ജാതികളില്ലാത്ത ഭക്ഷണമേശകൾ

ജാതികളില്ലാത്ത ഭക്ഷണമേശകൾ

1917-ല്‍ സഹോദരന്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ ചെറായിയില്‍ നടന്ന പന്തിഭോജനത്തിന്‍റെ ശതവാര്‍ഷികാഘോഷവും കശാപ്പിനായി കന്നുകാലികളെ ചന്തകളില്‍ വില്ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനവും ഒരുമിച്ചെത്തിയതു പോയവാരത്തിലെ പ്രത്യേകതയായി. കന്നുകാലി ചന്തയില്‍ മൃഗസംരക്ഷണം ഉറപ്പാക്കുകയാണ് ഈ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്‍റെ അടിസ്ഥാന ലക്ഷ്യമെങ്കിലും ഉറപ്പു നഷ്ടപ്പെട്ടതു ഭാരതത്തിന്‍റെ ബഹുഭൂരിപക്ഷം വരുന്ന മാംസഭുക്കുകളുടെ ഭക്ഷണശീലത്തിന്‍റെ സംരക്ഷണത്തിനാണ്. മാംസത്തിന്‍റെ ഉപഭോഗത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനത്തു നില്ക്കുന്ന കേരള ജനതയുടെ ഭക്ഷണക്രമത്തിനും തിരിച്ചടിയായി കേന്ദ്രസര്‍ക്കാര്‍ പൊടുന്നനെ ഏര്‍പ്പെടുത്തിയ ഈ നിരോധനം. നേപ്പാളിലെ ഗധിമായ് മേളയിലേക്ക് ഇന്ത്യയില്‍നിന്നു വന്‍തോതിലുള്ള കന്നുകാലി കടത്തു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു നമ്മുടെ സുപ്രീംകോടതി 2015 ജൂലൈയില്‍ സശസ്ത്ര സീമാബല്‍ ഡയറക്ടര്‍ ജനറല്‍ ബി.ഡി. ശര്‍മ്മ അദ്ധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിച്ചു. 2017 ജനുവരിയില്‍ ഈ സമിതി നിര്‍ദ്ദേശിച്ച കരടില്‍ പൊതുജനാഭിപ്രായം തേടിയതിന്‍റെ ഫലമാണ് ഈ വിജ്ഞാപനമെന്നു കേന്ദ്രസര്‍ക്കാര്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ ഭരണക്രമത്തില്‍ അതിന്‍റെ സകല ചട്ടവട്ടങ്ങളെയും ചര്‍ച്ചാവേദികളെയും മറികടന്ന് ആകാശത്തുനിന്നെന്നപോലെ കെട്ടിയിറക്കിയ ഈ വിജ്ഞാപനത്തിന്‍റെ പിന്നിലെ ലക്ഷ്യമെന്തെന്നതു ചര്‍ച്ചാവിഷയമാകേണ്ടതാണ്.

ഈ സാഹചര്യത്തിലാണ് 1917 മേയ് 29-ന് ഏതാനും ഈഴവരെയും പുലയരെയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്താന്‍ സഹോദരന്‍ അയ്യപ്പനും സുഹൃത്തുക്കളും തീരുമാനിച്ച സംഭവം ഇവിടെ പ്രസക്തമാകുന്നത്. ചെറായിയിലുണ്ടായ ഈ ചരിത്രസംഭവം നൂറുവര്‍ഷം പിന്നിടുമ്പോള്‍ സഹോദരന്‍ അയ്യപ്പനെ 'പുലയനയ്യപ്പന്‍' എന്നു വിളിച്ച കേരളസമൂഹം ഒരു നൂറ്റാണ്ടിനിപ്പുറം ഭക്ഷണ ജനാധിപത്യം നേടിയോ? ദേശീയതലത്തില്‍, ബീഫ് കഴിക്കുന്നവരെ പടിപടിയായി തുടച്ചുകളയണമെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഈ പരിശ്രമങ്ങളെ പ്രതിരോധിക്കാനുള്ള ചര്‍ച്ചകളുടെ അടിവേരുകളും സഹോദരന്‍ അയ്യപ്പന്‍റെ ഈ പന്തിഭോജനചിന്തയുമായി ഇഴപിരിഞ്ഞു കിടക്കുന്നു.

