Latest News
|^| Home -> Editorial -> അര്‍മേനിയയുടെ അറിയിപ്പ്

അര്‍മേനിയയുടെ അറിയിപ്പ്

Sathyadeepam

ഒന്നാം ലോക മഹായുദ്ധകാലത്ത് 15 ലക്ഷം അര്‍മേനിയന്‍ ക്രൈസ്തവര്‍ അതിഭീകരമായി കൊല്ലപ്പെട്ട സംഭവം ആസൂത്രിതവും വംശീയ ഉന്മൂലന ശ്രമവുമായിരുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ, നൂറ്റാണ്ടിനിപ്പുറം ഒരു ചരിത്ര സത്യത്തിന്റെ മറനീക്കലും മാപ്പിരക്കലുമായി ലോകം മനസ്സിലാക്കുകയാണ്.

അര്‍മേനിയന്‍ കൂട്ടക്കൊലയുടെ 106-ാം വാര്‍ഷികദിനമായിരുന്ന ഏപ്രില്‍ 25 ന് ബൈഡന്‍ നടത്തിയ പ്രസ്താവനയിലായിരുന്നു, ‘വംശീയ ഉന്മൂലനം’ എന്ന വാക്കുപയോഗിച്ച് ആസൂത്രിതമായ അക്രമത്തെ അപലപിച്ചത്. അമേരിക്കയിലെ മുന്‍ ഭരണാധികാരികള്‍, തുര്‍ക്കിയുമായുള്ള ബന്ധം മോശമാകാതിരിക്കാന്‍ ഇതുവെരയും ഇതിനു മുതിര്‍ന്നിരുന്നില്ല. 2019-ല്‍ യു.എസ്. കോണ്‍ഗ്രസ്സ് മാനവികതയ്‌ക്കെതിരായ ഈ ആസൂത്രിതാതിക്രമത്തെ വംശഹത്യയായിത്തന്നെ വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രമേയാവതരണത്തിനു ശ്രമിച്ചെങ്കിലും ടൊണാള്‍ഡ് ട്രമ്പ് അതിനു അനുമതി നിഷേധിക്കുകയാണുണ്ടായത്!

1915 മുതല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ നടത്തിയ ഈ കൂട്ടക്കുരുതി, ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യകളില്‍ ഒന്നാണ്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും ക്രൈസ്തവരായിരുന്നു. സ്ത്രീകള്‍ വ്യാപകമായി ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ടു. പതിനായിരങ്ങള്‍ പട്ടിണി കിടന്നു മരിച്ചു. ലക്ഷക്കണക്കിനാളുകള്‍ പലായന ശ്രമങ്ങളില്‍ മരുഭൂമിയില്‍ അലഞ്ഞാണ് ഇല്ലാതായത്. അതിലേറെപ്പേര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായി. ചരിത്രകാരനായ ഡേവിഡ് ഫ്രോംകിന്റെ കുറിപ്പുകളില്‍ (A Peace to end all Peace) ഈ പൈശാചിക നരനായാട്ടിന്റെ നേര്‍ചിത്രമുണ്ട്. കൂടാതെ വിദേശ മാധ്യമ സുഹൃത്തുക്കളും മിഷണറിമാരും അര്‍മേനിയക്കാര്‍ സഹിച്ച കൊടുംക്രൂരതകളെക്കുറിച്ച് ലോകത്തെ അറിയിച്ചിട്ടുണ്ട്.

1915-17 കാലഘട്ടത്തിലായിരന്നു, ഈ വംശഹത്യ അധികവും നടന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ റഷ്യയോട് പരാജയെപ്പട്ട ഓട്ടോമന്‍ തുര്‍ക്കി, പരാജയകാരണം അര്‍മേനിയന്‍ വംശജരാണെന്ന കുപ്രചാരണമഴിച്ചുവിട്ടാണ് ലോകം കണ്ട ഏറ്റവും വലിയ വംശവിഛേദത്തിന് അവസരമൊരുക്കിയത്.

