ചരിത്രമുണ്ടാക്കുന്നവര്‍

ചരിത്രമുണ്ടാക്കുന്നവര്‍

ചരിത്രത്തില്‍ ജീവിക്കുന്നവരല്ല, ജീവിച്ചു ചരിത്രമുണ്ടാക്കുന്നവരാണു മഹാന്മാര്‍. അങ്ങനെ ചരിത്രമെഴുതിയ രണ്ടു പൂര്‍വസൂരികളെ സത്യദീപം സ്മരിക്കുന്നു. വി. ചാവറയച്ചനും സത്യദീപത്തിന് ഇന്നിന്‍റെ മുഖം നല്കിയ കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും. ഫെബ്രുവരി 10-ാം തീയതി വി. ചാവറയച്ചന്‍റെ 212-ാം ജന്മദിനവും ഫെബ്രുവരി 20-നു കര്‍ദിനാള്‍ പാറേക്കാട്ടില്‍ പിതാവിന്‍റെ 30-ാം ചരമദിനവും സ്മരിക്കപ്പെട്ടു. ഒരാള്‍ ജനനംകൊണ്ടും മറ്റൊരാള്‍ മരണംകൊണ്ടും ഫെബ്രുവരിയെ ധന്യമാക്കി.
കേരള സമൂഹത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തില്‍ വി. ചാവറയച്ചന്‍ കടന്നുകയറി നടത്തിയ അഴിച്ചുപണികള്‍ അക്കാലത്തെ വിപ്ലവങ്ങളായിരുന്നുവെങ്കിലും ഇന്നിന്‍റെ ആവശ്യങ്ങളായിരുന്നു അവ. സ്ഥലത്തിനും കാലത്തിനും അതീതമായ ചുവടുകള്‍ വയ്ക്കാന്‍, അതിനായി ഒരു സമൂഹത്തിന്‍റെ മുഴുവന്‍ ചിന്താവ്യാകരണത്തെ ഉടച്ചുവാര്‍ക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യവും സ്ഥൈര്യവും ഇന്നിന്‍റെ ആത്മീയനേതാക്കള്‍ക്കൊരു കൈപ്പുസ്തകമാണ്. ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സന്ന്യാസസഭ പാലയ്ക്കല്‍ തോമസ് മല്പാനോടും പേരൂക്കര തോമസ് മല്പാനോടുമൊപ്പം സ്ഥാപിച്ചയാള്‍, മലയാളത്തിലെ ആദ്യദിനപത്രമായ ദീപിക അച്ചടിച്ച മാന്നാനത്തെ അച്ചടിശാല സ്ഥാപിച്ചയാള്‍, വര്‍ണാവര്‍ണഭേദമില്ലാതെ ഏവര്‍ക്കും പ്രവേശനം അനുവദിക്കുന്ന ആദ്യത്തെ സംസ്കൃത സ്കൂള്‍ സ്ഥാപിച്ചയാള്‍, മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യമായ "അനസ്താസ്യയുടെ രക്തസാക്ഷ്യം" എഴുതിയ വ്യക്തി, സ്കൂളുകളില്‍ ഉച്ചക്കഞ്ഞി സമ്പ്രദായം ആദ്യമായി ഏര്‍പ്പെടുത്തിയ വ്യക്തി, പിടിയരി, കെട്ടുതെങ്ങ്, നൂറ്റിക്കഞ്ചു തുടങ്ങിയ ജനപങ്കാളിത്തമുള്ള സഹകരണ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചയാള്‍, പെണ്‍കുട്ടികള്‍ക്കു താമസിച്ചു പഠിക്കുവാന്‍ കേരളത്തില്‍ ആദ്യമായി ബോര്‍ഡിംഗ് സ്കൂള്‍ ആരംഭിച്ചയാള്‍, അനാഥര്‍ക്കും രോഗികള്‍ക്കും മരണാസന്നര്‍ക്കുമായി കേരളത്തില്‍ ആദ്യത്തെ ക്രൈസ്തവ അഗതിമന്ദിരം സ്ഥാപിച്ചയാള്‍. "ഒരു നല്ല അപ്പന്‍റെ ചാവരുള്‍" എന്ന പേരില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കായി ഒരു കുടുംബചട്ടം എഴുതിയ വ്യക്തി… വി. ചാവറയച്ചന്‍റെ കാലാതീതമായ ചുവടുകള്‍ നീളുകയാണ്.
