വിവേകമില്ലാത്ത വിജ്ഞാപനം

വിവേകമില്ലാത്ത വിജ്ഞാപനം

കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള ചട്ടങ്ങളില്‍ ഈയിടെ വരുത്തിയ ഗൗരവമായ ഇളവുകള്‍ ആവാസ വ്യവസ്ഥയിലുളവാക്കാനിടയുള്ള ഗുരുതരവും, ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പാരിസ്ഥിതികാശങ്കകള്‍ പൊതുചര്‍ച്ചയാകുമ്പോള്‍, എതിര്‍പ്പുയരുന്നത് അത് പല അന്താരാഷ്ട്ര കരാറുകള്‍ക്കും പ്രതിജ്ഞകള്‍ക്കും വിരുദ്ധമായതുകൊണ്ട് കൂടിയാണ്.
വ്യവസായിക വിപ്‌ളവം ജൈവപ്രകൃതിയിലേല്പിച്ച പരിക്കുകള്‍ വിവരണാതീതമായി വികസിക്കാന്‍ തുടങ്ങിയ 1970-കളില്‍, ആഗോള തലത്തില്‍ ഉയര്‍ന്നുവന്ന പാരിസ്ഥിതികാവബോധത്തിന്റെ സ്വാഭാവിക പരിണിതിയായിരുന്നു, 1972-ല്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സ്വീഡനിലെ സ്‌റ്റോക് ഹോമില്‍ നടന്ന അന്തര്‍ദ്ദേശീയ പരിസ്ഥിതി സമ്മേളനം. വികസന പദ്ധതികള്‍ പരിസ്ഥിതിയിലേല്പിക്കാനിടയുള്ള അതിതീവ്രാഘാതങ്ങളെപ്പറ്റി കൃത്യമായ പഠനമുണ്ടാകണമെന്നും പൊതുസമൂഹവുമായി ചര്‍ച്ച ചെയ്ത്, പൊതു സമ്മതിയോടെ മാത്രം പദ്ധതികള്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം പ്രകൃതിയെ കുറെക്കൂടി ഗൗരവത്തിലെടുക്കാന്‍ ലോകമനസ്സാക്ഷിക്ക് പ്രേരണയായി.
1984-ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തോടെയാണ്, അതുവരെയും പഞ്ചവത്സരപദ്ധതികളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കാന്‍ നിരന്തരം ശ്രമിച്ച ഭരണകൂടം, വികസനം പ്രകൃതിയ്‌ക്കൊപ്പമാകണമെന്ന ചിന്തയില്‍, 1986-ല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിന് രൂപം നല്കിയത്. 1994-ല്‍ ഇതിനനുബന്ധമായി ആദ്യത്തെ പരിസ്ഥിതി ആഘാത നിയമ വിജ്ഞാപനമെത്തി. പ്രതിരോധം, രാജ്യരക്ഷ തുടങ്ങിയവ ഒഴിച്ചുള്ള എല്ലാ പദ്ധതികള്‍ക്കും ആഘാതപഠനം നിര്‍ബന്ധമാക്കി. പക്ഷേ, 2006-ലെ ഭേദഗതി മുതലിങ്ങോട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ കാതലായ നിര്‍ദ്ദേശങ്ങളെ അവഗണിച്ചായിരുന്നു, രാജ്യത്തിന്റെ വികസന പദ്ധതിയനുമതികളേറെയും. 2020 ലെത്തുമ്പോള്‍ ഇളവുകളുടെ ഇരട്ടിപ്പില്‍ നിയമം തന്നെ അപ്രസക്തമാകുന്നുവെന്നതാണ് പ്രധാന സങ്കടം.
ഒന്നര ലക്ഷം ചതുരശ്രമീറ്റര്‍ നിര്‍മ്മാണ പ്രവൃത്തിക്ക് പാരിസ്ഥിതികാഘാത പഠനം വേണ്ടെന്ന പുതിയ നിര്‍ദ്ദേശം ഗൗരവമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് വ്യക്തമാണ്. അഞ്ചേക്കര്‍ സ്ഥല ത്തെ ഖനനത്തിന് ഇനി മുതല്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ലെ ന്ന് പറയുമ്പോള്‍ അവശേഷിക്കുന്ന പശ്ചിമഘട്ടത്തെക്കൂടി ക്വാറികള്‍ വിഴുങ്ങാനതിടയാക്കുമെന്നുറപ്പാണ്. അനുമതിക്ക് അപേക്ഷ നല്കി 15 ദിവസത്തിനകം അനുവാദം നല്കിയില്ലെങ്കില്‍, അത് കിട്ടിയതായി കണക്കാക്കി മുന്നോട്ട് പോകാന്‍ 'കരട'നുവദിക്കുമ്പോള്‍ എതിര്‍പ്പുകള്‍ കുത്തകകള്‍ക്ക് കണ്ണില്‍ കരടാകുമെങ്കിലും പ്രയാസമുണ്ടാക്കില്ല…! തന്ത്രപ്രധാനമെന്ന് സര്‍ക്കാര്‍ വിളിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച ഒരു വിവരവും ജനങ്ങള്‍ക്ക് നല്കാതിരിക്കാനുള്ള അവസരം സര്‍ക്കാരിന് ഈ വിജ്ഞാപനം പുതുതായൊരുക്കുന്നതുവഴി അണക്കെട്ട് പോലുള്ള വമ്പന്‍ പദ്ധതികളിലൂടെ വികസന'തന്ത്രം' പുരോഗമിക്കുമ്പോള്‍ വിവരാവകാശ നിയമം പോലും നിസ്സഹായകമാകും.
