സാധാരണക്കാരന്റെ സുവിശേഷമാകാൻ

സാധാരണക്കാരന്റെ സുവിശേഷമാകാൻ

സാധാരണക്കാരന്‍റെ യാത്രയ്ക്കും ജീവിതത്തിനും കൂടുതല്‍ ദുരിതം സമ്മാനിച്ചു പെട്രോള്‍-ഡീസല്‍ വര്‍ദ്ധന ഒരു നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഒരു ശരാശരി ഭാരതീയന്‍ തന്‍റെ ദിവസവരുമാനത്തിന്‍റെ 20 ശതമാനം ഒരു ലിറ്റര്‍ പെട്രോള്‍ വാങ്ങാന്‍ ചെലവഴിക്കുന്നു എന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ 40 ശതമാനം വര്‍ദ്ധനയാണുണ്ടായത്. നാട്ടുകാരുടെ നട്ടെല്ലൊടിക്കുന്ന ഈ വിലവര്‍ദ്ധനവിനെ ഹൈക്കോടതിയും വിമര്‍ശിച്ചു. നഷ്ടത്തിന്‍റെ കണക്കു മാത്രം പറഞ്ഞ് ഓരോ വില വര്‍ദ്ധനവിനെയും ന്യായീകരിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനോടു കഴിഞ്ഞ വര്‍ഷത്തെ അവരുടെ ആസ്തി-ബാദ്ധ്യതകളുടെ കണക്കുവിവരം അവതരിപ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ക്രൂഡോയില്‍, ബാരല്‍, ഉത്പാദനചെലവ്, ശുദ്ധീകരണം തുടങ്ങി സാധാരണക്കാരന് ഇന്നും മനസ്സിലാകാത്ത പ്രയോഗങ്ങള്‍ നിരത്തി അടിക്കടി വില വര്‍ദ്ധിപ്പിക്കുന്ന പെട്രോള്‍ കമ്പനികളുടെ പൊള്ളത്തരത്തെ വെളിച്ചത്തു കൊണ്ടുവരാന്‍ ഒരു സംഘടിത ശ്രമം കേരളസമൂഹം നടത്താത്തത് അത്ഭുതമായി തോന്നുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്‍റെ വില കൂടിയാലും കുറഞ്ഞാലും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. പെട്രോള്‍ ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാതെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഇഷ്ടാനുസരണം വര്‍ദ്ധിച്ച എക്സൈസ് നികുതിയും വാറ്റുമൊക്കെ ചുമത്തി വില വര്‍ദ്ധിപ്പിച്ചുതന്നെ നിര്‍ത്തുന്നതു മോദി സര്‍ക്കാരിന്‍റെ യാത്രാ-പരസ്യ ഇനങ്ങളിലെ ധൂര്‍ത്ത് മൂലം വരുന്ന നഷ്ടം നികത്തിക്കൊണ്ടിരിക്കാനാണെന്ന ആക്ഷേപമുണ്ട്.

ഒമ്പതോളം ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള അസംസ്കൃത വസ്തുവാണു ക്രൂഡോയില്‍. ഒരു ബാരല്‍ എന്നതാണ് ഇതിന്‍റെ അന്താരാഷ്ട്ര അടിസ്ഥാന അളവുകോല്‍. 159 ലിറ്ററോളം വരുന്ന ഒരു ബാരലിന് ഇപ്പോള്‍ മാര്‍ക്കറ്റില്‍ 5200 ഓളം രൂപയാണു വില. ഒരു ബാരല്‍ ക്രൂഡോയില്‍ സംസ്കരിച്ചു വിവിധ ഉത്പന്നങ്ങളാക്കാനുള്ള സംസ്കരണ ചെലവ് ഒരു ലിറ്ററിനു വെറും 52 പൈസയാണ്. അങ്ങനെ സംസ്കരണം ചെലവ് കൂട്ടിച്ചേര്‍ത്താലും ബാരലിന്‍റെ വില 5300 രൂപയെ വരൂ.

