തുറവിയുടെ പൈതൃകപ്പെരുമ

തുറവിയുടെ പൈതൃകപ്പെരുമ

എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത ശതോത്തര രജത ജൂബിലി നിറവില്‍!
മാര്‍ത്തോമ്മാ മഹാപൈതൃകത്താല്‍ അടയാളപ്പെട്ട സുദീര്‍ഘവും സംഭവബഹുലവുമായ നസ്രാണിപ്പെരുമയുടെ വാഴ്ത്തുവഴികളില്‍ ഒരു പ്രാദേശികസഭയുടെ പ്രയാണ വാര്‍ഷികദൂരം 125 ലെ ത്തി നില്‍ക്കുന്നതിനെ പ്രത്യേകമായി ഓര്‍മ്മിക്കുന്നതിന്റെ ചരിത്ര സാംഗത്യമെന്ത് എന്ന ചോദ്യം പ്രസക്തമാണ്.
കേരളത്തിലെ സുറിയാനി കത്തോലിക്കര്‍ക്കുവേണ്ടി 1887-ല്‍ നിലവിലിരുന്ന, കോട്ടയം, തൃശിവപേരൂര്‍ എന്നീ വികാരിയാത്തുകളെ പുനര്‍നിര്‍ണ്ണയിച്ച് അവയുടെ സ്ഥാനത്ത് ലെയോ 13-ാമന്‍ പാപ്പ, 1896 ജൂലൈ 28-ന് 'ക്വേ റേയി സാക്രെ' എന്ന തിരുവെഴുത്തിലൂടെ എറണാകുളം, ചങ്ങനാശ്ശേരി, തൃശൂര്‍ എന്നീ വികാരിയാത്തുകള്‍ സ്ഥാപിച്ചതോടെ, സീറോ മലബാര്‍ സഭയുടെ ഭരണപരവും, അജപാലനപരവുമായ ചരിത്രം ഒരു പ്രത്യേകഘട്ടത്തിലേയ്ക്കു പ്രവേശിക്കുകയും, 'നടുമിസ്സം' എന്നറിയപ്പെട്ടിരുന്ന എറണാകുളം വികാരിയാത്ത് സഭാ നൗകയുടെ അമരത്തേക്ക്, അ തിന്റെ ചരിത്രപരവും, നേതൃപരവുമായ കാരണങ്ങളാല്‍ ഉയര്‍ത്തപ്പെടുകയും ചെയ്തു.
പുതിയ വികാരിയാത്തുകളിലെ തദ്ദേശീയ മെത്രാന്‍ നിയമനം സഭയുടെ സ്വയം നിര്‍ണ്ണയാവകാശ വഴികളിലെ നാഴികക്കല്ലായിരുന്നു; അതില്‍ എറണാകുളത്തിന്റെ പ്രഥമ മെത്രാനായിരുന്ന മാര്‍ ളൂയിസ് പഴേപറമ്പിലിന്റെ സാരഥ്യം സമാനതകളില്ലാത്തതും. ചുമതലയേറ്റയുടനെ ആദ്യ ശ്രദ്ധ വികാരിയാത്തിന്റെ അജപാലനാവശ്യങ്ങളെ അറിയാനായി ഒരു സര്‍വ്വേ തയ്യാറാക്കുന്നതിലായിരുന്നു. ആടുകളെ അടുത്തറിയുന്ന അതിശ്രേഷ്ഠമായ ഇടയധര്‍മ്മ പാരമ്പര്യം നസ്രാണി പൈതൃകത്തിന്റെ ഭാഗമാക്കുന്നതില്‍ എറണാകുളം വഹിക്കുന്ന നേതൃപരമായ പങ്ക് അതിന്റെ പിറവിയില്‍ത്തന്നെയുണ്ട്. കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ അജപാലന സമീപനങ്ങളാല്‍ അതിരൂപത എന്നും വ്യത്യസ്തമായതും അതുകൊണ്ട് തന്നെ.
സീറോ-മലബാര്‍ സഭയുടെ ചരിത്രവഴികളില്‍ വ്യത്യസ്തങ്ങളായ അധിനിവേശ വാഴ്ചകളിലൂടെ സമ്മാനിക്കപ്പെട്ട ആരാധനാ ക്രമ സ്വത്വപ്രതിസന്ധി തന്നെയായിരുന്നു നാട്ടു മെത്രാന്മാര്‍ നേരിട്ട ആദ്യകാല പ്രധാന പരീക്ഷണം. പൂര്‍ണ്ണമായും കല്‍ദായമോ ലത്തീനോ അല്ലാത്ത തനതായ ആരാധനാക്രമ വ്യക്തിത്വത്തിലേയ്ക്കാണ് ആദ്യ തദ്ദേശീയ മെത്രാന്മാര്‍ സഭയെ നയിച്ചത്.
