വികാരിയുടെ വൈകാരികലോകം

വികാരിയുടെ വൈകാരികലോകം
Published on

Adolfe Tanquerey എന്ന ആത്മീയ നിയന്താവ് വൈദിക വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, 'ദൈവമേ, ഞാന്‍ നിന്നെ കൂടുതല്‍ അറിയട്ടെ. അങ്ങനെ ഞാന്‍ നിന്നെ അധികമായി സ്‌നേഹിക്കാന്‍ ഇടവരട്ടെ. ദൈവമേ, ഞാന്‍ നിന്നെ കൂടുതല്‍ അറിയട്ടെ. അങ്ങനെ ഞാന്‍ എന്നെ അധികമായി നിന്ദിക്കാന്‍ ഇടയാകട്ടെ.' തന്നോട് ഒട്ടും മമത കാട്ടാതെ വൈകാരികതയെ വൈദിക ജീവിതത്തില്‍ നിന്ന് പുറത്താക്കുന്ന ആത്മീയ സങ്കല്പങ്ങളും ബിംബങ്ങളും ഇന്നും നമ്മുടെ ആത്മീയ ഇടങ്ങളുടെ പൊതുബോധത്തില്‍ ബാക്കി ഉണ്ട്. പൗരോഹിത്യം അതിന്റെ പൂര്‍ണ്ണതയില്‍ പൂക്കുവാനും കായ്ക്കുവാനും ശ്രേഷ്ഠമായ മാനുഷിക വികാരങ്ങളുടെ ജീവജലം ആവശ്യമാണ്. ഒരേസമയം ദൈവത്തിലേക്ക് ഉയരാനും മനുഷ്യനിലേക്ക് ഇറങ്ങാനും മാനുഷിക വികാരങ്ങളുടെ നൗകകള്‍ പുരോഹിതന് കൂടിയേ തീരൂ.

"Grace does not destroy nature, but perfects it' എന്ന് തോമസ് അക്വീനാസ് പറഞ്ഞുവച്ചു. പൗരോഹിത്യത്തിന്റെ ദൈവകൃപ വര്‍ഷിക്കപ്പെടുന്നതും പൂര്‍ണ്ണമാകുന്നതും പുരോഹിതന്റെ മനുഷ്യപ്രകൃതിയിലാണ്. മനുഷ്യപ്രകൃതിയില്‍ നിന്ന് മാനുഷിക വികാരങ്ങളെ വേര്‍തിരിക്കാനാകില്ല. അതുകൊണ്ട് പൗരോഹിത്യത്തിന്റെ ദൈവകൃപ വിനിമയം ചെയ്യാനുള്ള മാധ്യമം കൂടിയാണ് പുരോഹിതന്റെ വികാര ലോകം. വികാരങ്ങളുടെ ലോകത്തു നിന്നു മാറി നിന്നു കൊണ്ട് ആത്മീയവും ഭൗതികവുമായ സേവനങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ അത് പൊള്ളയാകും.

ശുശ്രൂഷാപരമായിത്തന്നെ അജഗണങ്ങളുടെ പലവിധ വികാരങ്ങളില്‍ പങ്കുചേരേണ്ടവനാണ് വൈദികന്‍. രാവിലെ കുടുംബപ്രശ്‌നത്തിന്റെ കോലാഹല ചൂടില്‍ ഇടപെട്ട് വിയര്‍ക്കേണ്ടി വരുന്ന വൈദികന് ഉച്ചയ്ക്ക് മറ്റൊരു വീട്ടിലെ വിവാഹത്തിന്റെ സന്തോഷച്ചാര്‍ത്ത് അണിഞ്ഞു നില്‍ക്കേണ്ടിവരും. ചിലപ്പോള്‍ വൈകിട്ട് മരിച്ചടക്കിന്റെ സങ്കടകടലില്‍ അവനു മുങ്ങി നിവരേണ്ടി വരും. വിപരീത വികാരങ്ങളുടെ കടലില്‍ ദൈവജനത്തിന് ഒപ്പം നീന്തേണ്ടവനാണു പുരോഹിതന്‍. അതൊരു ദൈവനിയോഗമാണ്. ഇതിലൊന്നും ഉള്‍ച്ചേരാതെ താമരയിതളിലെ വെള്ളം പോലെ നനവില്ലാതെ നില്‍ക്കേണ്ടി വരിക എന്നു പറഞ്ഞാല്‍ അത് ക്രിസ്തുവിന്റെ പൗരോഹിത്യം ആകുമോ?

പൗരോഹിത്യത്തിന്റെ ദൈവകൃപ വര്‍ഷിക്കപ്പെടുന്നതും പൂര്‍ണ്ണമാകുന്നതും പുരോഹിതന്റെ മനുഷ്യപ്രകൃതിയിലാണ്. മനുഷ്യപ്രകൃതിയില്‍ നിന്ന് മാനുഷിക വികാരങ്ങളെ വേര്‍തിരിക്കാനാകില്ല.

