​ഗ്രീൻ പ്രോട്ടോക്കോളിലേക്ക് മലയാറ്റൂർ

​ഗ്രീൻ പ്രോട്ടോക്കോളിലേക്ക് മലയാറ്റൂർ

ഭൂമിയിലെ പരിമിതമായ വിഭവങ്ങളുടെ കാര്യക്ഷമവും ശാസ്ത്രീയവുമായ ഉപഭോഗം ഉറപ്പാക്കുന്നതിനും മാലിന്യങ്ങളുടെ അളവു കുറയ്ക്കുന്നതിനുംവേണ്ടിയുള്ള അന്താരാഷ്ട്ര പെരുമാറ്റച്ചട്ടത്തിന്‍റെ പ്രവര്‍ത്തനരീതിയാണു ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. 1992-ല്‍ ജപ്പാനില്‍ യു.എന്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് ഈ ആശയത്തിന് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക രൂപം കൈവരുന്നത്. വര്‍ദ്ധിച്ചുവരുന്ന ആഗോളതാപനത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു 192 ലോകരാഷ്ട്രങ്ങള്‍ പങ്കാളികളായ കയോട്ടോ പ്രോട്ടോക്കോള്‍ ഉടമ്പടി ഉണ്ടായത്.
ആഗോളതാപനത്തെ കുറയ്ക്കുന്നതിനും വ്യവസായലോകം ഉണ്ടാക്കുന്ന അമിത കാര്‍ബണ്‍ഡയോക്സൈഡ് നിയന്ത്രിക്കുന്നതിനും ഉണ്ടായ ആഗോളപരിശ്രമങ്ങളില്‍ എടുത്തുപറയേണ്ട ഒന്നു ബ്രസീലിന്‍റേതാണ്. 2007 മുതല്‍ 2017 വരെയുളള പത്തു വര്‍ഷം ബ്രസീല്‍ ഉത്പാദിപ്പിച്ച കരിമ്പിന്‍റെ ചണ്ടി കത്തിക്കാതെ അതു പുനഃചംക്രമണം നടത്തി അവര്‍ തടഞ്ഞത് അന്തരീക്ഷത്തില്‍ കലരാമായിരുന്ന 85 ലക്ഷം ടണ്‍ കാര്‍ബണ്‍ഡയോക്സൈഡാണ്.
സ്വഛ് ഭാരത് മിഷന്‍, ഹരിതകേരളം എന്നീ പദ്ധതികളുടെ ഭാഗമായി കേരളവും പ്ലാസ്റ്റിക്-മാലിന്യമുക്ത കേരളസൃഷ്ടിക്കായി ഹരിതനിയമാവലി (ഗ്രീന്‍ പ്രോട്ടോക്കോള്‍) ഉണ്ടാക്കിയിരിക്കുകയാണ്. 2016 ഡിസംബര്‍ 8 മുതല്‍ അതു പ്രാവര്‍ത്തികമാക്കാന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിദ്യാലയങ്ങള്‍ക്കായി പതിനൊന്നിന നിര്‍ദ്ദേശവും നല്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കത്തിച്ചുകളയുന്നതും കുമിഞ്ഞുകൂടുന്നതുമായ മാലിന്യങ്ങളിലെ പുനരുപയോഗ പുനഃചംക്രമണ സാദ്ധ്യമായ പാഴ്വസ്തുക്കളെ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിച്ചു കൈകാര്യം ചെയ്യുന്നതും ഗ്രീന്‍ പ്രോട്ടോക്കോളിന്‍റെ ഭാഗമാണ്.
മാലിന്യം ഉത്പാദിപ്പിച്ചിട്ട് അതു സംസ്കരിക്കാനുള്ള പോംവഴി അന്വേഷിച്ചു നടക്കാതെ മാലിന്യ ഉത്പാദനം കുറയ്ക്കുക എന്ന താണു ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. മാലിന്യ ഉത്പാദനത്തിന്‍റെ അളവ് കുറയ്ക്കുന്നതിനു ഡി സ്പോസബിള്‍ സാധനങ്ങളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കി, ശേഷം ഉണ്ടാകുന്ന ജൈവമാലിന്യം വളമാക്കി മാറ്റുകയും ചെയ്യുക എന്നതാണു ഗ്രീന്‍ പ്രോട്ടോക്കോളിന്‍റെ അടിസ്ഥാന തത്ത്വം. വന്‍ ജനപങ്കാളിത്തമുള്ള ആഘോഷങ്ങളിലും തീര്‍ത്ഥാടനസ്ഥലങ്ങളിലും മേളകളിലുമെല്ലാം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതു മാലിന്യ ഉത്പാദനത്തിന്‍റെ അളവു കുറയ്ക്കും.
