Latest News
|^| Home -> Editorial -> അയ്യമ്പുഴ കേരളത്തിലല്ലേ?

അയ്യമ്പുഴ കേരളത്തിലല്ലേ?

Sathyadeepam

മറ്റൊരു കുടിയിറക്കു ഭീഷണി മുനമ്പിലാണിപ്പോള്‍ കാര്‍ഷികകേരളം. എറണാകുളം ജില്ലയിലെ അങ്കമാലി അയ്യമ്പുഴയില്‍ അഞ്ഞൂറേക്കര്‍ സ്ഥലത്തുനിന്നും 280 ഓളം കുടുംബങ്ങളെ പുറത്താക്കുന്ന അറിവാധാര പദ്ധതിയായ ‘ഗിഫ്റ്റി’ലൂടെ സാധാരണക്കാരും കര്‍ഷകത്തൊഴിലാളികളുമായ പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ യാഥാര്‍ത്ഥത്തില്‍ സമ്മാനിക്കുന്നതെന്തെന്ന ചോദ്യം സമരമുഖം തുറന്നിട്ട് മാസങ്ങളായി.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ വ്യവസായ ഇടനാഴികളിലൊന്ന് കേരളത്തിലേയ്ക്ക് കൂടിയെത്തുന്നതിന്റെ ഭാഗമായാണ് ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്‍ഡ് ഗ്രേസ് സിറ്റി(ഗിഫ്റ്റ് സിറ്റി)യെന്ന പുതിയ വികസന പാത കാര്‍ഷിക ഗ്രാമമായ അയ്യമ്പുഴയുടെ നെഞ്ച് കീറിയൊരുങ്ങുന്നത്. കൊച്ചി-ബംഗളുരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറില്‍ ഉള്‍പ്പെട്ട പദ്ധതിയാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്.
അയ്യമ്പുഴ വില്ലേജിലെ 19, 21 ബ്ലോക്കുകളില്‍ 70 ഓളം സര്‍വ്വേ നമ്പറുകളിലുള്ള 220 ഹെക്ടര്‍ ഭൂമിയാണ് നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ സംയോജിത പദ്ധതിയില്‍ സ്ഥലമേറ്റെടുത്ത് നല്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാകയാല്‍ ഫെബ്രുവരിക്കു മുന്‍പ് അത് പൂര്‍ത്തിയാക്കാനാണ് തീരുമാനം. സമൂഹിക, പാരിസ്ഥിതിക ആഘാതപഠനങ്ങള്‍ പൂര്‍ത്തിയാക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും ബന്ധപ്പെട്ട ആളുകളുടെ ആശങ്കകളോ സ്ഥലത്തെ ജനപ്രതിനിധികളുടെ അഭിപ്രായങ്ങളോ വേണ്ടവിധത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്ന ആക്ഷേപമാണ് പാവപ്പെട്ട മനുഷ്യരെ സമരമുറകളുമായി ഇപ്പോള്‍ തെരുവിലെത്തിച്ചിരിക്കുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമെന്ന ന്യായമാണ് അയ്യമ്പുഴയിലേക്ക് വികസനയിടനാഴിയെ എത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വാദം. FACT ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി നല്കപ്പെട്ടിട്ടുള്ള നൂറു കണക്കിന് ഹെക്ടര്‍ ഭൂമിയിലെ ഇനിയും ഉപയോഗിച്ചിട്ടില്ലാത്ത സ്ഥലങ്ങളുപേക്ഷിച്ച് കാര്‍ഷിക കേരളത്തിന്റെ ശേഷിക്കുന്ന പച്ചപ്പുകൂടി