"ചരിത്രത്തില്‍ കല്‍ദായ ലിറ്റര്‍ജി ഉപയോഗിച്ചു എന്നതു സത്യമാണ്. എന്നാല്‍ കല്‍ദായ സഭയില്‍നിന്നും വ്യത്യസ്തമായ ഒരുപാട് പാരമ്പര്യങ്ങളും ചരിത്രവും ഞങ്ങള്‍ക്കുണ്ട്" എന്ന മാര്‍ ളൂയിസിന്റെ സമകാലീകനും തൃശൂര്‍ വികാരിയാത്തിന്റെ അപ്പസ്‌തോലിക്കയുമായിരുന്ന മാര്‍ ജോണ്‍ മേനാച്ചേരി, 1897-ല്‍ ബാഗ്ദാദിലെ ഫാ. ജോസഫ് സ്‌റ്റെഫോയ്ക്ക് അയച്ച കത്തിലെ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വെളിപ്പെടുത്തലില്‍ നാട്ടുമെത്രാന്മാരുടെ ശരിയായ സഭാ ദര്‍ശനത്തിന്റെ കൃത്യമായ വെളിപ്പെടലുണ്ട്. "എല്ലാ ആരാധനാക്രമങ്ങളും പരസ്പരം നല്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന" വിശാലമായ കാഴ്ചപ്പാടിലൂന്നിയ സമഗ്ര ദര്‍ശനത്താല്‍ നിരന്തരം നവീകരിക്കപ്പെടേണ്ടതാണ് ഓരോ പരിഷ്‌ക്കാരശ്രമവും എന്ന് അന്നത്തെ മെത്രാന്മാര്‍ക്ക് നന്നായി അറിയാമായിരുന്നു. പൂര്‍വ്വികരുടെ ഈ സഭാദര്‍ശന പൈതൃകവഴികളില്‍ നിന്നുള്ള വ്യക്തമായ വ്യതിയാനമായി വേണം അനൈക്യത്തിന്റെ അടയാളമായി പിന്നീട് പരിണമിച്ച ആരാധനക്രമ നവീകരണ ചരിത്രത്തെ വിലയിരുത്താന്‍. സാംസ്‌കാരിക അനുരൂപണത്താല്‍ സമ്പന്നവും വ്യത്യസ്തവുമായ ആരാധനക്രമജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലച്ചുപോയതും, അതുകൊണ്ടാകണം.
ആര്‍ച്ചുഡീക്കന്‍ യഥാര്‍ത്ഥ നേതാവും, ഭരണകര്‍ത്താവും മലബാര്‍ പൊതു സഭായോഗത്തിന്റെ അധ്യക്ഷനുമായിരുന്ന പാരമ്പര്യത്തിന്റെ വിച്ഛേദം, അങ്കമാലി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മാര്‍ അബ്രാഹത്തിന്റെ പിന്‍ഗാമിയായി ലത്തീന്‍ സഭാംഗം ഫ്രാന്‍സിസ് റോസ്, പരി. സിംഹാസനത്താല്‍ നിയോഗിക്കപ്പെട്ടതോടെ പൂര്‍ത്തിയായി. അല്മായര്‍ അരികു വല്‍ക്കരിക്കപ്പെടുകയും, പൗരോഹിത്യ മേല്‍ക്കോയ്മ സ്ഥാപന വല്‍ക്കരിക്കപ്പെടുകയും ചെയ്ത സഭാ ചരിത്ര ദിശാസന്ധിയായിരുന്നു, അത്.
ദൈവജനമാണ് സഭയെന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനം പാതിവഴിയിലുപേക്ഷിക്കപ്പെട്ടതിന്റെ പരിണിതിയില്‍ മനംനൊന്താണ് ഫ്രാന്‍സിസ് പാപ്പ സഭാഹൃദയത്തിലേയ്ക്ക് അല്മായരുടെ പുനഃപ്രതിഷ്ഠയെ നിരന്തരം ആവശ്യപ്പെടുന്നത്.
എറണാകുളം-അങ്കമാലി അതിരൂപത അതിന്റെ സവിശേഷമായ പാരമ്പര്യത്തിലൂടെ സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേകിച്ചും, ആഗോളസഭയ്ക്ക് പൊതുവില്‍ നല്കിയത് പാരസ്പര്യ ത്തിന്റെ സമന്വയ ദര്‍ശനം തന്നെയാണ്; അല്മായരെ കേള്‍ക്കുന്ന അജപാലക ശൈലിയുടെ ആത്മാര്‍ത്ഥതയാണ്; വ്യത്യസ്തതകളെ വേവലാതിയോടെയല്ലാതെ വിവക്ഷിക്കുന്ന സമഗ്രതയുടെ സുവിശേഷവീക്ഷണം തന്നെയാണ്; ആകുലപ്പെടുന്ന ആരിലും അയല്‍ക്കാരെ തിരയുന്ന നല്ല സമറായന്റെ ഹൃദയവായ്പ്പാണ്; സുതാര്യവും സുശക്തവുമായ ധാര്‍മ്മിക നിലപാടുകളുടെ അസാധാരണത്വമാണ്.
അതിരൂപത 125 വര്‍ഷം പിന്നിടുന്നതിന്റെ ഓര്‍മ്മയെന്നതിനേക്കാള്‍ തുറവിയുടെ ഒരു നസ്രാണി പാരമ്പര്യം നമുക്കുണ്ടായിരു ന്നുവെന്ന ഓര്‍മ്മപ്പെടുത്തലാണ്, യഥാര്‍ത്ഥത്തില്‍ ഈ ജൂബിലി ആഘോഷം.
നാം ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ടതും നന്മയുടെ ഈ നല്ല വഴികള്‍ തന്നെ. അതുതന്നെയാണ് മുമ്പോട്ടുള്ള പാതകളെ പരിപാകപ്പെടുത്തേണ്ടതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org