മഹാമാരിയുടെ മരണപ്പട്ടിക

മഹാമാരിയുടെ മരണപ്പട്ടിക

വീടിനും വിശപ്പിനും കരുതലുറപ്പാക്കി ഐക്യകേരള ചരിത്രത്തിലെ 23-ാം മന്ത്രിസഭ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ മെയ് 20-ന് കേരളത്തിലെ പ്രതിദിന കോവിഡ് മരണനിരക്ക് 128 ആയിരുന്നു. ഇപ്പോള്‍ അത് 200 ലേയ്‌ക്കെത്തുന്നു. ജനക്ഷേമ പദ്ധതികളിലൂടെ തുടര്‍ഭരണ മുറപ്പാക്കി പിണറായി സര്‍ക്കാര്‍ തുടരുമ്പോള്‍ കോവിഡുയര്‍ത്തുന്ന പ്രശ്‌നങ്ങളും, പ്രതിസന്ധികളും സമാനതകളില്ലാതെ തുടരുകയാണ്. കൂടാതെ ബ്ലാക്ക് ഫംഗസ് എന്ന പുതിയ മാരണം മരണതുല്യമായി മുന്നിലുണ്ട്. കോവിഡ് മുക്തരിലാണ് ഇതിന്റെ ആക്രമണമധികവുമെന്നതിനാല്‍ പ്രതിരോധവും ചികിത്സയും കുറെക്കൂടി ശാസ്ത്രീയമായി വിപുലീകരിക്കണമെന്ന് വ്യക്തം.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇതുവരെ 329 ഡോക്ടര്‍മാര്‍ മരിച്ചതായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്റെ വെളിപ്പെടുത്തല്‍. ആദ്യതരംഗത്തില്‍ അത് 748 ആയിരുന്നു. കേരളത്തില്‍ രണ്ടാം തരംഗത്തില്‍ കോവിഡ് 3 ഡോക്ടര്‍മാരുടെ ജീവനെടുത്തു. സ്വകാര്യ ആശുപത്രികളിലെ മാത്രം കണക്കാണിതെന്നറിയുമ്പോഴാണ് കോവിഡ് ചികിത്സാരംഗം അഭിമുഖീകരിക്കുന്ന അതിസങ്കീര്‍ണ്ണമായ അപകടത്തോത് വെളിവാകുന്നത്.

രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷവും ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് ശമനമുണ്ടാകുന്നില്ല എന്നതും കോവിഡ് ലക്ഷണങ്ങളില്ലാതിരിക്കെ മറ്റ് രോഗങ്ങള്‍ക്കായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവര്‍ കോവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നതും ആശങ്കയുയര്‍ത്തുകയാണ്.

രണ്ടാം തരംഗത്തില്‍ മരണപ്പെടുന്നവരിലധികവും 45 വയസ്സില്‍ താഴെയുള്ളവരാണ്. അവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇപ്പോഴും പൂര്‍ണ്ണതോതില്‍ സജ്ജമായിട്ടില്ല എന്നത് സ്ഥിതി ഗുരുതരമാക്കുന്നു. ഇപ്പോഴത്തെ നിലയിലുള്ള വാക്‌സിന്‍ നിര്‍മ്മാണ വും വിതരണവും ഈ രീതിയിലാണ് പുരോഗമിക്കുന്നതെങ്കില്‍ 2023-ല്‍ പോലും ഇന്ത്യയില്‍ പകുതി ആളുകള്‍ക്കു പോലും വാക്‌സിനേഷന്‍ അപ്രാപ്യമാകുമെന്നുറപ്പാണ്. രണ്ടു വാക്‌സിനും സ്വീകരിച്ചവര്‍ ജനസംഖ്യയുടെ 3.46 ശതമാനം മാത്രമാണ്. ഇതിനിടയില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ഇതുവരെയും ലോകാരോഗ്യസംഘടനയുടെ അംഗീകാരം കിട്ടിയിട്ടില്ല എന്നതും ആശങ്കയേറ്റുന്നുണ്ട്. ഈ വര്‍ഷം തന്നെ മൂന്നാം തരംഗമെന്ന ഭയം മുന്നറിയിപ്പായി മുന്നിലുള്ളപ്പോള്‍ പരമാവധി വാക്‌സിനേഷന്‍ മാത്രമാണ് പരിഹാരമെന്ന് വ്യക്തം. കേന്ദ്രം നല്കിയ വാക്‌സിന്‍ പാഴാക്കാതെ മുഴുവനും ഫലപ്രദമായി ഉപയോഗിച്ച ഏക സംസ്ഥാനമാണ് കേരളം. എന്നിട്ടും വാക്‌സിന്‍ വിതരണത്തിലെ അസമത്വവും അനീതിയും ചോദ്യം ചെയ്ത് കേരളത്തിന് ഈ ദുരിതകാലത്ത് കോടതി കയറേണ്ടി വന്നുവെന്നത് മറക്കരുത്. പ്രഭാഷണങ്ങളവസാനിപ്പിച്ച് പ്രവര്‍ത്തിയിലേക്ക് മടങ്ങുന്ന ഒരു പ്രധാനമന്ത്രിയെ ഈ രാജ്യം മുമ്പത്തേക്കാളേറെ ആഗ്രഹിക്കുന്നുണ്ട്; കരയുന്ന പ്രധാനമന്ത്രിയല്ല, കരുത്തോടെ കര്‍മ്മനിരതനാകുന്ന ഒരു ഭരണാധികാരിയെ നാം ഇപ്പോള്‍ കൂടുതലായി അര്‍ഹിക്കുന്നുമുണ്ട്.

