മാധ്യമ സംവേദനത്തിന് ഉണ്ടാകേണ്ട ക്രിസ്തീയത

മാധ്യമ സംവേദനത്തിന് ഉണ്ടാകേണ്ട ക്രിസ്തീയത

ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം അവന്‍ എഴുത്തുകാരനോ വായനക്കാരനോ ആകട്ടെ, സാഹിത്യവും എഴുത്തും വായനയുമെല്ലാം സുവിശേഷം പ്രഘോഷിക്കാനും ജീവിക്കാനുമുള്ള ആയുധമാണ്. സഭയുടെ സാമൂഹ്യപ്രബോധനങ്ങളുടെ അന്തഃസത്തയും അതുതന്നെ. അര്‍ണോസ് പാതിരിയെപ്പോലുള്ള വിദേശ മിഷനറിമാര്‍ നമ്മുടെ ഭാഷയും സാഹിത്യവും പഠിച്ചത്, കൃതികള്‍ രചിച്ചത് നമ്മെ സുവിശേഷം പഠിപ്പിക്കാനാണ്; ഈ ദേശത്തിന്‍റെ സുവിശേഷം ജീവിക്കാനാണ്.

ഹാന്‍സ് ജോര്‍ജ് ഗാഡ്മറെയെപോലുള്ള ചിന്തകര്‍ അവതരിപ്പിക്കുന്ന "Fusion of Horizons" അഥവാ "ചക്രവാളങ്ങളുടെ കണ്ടുമുട്ടല്‍" എന്ന ചിന്ത ക്രിസ്തീയ എഴുത്തുകളെ അവതരിപ്പിക്കുന്നതിനും വായിക്കുന്നതിനും വിശ്വാസിയെ പ്രചോദിപ്പിക്കുന്നു. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതപ്പെട്ട സുവിശേഷത്തിന്‍റെ ചക്രവാളത്തെ ആനുകാലികസംഭവങ്ങള്‍ സമ്മാനിക്കുന്ന ചക്രവാളങ്ങളുമായി സംയോജിപ്പിക്കാനുള്ള ഒരു എഴുത്തുകാരന്‍റെ മനസ്സാണ്, ഒരു വായനക്കാരന്‍റെ ക്ഷമതയാണ് അവനെ കാലത്തിന്‍റെ വിശ്വാസിയാക്കുന്നത്. അങ്ങനെയാണ് എഴുത്തുകാരനിലെ പ്രവാചകന്‍ ജനിക്കുന്നത്. സഭയിലും സമൂഹത്തിലും നടക്കുന്ന സംഭവങ്ങളെ വിമര്‍ശിച്ചു സന്തോഷിക്കലല്ല, പ്രവാചകധീരതയോടെ അതിനുള്ള പോംവഴികള്‍ വെട്ടുകയാണ് ഒരു കത്തോലിക്കാ എഴുത്തുകാരന്‍റെ ധര്‍മ്മം. ചക്രവാളങ്ങള്‍ കണ്ടുമുട്ടുന്നതപ്പോഴാണ്. ഒരു ക്രൈസ്തവന്‍റെ പത്രധര്‍മ്മത്തിന്‍റെ മര്‍മ്മവും അതുതന്നെ – ചക്രവാളങ്ങളെ സംയോജിപ്പിക്കല്‍.

ക്രൈസ്തവ ധര്‍മ്മത്തോടെയുള്ള എഴുത്ത് അതിനാല്‍ ത്തന്നെ കാതോലികമാകുന്നു; സമൂഹത്തെ ഒന്നായി ബാധിക്കുന്നതാകുന്നു. സഭ ലോകത്തിലാണല്ലോ. സഭയുടെ നന്മ ലോകത്തിന് ഉപകാരമാകുന്നു; സഭയുടെ ശുദ്ധീകരണം ലോകത്തിന്‍റേതുമാകുന്നു. നമ്മുടെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിലും അതിന്‍റെ വായനയിലും ഈ സാര്‍വലൗകീകത കടന്നുവരുമ്പോഴാണു നമ്മുടെ എഴുത്തുകള്‍ക്ക് ജീവനുണ്ടാവുക, വായനയ്ക്കു ഫലം പുറപ്പെടുവിക്കാനാവുക.

