പ്രളയത്തിനപ്പുറവും ജീവിതമുണ്ട്

പ്രളയത്തിനപ്പുറവും ജീവിതമുണ്ട്

പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും കഴിഞ്ഞു. പെരിയാറും മലബാര്‍ മലകളും തങ്ങളുടെ രൗദ്രവേഷങ്ങള്‍ അഴിച്ചുവച്ചു. എന്നാല്‍ ഇവ സമ്മാനിച്ച നഷ്ടങ്ങളും ദുരന്തങ്ങളും ബാക്കി. ദുരിതാനന്തരമുള്ള പുനര്‍നിര്‍മാണവും പുനരധിവാസവും എങ്ങനെയാകണമെന്നുള്ള ചര്‍ച്ചകളിലാണു കേരളം. ഒരു നവകേരള നിര്‍മിതിക്കായുള്ള രുചിക്കൂട്ടുകള്‍ എന്തൊക്കെയാണ്?

പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളില്‍ തകര്‍ന്ന മലയാളിയുടെ, സഭാസമൂഹത്തിന്‍റെ മനസ്സ് എങ്ങനെ പുതുക്കിപ്പണിയാം എന്നതായിരിക്കണം നമ്മുടെ പ്രഥമ പരിഗണന. കയ്യിലെന്തുണ്ട് എന്നതല്ല (ഉള്‍)കാമ്പിലെന്തുണ്ട് എന്നതാണു പ്രതിസന്ധികളില്‍ തകര്‍ന്നുപോയ ഒരു സമൂഹത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്പ് വേഗത്തിലാക്കുന്നത്. പാരമ്പര്യവും സംസ്കാരവും ഒരുമിച്ചു മെനഞ്ഞെടുത്ത മലയാളിയുടെ മനസ്സിനെ, ആത്മാവിനെ ഒരു ദുരന്തത്തിനും ഇല്ലാതാക്കാനാവില്ല എന്നു മലയാളി തെളിയിച്ചേ മതിയാവൂ. ഇക്കാര്യത്തില്‍ നവകേരള സമൂഹ നിര്‍മിതിയിലുുള്ള സഭാനേതൃത്വത്തിന്‍റെ സ്ഥാനം നാം തിരിച്ചറിയണം.

കെടുതിയനുഭവിച്ച മലയോരനിവാസികളുടെയും നദീതടത്തിലെ താമസക്കാരുടെയും വിശ്വാസികളുടെയും ദുരന്തമേഖലകള്‍ക്കു സ്ഥലകാലഭേദങ്ങളും പ്രാദേശികവും സാമൂഹികവുമായ വ്യത്യസ്ത രൂപഭാവങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി ഇനിയുള്ള നമ്മുടെ എല്ലാ പുനരുദ്ധാരണ, നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും ഒരേ അച്ചില്‍ വാര്‍ത്ത അളവുകോലുകള്‍ കേരളം മുഴുവന്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതു മണ്ടത്തരമായിരിക്കും. മാത്രമല്ല, ഈ നാട്ടിലെ സകല വ്യക്തികളും സാമൂഹ്യപ്രസ്ഥാനങ്ങളും മതസംവിധാനങ്ങളും ഗവണ്‍മെന്‍റിന്‍റെ സംവിധാനങ്ങളോടൊപ്പം ഒന്നിച്ചു മുന്നിട്ടിറങ്ങുകയാണു കരണീയം. ഓരോ വിഭാഗങ്ങളും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കാനും സമൂഹത്തിന്‍റെ കയ്യടി നേടാനുമായി ആയിരം വീട്, ആയിരം ശുചിമുറി എന്നിങ്ങനെയുള്ള ആയിരം പദ്ധതികള്‍ ലക്ഷ്യബോധമില്ലാതെ പ്രഖ്യാപിക്കുന്നതില്‍ കഴമ്പില്ല.

