തെളിയാത്ത കണ്ണീര്‍പ്പൊട്ടുകള്‍

തെളിയാത്ത കണ്ണീര്‍പ്പൊട്ടുകള്‍

ഒരു ഗ്രാമം മുഴുവന്‍ ഒരു കുഞ്ഞിന്‍റെ വളര്‍ച്ചയുടെ കൂടെ നില്‍ക്കുന്നുവെന്നതാണ് ആഫ്രിക്കന്‍ പഴമൊഴിയും പാരമ്പര്യവും. എന്നാല്‍ ഇവിടെ ഒരു വ്യവസ്ഥിതി(system)യാകെ രണ്ടു കുഞ്ഞുങ്ങളുടെ മരണത്തിനു കൂട്ടുനിന്നതിന്‍റെ കരയിപ്പിക്കുന്ന കഥയാണു വാളയാര്‍.

പതിമൂന്നുകാരിയായ മൂത്ത കുട്ടിയെ 2017 ജനുവരി 13-നും ഇളയ കുട്ടിയെ മാര്‍ച്ച് 4-നുമാണു ഷെഡ്ഡിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം നീണ്ട അന്വേഷണത്തിനും വിചാരണയ്ക്കുംശേഷം തെളിവില്ലെന്നു ചൂണ്ടിക്കാട്ടി എം. മധു, വി. മധു, ഷിബു എന്നിവരെ പാലക്കാട് പോക്സോ പ്രത്യേക കോടതി വിട്ടയച്ചു. മറ്റൊരു പ്രതി പ്രദീപ് കുമാറിനെ നേരത്തെ വിട്ടയച്ചിരുന്നു.

വിചാരണ തുടങ്ങിയപ്പോഴും പൂര്‍ത്തിയായപ്പോഴും അറിയിച്ചില്ലെന്നും വിധി വരുന്ന ദിവസംപോലും മറച്ചുവച്ചുവെന്നാരോപിച്ചും പൊലീസിനെതിരെ ആദ്യം രംഗത്തുവന്നതു പീഡനത്തിനിരയായ കുട്ടികളുടെ അമ്മതന്നെയാണ്. മുഖ്യധാരാപത്രങ്ങളുടെ പ്രധാന പേജില്‍പ്പോലും വാര്‍ത്തയാകാതിരുന്ന വിധിയുടെ വിശദാംശങ്ങള്‍ വിവാദമായതുപോലും അതിലെ അനീതിയുടെ അധികവശങ്ങള്‍ ചൂണ്ടിക്കാട്ടപ്പെട്ടതിനുശേഷം മാത്രമാണ്. പൊലീസും രാഷ്ട്രീയക്കാരും കോടതിപോലും പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ട അന്വേഷണ-വിചാരണ നാടകാന്ത്യത്തില്‍ രണ്ടു കുഞ്ഞുങ്ങളുടെ കഴുത്തില്‍ അനീതിയുടെ കുരുക്കു മുറുക്കിയ നമ്മുടെ നിയമ-ന്യായവ്യവസ്ഥിതി തന്നെയാണിപ്പോള്‍ മുഖവും മൊഴിയും നഷ്ടപ്പെട്ടു തലകുനിച്ചു നില്ക്കുന്നത്!

കൊലപാതകം എന്നു സംശയിക്കാവുന്ന നിരവധി സൂചനകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നിട്ടും അന്വേഷണം ആ വഴിക്കാവരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ തുടങ്ങിയ പൊലീസ്, ആദ്യം അറസ്റ്റ് ചെയ്ത പ്രതിയെ സ്റ്റേഷനില്‍ നിന്നും ഇറക്കിക്കൊണ്ടുപോകുന്നതിനുപോലും അനുവദിക്കുവോളം, അന്വേഷണത്തിലുടനീളം പ്രതികള്‍ക്കനുകൂലമായ നിലപാടാണു സ്വീകരിച്ചത് എന്ന ഗുരുതരമായ ആരോപണമുണ്ട്. കൂടാതെ 13 വയസ്സുള്ള മൂത്ത കുട്ടി ഉഭയസമ്മതപ്രകാരമാണു ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്ന വിചിത്ര ന്യായംപോലും റിപ്പോര്‍ട്ടില്‍ എഴുതിച്ചേര്‍ത്തുകൊണ്ടു വേട്ടക്കാരുടെ കൂടെച്ചേര്‍ന്ന് ഇരകളെ അപമാനിച്ചു. വിചാരണയ്ക്കിടയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ രണ്ടു വട്ടം മാറ്റിയും, ശിശുക്ഷേമസമിതിയുടെ ചെയര്‍മാന്‍ തന്നെ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന സാഹചര്യമൊരുക്കിയും അട്ടിമറിക്കു മുഖ്യകാര്‍മികത്വം വഹിച്ചതു സര്‍ക്കാര്‍തന്നെയാണ്.

