‘വിട്ടുപോയത് പൂരിപ്പിക്കുക’

‘വിട്ടുപോയത് പൂരിപ്പിക്കുക’

കോവിഡൊരുക്കുന്ന നവസാധാരണതയുടെ (new normal) അനിവാര്യഘടകമായി അധ്യയനം ഓണ്‍ലൈനായതോടെ വിദ്യാലയം വീട്ടിലെത്തി. കേരളത്തില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം രണ്ടാം അധ്യയന വര്‍ഷത്തിലേക്ക് കടന്നു.

എന്നാല്‍ കഴിഞ്ഞ വിദ്യാലയവര്‍ഷത്തില്‍ കുട്ടികള്‍ അനുഭവിച്ച അവസര അസമത്വപ്രശ്‌നങ്ങള്‍ വലിയ വ്യത്യാസമില്ലാതെ പുതിയ അധ്യയന വര്‍ഷാരംഭത്തിലും അതിദയനീയമായി തുടരുമ്പോള്‍, പ്രതിസന്ധി സാങ്കേതിക മുന്നൊരുക്കങ്ങളുടെ പിഴവ് കൊണ്ടുമാത്രം സംഭവിച്ചതല്ലെന്നും, വിദ്യാര്‍ത്ഥികളുടെ സമൂഹിക പിന്നാക്കാവസ്ഥയെ അതിഗൗരവമായി അഭിമുഖീകരിക്കാനാകാത്തതിലെ നൈതിക പ്രശ്‌നമാണെന്നും മനസ്സിലാകുന്നുണ്ട്. വിദ്യാലയം വീട്ടിലെത്തിയെങ്കിലും വിദ്യ മുഴുവന്‍ വിദ്യാര്‍ത്ഥികളിലേെക്കത്തിയില്ല എന്നതാണ് വാസ്തവം.

വിദ്യാര്‍ത്ഥികളില്‍ 12% പേര്‍ക്ക് ടിവിയും 14% പേര്‍ക്ക് ഫോണും ഇല്ലെന്നാണ് സര്‍വ്വേ ഫലം. സമഗ്രശിക്ഷ കേരളയുടെ 2021 മെയ് അവസാനത്തിലെ റിപ്പോര്‍ട്ടുപ്രകാരം ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത 87,000 വിദ്യാര്‍ത്ഥികളുണ്ട് ഇതില്‍ത്തന്നെ 49,000 കുട്ടികള്‍ക്കെങ്കിലും ഒരു തരത്തിലുമുള്ള ഓണ്‍ലൈന്‍ പഠന ലഭ്യതയില്ല. കഴിഞ്ഞ ഒക്‌ടോബറില്‍ പുറത്തുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനപ്രകാരം പട്ടിക വര്‍ഗ്ഗവിഭാഗത്തിലെ 38 ശതമാനത്തിനു മാത്രമെ എല്ലാ ക്ലാസ്സുകളും മുടങ്ങാതെ ശ്രദ്ധിക്കാനാകുന്നുള്ളൂ.

പട്ടികജാതി വിഭാഗത്തില്‍ ഇത് 53 ശതമാനമാണ്. ഒരു ശതമാനം കുട്ടികള്‍ ഒരു ക്ലാസ്സ് പോലും കണ്ടിട്ടുമില്ല. ഇന്റര്‍നെറ്റിന്റെ അഭാവം, സ്മാര്‍ട്ട്‌ഫോണിന്റെ ലഭ്യതക്കുറവ്, കണക്ടിവിറ്റി പ്രശ്‌നം, സാങ്കേതിക അജ്ഞത തുടങ്ങിയവയാണ് കാരണങ്ങള്‍. പട്ടികജാതി ക്ഷേമവകുപ്പിന്റെ ശ്രദ്ധയില്‍ ഇതെല്ലാം ഗൗരവമാകാതെ പോകുന്നതെന്തുകൊണ്ടാണ്? വൈദ്യുതി പോലുമെത്താത്ത കോളനികളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദൂരസ്വപ്നമായി അവശേഷിക്കാനാണ് സര്‍വ്വസാധ്യതയും. സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശമായിരിക്കെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ലഭ്യത നേരിട്ട മൗലിക പ്രശ്‌നങ്ങളെ സമഗ്രമായി പരിശോധിക്കാനും പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും തുടര്‍ഭരണമുറപ്പാക്കിയവര്‍ തുടര്‍ച്ചയായി ശ്രമിച്ചില്ല എന്നത് വീഴ്ചതന്നെയാണ്. ഓണ്‍ ലൈന്‍ പഠനം വീണ്ടും തുടങ്ങിയതിനു ശേഷം മാത്രം സജീവമായ ജനപ്രതിനിധികളുടെ ഡിജിറ്റല്‍ പഠന സഹായ വിതരണ വെപ്രാളവും, സേവനദാതാക്കളുമായി സര്‍ക്കാര്‍ നടത്തുന്ന മാരത്തോണ്‍ ചര്‍ച്ചകളും വഴി, ഇപ്പോള്‍ മാത്രം അവതരിച്ച പ്രശ്‌നം പോലെ ഇതു കൈകാര്യം ചെയ്യുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷമായി നാം എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യമുയരുന്നുണ്ട്.

