‘ശരി’യല്ലാത്ത തെരഞ്ഞെടുപ്പ് ‘ദൂര’ങ്ങള്‍

‘ശരി’യല്ലാത്ത തെരഞ്ഞെടുപ്പ് ‘ദൂര’ങ്ങള്‍

ഇത്തവണ ഉപതെരഞ്ഞെടുപ്പിന്‍റെ മട്ടും മാതിരിയും ഒരു പൊതുതെരഞ്ഞെടുപ്പിന്‍റെ പ്രതീതിയിലേക്കു ചുവടുമാറിയെങ്കില്‍ അതിനു പുറകില്‍ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം അഞ്ചായതു മാത്രമല്ല, കേരളത്തിന് ഇതുവരെയും പരിചിതമല്ലാത്ത പ്രചാരണപരിസരങ്ങളില്‍, അവിചാരിതമായ ചില മുദ്രകളിലും, മുദ്രാവാക്യങ്ങളിലും അതടയാളപ്പെടുത്തപ്പെട്ടതുകൊണ്ടുകൂടിയാണ്.

തെരഞ്ഞെടുപ്പു ഫലം ഇരുമുന്നണികള്‍ക്കും പൂര്‍ണമായ ആഹ്ലാദം സമ്മാനിക്കുന്നില്ല. നേട്ടവും വാട്ടവും ഇരുഭാഗത്തുമുണ്ട്. പരമ്പരാഗതമേഖലകളിലെ വോട്ട് ചോര്‍ച്ചകള്‍ നല്കുന്ന പരിക്കുകള്‍ ഇരുകൂട്ടരെയും ആശ്ചര്യപ്പെടുത്തുമ്പോള്‍, കൂടുതല്‍ നഷ്ടം താരതമ്യേന വലതുമുന്നണിക്കുതന്നെയാണ്. പാലാ നല്കിയ അപ്രതീക്ഷിത നടുക്കം വിട്ടുമാറുംമുമ്പാണു വട്ടിയൂര്‍ക്കാവും കോന്നിയും കൈവിട്ടുപോയത്. മറുവശത്ത് അരൂര്‍ നല്കിയ ആഘാതം അടുത്തകാലത്തൊന്നും ഇടതുമുന്നണിയെ വിട്ടുപോകില്ലെന്ന് ഉറപ്പാണ്. ഇതിനിടയില്‍ മിക്കയിടത്തും വോട്ട് കുറഞ്ഞു തീര്‍ത്തും അപ്രസക്തമാകുന്നതിന്‍റെ അങ്കലാപ്പിലാണു ബി.ജെ.പി. നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യസഖ്യം. വോട്ടുറപ്പിക്കാന്‍ ഇടതു-വലതു മുന്നണികള്‍ പയറ്റുന്ന തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പുകാലത്തെ പ്രത്യേകതകളും പ്രശ്നങ്ങളും മാത്രമായി നാം പതുക്കെ മറക്കുകയാണു പതിവ്. എന്നാല്‍ സാംസ്കാരിക കേരളത്തിനു തീര്‍ത്തും പരിചിതമല്ലാത്ത പ്രചാരണപരിപാടികളുമായി മുന്നണികള്‍ മുന്നേറിയപ്പോള്‍, മലയാളത്തിന്‍റെ മതേതരമനസ്സിനെ ആഴത്തില്‍ മുറപ്പെടുത്തിയ ദുരനുഭവങ്ങള്‍കൊണ്ടുകൂടി ശ്രദ്ധേയമായി ഇക്കുറി തെരഞ്ഞെടുപ്പു രാഷ്ട്രീയം.

വട്ടിയൂര്‍ക്കാവില്‍ വലതുമുന്നണിക്കുവേണ്ടി പരസ്യമായി വോട്ട് ചോദിച്ചു പ്രചാരണത്തിനിറങ്ങിയത്, കേരളത്തിലെ ഏറ്റവും പ്രബലമായ ഒരു സമുദായനേതൃത്വമാണ്. തെരഞ്ഞെടുപ്പു കാലത്തു ചില മത-സമുദായനേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ മാത്രം ഇത്തരം പിന്തുണയുറപ്പിക്കല്‍ നാടകങ്ങള്‍ പരിമിതപ്പെടുത്തിയിരുന്ന പതിവു കാഴ്ചകള്‍ക്കപ്പുറത്ത്, ഒരു പ്രമുഖ ഹിന്ദുസമുദായ സംഘടനയുടെ അനുചിതവും അസാധാരണവുമായ രാഷ്ട്രീയ ഇടപെടല്‍ സാംസ്കാരികകേരളത്തിന് അരോചകമായി തോന്നി. മറുവശത്തു കോന്നിയില്‍ ആ ഊഴം ബിജെപിയുടേതായിരുന്നു, വോട്ടു ചോദിച്ചപഹാസ്യരായതു ക്രൈസ്തവസഭയിലെ ഒരു പ്രത്യേക വിഭാഗവും!

മഞ്ചേശ്വരത്ത് ഇടതുമുന്നണിയും ചില വേഷംകെട്ടലുകള്‍ക്കൊരുങ്ങി! ലോക്സഭാതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായ ശബരിമല പ്രശ്നം, ഇക്കുറിയും തിരിച്ചടിച്ചാലോ എന്നു ഭയന്ന്, മുഖ്യമന്ത്രിതന്നെ സ്ഥാനാര്‍ത്ഥിയെ 'വിശ്വാസി'യായി അവതരിപ്പിച്ചു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും നേടിയ വിജയത്തെ മതേതര കേരളത്തിന്‍റെ മഹത്തായ രാഷ്ട്രീയവിജയമെന്ന് ഇടതുമുന്നണി ആഘോഷിക്കുമ്പോഴും, 'പാലാ'യില്‍ മറ്റൊരു ഹൈന്ദവ ഭൂരിപക്ഷസമുദായത്തിന്‍റെ 'കോന്തല'ത്തുമ്പിലായിരുന്നു അവരെന്നു മറക്കാന്‍ സമയമായിട്ടില്ല.

