പ്രത്യാശയുടെ ചരിത്രയാത്ര

പ്രത്യാശയുടെ ചരിത്രയാത്ര

പ്രതീക്ഷയ്ക്ക് വിദ്വേഷത്തെക്കാളും സമാധാനത്തിന് യുദ്ധത്തെക്കാളും ശക്തിയുണ്ടെന്ന സന്ദേശം സമ്മാനിച്ച് ഇറാക്കില്‍ നാലു ദിവസത്തെ അജപാലന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ മടങ്ങി. കോവിഡ് രോഗവ്യാപന ഭീഷണി ലോകത്തെ ഗ്രസിച്ചതിനു ശേഷം പാപ്പ നടത്തിയ ആദ്യത്തെ വിദേശയാത്രയായിരുന്നു, 2021 മാര്‍ച്ച് 5 മുതല്‍ 8 വരെ തീയതികളില്‍ ഇറാക്കിലേത്.
സമാധാനത്തിന്റെ തീര്‍ത്ഥാടകനായി, സുമേറിയന്‍ മഹാനാഗരികതയ്ക്ക് പിറവിയൊരുക്കിയ മെസപ്പെട്ടോമിയന്‍ മണ്ണില്‍ കാലുകുത്തുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ് എന്നതു മാത്രമല്ല, ആ ചരിത്ര സന്ദര്‍ശനത്തിന്റെ അധിക യോ ഗ്യത. ആഭ്യന്തര സംഘര്‍ഷങ്ങളും, മതഭീകരതയും, യുദ്ധക്കെടുതികളും ചിതറിച്ച മധ്യപൂര്‍വ്വേഷ്യയുടെ പുനഃനിര്‍മ്മാണ പ്രക്രിയയെ വേഗത്തിലാക്കാന്‍ ആ അഭിഷേക സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്ന പ്രതീക്ഷകൊണ്ടു കൂടിയാണ്, സുപ്രധാനവും എന്നാല്‍ അപകടകരവുമായ ഈ യാത്ര അനിവാര്യമായത്.
ഐഎസിന്റെ വീഴ്ചയ്ക്കു ശേഷം 2018-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡി. പിയാത്രോ പരോളിന്‍ നടത്തിയ ഇറാഖ് സന്ദര്‍ശനത്തിലൂടെ വെറുപ്പിനെ മറികടക്കുന്ന ഇറാഖി ക്രൈസ്തവരുടെ വിശ്വാസസാക്ഷ്യത്തെ ലോകക്രൈസ്തവര്‍ക്കു മുഴുവനുമുള്ള ജീവിക്കുന്ന രക്തസാക്ഷ്യമായി സമര്‍പ്പിച്ചുകൊണ്ട് വത്തിക്കാന്‍ വിലമതിക്കുകയുണ്ടായി. 2017-ല്‍ തന്നെ ഇറാഖ് സന്ദര്‍ശനത്തിനുള്ള ആഗ്രഹം ഫ്രാന്‍സി സ് പാപ്പ പ്രകടിപ്പിച്ചിരുന്നെങ്കിലും സാഹചര്യം അനുകൂലമല്ലാഞ്ഞതിനാല്‍ ഇറാഖി സഭ തന്നെ അത് നിരുത്സാഹപ്പെടുത്തുകയായിരുന്നു. മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികളും സുരക്ഷാ പ്രതിസന്ധികളും, വ്യക്തിപരമായ ആരോഗ്യപ്രശ്‌നങ്ങളും അവഗണിച്ച് വിശ്വാസികളുടെ പിതാവായ അബ്രാഹത്തിന്റെ നാട്ടിലേക്ക് (ഊര്‍, ദക്ഷിണ ഇറാക്കിലാണ്) സാഹോദര്യദൂതനെത്തിയപ്പോള്‍, മതപീഡനത്തില്‍ മനസ്സു തകര്‍ന്ന ഒരു ജനതയ്ക്ക് അത് വലിയ പ്രത്യാശയാകുന്നുണ്ട്. 'രക്തസാക്ഷിയായ സഭയെ കണ്ടുമുട്ടിയതില്‍ താന്‍ അഭിമാനിക്കുന്നു'വെന്നു പറഞ്ഞുകൊണ്ടാണ് പരി. പിതാവ്, തന്റെ അപ്പസ്‌തോലിക സന്ദര്‍ശനം ആരംഭിച്ചതുതന്നെ.
യഹൂദ സംസ്‌കാര ചരിത്രത്തിന്റെ അതിശ്രേഷ്ഠമായ ശേഷിപ്പുകള്‍ മറഞ്ഞുകിടക്കുന്ന പുരാതന മണ്ണില്‍ പഴയ നിയമത്തിലെ പ്രവാചകപ്രമുഖരുടെ പാദമുദ്രകളുണ്ട്. എസക്കിയേല്‍ യോനാ, ദാനിയേല്‍ എന്നീ പ്രവാചകര്‍ ആധുനിക ഇറാക്കില്‍ ജീവിച്ചിരുന്നവരാണ്. എ.ഡി. ഒന്നാം നൂറ്റാണ്ട് മുതല്‍ അനസ്യൂതമായ ക്രൈ സ്തവവിശ്വാസത്തിന്റെ സജീവ സാന്നിദ്ധ്യത്താല്‍ ഇറാക്ക് അടയാളപ്പെട്ടിട്ടുണ്ട്.