ഒത്തുകൂടലിന്റെ കളിചിരിയില്ലാതെ കഴിഞ്ഞ വര്‍ഷം ആദ്യമായി അക്ഷരമുറ്റത്തെത്തിയവര്‍ പുതിയ ക്ലാസ്സിലേയ്ക്കല്ലാതെ വീട്ടിലെ പഴയ അന്തരീക്ഷത്തില്‍ അതേപടി തുടരുന്നുവെന്നത് കോവിഡൊരുക്കുന്ന സങ്കടമാണെങ്കിലും 'ഓഗ്‌മെന്റഡ്' ഫ്‌ളാറ്റ്‌ഫോം പോലുള്ള നവസാങ്കേതിക സന്ദര്‍ഭങ്ങളിലൂടെ അധ്യയനം ആകര്‍ഷകമാക്കാനാകുമോ എന്ന് ചിന്തിക്കണം.

ഔപചാരിക പഠനപ്രക്രിയയുടെ പ്രധാന സംവേദനയിടം ക്ലാസ്സ് മുറികള്‍ തന്നെയാണ്. പഠനം വീട്ടിലാകുമ്പോള്‍ അധ്യയനത്തിന്റെ സാമൂഹികവത്ക്കരണത്തെ അത് നിഷേധിക്കുകയും വിമര്‍ശനാത്മക ചിന്തയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു എന്ന വിമര്‍ശനം ഗൗരവമുള്ളതാണ്. വെറും വിവര കൈമാറ്റമല്ലാതെ വിദ്യാര്‍ത്ഥികളിലെ പൊതുബോധ നിര്‍മ്മിതിയെ ഘടനാപരമായി സ്വാധീനിക്കുന്ന സര്‍ഗ്ഗാത്മക വേദിയായി വിദ്യാഭ്യാസം പുനഃനിശ്ചയിച്ചിരിക്കയാല്‍ കുട്ടികള്‍ ഒരുമിച്ചിരിക്കുന്ന വിദ്യാലയമുറ്റങ്ങള്‍ വീണ്ടും സജീവമാകേണ്ടതുണ്ട്.

അധ്യാപകരുടെ കാര്യമാണ് ഏറെ കഷ്ടം. പ്രതികരണത്തിന്റെ പ്രതിധ്വനിയില്ലാതെ കുട്ടികളെ മുമ്പില്‍ സങ്കല്പിച്ചാരംഭിച്ച നവഅധ്യയനത്തിന് Zoom / Google Meet  പോലുള്ള ചാറ്റ് റൂമുകളിലേയ്ക്ക് പിന്നീട് സ്ഥാനകയറ്റം കിട്ടിയെങ്കിലും കാര്യങ്ങള്‍ കയ്യെത്താദൂരത്താണെന്ന നിസ്സഹായത ഔണ്‍ലൈന്‍ അധ്യാപനത്തിന്റെ വലിയ വെല്ലുവിളിയായി തുടരുകയാണ്. കുട്ടികളാകട്ടെ ചലന സ്വാതന്ത്ര്യത്തിന്റെ ആഘോഷതിമിര്‍പ്പിലും!

പ്രശ്‌നമുണ്ടാകുമ്പോള്‍ പരിഹാരമെന്ന പതിവു പ്രതിവിധിശൈലി ഓണ്‍ലൈന്‍ വിദ്യാഭ്യാസപ്രശ്‌നങ്ങളുടെ സമീപനനയത്തിലുമുണ്ടായി. അപ്പോഴും കോവിഡുയര്‍ത്തു ന്ന വെല്ലുവിളികള്‍ എങ്ങനെ പുതിയതാകും? മൂന്നാം തരംഗ സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍തന്നെ പുറത്തുവിടുമ്പോള്‍ ഉടനെയെങ്ങും വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേയ്‌ക്കെത്തുക എളുപ്പമാകില്ല. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലാത്തതിനാല്‍ അടുത്തവര്‍ഷമെങ്കിലും പരിമിതമായ വിധത്തില്‍ വിദ്യാലയ പ്രവേശനം സാധ്യമാകുമോ എന്ന് കണ്ടറിയണം. ഇപ്പോഴും യുദ്ധമുഖത്തെന്നതുപോലെ സര്‍ക്കാരിന്റെ മുഴുവന്‍ ശേഷിയും കോവിഡ് പ്രതിരോധത്തിനായി പ്രയോജനപ്പെടുത്തുമ്പോള്‍ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