അറുത്തില്ലാതാക്കുന്ന പുതിയ വികസന ‘സമ്മാനം’ അയ്യമ്പുഴയിലെത്തുമ്പോള്‍ അത് ഖനന മാഫിയയെ സഹായിക്കാനാണെന്നാണ് തദ്ദേശവാസികളായ സാധാരണക്കാരുടെ സങ്കടം. തുരന്നു കയറാന്‍ മലയും വെട്ടിനിരത്താന്‍ തെങ്ങും ജാതിയും കവുങ്ങും വാഴയും നിറഞ്ഞ കൃഷിമേഖലയുള്‍പ്പെടുന്ന നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം ‘വികസനശക്തി’കളുടെ ഇഷ്ടഇടമായത് യാദൃശ്ചികമല്ല.
വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു വിലക്കുള്ള പരിസ്ഥിതി ലോല പ്രദേശ പരിധിയിലാണ് അയ്യമ്പുഴ മേഖല. 1998 മുതല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ് ഈ ജനവാസകേന്ദ്രം.
വികസനപദ്ധതിക്ക് ഈ നാട് എതിരല്ല. എന്നാല്‍ കാര്‍ഷികമേഖലയായി ഇന്നും തുടരുന്ന ഈ പ്രദേശം ജനാധിപത്യവിരുദ്ധമായി ഒഴിപ്പിച്ചെടുക്കുമ്പോള്‍ ജീവനും ജീവിതവും ഇല്ലാതാകുന്ന സാധാരണക്കാരുടെ സങ്കടം സര്‍ക്കാര്‍ കാണാതെ പോകരുത്. അയ്യമ്പുഴ വില്ലേജില്‍ത്തന്നെ ജനവാസമില്ലാത്ത 171.97 ഹെക്ടര്‍ തരിശുഭൂമി ഒഴിവാക്കിയാണ് ഈ ഒഴിപ്പിച്ചെടുക്കല്‍ എന്നതിനാല്‍ സര്‍ക്കാരിന്റേത് വികസന ലക്ഷ്യം മാത്രമല്ല എന്ന സംശയത്തിനു ബലമേറുന്നു. മുന്‍പ് സമീപ പഞ്ചായത്തുകളിലെ തണ്ണീര്‍ത്തടങ്ങളും, കൃഷിനിലങ്ങളും വന്‍തോതില്‍ നികത്തിയുള്ള നിര്‍മ്മാണ പദ്ധതിക്കെതിരെ ശക്തമായ ജനരോഷവുമായി നാടുണര്‍ന്നപ്പോള്‍ ‘കിന്‍ഫ്ര’ അതില്‍നിന്നും പിന്‍മാറിയ സാഹചര്യം ഓര്‍മ്മ വരുന്നുണ്ട്.
കേരളത്തിലെ വിവിധ വികസന പദ്ധതികളുടെ ശിലാഫലകങ്ങളില്‍ത്തട്ടി വഴിമുട്ടി കുടിയിറക്കപ്പെട്ട അനേകായിരങ്ങളുടെ കണ്ണീര്‍ക്കഥകള്‍ അയ്യമ്പുഴയ്ക്കറിയാം. ഇന്നും പൂര്‍ത്തിയാകാത്ത വാഗ്ദാനപ്പെരുമകളുടെ വ്യാകുലചിത്രമാണ് മൂലമ്പിള്ളി! മുന്‍പ് ഇടുക്കി ജല വൈദ്യുത പദ്ധതിക്കുവേണ്ടി വീടും നാടും വിട്ടുകൊടുത്ത് ഇവിടെ പുതിയ കൂടും കൂട്ടും കണ്ടെത്തിയവരും ഈ കുടിയിറക്ക് ഭീഷണി നേരിടുന്നുണ്ട്. സ്ഥലവാസികളായ 853 പേര്‍ ഒപ്പിട്ട് നല്കിയ നിവേദനം പരിഗണിക്കാതെ സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ ബജറ്ററ്റില്‍ ‘GIFT’നായി വകയിരുത്തപ്പെട്ട 20 കോടി.