പെട്രോള്‍, ഡീസല്‍, ജെറ്റ് ഫ്യൂവല്‍, ഫര്‍ണസ് ഓയില്‍, ദ്രവവാതകം, സ്റ്റില്‍ ഗ്യാസ്, കരി, ബിറ്റുമിന്‍, മണ്ണെണ്ണ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഓരോ ബാരലില്‍ നിന്നും ഉത്പാദിപ്പിക്കാം. ഒരു ബാരല്‍ ക്രൂഡോയില്‍ 159 ലിറ്ററാണെങ്കിലും സംസ്കരണശേഷം അത് 167 ലിറ്ററായി വര്‍ദ്ധിക്കും. സംസ്കരണ നേട്ടമെന്നാണ് ഇതിനെ പറയുന്നത്. ഒരു ബാരല്‍ ക്രൂഡോയിലില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ആകെ വരുമാനം 16,000 രൂപ കടക്കും. സംസ്കരണ ചെലവടക്കം ആകെ 5300 ഓളം രൂപ വരുന്ന ഒരു ബാരല്‍ ക്രൂഡോയിലാണ് 16,000 രൂപയായി മാറുന്നത്. രണ്ടിരട്ടി ലാഭം. എന്നിട്ടും ജനങ്ങളെ നഷ്ടക്കണക്കുകള്‍ പറഞ്ഞാണു വീണ്ടും വീണ്ടും കമ്പനികള്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 2016-'17 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 10091 കോടിയും ഭാരത് പെട്രോളിയം 1700 കോടിയും ലാഭമുണ്ടാക്കിയെന്ന് ഈ കമ്പനികളുടെ സാമ്പത്തികരേഖകളും ഓഹരി വിപണനമൂല്യവും കണക്കിലെടുത്താല്‍ മനസ്സിലാകും. ഒരു വാഹനം സ്വന്തമായുണ്ടായി എന്നതിന്‍റെ പേരില്‍ ഒരു സാധാരണക്കാരന്‍റെ പോക്കറ്റില്‍ നിന്നു പമ്പുടമകള്‍, ഏജന്‍സികള്‍, ഇടനിലക്കാര്‍ തുടങ്ങി സര്‍ക്കാരുകള്‍വരെയുള്ള വമ്പന്‍ സ്രാവുകള്‍ റോഡ് നികുതി, വില്പന നികുതി, എഡ്യൂക്കേഷന്‍ സെസ്, ലൈസന്‍സ് ഫീ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത തുക വാങ്ങിയതിനുശേഷമാണ് എണ്ണക്കമ്പനികളുടെ ഈ ഇടിത്തീയും. നാം കൊടുക്കുന്ന പെട്രോള്‍ വിലയിലെ 50 ശതമാനവും ഡീസലിലെ 40 ശതമാനം ടാക്സും ഡീലര്‍ക്കുള്ള കമ്മീഷനുമാണെന്ന കാര്യം മറക്കരുത്.

പെട്രോള്‍ കമ്പനികളും സര്‍ക്കാരുകളും പെട്രോള്‍ ഉത്പന്നങ്ങളില്‍നിന്നുള്ള അധിക വരുമാനത്തോടുള്ള ഈ ആര്‍ത്തി ഒരല്പം കുറച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന നേട്ടം ചില്ലറയാവില്ല. ഇന്ധനവിലയിലെ കുറവ് എല്ലാത്തരം ഉത്പാദനത്തിന്‍റെയും ചെലവ് കുറയ്ക്കുകയും ഉപഭോഗം കൂട്ടുകയും അങ്ങനെ സാധാരണക്കാരന്‍റെ ജീവിതനിലവാരം ഉയരുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാനും സാധാരണക്കാരന്‍റെ ജീവിതം സമാധാനപൂര്‍ണമാക്കാനും സാധിക്കും.

കാലത്തിന്‍റെ ഈ അടയാളങ്ങള്‍ വായിച്ചു സഭയും ഈ ചൂഷണത്തിനെതിരെ ഉണര്‍ന്നേ മതിയാവൂ. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ "റേരും നൊവാരും" എന്ന ചാക്രികലേഖനത്തിലൂടെ സഭയില്‍ തുടങ്ങിവച്ച ഈ സാമൂഹിക ഔത്സുക്യത്തെ "ലൗദാത്തോ സീ" എന്ന തന്‍റെ ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് പാപ്പ അടുത്ത പടിയിലേക്കെത്തിച്ചിട്ടുണ്ട്. സാധാരണക്കാരന്‍റെ ജീവിതത്തിനു സുവിശേഷമാകാനുള്ളതാണു സഭയുടെ ഈ ആധുനിക മിഷന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org