Latest News
|^| Home -> Editorial -> ത‌ൊഴിലാളി സംഘടനകൾ ഇത്തിക്കണ്ണികളാകരുത്

ത‌ൊഴിലാളി സംഘടനകൾ ഇത്തിക്കണ്ണികളാകരുത്

Sathyadeepam

തൊഴിലിന്‍റെ മാഹാത്മ്യം ഉദ്ഘോഷിച്ചുകൊണ്ടും തൊഴിലാളി-മുതലാളി ബന്ധത്തിനു വേണ്ട സുതാര്യത അനുസ്മരിപ്പിച്ചുകൊണ്ടും മേയ് ദിനം. തൊഴിലാളി ദിനാഘോഷം ആരംഭിക്കുന്നതു വ്യവസായവത്കരണം മൂലമുണ്ടായ മുതലാളിത്ത ചൂഷണത്തില്‍നിന്നാണ്. ഏതൊരു വിപ്ലവത്തിന്‍റെ പിന്നിലും ഒരു ചൂഷണത്തിന്‍റെ നെരിപ്പോടുണ്ട്. ദിവസം 15 മണിക്കൂര്‍ വരെ തുച്ഛവേതനത്തില്‍ ജോലി ചെയ്യേണ്ടി വന്ന തൊഴിലാളികളുടെ രോദനമാണു തൊഴിലാളി വിപ്ലവത്തില്‍ കലാശിച്ചത്.

മേയ് ദിനാഘോഷത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും 1886 മേയ് 4-ന് അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹെയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. മുതലാളിത്ത ചൂഷത്തിനെതിരെയുണ്ടായ ഈ വിപ്ലവം ലോക തൊഴിലാളികളുടെയും മുതലാളിത്തത്തിന്‍റെയും വ്യവസ്ഥിതികളെ മാറ്റിമറിച്ചു. 15 മണിക്കൂറിന്‍റെ കഠിനാദ്ധ്വാനത്തില്‍നിന്ന് എട്ട് മണിക്കൂര്‍ അദ്ധ്വാനം, എട്ട് മണിക്കൂര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം എന്ന് തൊഴിലാളിയുടെ ഒരു ദിനം പിരിച്ചെഴുതപ്പെട്ടു. തൊഴിലാളികളുടെ ജീവിതസുരക്ഷയ്ക്കായും തൊഴിലാളി-മുതലാളി ബന്ധം ചൂഷണരഹിതമാക്കാനും നിരവധി തൊഴിലാളി പ്രസ്ഥാനങ്ങള്‍ നിലവില്‍ വന്നു.

വിപ്ലവ പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിക്കുന്നതു നിയമലംഘനങ്ങളുടെയും ചൂഷണത്തിന്‍റെയും വിളഭൂമിയില്‍ നിന്നാണ്. ഈ പ്രസ്ഥാനങ്ങള്‍ വളരുന്നതു ചൂഷണവും നിയമലംഘനങ്ങളും വര്‍ദ്ധിക്കുന്നു എന്നുതന്നെ കാണിക്കുന്നു. സമത്വവും പരസ്പരധാരണയും ഉള്ളിടത്ത് പ്രസ്ഥാനങ്ങളുടെ ആവശ്യമില്ലല്ലോ. സമത്വവും സാഹോദര്യവും സ്വാര്‍ത്ഥതയ്ക്കും ചൂഷണസംസ്കാരത്തിനും വഴിമാറുമ്പോഴാണു പ്രസ്ഥാനങ്ങള്‍ വളരുന്നത്. പാപം വര്‍ദ്ധിച്ചിടത്ത് നിയമമുണ്ടായി എന്ന വി. പൗലോസിന്‍റെ വീക്ഷണം (റോമ. 7:8, 9) ഈ യാഥാര്‍ത്ഥ്യത്തോടു ചേര്‍ത്തുവയ്ക്കണം.