ഇത് കരട് വിജ്ഞാപനം മാത്രമാണെന്നും ചര്‍ച്ചകള്‍ക്കിനിയും അവസരമുണ്ടെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, സാധാരണക്കാര്‍ക്ക് മനസ്സിലാകും വിധം പ്രാദേശികഭാഷാ പരിഭാഷകള്‍ ലഭ്യമാക്കാതിരുന്നതും, കോവിഡ് പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെത്തിക്കാതെ പൊതുചര്‍ച്ചയെ വേഗത്തിലവസാനിപ്പിക്കുന്നതും സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയെ സംശയിക്കാനവസരമൊരുക്കുന്നുണ്ട്. രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പോടെ രംഗത്തുണ്ട് എന്നതാണ് ഏകാശ്വാസം. "കോര്‍പ്പറേറ്റ് സുഹൃത്തുക്കളില്‍നിന്നും കിട്ടുന്ന ലാഭത്തിനായി ഭൂമിയെയും ഇന്ത്യാ രാജ്യത്തെയും പൗരന്മാരെയും അടിയറവയ്ക്കുന്ന പ്രഖ്യാപനത്തിന് തുല്യമാണിത്" എന്ന് ഡോ. വന്ദനശിവ നിരീക്ഷിക്കുമ്പോള്‍, പരിസ്ഥി തി അവകാശങ്ങളെ മാത്രമല്ല, 'ജീവനും സ്വത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള' 21-ാം അനുച്ഛേദം ഉറപ്പുതരുന്ന ഭരണഘടനാ വകാശങ്ങള്‍ക്കെതിരായുള്ള വെല്ലുവിളി കൂടിയാണിതെന്നോര്‍ക്കാം. ആഗോള പരിസ്ഥിതി സംരക്ഷണ ഇന്‍ഡെക്‌സിലെ 2018-ലെ റിപ്പോര്‍ട്ടില്‍ ആകെയുള്ള 180 രാജ്യങ്ങളുടെ പട്ടികയില്‍ മോദിയുടെ ഇന്ത്യ 177-ാമതാണ് എന്നു കൂടി ചേര്‍ക്കുമ്പോഴാണ് ദുരന്ത വായന പൂര്‍ണ്ണമാകുന്നത്.
"ഒരു പദ്ധതി വഴി ഗൗരവസ്വഭാവമുള്ളതും അപരിഹാര്യവുമായ നാശമുണ്ടാകാമെന്ന് വസ്തുനിഷ്ഠമായ വിവരത്തിലൂടെ ശക്തമായ സൂചനയുണ്ടെങ്കില്‍, തെളിവു തേടാതെ തന്നെ ആ പദ്ധതി നിര്‍ത്തിവയ്ക്കുകയോ, പരിഷ്‌ക്കരിക്കുകയോ വേണ"മെന്ന (ലൗദാത്തോ സി, 186) ഫ്രാന്‍സിസ് പാപ്പയുടെ പ്രവാചക നിരീക്ഷണം പ്രസക്തമാവുകയാണിവിടെ. "യാഥാര്‍ത്ഥ്യത്തെ നേരിടുക. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം നിങ്ങളെ നേരിടുമെന്ന" അമേരിക്കന്‍ എഴുത്തുകാരന്‍ അലക്‌സ് ഹാലെ ഓര്‍മ്മിപ്പിക്കുമ്പോള്‍, രണ്ട് പ്രളയ ദുരന്തങ്ങളിലൂടെ കടന്നുപോയ കേരളത്തിനും ഈ വിജ്ഞാപനത്തിലെ 'കരടു'കളെപ്പറ്റി യാഥാര്‍ത്ഥ്യബോധമുണ്ടാകണം. എന്നാല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കാതെയും മറുപടി വൈകിപ്പിച്ചും കേരള സര്‍ക്കാര്‍ നിരുത്തരവാദിത്വത്തോടെ പെരുമാറിയെന്നയാക്ഷേപം മറ്റൊരു 'പ്രകൃതിദുരന്ത'മല്ലാതെ മറ്റെന്താണ്.
പ്രകൃതിയുടെ സ്വാഭാവികാവകാശങ്ങളുടെ മേല്‍ മനുഷ്യാര്‍ത്തിയുടെ വികസനാവകാശങ്ങള്‍ മേല്‍ക്കൈ നേടുന്നതാണിവിടുത്തെ പ്രധാന പ്രശ്‌നം. എന്നില്‍നിന്നും ഭിന്നമായതെന്തോ ആണ് പ്രകൃതി യും പ്രകൃതി സംരക്ഷണവുമെന്ന ദ്വൈതചിന്തയെ വിമലീകരിക്കുന്ന പാരിസ്ഥിതിക പക്വതയാണാവശ്യം. 'ലോകമെ തറവാട്/തനിക്കീ ചെടികളും, പൂക്കളും, പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍' വള്ളത്തോളിന്റെ വിശാലവീക്ഷണം നമ്മുടേതാകട്ടെ. നാളെ നാം ഇവിടെ തുടരാന്‍ അതനിവാര്യമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org