കേരളത്തിലെ വികസന വഴികളിലെ പ്രധാന തടസ്സം സ്ഥല ലഭ്യത തന്നെയാണ്. റെയില്‍പാതയിരട്ടിക്കല്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസനം പോലും അനന്തമായി വൈകുന്നതും ഇതേ കാരണത്താലാണ്. അപ്പോഴും ജനവാസ മേഖലയെ പരമാവധി ഒഴിവാക്കി വേണം വികസന പാതകളുടെ ദിശ നിശ്ചയിക്കാനെന്നുള്ള സാധാരണ ചട്ടങ്ങള്‍പോലും അട്ടിമറിക്കുന്നതാരാണ്? അയ്യമ്പുഴയിലെ ഗിഫ്റ്റ് പദ്ധതി റിയല്‍ എസ്‌റ്റേറ്റ് മാഫിയ ആദ്യമറിഞ്ഞതെങ്ങനെയാണ്? സര്‍ക്കാര്‍ നല്കാനൊരുങ്ങുന്ന ന്യായവിലയ്ക്കപ്പുറം ഉയര്‍ന്ന വിലയില്‍ മുന്‍കൂറായി സ്ഥലം വാങ്ങിക്കൂട്ടുന്ന അപരിചിത സംഘങ്ങള്‍ക്ക് ഒത്താശ നല്കുന്നതാരാണ്? പാവങ്ങളെ തെരുവിലിറക്കി അന്യായമായി സ്ഥലമേറ്റെടുത്തിട്ടും പാതിവഴിയിലായ പദ്ധതികള്‍ ഏറെയുള്ള ഈ നാട്ടില്‍ മറ്റൊരു വികസന പ്രഹസനത്തെ കൂടി അയ്യമ്പുഴ ഏറ്റെടുക്കണമോ എന്ന ചോദ്യം പ്രസക്തമല്ലേ?
പദ്ധതിയെ എതിര്‍ത്താല്‍ വികസന വിരുദ്ധതയുടെ മായാമുദ്ര പതിക്കപ്പെടുമോ എന്ന ഭയത്താല്‍ ഇടെപടാതെ മാറി നില്‍ക്കുന്ന ജനപ്രതിനിധികള്‍ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നതാരെയാണ്? പദ്ധതി ജനോപകാരപ്രദമെങ്കില്‍, ജനാധിപത്യ രീതിയയില്‍ സുതാര്യതയോടെ അതവതരിപ്പിക്കാനും ജനപിന്തുണയോടെ നടപ്പാക്കാനും സര്‍ക്കാര്‍ പരാജയപ്പെടുന്നിടത്താണ് പ്രതിഷേധങ്ങള്‍ തെരുവിലെത്തുന്നത്. കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ഡല്‍ഹിക്കു വണ്ടി കയറിയവര്‍ അയ്യമ്പുഴ മാസങ്ങളായി തെരുവിലുറങ്ങുന്നത് കാണാതെ പോകരുത്.
‘ഭൂമിയോടുള്ള ഗാഢമായ പ്രാര്‍ത്ഥനയെ തന്റെ കവിതകളുടെ രാഷ്ട്രീയമായെണ്ണിയ സുഗതകുമാരി’ ടീച്ചറുടെ വാക്കുകളില്‍ വികസനത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം വെളിപ്പെടുന്നുണ്ട്. ”ദുര്‍ബലരുടെ ക്ഷേമജീവിതം ഉറപ്പു വരുത്തുന്ന ആധുനിക സമൂഹം ഇന്നും ഉണ്ടായിട്ടില്ല. പ്രകൃതിയുടെ സംരക്ഷണത്തിന് അതിനെ ഹൃദയംകൊണ്ട് പ്രണമിച്ചവര്‍ നിയമങ്ങള്‍ ഉണ്ടാക്കിയെങ്കിലും അതിനെ ബുദ്ധിപൂര്‍വ്വം ഒഴിവാക്കി സര്‍ക്കാര്‍തന്നെ ഒരു കോര്‍പ്പറേറ്റായിക്കഴിഞ്ഞു. പുതിയ സാമ്പത്തിക വ്യവസ്ഥയുടെ നേരെ വാളോങ്ങേണ്ടവര്‍ അതിന്റെ പങ്കുകാരായി. പ്രകൃതിയിലേയ്ക്കു മടങ്ങുക മാത്രമാണ് നവലോകത്തില്‍ ആര്‍ദ്രത വീണ്ടെടുക്കാനുള്ള മാര്‍ഗ്ഗം.”
വികസനം വേണ്ടെന്നല്ല അയ്യമ്പുഴ പറയുന്നത്. അത് ഒരു കാര്‍ഷിക ഗ്രാമത്തിന്റെ നെഞ്ചിലൂടെ കണ്ണീര്‍ച്ചാലു കീറിത്തന്നെ വേണമോ എന്നാണ്. മറ്റ് പോംവഴികള്‍ ഉണ്ടായിരിക്കെ ഈ മണ്ണിന്റെ അവസാനത്തെ ആര്‍ദ്രതയും വറ്റിച്ചുതന്നെയാകണമോ എന്നാണ് വിലപിക്കുന്നത്? ഉത്തരവാദിത്വമുള്ള ഉത്തരം അയ്യമ്പുഴയുടെ മാത്രമല്ല, ഈ നാടിന്റെ കൂടി തലവര മാറ്റാനുള്ളതാണ്.

Leave a Comment

*
*