1948 ലെ യു.എന്‍. കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ II വംശഹത്യയെ വ്യക്തമായി വിശദീകരിക്കുന്നുണ്ട്. ”ദേശീയമോ, വംശീയമോ, ഗോത്രീയമോ, മതപരമോ, ആയ ഒരു വിഭാഗത്തെ പൂര്‍ണ്ണമായോ, ഭാഗീകമായോ നശിപ്പിക്കുന്നത് വംശഹത്യയാണ്.” പോളിഷ് അഭിഭാഷകനായിരുന്ന റാഫേല്‍ ലെംകിന്‍ (Raphael Lenkin) 1943 ല്‍ വംശഹത്യ (Genocide) എന്ന തന്റെ പദനിര്‍മ്മിതിയില്‍ അര്‍മേനിയന്‍ കൂട്ടക്കൊലയും, ജൂതവംശഛേദവും തന്നെ ഗുരുതരമായി സ്വാധീനിച്ച വസ്തുത വേദനയോടെ വെളി പ്പെടുത്തുന്നുണ്ട്.

യുദ്ധാനന്തരം ഈ കൂട്ടക്കൊലയ്ക്കു നേതൃത്വം നല്കിയവരെ വിചാരണ ചെയ്്ത് തുര്‍ക്കി ശിക്ഷിച്ചുവെന്നത് ചരിത്രം. അപ്പോഴും ഇതൊരു വംശഹത്യയായി അവര്‍ അംഗീകരിച്ചില്ല എന്നു മാത്രമല്ല, തുര്‍ക്കിയുടെ കണക്കില്‍ മരണപ്പെട്ടവര്‍ മൂന്നു ലക്ഷം മാത്രമാണ്! ബൈഡന്റെ പ്രസ്താവനയെ ”നൈയാമികാടിത്തറയോ, തെളിവുകളുടെ അടിസ്ഥാനമോ ഇല്ലാത്തതിനാല്‍ തള്ളിക്കളയുന്നു”വെന്നായിരുന്നു, ടര്‍ക്കിഷ് വിദേശ മന്ത്രാലയത്തിന്റെ പ്രതികരണം. തെറ്റ് തിരുത്താന്‍ ബൈഡന്‍ തയ്യാറാകണമെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, സെക്കുലറിസത്തിന്റെ പുരോഗമന പാതയിലായി ആധുനിക ടര്‍ക്കി. എന്നാല്‍ മതസൗഹാര്‍ദ്ദവും, മാനവിക മൂല്യങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട നല്ല നാളുകള്‍ അവസാനിക്കുകയാണെന്ന് തെളിയിക്കുന്നുണ്ട്, തുര്‍ക്കിയുടെ പുതിയ ഭരണാധികാരിയായ ഗെസി എര്‍ദോഗന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍. ‘ഹാഗിയ സോഫിയ’ വീണ്ടും മോസ്‌ക്കാക്കി പരിവര്‍ത്തിപ്പിച്ച നടപടി അതിന്റെ ഒടുവിലത്തെ ഉദാഹരണമായി. മതത്തിലധിഷ്ഠിതമായ പുതിയ ദേശീയവാദം തുര്‍ക്കിയില്‍ എങ്ങനെയാണ് അതിവേഗം വേരോടുന്നതെന്ന് അടുത്തകാലത്ത് അവിടെ അറസ്റ്റ് ചെയ്യപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും, പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധിയുമായ ഒമര്‍ ഫറൂഖിന്റെ മറുപടിയിലുണ്ട്. ”മതം ഒരിക്കലും ദേശീയതയെ ശുപാര്‍ശ ചെയ്യുന്നില്ല. യഥാര്‍ത്ഥത്തില്‍ ദേശീയത മതത്തിനെതിരാണ്. എന്നാലിപ്പോള്‍ സൈന്യം പോലും മതമെന്നതു പോലെ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.” എര്‍ദോഗന്റെ കീഴില്‍ നാലഞ്ചു വര്‍ഷമായി ജനങ്ങള്‍ ചരിത്രം കണ്ടതില്‍വച്ച് ഏറ്റവും ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ അനുഭവിക്കുകയാണെന്ന് ഒമര്‍ കൂട്ടിച്ചേര്‍ക്കുന്നു. (മാതൃഭൂമി പുസ്തകം 99, ലക്കം 6).