'തെളിവുകളേക്കാള്‍ സാദ്ധ്യതകളെ പരിഗണിച്ചും പ്രമുഖ സാക്ഷികള്‍ കൂറുമാറി, ശാസ്ത്രീയ തെളിവുകളുടെ അഭാവം, മാതാപിതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം, ആത്മഹത്യതന്നെയെന്നുറപ്പിച്ചുള്ള അന്വേഷണം' തുടങ്ങി പ്രോസിക്യൂഷനെതിരെയുള്ള കുറ്റപത്രമായിത്തന്നെ വിധി മാറിയപ്പോള്‍, അന്വേഷണ റിപ്പോര്‍ട്ടില്‍ മജിസ്ട്രേറ്റ് കണ്ടെത്തിയ ഗുരുതരമായ പിഴവുകളും ദൗര്‍ബല്യങ്ങളും സൂക്ഷ്മമായി പരിശോധിച്ച്, കോടതി അതു തള്ളിക്കളയാതിരുന്നതെന്തുകൊണ്ടെന്ന ഗൗരവമായ ചോദ്യം ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കെതിരായിത്തന്നെയാണ് ഉയരുന്നത്.

എന്നാല്‍ കേരളം നടുങ്ങിയുണരേണ്ടതു മറ്റു ചില യാഥാര്‍ത്ഥ്യങ്ങളിലേക്കു കൂടിയാണ്. മൊഴി കൊടുക്കാന്‍ വൈകിയതും മൊഴിയിലെ വൈരുദ്ധ്യവും മാതാപിതാക്കളുടെ നിരുത്തരവാദിത്വത്തിന്‍റെ തെളിവാണ്. ചിതറിപ്പോയൊരു കുടുംബംതന്നെയാണ് ആദ്യവില്ലന്‍. പീഡനത്തിനിരയാകുന്ന കുട്ടികളുടെ പുനരധിവാസം വലിയൊരു സാമൂഹ്യദുരന്തമാകുന്നതിന്‍റെ നേരനുഭവമുണ്ട്. പീഡനത്തിനിരയാക്കുന്നത് അടുത്ത ബന്ധുവാണെങ്കില്‍ വിചാരണ തീരുവോളം ചിലപ്പോള്‍ അതു കഴിഞ്ഞും 'നിര്‍ഭയ' പോലുള്ള താത്കാലിക തടവറകളില്‍ കുട്ടി തുടരുകയെന്ന ദുരിതം സമാനതകളില്ലാത്തതാണ് വേട്ടക്കാരന്‍ വീട്ടിലും ഇര ജയിലിലുമെന്ന വിചിത്ര നീതിയാണത്. തുടരുന്ന പീഡനത്തിന്‍റെ ഈ 'സുരക്ഷാക്രമം' മാറണം. വീട്ടകവും വേണ്ടപ്പെട്ടവരുംതന്നെയാണു പലപ്പോഴും പീഡകരെന്ന വസ്തുതയും നമ്മെ ഭയപ്പെടുത്തണം.

അന്വേഷണത്തിലും വിചാരണയിലും രാഷ്ട്രീയം കലര്‍ത്തിയവര്‍ ഇനിയെങ്കിലും തന്‍റെ മക്കളുടെ ദുര്‍വിധിയെ രാഷ്ട്രീയവത്കരിക്കരുതേയെന്ന അമ്മയുടെ വിലാപം, എവിടെയും ആദ്യമെത്തി കൊടികുത്തുന്ന രാഷ്ട്രീയ കേരളത്തിനും എല്ലാം വേഗം വായിച്ചു മറക്കുന്ന മലയാളിക്കുമെതിരായുള്ള വേവലാതി തന്നെയാണ്. ശിശുസംരക്ഷകര്‍ തന്നെ ശിക്ഷകരായി മാറിയ അപൂര്‍വതകൊണ്ട് അപഹാസ്യമായ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യോഗ്യത പ്രധാന മാനദണ്ഡമാക്കി, ശിശുസരംക്ഷണസമിതികള്‍ രാഷ്ട്രീയവിമുക്തമാക്കണം. അപ്പീലിനു പോകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ 'അപ്പീലു'കാത്തുകിടക്കുന്ന കൗമാര കേരളമുണ്ടെന്നു മറക്കരുത്. വാളയാര്‍ കേരളത്തിന്‍റെ 'യഥാര്‍ത്ഥ' ചെക്ക്പോസ്റ്റാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org