സുവിശേഷങ്ങളില്‍ ക്രിസ്തുവിനെയും അവന്റെ വൈകാരിക ലോകത്തിന്റെ വിനിമയങ്ങളെയും നോക്കുക. തള്ളക്കോഴിയെ പോലെ ചിറകിനടിയില്‍ തനിക്കുള്ളവരെ ചേര്‍ത്തുനിര്‍ത്താന്‍ ആഗ്രഹിക്കുന്ന യേശു എന്ന പുരോഹിതനെ നമുക്കറിയാം (മത്താ. 23:37), യേശുവിനെ കണ്ണീരണിയിച്ച ലാസറിന്റെ മരണവും നാം മറന്നിട്ടുണ്ടാവില്ല (യോഹ. 11:35), ജനക്കൂട്ടത്തെ കണ്ടപ്പോള്‍ യേശുവിനു തോന്നിയ അനുകമ്പ സുവിശേഷങ്ങളുടെ ആകെത്തുകയാണ് (മത്താ. 9:36), തങ്ങളുടെ സമ്പത്തുകൊണ്ട് യേശുവിന്റെ ശുശ്രൂഷകളെ പൂര്‍ണ്ണമാക്കിയ ഒരുകൂട്ടം സ്ത്രീകളുടേ സ്‌നേഹവലയം അവന്റെ കൂടെ ഉണ്ടായിരുന്നു (ലുക്കാ 8:3), തന്റെ ശിഷ്യരുടെ സാന്നിധ്യം ഈശോ പലപ്പോഴും ആഗ്രഹിച്ചിരുന്നു. അതില്‍ ചിലര്‍ക്ക് അവന്റെ നെഞ്ചില്‍ ചാരികിടക്കാനുള്ള സ്വാതന്ത്ര്യവും കൊടുത്തിരുന്നു (യോഹ. 13:23) ശിഷ്യരെ കാത്ത് പ്രാതല്‍ ഒരുക്കിയിരിക്കുന്ന ഈശോയുടെ മാതൃഭാവം ആര്‍ക്കാണ് തിരിച്ചറിയാന്‍ സാധിക്കാത്തത് (യോഹ. 21:9-12)? ഈ ക്രിസ്തുവാണ് പുരോഹിതനും മാതൃക.

പുരോഹിതന്റെ സ്‌നേഹപ്രകാശനം പൂര്‍ണ്ണമാകുന്നത് അതില്‍ വൈകാരിക സ്‌നേഹം ഉള്‍ച്ചേരുമ്പോളാണ്. സ്‌നേഹിക്കുക എന്നാല്‍ ആത്മീയശുശ്രൂഷ ചെയ്യുകയും ഉപദേശിക്കുകയും മാത്രം ചെയ്യുക എന്ന് കരുതിയാല്‍ അത് എന്നും ഡ്രൈഫ്ളവേഴ്‌സ് മാത്രം കൈമാറുന്നൊരു സ്‌നേഹിതനെന്ന പോലെയാകും - വരണ്ട സ്‌നേഹത്തിന്റെ പുരോഹിതന്‍. വൈകാരിക പിന്‍ബലം ഉള്ള സ്‌നേഹം കുടുംബജീവിതത്തിലും സമര്‍പ്പിത ജീവിതത്തിലും ഒരു കടമയാണ്. അതല്ലെങ്കില്‍ ആര്‍ക്കും തൊടാന്‍ പറ്റാത്ത ഒരു ആദര്‍ശമായി സ്‌നേഹമെന്നും തലയ്ക്കുമേല്‍ നില്‍ക്കും.

സ്‌നേഹത്തിലെ വൈകാരിക വശം പുരോഹിതനെ ദൈവസ്‌നേഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റും എന്ന് ഭയപ്പെട്ടിരുന്നവര്‍ സഭയില്‍ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നിട്ടുണ്ട്. പക്ഷേ, ദൈവം സ്‌നേഹമാണ് എന്നും മനുഷ്യസ്‌നേഹത്തില്‍ ദൈവത്തിന്റെ സ്‌നേഹത്തിന്റെ പ്രായോഗിക സാദൃശ്യം ഉണ്ടെന്നുമുള്ള തിരിച്ചറിവുള്ളവര്‍ക്ക് ഈ ഭയം താനേ അപ്രത്യക്ഷമാകും.

നമ്മുടെ സ്‌നേഹത്തെ വിനിമയം ചെയ്യുക, അതാണ് വൈദികന്റെ കടമ. സംഭാഷണങ്ങള്‍, പുഞ്ചിരി, ആദരവാര്‍ന്ന സ്പര്‍ശനങ്ങള്‍, സമ്മാനങ്ങള്‍, ഒന്നിച്ചുള്ള ഭക്ഷണം, ഒരുമിച്ച് ചിലവിടുന്ന സമയം ഇതൊക്കെ വൈദികന്റെ വൈകാരിക ഉദാരതയുടെ ഭാഗമാണ്. കാത്തിരിക്കാനും കൂട്ടിരിക്കാനും പറ്റുന്നത് വൈകാരിക പിന്‍ബലമുള്ള സ്‌നേഹം ഉള്ളവര്‍ക്കു മാത്രമാണ് എന്ന് ആര്‍ക്കാണ് അറിവില്ലാത്തത്. മനുഷ്യനെ തീവ്രമായി സ്‌നേഹിക്കാന്‍ മടിക്കുന്ന വൈദികരൊക്കെ പണത്തെയും അധികാരത്തെയും പ്രശസ്തിയെയും തീവ്രമായി സ്‌നേഹിക്കുന്നതിലേക്ക് എപ്പോഴും വഴുതി വീഴാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org