ഇടുക്കി, വയനാട് തുടങ്ങിയ മലയോര മേഖലകളിലും കുട്ടനാട്, പമ്പ, പെരിയാര്‍ തുടങ്ങിയ നദീതടങ്ങളിലും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സ്വാഭാവികബന്ധം പുനര്‍നിര്‍വചിക്കേണ്ടതിന്‍റെ ആവശ്യമുണ്ട്. സാധാരണക്കാരന്‍റെയും കര്‍ഷകന്‍റെയും വളര്‍ച്ചയെയും സുരക്ഷയെയും ഒരുപോലെ മനസ്സില്‍ കണ്ട്, ക്ഷമയോടെ, മുന്‍വിധികളില്ലാതെ ശാസ്ത്രീയ അടിത്തറയില്‍ ഒരു പൊതുവികസന നിലപാട് രൂപപ്പെടുത്തിയെടുക്കാന്‍ സഭയ്ക്കു കടമയുണ്ട്. കഴിഞ്ഞ 200 വര്‍ഷത്തെ കേരളമണ്ണിന്‍റെ ചരിത്രം പരിശോ ധിച്ചാല്‍ സഭ എങ്ങനെയാണു കേരളസമൂഹത്തിന്‍റെ വളര്‍ച്ചയില്‍ മുന്‍ഗണനകള്‍ നിശ്ചയിച്ചുകൊടുത്തതെന്നു കാണാം.

പ്രകൃതിയിലും സഭയ്ക്കകത്തുമുണ്ടായ ഈ പ്രളയങ്ങള്‍ വീടിനെയും നാടിനെയും എന്നപോലെ മനുഷ്യമനസ്സുകളെയും തകര്‍ത്തിട്ടുണ്ട്. ധൈര്യമുള്ള മനസ്സാണു പ്രതികൂലസാഹചര്യങ്ങളോടു പൊരുതിക്കയറുവാന്‍ മനുഷ്യനെ പ്രചോദിപ്പിക്കുന്നത്. പ്രളയം തകര്‍ത്തവരുടെ മുന്നില്‍ നീണ്ടുകിടക്കുന്ന പ്രശ്നങ്ങളുടെ പരിഹാരം തേടിയിറങ്ങാന്‍ അവര്‍ക്ക് ആത്മധൈര്യം നല്കാനുള്ള പദ്ധതികള്‍ ആദ്യമേതന്നെ ആവിഷ്കരിക്കാന്‍ നമുക്കു കടമയുണ്ട്; അതാണു നമ്മുടെ ദൗത്യവും.

കേരളം കണ്ട ഈ മഹാപ്രളയം തകര്‍ത്ത ജീവിതങ്ങളോടുള്ള സഭയുടെ ഇടപെടല്‍ നിര്‍ണായകമാണ്. രൗദ്രഭാവം പൂണ്ട പ്രകൃതിയും മാധ്യമവിചാരണകളും തകരാറിലാക്കിയ ജനമനസ്സുകളുടെ കേടുപാടുകള്‍ തീര്‍ക്കാനും അഴിച്ചുപണികള്‍ നടത്താനുമുള്ള ഒരു കൂട്ടുത്തരവാദിത്വം സഭാനേതൃത്വത്തിനുണ്ട്.

ഏതൊരു ദുരന്തത്തിലും ഏറ്റവും കൂടുതല്‍ കഷ്ടതയനുഭവിക്കുന്നതു സമൂഹത്തിന്‍റെ ഏറ്റവും ദുര്‍ബല വിഭാഗമായിരിക്കും. സ്വാഭാവികമായും അവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരും വികലാംഗരും പെടും. ഇവരെപ്പോലെ തന്നെ തങ്ങളുടെ ദുരന്തത്തില്‍നിന്നു കരകയറാന്‍ ഗവണ്‍മെന്‍റും സഭയുമൊരുക്കുന്ന പദ്ധതികള്‍ സ്വമേധയാ മുന്നോട്ടുവന്നു സ്വന്തമാക്കാന്‍ മടിക്കുന്ന വേറൊരു മദ്ധ്യ വര്‍ഗം കൂടി സമൂഹത്തിലുണ്ട്. മറ്റുള്ളവരില്‍ നിന്ന് തങ്ങള്‍ക്കു വേണ്ട ആനുകൂല്യവും സഹായങ്ങളും മുന്നിലെത്തി വാങ്ങാന്‍ അവരുടെ നിലയും വിലയും ആത്മാഭിമാനവും അവരെ അനുവദിക്കുന്നില്ല. സഹായം തേടിയിറങ്ങാന്‍ ജാള്യത കാണിക്കുന്ന ഈ മദ്ധ്യവര്‍ഗത്തിലേക്കു സഹായമായി ഇറങ്ങാന്‍, ഒരു "നല്ല അയല്‍ക്കാരനാ"കാന്‍ സഭയ്ക്കാകണം. ഈ കെടുതികള്‍ക്കപ്പുറവും പച്ചപ്പുള്ള ഒരു ലോകമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org