മുനമ്പത്തെ അറുനൂറില്‍പ്പരം കുടുംബങ്ങള്‍ തങ്ങളുടെ കിടപ്പാടത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടു നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതവും അടിയന്തരവുമായ പരിഹാരം ഉണ്ടാകേണ്ടതുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിന്റേതാണ്. മുഖ്യമന്ത്രിയും ഭരണകൂടവും മുനമ്പത്തെ ജനങ്ങള്‍ക്കു നീതി നേടിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങണം.
മുനമ്പത്തെ കുടുംബങ്ങളെ അവരുടെ വീടുകളില്‍ നിന്നിറക്കിവിടില്ലെന്ന് ഒട്ടെല്ലാവരും ആവര്‍ത്തിച്ചു പറയുന്നുണ്ട്. അത് ആരുടെയും ഔദാര്യമല്ല, അങ്ങനെ ഇറക്കിവിടുക അസാധ്യവുമാണ്. വില കൊടുത്തു വാങ്ങിയ സ്ഥലത്തെ വീടുകളില്‍ അര നൂറ്റാണ്ടിലേറെയായി കഴിഞ്ഞു വരുന്ന മനുഷ്യരെ ആര്‍ക്കാണ് തെരുവിലേക്ക് ഇറക്കി വിടാനാകുക? ഭൂമിയുടെ അവകാശം കറ തീര്‍ത്ത് ആ കുടുംബങ്ങള്‍ക്കു കൊടുക്കുക എന്നതാണ് കേരളത്തിന്റെ ആവശ്യം. ഭൂമി സ്വന്തം ആവശ്യങ്ങള്‍ക്കു വില്‍ക്കാനും വാങ്ങാനും ഈടുവച്ച് വായ്പയെടുക്കാനും അതിന്റെ ഉടമസ്ഥര്‍ക്കു സാധിക്കണം. ഇതിനാവശ്യമായ നൈയാമികവും സാങ്കേതികവും ഭരണപരവുമായ നടപടികളാണ് സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടത്.
സ്വന്തം വീടുകളില്‍ അഭയാര്‍ഥികളെ പോലെ അനിശ്ചിതത്വത്തില്‍ കഴിയേണ്ട സാഹചര്യം ആര്‍ക്കും കേരളത്തിലുണ്ടാകരുത്. ഭൂവിതരണത്തിന്റെയും അതിനുമേലുള്ള അവകാശങ്ങളുടെയും കാര്യത്തില്‍ വിപ്ലവകരവും സമത്വാധിഷ്ഠിതവുമായ നീതി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണു കേരളം. അങ്ങനെയൊരു സംസ്ഥാനത്ത്, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം വിടപറയാനൊരുങ്ങുമ്പോള്‍ ഇത്രയധികം കുടുംബങ്ങള്‍ ഭൂമിയുടെ അവകാശത്തിനായി സമരം ചെയ്യേണ്ടി വരുന്നത് വലിയ വൈരുധ്യമാണ്.
മുനമ്പത്തെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അന്യായമായി ഉന്നയിച്ചിരിക്കുന്ന അവകാശവാദം അവരുപേക്ഷിക്കണം. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് അന്നത്തെ മന്ത്രിസഭ നല്‍കിയ അംഗീകാരവും പോലെയുള്ള നിയമക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ തേടണം.
മുനമ്പത്തെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അന്യായമായി ഉന്നയിച്ചിരിക്കുന്ന അവകാശവാദം അവരുപേക്ഷിക്കണം. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് അന്നത്തെ മന്ത്രിസഭ നല്‍കിയ അംഗീകാരവും പോലെയുള്ള നിയമക്കുരുക്കുകള്‍ അഴിച്ചെടുക്കാന്‍ സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ തേടണം.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ല എന്നും അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും കേരളത്തിലെ മുഖ്യധാരാ മുസ്ലീം സംഘടനകളെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. അവര്‍ ഇതിനായി യോഗം ചേരുകയും മുനമ്പത്തെ ജനങ്ങള്‍ക്കനുകൂലമായ നിലപാടെടുക്കുകയും അത് പൊതുസമൂഹത്തെയും സര്‍ക്കാരിനെയും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. കേരളം ആ സമീപനത്തെ സ്വാഗതം ചെയ്യുന്നു.