അര്‍മേനിയന്‍ വംശഹത്യ മനുഷ്യത്വത്തിന്മേലുള്ള കളങ്കമെന്നായിരുന്നു വത്തിക്കാന്റെ പ്രതികരണം. വംശഹത്യ നടത്തിയവരും അതിനോട് ഉദാസീനത പുലര്‍ത്തി നിശബ്ദത പാലിച്ചവരും ഈ കളങ്കത്തിനു പുറത്തല്ലെന്ന് അര്‍മേനിയന്‍ വംശഹത്യ ദിനത്തിന്റെ 106-ാം വാര്‍ഷികാനുസ്മരണ ബലിമദ്ധ്യേ പൗരസ്ത്യ സഭാകാര്യാലയത്തിന്റെ അദ്ധ്യക്ഷന്‍, കാര്‍ഡിനല്‍ ലെയോ നാര്‍ദോ സാന്ദ്രി പ്രസ്താവിച്ചു. ”വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ ദൈവത്തിന്റെ സുഹൃത്തുക്കള്‍ തന്നെ. ലോക ചരിത്രത്തിലെന്ന പോലെ നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും തിന്മ എന്ന പ്രശ്‌നെത്തക്കുറിച്ച് പരിചിന്തനം ചെയ്യാന്‍ ഇത് കാരണമാകണം.” എന്നു കൂടി കാര്‍ഡിനല്‍ കൂട്ടിേച്ചര്‍ത്തു.

എന്നാല്‍ ഭൂതകാലത്തെ വര്‍ത്തമാനത്തിന്റെ വാക്കുകളാല്‍ വിധിക്കരുതെന്നാണ് ‘നമുക്ക് സ്വപ്നം കാണാം മെച്ചപ്പെട്ട ഭാവിയുടെ പാത’ (Let us dream, the path to a better future) എന്ന ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ പുസ്തകത്തിലെ തിരുത്ത്.

”നമ്മുടെ ഭൂതകാലത്തിന്മേല്‍ പതിച്ചിരിക്കുന്ന കളങ്കം നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമാണ്. ചരിത്രം ഞാനോര്‍മ്മിക്കുന്നത് പഴയ മര്‍ദ്ദകരെ വാഴ്ത്താനല്ല, മറിച്ച് മര്‍ദ്ദിതരായ ആത്മാക്കളുടെ സാക്ഷ്യത്തെയും മഹത്വത്തെയും ആദരിക്കാനാണ്. ഭൂതകാലത്തെ അപമാന മുക്തമാക്കുന്നതിനു വേണ്ടി വര്‍ത്തമാന കാലത്തിന്റെ കണ്ണിലൂടെ അതിനെ വിധിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ചരിത്രത്തെ അയാളുടെ തെറ്റുകളുടെ ചരിത്രമാക്കി ചുരുക്കിക്കൊണ്ട് വേറെ അനീതികള്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ സ്വയം ഇടവരുത്തുകയാവും ചെയ്യുക.” പാപ്പയുടെ ഈ ഓര്‍മ്മപ്പെടുത്തല്‍ ഏതൊരു അതിക്രമത്തിന്റെയും ‘പുറകിലുള്ളവരെ’ പെട്ടെന്ന് ‘പിടികൂടി’ ലോകത്തിന്റെ സൗ ഹാര്‍ദ്ദഭാവി മെച്ചപ്പെടുത്താമെന്ന നമ്മുടെ ‘നല്ല’ പരിപാടികളെ പാടെ തള്ളിക്കളയുകയാണ്. ഭീകരവാദത്തിന് പരിഹാരം മറ്റൊരു ഭീകരവാദമോ, യുദ്ധത്തിനു മറുപടി മറ്റൊരു യുദ്ധമോ അല്ല എന്നു തന്നെയാണ് പാപ്പ നിരന്തരം നമ്മെ ഓര്‍മ്മിപ്പിക്കുന്നന്നത്.

തെറ്റ് തിരിച്ചറിഞ്ഞും അത് ഏറ്റു പറഞ്ഞും, സംഭാഷണങ്ങളുടെ സമാധാന പാതയിലൂടെ മാത്രമെ മെച്ചപ്പെട്ട ഭാവിയിലേയ്ക്ക് നമുക്ക് എത്താനാകൂ. അര്‍മേനിയ അറിയിക്കുന്നതും ഇത് തന്നെ. ജറുസലെം വീണ്ടും വെടിയൊച്ചകളില്‍ വിഷാദിക്കുമ്പോള്‍ പ്രത്യേകിച്ചും.

Leave a Comment

*
*