കോവിഡ് പ്രതിരോധരംഗത്ത് അതിന്റെ ആരംഭം മുതല്‍ അതിശക്തമായ നിലപാടുകളും നര്‍ദ്ദേശങ്ങളുമായി കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പിനൊപ്പം മറ്റ് വകുപ്പുകളും കോവിഡ് പോരാട്ടത്തില്‍ ഒരേ മനസ്സോടെ ഒന്നിച്ചപ്പോള്‍ ഒന്നാം തരംഗം കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കാതെ കടന്നുപോയി. പുതിയ ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ് ചുമതലയേല്‍ക്കുമ്പോള്‍ നിപ്പ ഉള്‍പ്പെടെയുള്ള മഹാമാരികളെ നേരിട്ട വിദഗ്ദ്ധ സംഘം കൂടെയുണ്ടെന്നുള്ളതാണ് തുടര്‍ഭരണമുറപ്പാക്കുന്ന അതിജീവനാനുഭവത്തിന്റെ അടിസ്ഥാനം. വ്യക്തിയുടെ നേതൃശേഷിക്കപ്പുറത്ത് സംവിധാനത്തിന്റെ (system) ഏകീകരണവും ഏകാഗ്രതയും തന്നെയാണ് നിലതെറ്റുന്ന ഈ കാലത്ത് നിര്‍ണ്ണായകം.

ആരോഗ്യപ്രവര്‍ത്തകരെപ്പോലെ ഈ കെട്ടകാലത്ത് ക്യാമറയും മൈക്കും തൂക്കി വാര്‍ത്താ ശേഖരണത്തിരക്കിനിടെ ജീവനര്‍പ്പിച്ച നിരവധി മാധ്യമ പ്രവര്‍ത്തകരുണ്ട്. ഈ അടുത്തകാലത്ത് മാത്രമാണ് വാക്‌സിന്‍ സ്വീകരണ യോഗ്യതാപ്പട്ടികയിലെ ആദ്യനിരക്കാരാകാന്‍ അവര്‍ക്കായത്. തീര്‍ത്തും അരക്ഷിതമായ അവസ്ഥകളിലും ഒട്ടും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളിലൂടെ നൂറുകണക്കിന് വാര്‍ത്താലേഖകര്‍ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്നത് ഉത്തരവാദിത്വപ്പെട്ടവര്‍ ഓര്‍ത്ത് വയ്ക്കണം.

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ മാത്രം ഇന്ത്യയില്‍ മരണപ്പെട്ടത് 191 കത്തോലിക്കാ വൈദികരും 196 സന്യാസിനിമാരുമാണ്. ഇതില്‍ മെത്രാന്മാരും ഉള്‍പ്പെടും. കേരളത്തിലെ കണക്കിന് പുറമെയാണിത്. 30014 വൈദികര്‍ മാത്രമുള്ള ഭാരത കത്തോലിക്കാ സഭയില്‍ പുരോഹിതരുടെ മരണനിരക്ക് അനുദിനമെന്നോണം ഉയരുന്നത് ആശങ്കാജനകമാണ്. രാജ്യത്ത് കോവിഡ് മരണം മൂന്നു ലക്ഷം കവിഞ്ഞു. കേരളത്തില്‍ 7000 കടന്നു.