മുനമ്പത്തെ ഭൂപ്രശ്‌നം വര്‍ഗീയതയുടെ വ്യാപനത്തിനായി ഉപയോഗിക്കാന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ രണ്ടു പ്രധാന ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച്, നടുക്കുനിന്നു ചോര കുടിക്കാന്‍ മോഹിക്കുന്നവരുടെ സൃഗാലബുദ്ധിയെ സംസ്ഥാനത്തിന്റെ മതേതരമനസ്സ് അസന്ദിഗ്ധമായി തിരസ്‌കരിക്കും. ശവമുള്ളിടത്തെല്ലാം കഴുകന്മാരെന്ന പോലെ വന്നെത്തുന്ന വര്‍ഗീയവാദികളുടെ കുതന്ത്രങ്ങളെ കേരളം തിരിച്ചറിയും. മനുഷ്യത്വത്തിനും സാമാന്യനീതിക്കും നിരക്കാത്ത കേസും പുക്കാറുമായി മുനമ്പത്തെ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ ഒറ്റപ്പെടുത്താനും പിന്തിരിപ്പിക്കാനും ബന്ധപ്പെട്ടവര്‍ എല്ലാ ശ്രമങ്ങളും നടത്തണം.
ഇതൊരു വര്‍ഗീയവിഷയമായി വളരാതിരിക്കാനുള്ള പക്വതയും ദീര്‍ഘവീക്ഷണവും പ്രകടിപ്പിക്കുവാന്‍ മറ്റാരേക്കാളും ക്രൈസ്തവസഭയ്ക്കു ബാധ്യതയുണ്ട്. കാരണം, ഇവിടെ ഇരകളാണ്, സമരരംഗത്തുള്ളവരാണ്, ക്രൈസ്തവര്‍. ദുരിതം ഏറ്റുവാങ്ങി നില്‍ക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന പക്വതയ്ക്ക് വിജയികളുടെ വിനയത്തെക്കാള്‍ കരുത്തും മൂല്യവുമുണ്ടാകും. ഈ പ്രശ്‌നം പരിഹൃതമായി കേരളീയ പൊതുജീവിതം മുന്നോട്ടുപോകുമ്പോള്‍, അനാവശ്യമായ മുറിവുകളും വേദനകളും സമൂഹഗാത്രത്തില്‍ അവശേഷിക്കാതിരിക്കാന്‍ നാം ജാഗ്രത പാലിക്കണം.
കേന്ദ്രഭരണകൂടം സ്വീകരിക്കുന്ന ഭരണനടപടികളെയും നിയമനിര്‍മ്മാണങ്ങളെയും ഭേദഗതികളെയും നിരുപാധികം അംഗീകരിക്കുകയല്ല പ്രതിപക്ഷത്തിന്റെ ദൗത്യം. ഭരണകൂടത്തിന്റെ ഓരോ നീക്കവും ഇഴകീറി പരിശോധിച്ച്, വരുംവരായ്കകള്‍ പഠിച്ച്, സംവാദത്തിനു വിധേയമാക്കാനും പോരായ്മകള്‍ ചൂണ്ടിക്കാട്ടാനും പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിപക്ഷം ബാധ്യസ്ഥമാണ്. ജനാധിപത്യം അര്‍ഥപൂര്‍ണ്ണമാകുന്നത് പ്രതിപക്ഷധര്‍മ്മം അവര്‍ യഥാവിധി നിര്‍വഹിക്കുമ്പോഴാണ്. അതില്‍ നിന്നു ദേശീയരാഷ്ട്രീയകക്ഷികളെ പിന്തിരിപ്പിക്കുന്ന സമ്മര്‍ദതന്ത്രങ്ങള്‍ ജനാധിപത്യത്തിന്റെ കരുത്താണു ചോര്‍ത്തുക. ഇക്കാര്യത്തില്‍, ഇന്ത്യയുടെ മതേതരജനാധിപത്യത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ ഭാവിയില്‍ താല്‍പര്യമുള്ള സകലരും കരുതലെടുക്കണം.
മുനമ്പം പ്രശ്‌നത്തിനു രമ്യമായ പരിഹാരം അതിദ്രുതം സാധ്യമാക്കുക എന്നത് ഇന്ന് കേരളത്തിലെ പൊതുസമൂഹത്തിന്റെ ആവശ്യമായി മാറിയിട്ടുണ്ട്. മുനമ്പത്തെ ജനങ്ങളുടെ സമരവീര്യവും ഐക്യവും അതിനൊരു പ്രധാനകാരണമാണ്. കോട്ടപ്പുറം രൂപതയും കേരളത്തിലെ ഇതര കത്തോലിക്കാരൂപതകളും മേലധ്യക്ഷന്മാരും സമരത്തിനു നല്‍കിയ പിന്തുണയും നിര്‍ണ്ണായകമായി. മുനമ്പം ജനതയും സമരനേതാക്കളും നമ്മുടെ അഭിവാദ്യമര്‍ഹിക്കുന്നു. സമരം ചരിത്രത്താളുകളിലേക്കു മടങ്ങുകയും ജീവിതം സാധാരണനിലയിലാകുകയും ചെയ്യുന്ന സമയം എത്രയും വേഗം വന്നെത്തട്ടെ.