കീഴ്ജാതിക്കാരന്‍റെ സ്വാതന്ത്ര്യം ജാതിഭ്രാന്തിന്‍റെ കരാളഹസ്തങ്ങളില്‍ ശ്വാസംമുട്ടിയിരുന്ന കാലത്ത്, കീഴാളന് മൃഗത്തിന്‍റെ പരിഗണനപോലും അന്യമായിരുന്ന കാലത്ത് നടന്ന മിശ്രഭോജനത്തിന്‍റെ ഒരു പുനര്‍വായന ഭക്ഷണശൃംഖലയിലെ വര്‍ത്തമാനകാലസംഭവങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ജനാധിപത്യത്തിന്‍റെ പുനഃസംഘടനയിലും വളര്‍ച്ചയിലും ഭക്ഷണശീലങ്ങളെയും പുതുക്കിപ്പണിയേണ്ടതുണ്ടെന്നാണു സമകാലിക അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സസ്യഭുക്കുകളെ സാത്വികരും സൗമ്യസ്വഭാവമുള്ളവരും അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്നകന്ന് നില്ക്കുന്നവരായും ആയി രേഖപ്പെടുത്തുമ്പോള്‍ മാംസഭുക്കുകളെ ക്ഷിപ്രകോപികളും കാമാസക്തരും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ മടിക്കാത്തവരുമാണെന്ന ഗണത്തില്‍പ്പെടുത്തി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. 'ഒരുവന്‍ ഭക്ഷിക്കുന്നതാണ് അവനായി തീരുന്നത്' എന്ന വാദവും മേമ്പൊടിക്കായുണ്ട്. ഗോവധനിരോധനത്തിനുവേണ്ടിയുള്ള മുറവിളിയുടെയും ഇറച്ചിവെട്ടുന്നവര്‍ക്കും കഴിക്കുന്നവര്‍ക്കുമെതിരെ പശുസംരക്ഷകര്‍ നടത്തിയ ആക്രണങ്ങളുടെയും പശ്ചാത്തലം ഈ കന്നുകാലി വില്പന നിരോധനത്തെപ്പറ്റി വലിയൊരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അങ്കലാപ്പും സൃഷ്ടിക്കുന്നുണ്ട്.

ബിജെപി ഗവണ്‍മെന്‍റ് അധികാരത്തിലേറിയതിനുശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായുള്ള അക്രമങ്ങളിലും പീഡനങ്ങളിലും വര്‍ദ്ധനവാണുണ്ടായിരിക്കുന്നതെന്നു കഴിഞ്ഞ മേയ് 23-നു വാഷിംഗ്ടണിലെ AJA (Alliance for Justice and Accountability) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 63 പേജുള്ള ഈ റിപ്പോര്‍ട്ട് കഴിഞ്ഞ കാലങ്ങളില്‍ ഭാരതത്തില്‍ നടന്ന മതതീവ്രവാദ കൊലപാതകങ്ങളുടെയും ന്യൂനപക്ഷപീഡനങ്ങളുടെയും വിശദവിവരങ്ങള്‍ പ്രതിപാദിക്കുന്നു. യു.എന്‍. മനുഷ്യാവകാശ കമ്മീഷന്‍ ഇന്ത്യയെക്കുറിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ചു ഗൗരവമായ ചോദ്യങ്ങളും വിമര്‍ശനങ്ങളും 112 രാഷ്ട്രങ്ങള്‍ ഉന്നയിച്ചിരുന്നു. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍റെ 2016-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഭാരതം രൂക്ഷവിമര്‍ശനത്തിനു വിധേയമാവുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്‍റെ മനുഷ്യാവകാശ കമ്മീഷനും സാമൂഹ്യജീവിതശൈലികളില്‍ കൂടുതല്‍ നവീകരണം വേണമെന്നു കര്‍ശനഭാഷയില്‍ ഭാരതത്തോട് ആവശ്യപ്പെട്ടു.

ഭക്ഷണമെന്നതു വിശപ്പകറ്റാനും ജീവിച്ചു മുന്നേറാനുംവേണ്ടിയുള്ള ഊര്‍ജ്ജമാണെന്നതു മറക്കാതിരിക്കാം. നമ്മുടെ ഭക്ഷണമേശയിലേക്കു വര്‍ഗ-വര്‍ണ-ജാതി വിവേചനങ്ങള്‍ കടന്നുവരാതിരിക്കട്ടെ. കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന ഫരിസേയത്വത്തില്‍ നിന്നു നമ്മുടെ കേന്ദ്രനേതൃത്വം എന്നാണു മുക്തമാവുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org