നമുക്കിടയിൽ ഉരുകേണ്ട മഞ്ഞുകൾ

നമുക്കിടയിൽ ഉരുകേണ്ട മഞ്ഞുകൾ

രാജ്യങ്ങള്‍ തമ്മിലുള്ള വര്‍ഷങ്ങള്‍ നീണ്ട തെറ്റിദ്ധാരണകളുടെയും പടലപ്പിണക്കങ്ങളുടെയും കറുത്ത അദ്ധ്യായങ്ങള്‍ അവസാനിക്കുന്നതിന്‍റെ സൂചന നല്കുകയാണ്, വര്‍ത്തമാനകാലത്തിലെ പല വാര്‍ത്തകളും സംഭവങ്ങളും. ആറു പതിറ്റാണ്ടുകളായി പരസ്പരം പോരടിച്ചിരുന്ന ഉത്തര-ദക്ഷിണ കൊറിയകള്‍ സമാധാന ഉടമ്പടിയില്‍ എത്തിച്ചേര്‍ന്നു. കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കാനുള്ള താത്പര്യം തുറന്നുപറഞ്ഞു ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചൈനയുടെ പ്രസിഡന്‍റ് ഷിന്‍ ചിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള അനൗപചാരിക ഉച്ചകോടിക്കും തുടക്കമായി. മെത്രാന്‍ നിയമനങ്ങളെ സംബന്ധിച്ചു ചൈനയിലെ ഗവണ്‍മെന്‍റ് നിയന്ത്രിതസഭയും വത്തിക്കാനും തമ്മില്‍ നിലനിന്നിരുന്ന പ്രശ്നവും സമവായത്തിലേക്കു നീങ്ങുന്നതായിട്ടാണു റിപ്പോര്‍ട്ടുകള്‍.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിഭജിക്കപ്പെട്ട ഉത്തര-ദക്ഷിണ കൊറിയന്‍ രാജ്യങ്ങള്‍ ജപ്പാന്‍, റഷ്യ, അമേരിക്ക, ചൈന എന്നീ ശക്തികളുടെ വാണിജ്യതാത്പര്യങ്ങളുടെ ഇരകളായിരുന്നു. യുദ്ധങ്ങള്‍ സമാധാനം കൊണ്ടുവരില്ല എന്ന തിരിച്ചറിവ് പതിയെയാണെങ്കിലും ഈശ്വരസങ്കല്പം പോലുമില്ലാത്ത ആ രാജ്യത്തെ അധികാരികള്‍ സ്വന്തമാക്കി. ഇന്നലെകളില്‍നിന്നുള്ള പാഠങ്ങളും നാളെയെക്കുറിച്ചുള്ള ആശങ്കകളുമാണ് ഇന്നില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

കൊറിയയുടെ ഇന്നലകളെ കരിച്ചുകളഞ്ഞ, രണ്ടു രാജ്യങ്ങളിലുമായി ജീവിക്കുന്ന ഏഴര കോടി ജനങ്ങളെ കണ്ണീരിലാഴ്ത്തിയ, യുദ്ധങ്ങള്‍ക്കു വിരാമമാവുകയാണ്. പൂര്‍ണ ആണവ നിരായുധീകരണവും ശാശ്വത സമാധാനവുമാണവരുടെ ലക്ഷ്യം. ആണവപരീക്ഷണങ്ങളിലും ആണവ-ആയുധശേഖരണത്തിലും ഭ്രാന്തമായ ആവേശം കാണിച്ചിരുന്ന ഉത്തരകൊറിയന്‍ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ ആണ് ഈ സമാധാന ഉടമ്പടിക്കു മുന്‍കയ്യെടുത്തത്. സംഘര്‍ഷങ്ങളുടെ കൊടുമുടിയില്‍ നിന്നുകൊണ്ടുതന്നെയാണു സമാധാനത്തിനായുള്ള ഇരു ഭരണാധികാരികളുടെയും തീരുമാനമെന്നത് ഇതിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. യു.എന്‍. സംഘത്തിന്‍റെയും മറ്റു ലോകരാഷ്ട്രങ്ങളുടെയും അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും തരിമ്പും വില കല്പിക്കാത്ത കഠിനഹൃദയനായ ഏകാധിപതി എന്നു വിശേഷിപ്പിക്കപ്പെട്ട ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ കയ്യില്‍ അണുവായുധമുള്ളതിന്‍റെ ആപത്സാദ്ധ്യത എല്ലാവരെയും ആശങ്കാകുലരാക്കുന്ന സാഹചര്യത്തിലാണ് ഈ സമാധാനകരാര്‍. ഇതിന്‍റെ പിന്നിലെ രാഷ്ട്രീയ-സാമൂഹ്യലക്ഷ്യങ്ങള്‍ എന്തുതന്നെയായാലും ശാശ്വതസമാധാനത്തിലേക്കുള്ള ഈ ചുവടുവയ്പ് ശ്ലാഘനീയംതന്നെ.