കേരളരാഷ്ട്രീയം 'രാഷ്ട്രീയവിമുക്ത'മായിട്ടു നാളേറെയായി. മുന്നണി രാഷ്ട്രീയത്തിന്‍റെ അടുക്കളവഴിയിലൂടെ, പ്രത്യക്ഷമായും പരോക്ഷമായും വിവിധ മത-സാമുദായിക ശക്തികള്‍ക്കു നിരന്തരം നിരന്നും ഇരന്നും തങ്ങളുടെ സാമ്പത്തിക സ്വാധീനതാത്പര്യങ്ങള്‍ സംരക്ഷിക്കാനവസരം നല്കിക്കൊണ്ടു രാഷ്ട്രീയത്തെ പ്രത്യേകിച്ചു തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ വിലകുറഞ്ഞ വിലപേശലിന്‍റെ വികലവേദിയാക്കിയ രാഷ്ട്രീയവത്കരിച്ചതില്‍ ഇരുമുന്നണികള്‍ക്കും കുറ്റകരമായ പങ്കുണ്ട്. സംസ്ഥാനത്തെ ക്യാബിനറ്റ് പദവികള്‍പോലും ഇത്തരം ജാതി- രാഷ്ട്രീയ സമവാക്യങ്ങളെ പൂരിപ്പിക്കാന്‍ ദുരുപയോഗിക്കുന്നത് അപമാനകരമാണ്.

വികസനമെന്നാല്‍ 'മെട്രോ'യുടെ ആകാശയാത്ര മാത്രമല്ലെന്നും താഴെ നടക്കുന്നവര്‍ വെള്ളക്കെട്ടില്‍ ചുവടു തെറ്റാതിരിക്കുന്നതു കൂടിയാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട്, തെരഞ്ഞെടുപ്പിന്‍റെ യഥാര്‍ത്ഥ ചിഹ്നം ജനവും ജനകീയപ്രശ്നങ്ങളുമാണെന്നും ഇക്കഴിഞ്ഞ 'പഞ്ചാങ്കം' തെളിയിച്ചു. ദേശീയത മുദ്രാവാക്യമാക്കി കുഴച്ചുണ്ടാല്‍ വിശപ്പു മാറില്ലെന്ന തിരിച്ചറിവില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തെരഞ്ഞെടുപ്പില്‍ ജനം നല്കിയ മുന്നറിയിപ്പും ശ്രദ്ധേയമായി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപരമ്പരകളിലേക്കു കേരളം പ്രവേശിച്ചതു നവോത്ഥാന പരിപാടികളുടെ പടികയറിയായിരുന്നു. 'ജാതി ചോദിക്കാതിരിക്കാ'നുള്ള മാനവികതയുടെ വിദ്യാവെട്ടം നേരത്തെ തന്നെ ക്രൈസ്തവ മിഷനറിമാര്‍ കേരളത്തിന്‍റെ ഉമ്മറപ്പടിയില്‍ കൊളുത്തിയിരുന്നു. പഴയ ജാതിചിന്തയുടെയും സമുദായ സത്യാവിഷ്കാരത്തിന്‍റെയും സങ്കുചിതാചാരങ്ങളിലേക്കു നമ്മുടെ നാടു വീണ്ടും പിന്‍വലിയാതിരിക്കാന്‍ പൊതുബോധത്തിന്‍റെ പൊതുഇടങ്ങളെ കുറേക്കൂടി വികസ്വരമാക്കേണ്ടതുണ്ട്. അതിനുള്ള രാഷ്ട്രീയ പ്രബുദ്ധതയും ചരിത്രബോധവും നമുക്കുണ്ടാകണം. ഒപ്പം നവോത്ഥാന പരിപാടികള്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടെ പരസ്യപ്പലകയാകുന്നതിന്‍റെ അപകടവും തിരിച്ചറിയണം. രാഷ്ട്രീയനിലപാടുകളെ പരസ്യമായ പാര്‍ട്ടിപരിപാടികളിലൂടെ ഔപചാരികമാക്കാതെ സമ്മര്‍ദ്ദങ്ങളുടെ സമദൂരവും കക്ഷിതാത്പര്യങ്ങളുടെ ശരിദൂരവുംകൊണ്ടു സാക്ഷരകേരളത്തെ അളന്നെടുക്കാനുള്ള ചില സമുദായനേതൃത്വ ശ്രമങ്ങളെ രാഷ്ട്രീയ പ്രബുദ്ധ കേരളം തോല്പിക്കുകതന്നെ ചെയ്യും. പരസ്പരം വെറുക്കാനും ക്രുദ്ധരാകാനും മാത്രമല്ലാതെ കൈ കോര്‍ക്കാനും ചേര്‍ന്നുനടക്കാനും പ്രേരിപ്പിക്കുന്ന രാഷ്ട്രീയത്തെ നാടു വീണ്ടെടുക്കട്ടെ. 'നല്ല തെരഞ്ഞെടുപ്പി'ലൂടെ നാടിനെയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org