വിജ്ഞാപനവും വിധിയും

വിജ്ഞാപനവും വിധിയും

മെയ് 28 വ്യത്യസ്തമായത് രണ്ട് കാരണത്താല്‍; ഒന്ന് വിജ്ഞാപനം, മറ്റൊന്നു വിധി. വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെയും വിധി കേരള ഹൈക്കോടതിയുടെയും. രണ്ടും ന്യൂനപക്ഷ വിഭാഗത്തെ ഗൗരവമായി സമീപിക്കുന്നതും സ്വാധീനിക്കുന്നതുമാണ് എന്ന പ്രത്യേകതയുണ്ട്.

2019-ലെ ദേശീയ പൗരത്വ നിയമ ഭേദഗതി (CAA) ഉടനടി നടപ്പാക്കാന്‍ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ കഴിയുന്നവര്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു വിജ്ഞാപനം. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 80:20 അനുപാതം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നതായിരുന്നു കോടതി വിധി.

പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തിയ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിക്കുകാര്‍, ബുദ്ധമതക്കാര്‍ ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് പൗരത്വത്തെ മതാധിഷ്ഠിതമായി വ്യാഖ്യാനിച്ച പുതിയ പൗരത്വനിയമഭേദഗതിമൂലം പൗരത്വാപേക്ഷ സമര്‍പ്പിക്കാനാവുക. ഈ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലീം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല. വിവേചനപരമെന്നുന്നയിച്ച് പ്രതിപക്ഷം ഈ നീക്കത്തെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ത്തെങ്കിലും മേല്‍പ്പറഞ്ഞ രാജ്യങ്ങില്‍ അവര്‍ ഭൂരിപക്ഷമാണെന്ന വാദമുയര്‍ത്തിയാണ് സര്‍ക്കാര്‍ ഭേദഗതിയുമായി മുന്നോട്ടു പോയത്. രാജ്യമെങ്ങും അലയടിച്ച പ്രതിഷേധത്തിരകള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പതുക്കെ പിന്‍വാങ്ങുകയായിരുന്നു. 2019 ഡിസംബറില്‍ പാസ്സാക്കിയ നിയമഭേദഗതി 2020 ജനുവരി 10-ന് പ്രാബല്യത്തില്‍ വന്നെങ്കിലും ഭേദഗതികളുടെ അടിസ്ഥാനത്തില്‍ ചട്ടങ്ങളുണ്ടാക്കിയിരുന്നില്ല. സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇത് തുടരുമ്പോഴാണ് മതാടിസ്ഥാനത്തിലുള്ള പൗരത്വ വിജ്ഞാപനത്തിന്റെ തിരക്കിട്ട നീക്കം എന്നത് മതേതര വിശ്വാസികളെ ഭയപ്പെടുത്തുന്നു.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെറ്റിറ്റ് സ്‌കോളര്‍ഷിപ്പനുവദിക്കുമ്പോള്‍ ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്ന നിര്‍ദ്ദേശം ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയായി പുറത്തുവരുമ്പോള്‍ ന്യൂനപക്ഷ ക്ഷേമ വിതരണത്തിലെ വിവേചനത്തിനെതിരെ നാളുകളായിത്തുടരുന്ന ആക്ഷേപങ്ങള്‍ക്ക് അറുതിയുണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെയാണ്.

2008 ലും 2011-ലും 2015 ലും സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളാണ് നിയമപരമായി നിലനില്‍ക്കുന്നവയല്ല എന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടതു സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകൃതമായതും വിവിധ കാലങ്ങളില്‍ പുറെപ്പടുവിച്ച ഉത്തരവുകളിലൂടെ സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണ രീതി ആരംഭിച്ചതും.

എന്നാല്‍ സംസ്ഥാനത്തെ ജനസംഖ്യാനുപാതം അനുസരിച്ച് ക്രൈസ്തവര്‍ക്ക് അര്‍ഹമായത് നല്കാതെ മുസ്‌ലീം വിഭാഗത്തിന് 80% നല്കുന്നത് ഭരണഘടനാ വിരുദ്ധമായതിനാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദാക്കുന്നുവെന്ന് കോടതി വ്യക്തമായി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലെ പിന്നാക്കാവസ്ഥ വേര്‍തിരിച്ച് കാണിക്കാനുള്ള അധികാരം ദേശീയ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ക്കില്ലെന്ന് ഹൈക്കോടതി, വിധിയില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണ് പരിഗണിക്കേണ്ടത്. സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ വിവേചനം സംബന്ധിച്ച ക്രൈസ്തവ വിഭാഗത്തിനുണ്ടായ പരാതി യഥാസമയം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയെക്കുറിച്ചും വിധിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം ന്യൂനപക്ഷാനുകൂല്യങ്ങള്‍ ഒബിസി വിഭാഗങ്ങള്‍ക്കു മാത്രമായി ചുരുക്കരുതെന്ന നിര്‍ദ്ദേശവും വിധിന്യായത്തിലുണ്ട്.

ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമ്പത്തിക-വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് കോടതിയുടെ പരിഗണനയില്‍ വന്നതും ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായതും ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങളിലെ നിരവധിയായ ന്യൂനതകളെ പരിഹരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംവരണത്തിലെ ജാതി തത്വം അട്ടിമറിക്കപ്പെട്ട സംസ്ഥാനമാണ് കേരളം. മുസ്‌ലീം ഇതര ന്യൂനപക്ഷ വിഭാഗങ്ങളില്‍ ജാതി അടിസ്ഥാനത്തിലുള്ള സംവരണം നടപ്പായപ്പോള്‍ മുസ്‌ലീം സമൂഹത്തില്‍ മാത്രം മതം സംവരണ തത്വമായതെങ്ങനെയെന്ന് പരിശോധിക്കേണ്ടതല്ലേ?

പാലൊളി കമ്മീഷന്‍ ശുപാര്‍ശ പ്രകാരം നൂറു ശതമാനവും മുസ്‌ലീം വിഭാഗത്തിന് അവകാശപ്പെട്ട ക്ഷേമപദ്ധതികളില്‍ നിന്ന് 20% മറ്റ് വിഭാഗത്തിന് നല്കിയതാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നവര്‍ ഇരുപാര്‍ട്ടികളിലും, മുസ്‌ലീം സംഘടനകളിലുമുണ്ട്. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവായി നല്കിയ സ്‌കോളര്‍ഷിപ്പായിരുന്നില്ല എന്നാണ് വാദം. അവകാശപ്പെട്ടത് അവകാശികളിലേക്കെത്താന്‍ വൈകി വന്ന ഈ വിധി കാരണമാകണം. അപ്പോഴും ക്രൈസ്തവരും മുസ്‌ലീംങ്ങളും തമ്മിലുള്ള അകല്ച്ചയ്ക്ക് അല്പം പോലും ഈ വിധി വിധേയമാകരുത്.

ഇതിനിടെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗങ്ങള്‍ (ലത്തീന്‍ കത്തോലിക്കര്‍, പരിവര്‍ത്തിത കത്തോലിക്കര്‍) പുതിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തഴയെപ്പടുമോ എന്ന ആശങ്ക ബന്ധപ്പെട്ടവര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ന്യൂനപക്ഷ ക്ഷേമം ഭരണഘടനാ ബാധ്യതയായിരിക്കെ അത് തുല്യ നീതിയോടെ നിര്‍വ്വഹിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം ഭരണാധികാരികളുടേതാണ്. എന്നാല്‍ കേരളത്തില്‍ ന്യൂനപക്ഷത്തെക്കുറിച്ചുള്ള 'നിര്‍വ്വചന'ത്തില്‍ത്തന്നെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭൂരിപക്ഷം നിര്‍ണ്ണായകാധിപത്യം നേടിയെന്നയാക്ഷേപത്തിന് വഴിയും വളവുമായത് ഇവിടുത്തെ ഇടംവലം വ്യത്യാസമില്ലാത്ത രാഷ്ട്രീയ നേതൃത്വം തന്നെയാണ്. വോട്ട്ബാങ്ക് രാഷ്ട്രീയം വിധിയാളനാകുന്നതാണ് സമീപകാല ജനാധിപത്യാപചയത്തിന്റെ അടിസ്ഥാന കാരണം. ഇടതു വലതു മുന്നണികള്‍ പരസ്പരം പഴിചാരി പരിഹാസ്യരാകുമ്പോള്‍ പതിറ്റാണ്ടുകളുടെ നീതിനിഷേധത്തിന് കോടതി വിധി മറുപടിയാകുമെന്ന് കരുതാം. ന്യൂനപക്ഷക്ഷേമ വിതരണത്തിലെ അസന്തുലിത നിയമനിര്‍മ്മാണമുള്‍പ്പടെയുള്ളവ പരിഗണിച്ച് പരാതികളില്ലാതെ പരിഹരിക്കാനുള്ള ആര്‍ജ്ജവവും ആജ്ഞാശേഷിയും സംസ്ഥാന സര്‍ക്കാര്‍ പ്രകടിപ്പിക്കണം.

വീക്ഷണങ്ങളെ വിശാലമാക്കുക തന്നെയാണ് പ്രധാന പരിഹാരം. പൗരത്വനിര്‍ണ്ണയ രീതികളില്‍ മതം പ്രധാന തത്വമാകുന്നത് ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയോ അതുപോലെ സംവരണ തത്വങ്ങളിലും അത് അടിസ്ഥാന ന്യായമാകരുത്, എന്നത് തുല്ല്യനീതിയുടെ നിര്‍വഹണത്തിന് അനിവാര്യമാണ്. ന്യൂനപക്ഷ/ഭൂരിപക്ഷ വേര്‍തിരിവുകള്‍ ദേശാന്തരങ്ങളില്‍ മാറി മറിയുമ്പോള്‍ തുല്ല്യതയുടെ ധാര്‍മ്മിക ബാധ്യത എല്ലായിടത്തും ബാധകമാണെന്ന് മറക്കരുത്. ഓര്‍ക്കുക, നീതിയുടെ വര്‍ഗ്ഗീയ വല്‍ക്കരണം ഏറ്റവും വലിയ അനീതിയാണ്. തെറ്റായ വിജ്ഞാപനങ്ങളെ ശരിയായ വിധികള്‍ തിരുത്തട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org