സഭയുടെ വിശ്വാസപരിശീലന മേഖലയും സമാനമായ പ്രശ്‌നങ്ങളെ സാരമായ വിധത്തില്‍ അഭിമുഖീകരിക്കുന്നുണ്ട്. ഒരു വര്‍ഷത്തിലേറെയായി വേദപാഠം വീട്ടിലാണ്. ഓണ്‍ലൈന്‍ കണ്ടന്റിന് അനുയോജ്യമായ വിധത്തില്‍ വിശ്വാസപരിശീലന സിലബസ്സുകള്‍ പരിഷ്‌ക്കരിച്ച് നല്കിയ സമയോചിത ഇടപെടലുകള്‍ ശ്ലാഘനീയമാണ്, സംശയമില്ല. അപ്പോഴും വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും സമര്‍പ്പണ മനോഭാവമുള്ള മതാധ്യാപകരുടെയും കര്‍ക്കശ നിരീക്ഷണത്തില്‍പ്പോലും ചിലയിടത്തെങ്കിലും മുടന്തിയുന്തിയ മതബോധന പരിപാടികള്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പൂര്‍ണ്ണ പിന്തുണയ്ക്കായി കയ്യാളിച്ച കോവിഡ് കാലം എന്തു വിശ്വാസ പ്രതിഫല(ന)മാണ് മടക്കി നല്കുന്നതെന്ന് കാത്തിരുന്നു കാണാം. അതേസമയം പങ്കാളിത്ത പരിശീലനത്തിന്റെ പ്രായോഗിക സാധ്യതകളെ ഈ ദുരിതകാലം പുതുതായി തുറന്നിടുമെങ്കില്‍ നല്ലത്.

ഇതിനിടയില്‍ യുവജനങ്ങളുടെ മതബോധനത്തെ "clubhouse" പോലുള്ള ചാറ്റ്‌റൂമുകളിലെ തീവ്രബോധ ചര്‍ച്ചകളിലൂടെയുള്ള 'പരിശീലനത്തിനായി' വിട്ടുകൊടുത്ത് സഭാനേതൃത്വമുള്‍പ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ മനഃപൂര്‍വ്വം മാറിനില്‍ക്കുമ്പോള്‍ നാളത്തെ ക്രൈസ്തവയുവത്വം മനുഷ്യത്വ രഹിത നിലപാടുകളുമായി അതിവേഗം ക്രിസ്തു വിരുദ്ധമാകുന്നുണ്ടെന്നത് നമ്മെ ഭയപ്പെടുത്തണം. എതിരാളിയാരെന്ന് മാത്രം ചൂണ്ടിക്കാട്ടുന്നയിടം സംവാദത്തിന്റേതല്ല. സഹവര്‍ത്തിത്വത്തിന്റെ സുവിശേഷം സമഭാവനയുടെ സാഹോദര്യസന്ദേശമായി നമ്മുടെ യുവത തിരിച്ചറിയണം.

വിദ്യ ഔണ്‍ലൈനായി എന്നതിന് ബോധനരീതിയുടെ സങ്കേതം മാറിയെന്നു മാത്രമാണര്‍ത്ഥം. അര്‍ത്ഥവത്തായ ആഖ്യാനശൈലിയെ അത് അടയാളപ്പെടുത്തുന്നില്ല. അപ്പോഴും അതിന്റെ സാര്‍വ്വത്രിക സംലഭ്യത തുല്യനീതിയില്‍ സമ്പൂര്‍ണ്ണമാകണം. പരക്ലേശ വിവേകചിന്തയുണര്‍ത്തുന്ന വിദ്യഭ്യാസ നാളുകളിലേയ്ക്ക് നമ്മുടെ കുട്ടികള്‍ വേഗം മടങ്ങിയെത്തണം. വിട്ടുപോയത് പൂരിപ്പിക്കുക; വിദ്യയിലും, വീക്ഷണത്തിലും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org