ജനജീവിതത്തിന്‍റെ പുരോഗതിക്കായി നവസംരംഭങ്ങള്‍ തുടങ്ങുന്നവരെ സമൂഹപരിഷ്കര്‍ത്താക്കള്‍ എന്നു വിളിക്കാമെങ്കില്‍, നവോത്ഥാനം ആഗ്രഹിക്കാത്ത ഒരു ജനമനസ്സിനെ അതിനായി ഒരുക്കുകയും അതിനുശേഷം അവര്‍ക്കുവേണ്ടി പരിഷ്കരണപദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്നവരെ എന്താണു വിളിക്കേണ്ടത്? അതുകൊണ്ടായിരിക്കണം ഡോ. സുകുമാര്‍ അഴീക്കോട് ചാവറയച്ചനെ "യുഗസ്രഷ്ടാവ്" എന്നു വിളിച്ചത്; 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നുകൊണ്ട് 20-ാം നൂറ്റാണ്ടും 21-ാം നൂറ്റാണ്ടും സൃഷ്ടിച്ചയാള്‍.
കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലും കാലത്തിനുമുമ്പേ നടന്നയാളാണ്. ബഹുജനസ്വരതയില്‍ ദൈവസ്വരം ഒളിഞ്ഞിരിക്കുന്നുവെന്നു വിശ്വസിച്ച ജീവിതമായിരുന്നു കര്‍ദിനാളിന്‍റേത് (Vox Populi Vox Dei) സഭയുടെ ആരാധനക്രമങ്ങളിലും ഭരണസംവിധാനങ്ങളിലും നവോത്ഥാന ചിന്തകളും ആധുനിക വീക്ഷണങ്ങളും സന്നിവേശിപ്പിച്ച് ഒരു ജനകീയ സഭയെ രൂപപ്പെടുത്താന്‍ പിതാവാഗ്രഹിച്ചു.
ഭാരതത്തിലെ സുറിയാനി കത്തോലിക്കര്‍ക്കു മണ്ണിന്‍റെ മണം വേണമെന്ന ദര്‍ശനം അദ്ദേഹം മുറുകെപ്പിടിച്ചു. സാംസ്കാരിക സമന്വയത്തിനു കര്‍ദിനാള്‍ മുന്നോട്ടുവച്ച ദര്‍ശനങ്ങള്‍ കാലങ്ങളെ അതിജീവിച്ച് എക്കാലവും സഭയിലും സമൂഹത്തിലും പ്രസക്തമായിത്തന്നെ നിലനില്ക്കുന്നുവെന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്‍റെ പ്രസ്താവം സത്യമാണ്. അതുകൊണ്ടാണു പാറേക്കാട്ടില്‍ പിതാവിന്‍റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ച്ബിഷപ് കൊര്‍ണേലിയോസ് ഇലഞ്ഞിക്കല്‍ ഇങ്ങനെ പറഞ്ഞത്: "കര്‍ദിനാള്‍ പാറേക്കാട്ടില്‍ ഈ നൂറ്റാണ്ടില്‍ ജനിക്കേണ്ടതായിരുന്നില്ല; അടുത്ത നൂറ്റാണ്ടില്‍ ജനിക്കേണ്ടയാളായിരുന്നു. നാമല്ല, അടുത്ത നൂറ്റാണ്ട് ഈ വിശിഷ്ട വ്യക്തിത്വത്തെ കൂടുതല്‍ വില മതിക്കും."
പാറേക്കാട്ടില്‍ പിതാവിന്‍റെ 30-ാം ചരമവാര്‍ഷികം കഴിഞ്ഞു. ചര്‍ച്ചാക്ലാസ്സും സിമ്പോസിയവും നടത്തിയുള്ള പിതാവിന്‍റെ 30 വര്‍ഷം നീണ്ട ദര്‍ശനങ്ങളുടെ രഹസ്യജീവിതം കഴിഞ്ഞു. ഇനിയുളളത് ആ ദര്‍ശനങ്ങളുടെ പ്രത്യക്ഷീകരണവും പരസ്യജീവിതവും ഉത്ഥാനവും ആഘോഷിക്കലാണ്. എന്താ തയ്യാറാണോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org