2015 ദേശീയ ഗെയിംസ് ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തു നടത്തിയ ആദ്യസംഭവമാണ്. ഇതിന്‍റെ വിജയം വിദേശികളുള്‍പ്പെടെ അനേകരുടെ പ്രശംസ പറ്റുന്നതിനു കാരണമായി. 2014-15-ല്‍ ശബരിമലയും പ്ലാസ്റ്റിക് മുക്ത തീര്‍ത്ഥാടനകേന്ദ്രമാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയുണ്ടായി. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതോടെ അടിസ്ഥാനപരമായി ഏറെ ഗുണം ലഭിക്കുന്നതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പഞ്ചായത്തീ രാജ് ആക്ട് പ്രകാരം മാലിന്യസംസ്കരണ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. വിദ്യാഭ്യാസവകുപ്പും പൊലീസ് മേധാവിയും പുറത്തിറക്കിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ ജനപങ്കാളിത്തത്തോടെ പ്രാവര്‍ത്തികമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണം.
സമുദ്രനിരപ്പില്‍ നിന്ന് 609 മീറ്റര്‍ ഉയരത്തിലായി തലയെടുപ്പോടെ ഉയര്‍ന്നുനില്ക്കുന്ന മലയാറ്റൂര്‍മല തീര്‍ത്ഥാടന കേന്ദ്രത്തെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിധിയില്‍ പെടുത്താന്‍ ഡെപ്യൂട്ടി കളക്ടര്‍ കഴിഞ്ഞ മാസം കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി.
ഭൂമിയിലെ ഒരിടം തീര്‍ത്ഥാടനസ്ഥലമാകുന്നതു ചരിത്രവും വിശ്വാസവും പ്രകൃതിയും പരിസരവും ദൈവസ്തുതികളുടെ നിശ്ശബ്ദസാന്നിദ്ധ്യമാകുമ്പോഴാണ്. മാര്‍ തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മലയാറ്റൂര്‍മല നമ്മുടെ ഏറ്റവും വലിയ തീര്‍ത്ഥസ്ഥലങ്ങളിലൊന്നാണ്. കാലങ്ങളായി ലക്ഷക്കണക്കിനു മനുഷ്യര്‍ വന്നു പരിഹാരത്തിന്‍റെ കുരിശുമുടി കയറി ആശ്വാസ-ആനന്ദ തെളിമയിലേക്കു ജീവിതത്തെ പറിച്ചുനട്ട ഇടമാണത്. എന്നാല്‍ മലയാറ്റൂര്‍ ഗ്രാമത്തെയും പാറമടകളും ക്രഷറുകളും വിഴുങ്ങിയിരിക്കുന്നു. ആ പുണ്യമലയുടെ മറുഭാഗം തുരന്നു ഭൂമിയുടെയും ശിലാപാളികളുടെയും സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇതു മലയാറ്റൂരിന്‍റെ മാത്രം കഥയല്ല; മലകള്‍ ഉള്ളിടങ്ങളിലൊക്കെ മലയോളം പോന്ന മനുഷ്യന്‍റെ ആര്‍ത്തി അതിനെ ഇടിച്ചുനിരത്തിയിട്ടുണ്ട്.
ദൈവ-മനുഷ്യബന്ധത്തിനു പച്ചപ്പു നല്കേണ്ട ഈ പുണ്യസ്ഥലം പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ ദുരന്തഭൂമിയായി പരിണമിച്ചിരിക്കുകയാണ്. മലയാറ്റൂര്‍ മലയെന്നതു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനുള്ള ഒരു വസ്തുവല്ലെന്നും പത്തെറിഞ്ഞ് ആയിരം വാരാവുന്ന ഒരു കച്ചവടസ്ഥലമല്ലെന്നും ഉറക്കെ പറയേണ്ട സമയമായി. പ്രക്ഷുബ്ധമായ മനസ്സിനു ശാന്തിയും തകര്‍ന്ന ബന്ധങ്ങള്‍ക്കു പാറയുടെ അടിസ്ഥാനവും ആരോഗ്യം കുറയുന്ന വിശ്വാസിക്ക് അഭയകൂടാരവുമാകേണ്ട മലയാറ്റൂര്‍ മല ഹരിതാഭമാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org