നമ്മുടെ ഈ കൊച്ചു കേരളത്തിന്‍റെ ആത്മീയഭൂമികയില്‍ ഇനിയും കടന്നുവരേണ്ട വെടിനിര്‍ത്തല്‍ നിരായുധീകരണ മേഖലകള്‍ എന്തൊക്കെയെന്ന് ആത്മശോധന ചെയ്യേണ്ട സമയമായി. ഭൂതകാലത്തെ ചില കറുത്ത അദ്ധ്യായങ്ങളുടെ പേരില്‍ വേലികെട്ടി അകന്നുനില്ക്കുന്ന സമുദായങ്ങളും അതിര്‍ത്തിത്തര്‍ക്കങ്ങളില്‍ മുങ്ങിനില്ക്കുന്ന ഇടവകകളും സ്വത്തിന്‍റെയും വസ്തുവിന്‍റെയും പേരില്‍ കലഹിക്കുന്ന കുടുംബങ്ങളും നമ്മുടെ ഈ കൊച്ചുകേരളത്തിലെ കത്തോലിക്കാസഭയ്ക്കകത്തുണ്ട്. 'സമാധാനം നിങ്ങളോടുകൂടെ', 'നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ' എന്നൊക്കെ പലവുരു വി. ബലിയില്‍ ഉരുവിടുന്നവരാണു നാം. ക്രിസ്തു നല്കുന്ന ഈ സമാധാനം ആശംസിക്കുന്നതില്‍ പോലും അസമാധാനം സൃഷ്ടിക്കുന്ന സാഹചര്യം ഇന്നു കേരളസഭയിലുണ്ട്.

ചരിത്രത്തെ താളുകളിലാക്കാനും പാരമ്പര്യത്തെ കാത്തുസൂക്ഷിക്കാനുമുള്ള അമിതാവേശമല്ല നമുക്കു വേണ്ടത്. ചരിത്രത്തിലേക്കു കടന്നു ഭൂതകാലത്തെ വായിച്ചെടുക്കാനും പാരമ്പര്യങ്ങളെ ഭാവികാലത്തിന്‍റെ കണ്ണാടിയില്‍ നോക്കിക്കണ്ട് നവീകരിക്കാനുമുള്ള ആര്‍ജ്ജവമാണു നാം കാണിക്കേണ്ടത്. അശാന്തിയുടെയും വിഘടനത്തിന്‍റെയും നൂറുനൂറ് ഓര്‍മകളില്‍ ചവിട്ടിനിന്നു ദൈവവിശ്വാസമില്ലാത്ത ഉത്തരകൊറിയന്‍ ഭരണാധികാരി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: "നമ്മള്‍ ഒരേ രക്തമാണ്, നമ്മള്‍ ഒരു രാജ്യമാണ്, ഒരു ജനതയാണ്. ശത്രുതയാല്‍ വേര്‍പിരിയേണ്ടവരല്ല. പുതിയൊരു ഭാവിയിലേക്കുള്ള ഒരു പുതിയ പാത ഇവിടെ തുറക്കുന്നു."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org