പള്ളിക്കു പുറത്തിറങ്ങുന്ന ആത്മീയതയുടെ പുതിയ പ്രയോഗ സാധ്യതകള്‍ ഈ മഹാമാരിക്കാലം കൂടുതലായി തുറന്നു തരുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കോവിഡാനന്തര ജീവിത സാഹചര്യങ്ങളെ ക്രമപ്പെടുത്തുന്ന കാര്യത്തിലും കത്തോലിക്കാ സഭ നടത്തുന്ന നേതൃപരമായ പങ്ക് പൊതുസമ്മതി നേടുകയാണ്. ഇരിങ്ങാലക്കുട രൂപതയിലെ വൈദിക കൂട്ടായ്മ 2 വെന്റിലേറ്ററുകളും, 10 ഹൗസ് ഹോള്‍ഡ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും സംഭാവന നല്കി. സി.എം.സി. അങ്കമാലി പ്രോവിന്‍സിലെ അധ്യാപകരായ സിസ്റ്റേഴ്‌സ് എല്‍എഫ് ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിചരിക്കാനെത്തി. സമാന സേവന സന്നദ്ധതയുമായി നിരവധി സമര്‍പ്പിതര്‍ ഇപ്പോള്‍തന്നെ സജീവമായി രംഗത്തുണ്ട്. പാതയോരങ്ങളില്‍ പാഥേയമായും കോവിഡ് ബാധിത മേഖലകളിലെ വീടുകളില്‍ സൗജന്യ പച്ചക്കറി കിറ്റുകളായും ക്രിസ്തുവിന്റെ തന്നെ വിവിധ വേഷപ്പകര്‍ച്ചകള്‍ക്കായി വിശ്വാസിസമൂഹം കൈകോര്‍ ക്കുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മുന്നണിപ്പോരാളികളായി, തുടരുന്ന സമര്‍പ്പിതര്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്തണം. അവര്‍ക്കുള്ള വാക്‌സിന്‍ മുന്‍ഗണനാപ്പട്ടികയിലുള്‍പ്പെടുത്തി നല്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. മെഡിക്കല്‍ കിറ്റ് പോലുള്ള ആരോഗ്യ നിര്‍ണ്ണയ ഉപകരണങ്ങള്‍ അര്‍ഹതപ്പെട്ടവരിലേക്ക് ഗുണമേന്മ കുറയാതെ കുറഞ്ഞ വിലയ്ക്ക് എത്തുന്നുണ്ടെന്ന് സഭാധികാരികള്‍ ഉള്‍പ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

കോവിഡ് മരണനിരക്ക് അനിയന്ത്രിതമായി ഉയരുമ്പോള്‍ വാക്‌സിനേഷന്‍ പോളിസിയിലും മാറ്റം വരുത്തേണ്ടി വരും. വാക്‌സിനേഷന്‍ സ്വീകരിച്ചവരാണോ കൂടുതലായി മരണപ്പെടുന്നത്? ഏത് വാക്‌സിന്‍ ആണ് അവര്‍ എടുത്തത്? രണ്ട് കോഴ്‌സും പൂര്‍ത്തിയാക്കിയിരുന്നോ? തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ വേഗത്തില്‍ പഠനവിധേയമാക്കണം. കൃത്യമായ ഡാറ്റ ഉപയോഗിച്ചുള്ള വിദഗ്ദ്ധമായ വിലയിരുത്തല്‍ മരണനിരക്ക് നിയന്ത്രിക്കാന്‍ പ്രയോജനപ്പെടും.
മരണത്തോളം നമ്മെ ദുഃഖിതരാക്കുന്ന മഹാമാരി, മഹാഭീതിയായി തുടരുമ്പോള്‍, സ്വയം പ്രതിരോധം മാത്രമാണ് ഈ കോവിഡ് യുദ്ധത്തില്‍ ഫലപ്രദം. അതിനര്‍ത്ഥം അകത്ത് കയറി അടച്ചിരിക്കുക എന്നു മാത്രമല്ല, പുറത്തിറങ്ങി പൊരുതുന്നവരെ പിന്തുണയ്ക്കുക എന്നു കൂടിയാണ്. കാരണം 'ഒരാള്‍ മാത്രം മുങ്ങുന്ന ബോട്ടല്ല നമ്മുടേത്.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org