Latest News
|^| Home -> Editorial -> ചോരുന്ന ജനാധിപത്യം

ചോരുന്ന ജനാധിപത്യം

Sathyadeepam

ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിന്റെ ഉപോല്പന്നമായ ‘പെഗസസ്’ എന്ന ചാര സോഫ്റ്റ്‌വെയര്‍, വിയോജിക്കുന്നവരെ വീക്ഷിക്കുവാനുള്ള സൈബര്‍ ആയുധമായി ‘വികസിപ്പിച്ച’ കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണ പട്ടികയില്‍ പ്രതിപക്ഷത്തെ പ്രമുഖര്‍ മാത്രമല്ല, സ്വന്തം ഐ.ടി. മന്ത്രിയും, അനില്‍ അംബാസിയുടെ റഫാല്‍ ഇടപാടും തുടങ്ങി പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമുണ്ടെന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് രാജ്യം കേട്ടത്. ഈ-മെയിലുകളിലും, ചാറ്റിങ്ങുകളിലും, ഫോണ്‍കോളുകളിലും നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് പെഗസസ് ചാരപ്പണി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 2018-19 കാലഘട്ടത്തിലായിരുന്നു, നിരീക്ഷണമധികവും. കര്‍ണ്ണാടകയില്‍ കുമാര സ്വാമി സര്‍ക്കാരിനെ താഴെ വീഴ്ത്തിയതിലും, പെഗസസ് നിര്‍ണ്ണായക ഘടകമായി എന്നാണ് വെളിപ്പെടുത്തല്‍! ഫാ. സ്റ്റാന്‍ സ്വാമിയെ പ്രതിചേര്‍ത്ത ഭീമ കൊറെഗാവ് കേസിലുള്‍പ്പടെ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിലേക്ക് നയിച്ച ‘തെളിവുശേഖരണ’ത്തില്‍ പെഗസസിനെ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. ന്യായാധിപര്‍ പോലും ഈ സൈബര്‍ ഭീകരതയുടെ ഇരയായി എന്നറിയുമ്പോള്‍, സ്വേച്ഛാധിപത്യ രാജ്യങ്ങളിലെ ഫാസിസ്റ്റ് നിരീക്ഷണ നീതി, ഇന്ത്യയുടെ ഭരണരീതിയായി മാറിത്തീര്‍ന്നിരിക്കുന്നുവെന്നത് നമ്മെ നടുക്കുന്നു.

പെഗസസ് എന്ന നിരീക്ഷണായുധം, സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വാങ്ങാന്‍ കഴിയുകയുള്ളൂ എന്നിരിയ്‌ക്കെ, വിയോജിപ്പുകള്‍ക്കു വിലങ്ങിടാനുള്ള ഈ രഹസ്യ നിരീക്ഷണനീക്കം രാജ്യദ്രോഹം തന്നെയാണ്. എന്നാല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന്റെ, ജുഡീഷ്യല്‍ അന്വേഷണമെന്ന ന്യായമായ ജനാധിപത്യ അവകാശത്തെ സര്‍ക്കാര്‍ നിര്‍ദ്ദയം തള്ളിക്കളഞ്ഞു.

എതിര്‍ശബ്ദങ്ങളെ എതിരിടാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ ശ്രമങ്ങളില്‍ ഒടുവിലത്തേതാകുകയാണ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം. നമ്മുടെ ഫോണ്‍ ഭരണകൂടം വായിച്ചുകൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട് ഫോണും, ഇന്റര്‍നെറ്റ് കണക്ഷനുമുള്ള നമ്മളിലാരും ഏതു നിമിഷവും ഭരണഭീകരതയുടെ ഇരകളാക്കപ്പെടാമെന്ന വസ്തുതയെ ജനാധിപത്യ ഭാരതം ഇനി മുതല്‍ നിസ്സഹായതയോടെ അംഗീകരിക്കണം. ‘പെഗസാസോക്രസി’യുടെ പുതിയ ഇന്ത്യയില്‍ ഫോണല്ല, ജനാധിപത്യമാണ് ചോരുന്നത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന നിലപാടിലുറച്ച് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124-എ വകുപ്പിന്റെ ഭരണഘടനാ സാധുതയില്‍ സുപ്രീം കോടതി തന്നെ സംശയം പ്രകടിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ‘നിരീക്ഷണത്തെ’ ഫാസിസ്റ്റ് ആയുധമാക്കുന്ന പുതിയ ജനവിരുദ്ധ നീക്കം എതിര്‍ക്കപ്പെടണം. ഗാന്ധിജിയെ പോലും രാജ്യദ്രോഹിയാക്കിയ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഈ നിയമശേഷിപ്പിനെ പക്ഷെ, ഈ വിധം നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ താല്പര്യം. വിമര്‍ശനത്തെ കുറ്റമായി കാണുന്ന ഒരു നിയമത്തിന്റെ ഓരോ ഉപയോഗവും ദുരുപയോഗം തന്നെയാണെന്ന തിരിച്ചറിവില്‍ രാജ്യദ്രോഹ നിയമത്തിന്റെ ഏതു വിധത്തിലുള്ള നിലനില്പും ജനാധിപത്യത്തിന്റെ സാധ്യതയെത്തന്നെയാണ് അസാധുവാക്കുന്നത്.