ഒരു കത്തോലിക്കാ വിശ്വാസിയുടെ എഴുത്തിലും വായനയിലും പ്രബോധനാംശവും വിശദീകരണഭാവവും വിമര്‍ശനാത്മക നിലപാടും സമഞ്ജസമായി സമ്മേളിക്കണം. ഞാന്‍ പറയുന്നതു മാത്രം ശരി, നിങ്ങള്‍ പറയുന്നതു തെറ്റ് എന്നു പറയുന്ന കഠിന നിലപാട് നമ്മുടെ ചില അച്ചടി-സോഷ്യല്‍ മീഡിയ എഴുത്തുകളിലും വായനകളിലും കടന്നുകൂടുന്നുണ്ട്. പ്രബോധനത്തിന്‍റെയും വിശദീകരണത്തിന്‍റെയും വിമര്‍ശനത്തിന്‍റേതുമായ കാര്യങ്ങളിലുള്ള ആനുപാതികമായ ഊന്നലുകളാണു ക്രിസ്തീയന്‍റെ എഴുത്തിനെ ക്രൈസ്തവമാക്കുന്നത്. ഇതൊരു സംഭാഷണത്തിന്‍റെ ശൈലിയാണ്; സത്യത്തിന്‍റെ കുത്തക എന്‍റെ കയ്യിലാണ് എന്ന ധാര്‍ഷ്ട്യം വെടിയലാണ്. മതിലുകളല്ല, പാലം പണിയുകയാണ് ക്രൈസ്തവന്‍റെ ധര്‍മ്മമെന്ന ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്.

ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും അതിന്‍റെ വായനക്കാരും കടന്നുപോകേണ്ട കഠിനമായ ഒരു ആത്മശോധനയിലേക്കാണു വിരല്‍ചൂണ്ടാനാഗ്രഹിക്കുന്നത്. വായനക്കാരനെ അറിവില്ലാത്ത വെറും മണ്ടനായി കാണുമ്പോള്‍ പ്രബോധനത്തിന്‍റെ അതിപ്രസരവും അമിതവിശദീകരണ പ്രവണതയും എഴുത്തുകാരനില്‍ കടന്നുകൂടും. എഴുതുന്ന എനിക്ക് എല്ലാ സത്യങ്ങളും അറിയാം, എന്‍റേതാണ് അവസാന വാക്ക് എന്ന ചിന്ത കയറുന്ന എഴുത്തുകാരനില്‍ ഒരു നിത്യവിമര്‍ശകന്‍റെ പ്രേതവും കയറിക്കൂടും. പ്രബോധന-വിശദീകരണ-വിമര്‍ശന ത്രയങ്ങളുടെ ആനുപാതിക അളവിലുള്ള എഴുത്താണു സഭാ എഴുത്തുകാരെ വര്‍ത്തമാനസമൂഹത്തില്‍ പ്രസക്തരാക്കുന്നത്. അല്ലെങ്കില്‍ നമ്മുടെ എഴുത്തുകളെല്ലാം ജാതിവൈരവും സാമുദായികഗര്‍വ്വും വര്‍ഗസ്പര്‍ദ്ധയും ഉണ്ടാക്കുന്ന വെടിമരുന്നുശാലകളാകും.

സഭയിലെ പ്രശ്നം സമൂഹത്തിന്‍റെ പ്രശ്നമാണ്. സമൂഹത്തിന്‍റേതു സഭയുടേതും. "സമൂഹത്തെ നവീകരിക്കുക എന്നതാണ് എന്‍റെ ആഗ്രഹമെങ്കില്‍ പത്രപ്രവര്‍ത്തനമാണ് അതിനു പറ്റിയ എളുപ്പവഴി" എന്ന ടോം സ്റ്റോപ്പാസിന്‍റെ വാക്കുകള്‍ സ്മരണയിലുണ്ടാകട്ടെ. സമൂഹത്തിന്‍റെ ഹൃദയത്തുടിപ്പുകളോട് അടുത്തുനില്ക്കാന്‍ നമുക്ക് എഴുത്തുകാരാകാം, നല്ല വായനക്കാരാകാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org