തൊഴില്‍ സംസ്കാരത്തിനൊരു പുത്തന്‍ ക്രിസ്തീയ വ്യാഖ്യാനം നല്കിയത് 1891-ല്‍ ലിയോ 13-ാം മാര്‍പാപ്പ പുറപ്പെടുവിച്ച “റേരും നൊവാരും” എന്ന ചാക്രികലേഖനമാണ്. ആ ചാക്രികലേഖനം മുതല്‍ ഫ്രാന്‍സിസ് പാപ്പയുടെ “അമോരിസ് ലെത്തീസ്യ” വരെയുള്ള അപ്പസ്തോലിക പ്രബോധനങ്ങള്‍ സഭയുടെ സാമൂഹ്യ ഔത്സുക്യവും തൊഴിലാളികളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിക്കാട്ടുന്നു. സഭ അതിന്‍റെ ആത്മീയ സമ്പത്തുപയോഗിച്ച് ഒരു നവസമൂഹ സൃഷ്ടിക്കായി പ്രയത്നിക്കാനുള്ള കടമ പേറുന്നവളാണെന്നു ബെനഡിക്ട് പാപ്പയും നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 85 ശതമാനം തൊഴിലാളികളും അസംഘടിത തൊഴില്‍ മേഖലയില്‍ പെടുന്നവരാണ്. സംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കു ലഭിക്കുന്ന സര്‍ക്കാരിന്‍റെ നിയമസുരക്ഷയോ തൊഴില്‍ സുരക്ഷയോ ഇവര്‍ക്കു ലഭിക്കുന്നില്ല. അസംഘടിത മേഖലയിലെ 56 ശതമാനം പേരും കാര്‍ഷികമേഖലയില്‍ തൊഴില്‍ ചെയ്യുന്നവരാണ്. ഒരു കാര്‍ഷികസംസ്കാരമുള്ള ഭാരതത്തിലെ കര്‍ഷകര്‍ സംഘടിത തൊഴില്‍ മേഖലയില്‍പെടുന്നില്ല എന്നുള്ളതു വിചിത്രവുമാണ്. രാജ്യത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ 65 ശതമാനം അസംഘടിതമേഖലയിലെ തൊഴിലാളികളുടെ സംഭാവനയാണെന്ന വസ്തുത വിസ്മരിക്കരുത്.

തൊഴിലാളിക്കു ജോലിയുടെ കൂലിയല്ല ജീവനകൂലിയാണു നല്കേണ്ടതെന്നു “റേരും നൊവാരും” എന്ന ചാക്രികലേഖനത്തിലൂടെ പ്രബോധിപ്പിച്ചവളാണു സഭ. തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും നാളേക്കുവേണ്ടി കരുതിവയ്ക്കുന്നതിനും പണിയെടുക്കുന്നവനെ പ്രാപ്തനാക്കുന്നതാണു ജീവനകൂലി. സഭാസ്ഥാപനങ്ങള്‍ ഈ ജീവനകൂലി പരിഗണന അതിന്‍റെ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു നല്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം.

18-ാം നൂറ്റാണ്ടിലെ ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികളുടെ രക്ഷയ്ക്കായി തുടങ്ങിയ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ തൊഴിലാളികളുടെയും മുതലാളിമാരുടെയും ചൂഷകരായി മാറുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. നിസ്സാര സാങ്കേതിക പ്രശ്നങ്ങള്‍ ഊതിപ്പെരുപ്പിച്ചു തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേന പല സ്ഥാപനങ്ങളിലും ഉടമകള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന തൊഴിലാളി സംഘടനകളുണ്ട്. രാഷ്ട്രീയപ്രേരിതവും വ്യക്തിവിരോധാധിഷ്ഠിതവുമായ ഇത്തരം പ്രവൃത്തികള്‍ തൊഴിലാളി സംഘടനകളുടെ ഉദ്ദേശലക്ഷ്യങ്ങളെത്തന്നെ നശിപ്പിച്ചുകളയുന്നു. തൊഴിലാളികളുടെയും മുതലാളിമാരുടെയും ജീവിതത്തില്‍ ഒരുപോലെ പറ്റിപ്പിടിച്ചുകിടന്നു വളരുന്ന ഇത്തിക്കണ്ണികളായി തൊഴിലാളിസംഘടനകള്‍ തരംതാഴരുത്.

Leave a Comment

*
*