂട്ടുകാരും, പഠിപ്പിക്കാന്‍ പൈസ മുടക്കുന്ന മാതാപിതാക്കളും ചേര്‍ന്നൊരുക്കുന്ന സമ്മര്‍ദ്ദത്തിന്‍റെ നെരിപ്പോടിനു മുകളിലിരുന്നാണു കേരളത്തിലെ വിദ്യാര്‍ത്ഥികളെല്ലാവരുംതന്നെ വാര്‍ഷിക പരീക്ഷകള്‍ എഴുതിയത്. വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം, പഠിച്ച കാര്യങ്ങള്‍ ഓര്‍മിച്ചെഴുതി സ്വന്തം കഴിവു തെളിയിക്കാനുള്ള ഒരു അവസരമെന്നതിനേക്കാള്‍ മാതാപിതാക്കളുടെ പ്രതീക്ഷകളുടെ ഭാരവും ഭാവിയെക്കുറിച്ചുള്ള ആശങ്കകളും ശത്രുവേഷം കെട്ടിവരുന്ന പോര്‍ക്കളമായി മാറുകയാണു പരീക്ഷാഹാളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം, അദ്ധ്യാപകരും മാതാപിതാക്കളും ഈ സമ്മര്‍ദ്ദത്തിന്‍റെ ഇരകള്‍തന്നെ.

പരീക്ഷയും അതിന്‍റെ ഫലവും വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തെ അഭിമുഖീകരിക്കാനും അതിജീവിക്കാനും ഉപായങ്ങള്‍ മെനയുന്ന തിരക്കിലാണു നാമെല്ലാവരും. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പഠിപ്പിക്കാന്‍ ഒന്നിലധികം ട്യൂഷന്‍ ടീച്ചര്‍മാര്‍, മാനസികപിരിമുറുക്കം കുറയ്ക്കാന്‍ യോഗാ ക്ലാസ്സുകള്‍, ധ്യാനകേന്ദ്രങ്ങളിലെ പരീക്ഷ ഒരുക്ക പ്രാര്‍ത്ഥനകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള നേര്‍ച്ചയാത്രകള്‍, ആത്മീയഗുരുക്കളുടെ പ്രത്യേക അഭിഷേകപ്രാര്‍ത്ഥനകള്‍… ഇങ്ങനെ പോകുന്നു ഉപായങ്ങളുടെ പാക്കേജുകള്‍. ഒഴിവാക്കാനാവാത്ത ഒരു തിന്മയെന്ന രീതിയില്‍ ഇന്നത്തെ പരീക്ഷാസമ്പ്രദായത്തെ സഹിക്കുന്നതിനേക്കാളുപരി നമ്മുടെ വിദ്യാഭ്യാസ സംസ്കാരത്തിലും പരീക്ഷാസമ്പ്രദായങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എന്തുകൊണ്ടു നാം ഉറക്കെ ചിന്തിക്കുന്നില്ല? വിവരവും വിജ്ഞാനവും കൂടുന്നതനുസരിച്ചു പരീക്ഷകളെ അഭിമുഖീകരിക്കുവാന്‍ കൂടുതല്‍ ക്ഷമത കാണിക്കേണ്ട നമ്മുടെ കുട്ടികള്‍ എന്തുകൊണ്ട് ആത്മഹത്യയിലേക്കും വിഷാദരോഗങ്ങളിലേക്കും കൂപ്പുകുത്തുന്നു?

പരീക്ഷകളെയും പരീക്ഷണങ്ങളെയും പക്വതയോടെ നേരിട്ട തലമുറകളുടെ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. ആ പക്വത ഇന്നത്തെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ നഷ്ടമായിരിക്കുന്നു. പരീക്ഷാസമ്പ്രദായങ്ങള്‍ എത്രമാത്രം വിദ്യാര്‍ത്ഥിസൗഹൃദമായിരിക്കണമെന്നു മറ്റു രാജ്യങ്ങളെ നോക്കി പഠിക്കേണ്ട ഗതികേടിലായിരിക്കുന്നു, നാം. അറിവു കൗതുകപൂര്‍വം സ്വന്തമാക്കേണ്ട ഒരു കാര്യമെന്നതിനേക്കാള്‍ കാണാപാഠം പഠിച്ചു സ്വായത്തമാക്കേണ്ട ഒരു അടിമപ്പണിയായി മാറിയിരിക്കുന്നു. അറിവിന്‍റെ ആകാശത്തിലേക്കു കൗതുകത്തോടെ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥിക്കേ പറക്കാനാവൂ, പുരോഗതിയിലേക്കു തന്‍റെ സമൂഹത്തെ ഉയര്‍ത്താനാവൂ.

കുട്ടികളുടെ അഭിരുചി മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയണം. ഭാവിയില്‍ അവരെന്തായി തീരാനാണ് ആഗ്രഹമെന്ന് അവരോടു തന്നെ ചോദിച്ചു മനസ്സിലാക്കണം. തങ്ങള്‍ക്കു കിട്ടാതെ പോയതു കുട്ടികളിലൂടെ നേടണമെന്നു മാതാപിതാക്കള്‍ നിര്‍ബന്ധം പിടിക്കരുത്. മക്കളെ അവരുടെ അഭിരുചികള്‍ക്കു വിടുക. അപ്പോള്‍ അവര്‍ സ്വപ്നം കാണും; അതിന്‍റെ സാക്ഷാത്കാരത്തിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്യും.

കഴിഞ്ഞ ആഴ്ച നടന്ന ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ (NEET) രാജ്യത്തിലെ 2225 സെന്‍ററുകളിലായി 13 ലക്ഷത്തിലധികം കുട്ടികളാണു പങ്കെടുത്തത്. രാജ്യത്താകമാനമുള്ള മെഡിക്കല്‍ കോളേജുകളിലായി ആകെ 66,000 സീറ്റുകളേയുള്ളൂ എന്നോര്‍ക്കുക. നീറ്റ് പരീക്ഷയ്ക്കുവേണ്ടി ഇടിച്ചുകയറിയ ഈ 13 ലക്ഷത്തിലധികം വരുന്ന പരീക്ഷാര്‍ത്ഥികളില്‍ എത്ര പേര്‍ മെഡിക്കല്‍ പ്രൊഫഷനെ തങ്ങളുടെ യഥാര്‍ത്ഥ വിളിയായി കണ്ടിട്ടുണ്ട് എന്നതു ചോദിക്കേണ്ട ഒരു ചോദ്യമാണ്. മാതാപിതാക്കളുടെ നിര്‍ബന്ധങ്ങളും ചില ജോലികള്‍ നല്കുന്ന മുന്തിയ വേതനവും തങ്ങളുടെ അഭിരുചികളെ കുഴിച്ചുമൂടി മുന്നോട്ടു നീങ്ങാന്‍ പല വിദ്യാര്‍ത്ഥികളെയും പ്രേരിപ്പിക്കുന്നു. ഫലമോ? സ്വാധീനവും പണവുമെറിഞ്ഞ് അര്‍ഹതയില്ലാത്തവര്‍ അരങ്ങു വാഴുകയും അഭിരുചിയുള്ളവര്‍ അണിയറയില്‍ ഒടുങ്ങുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ക്കായിരിക്കട്ടെ മുന്‍ഗണന.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org