‘ദ പാര്‍ട്ടി’ എന്ന പുസ്തകമെഴുതിയ റിച്ചാര്‍ഡ് മെക്‌ഗ്രെഗര്‍ (Richard McGregor) പറയുന്നതാണ് ശരി. ”പാര്‍ട്ടി ദൈവത്തെപ്പോലെയാണ്. അവന്‍ എല്ലായിടത്തുമുണ്ട്. പക്ഷെ, നിങ്ങള്‍ക്കവനെ കാണാന്‍ കഴിയില്ല.” ഭരണകൂട ഭീകരതയുടെ നിരീക്ഷണവലയത്തില്‍ നിരന്തരം തുടരുന്നതിന്റ നിസ്സഹായത, രാഷ്ട്രീയത്തെ അതിവേഗം മതവല്‍ക്കരിച്ചുകൊണ്ടിരിക്കുന്ന, മാറിയ സാഹചര്യത്തിലാണെന്നത് മറ്റൊരു വെല്ലുവിളിയാണ്. വ്യക്തിക്ക് പകരം രാഷ്ട്രം കേന്ദ്ര പ്രമേയമാകുന്ന പുതിയ ഭരണക്രമത്തില്‍ രാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ‘വ്യക്തികള്‍’ സദാ നിരീക്ഷണത്തിലാവുക സ്വാഭാവികവും, നിയമാനുസൃതവുമാകും. യുഎപിഎ പോലുള്ള അസാധാരണ നിയമപ്രയോഗം സാധാരണമാകുന്നത് അങ്ങനെയാണ്.

പ്രാന്തീകൃതമായ ഇടങ്ങളിലെ അവഗണിതരുടെ ആത്മക്ഷോഭത്തെ ആവിഷ്‌ക്കരിക്കുക ഇനി മുതല്‍ ദുഷ്‌ക്കരമാകും. അതെല്ലാം രാഷ്ട്രത്തെ അപമാനിക്കാനാണെന്ന ആരോപണമുയരും. എന്തുകൊണ്ട് വാക്‌സിന്‍ എല്ലാവര്‍ക്കുമില്ല എന്ന ചോദ്യം രാജ്യദ്രോഹമാകും. ഇന്ധന വില വര്‍ദ്ധനവിനെതിരായ പ്രതിഷേധം പോലും രാജ്യനിര്‍മ്മിതിയെ തടസ്സപ്പെടുത്തലാകും…! ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കണക്കുകള്‍ പാര്‍ലമെന്റിന് ‘മനസ്സിലാകാതെ’ പോകും…!

‘നോട്ട'(Surveillance)ത്തെ ഭയന്ന് പ്രതികരണം മറക്കുമ്പോള്‍ ജനാധിപത്യം ആഡംബരമാവുകയാണ്. സാങ്കേതിക ഏകാധിപത്യത്തിന് (technocratic authoritarianism) അത് അതിവേഗം കീഴ്‌പ്പെട്ട് അപ്രസക്തമാവുകയും ചെയ്യും.

മറ്റൊരു പ്രശ്‌നം കയ്യൂക്കിന്റെ കാര്യക്രമമാണ്. സൈബറിടങ്ങള്‍ സമഗ്രാധിപത്യത്തിന്റെ സമ്മേളനവേദി മാത്രമാകുമ്പോള്‍ ഒഴിവാക്കപ്പെടുന്നവരും, ഒഴിഞ്ഞുമാറുന്നവരും ഒരുപാടുണ്ടാകും. സൈബര്‍ ബുള്ളിംഗിനെ ഭയന്ന് വിയോജിപ്പുകള്‍ വ്യക്തമാക്കാതെ മൗനത്തിന്റെ മറയില്‍ മറയുന്നവര്‍ സമൂഹത്തിലെന്നതുപോലെ സഭയിലുമുണ്ട്. ‘ഐക്യ’പ്പെടല്‍ നിര്‍ബന്ധമാകുമ്പോള്‍ ഐകരൂപ്യം അനാവശ്യവും വ്യത്യസ്തതകള്‍ സഭാ വിരുദ്ധവുമാകും. സഭാ സംരക്ഷകരുടെ മേല്‍’നോട്ട’ത്തില്‍ എല്ലാവരെയും ”കൂടെ നടത്തുന്ന” കലാപരിപാടി ഔദ്യോഗികമാക്കി കയ്യടി ഉറപ്പാക്കും. എതിര്‍പ്പിന്റെ അവസാന ഒച്ചയും അടയുമ്പോള്‍ ‘സമാധാനം’ സമാഗതമാകും, സഭയിലും സമൂഹത്തിലും.

Leave a Comment

*
*