എന്നാല്‍ എട്ടാം നൂറ്റാണ്ടിലെ അബ്ബാസിദ് ഭരണത്തോടെ തികച്ചും ക്രൈസ്തവമായിരുന്ന ഇറാക്കി പ്രദേശങ്ങള്‍ ഇസ്‌ലാം അധിനിവേശത്തിന് വഴിമാറി. പതിനാറാം നൂറ്റാണ്ടിലെ ഓട്ടോമന്‍ ഭരണകാലത്ത് ക്രൈസ്തവ പീഡനം അതിന്റെ പരകോടിയിലെത്തി. 2003-ല്‍ 14 ലക്ഷമായിരുന്ന ക്രൈസ്തവര്‍ ഇപ്പോള്‍ ഐഎസ് ഭീകരതയ്ക്കുശേഷം രണ്ടരലക്ഷത്തില്‍ താഴെയായി ചുരുങ്ങി. അതില്‍ തന്നെ 67 ശതമാനം കല്‍ദായ വിഭാഗമാണ്. 58 ഓളം ദേവാലയങ്ങളാണ് മതഭീകരര്‍ തകര്‍ത്തെറിഞ്ഞത്. അസംഖ്യം പേര്‍ മരണപ്പെടുകയും, ശേഷിച്ചവര്‍ പല രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്യുകയും ചെയ്തു.
"പാപ്പയുടെ സന്ദര്‍ശനത്തോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന ചിന്ത തെറ്റാണ്. വിവിധ സ്ഥലങ്ങളിലേയ്ക്ക് ചിതറിപ്പോയ ക്രൈസ്തവര്‍ മടങ്ങിവരാന്‍ ഇടയാക്കുകയോ, അവരുടെ സ്വത്തുക്കള്‍ തിരികെ നല്കുകയോ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ചുമതലയല്ല. അവരുടെ തിരിച്ചുവരവിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്." ബാഗ്ദാദിലെ കര്‍ദ്ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ ഈ വാക്കുകളില്‍ ഇറാക്കിന്റെ തല്‍ സ്ഥിതി ദൃശ്യം വ്യക്തമാണ്. ഒപ്പം സമൂഹത്തിന്റെ പുനഃനിര്‍മ്മാണ പ്രക്രിയയില്‍ ഭരണകൂടത്തെ കാത്തിരിക്കുന്നതെന്തെന്നും.
"സാഹോദര്യവും സഹാനുഭൂതിയും അടിസ്ഥാനമാക്കിയുള്ള സമൂഹം കെട്ടിപ്പടുത്തുകൊണ്ടാകണം ഇറാക്കിന്റെ പ്രശ്‌നങ്ങളെ മറികടക്കേണ്ടതെന്നാണ്" ഇറാക്കി ജനതയുമായുള്ള ആദ്യ മുഖാമുഖത്തില്‍ പാപ്പ വ്യക്തമാക്കിയത്. നമ്മളെ ഒരുമിപ്പിക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി വേണം ഭാവിയെ രൂപപ്പെടുത്താനെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സായിദാത്ത് അല്‍-നെജാത്ത് അഥവാ രക്ഷാമാതാ ദേവാലയത്തില്‍ വച്ചായിരുന്നു പാപ്പായുടെ ഈ പരാമര്‍ശം. 2010-ല്‍ ഐഎസ് തീവ്രവാദികള്‍ 50 ലധികം പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഇതേ ദേവാലയാങ്കണത്തില്‍ വച്ചായിരുന്നു.
അതിനിടയില്‍ ഷിയാ ആത്മീയാചാര്യന്‍ ഗ്രാന്‍ഡ് ആയത്തുല്ല അലി അല്‍ സിസ്താനിയുമായി പാപ്പ നടത്തിയ കൂടിക്കാഴ്ച മറ്റൊരു ചരിത്രമായി. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ഇറാഖി ഭൂരിപക്ഷത്തിനുള്ള അതേ പൂര്‍ണ്ണാവകാശങ്ങളുണ്ടെന്ന സിസ്താനിയുടെ പ്രസ്താവന മാനവികതയുടെ മഹാ മുന്നേറ്റമായി മാറിയെന്നു മാത്രമല്ല, ഭൂരിപക്ഷ കാര്‍ഡുയര്‍ത്തി മതവിവേചനത്തിലൂടെ അവസര അസമത്വത്തിന് വഴിയൊരുക്കുന്നവര്‍ക്കുള്ള താക്കീതുമായി. "ദൈവത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളാണ് ഏറ്റവും വലിയ ദൈവനിഷേധ"മെന്ന പാപ്പയുടെ വാക്കുകള്‍ മതതീവ്ര നിലപാടുകള്‍ക്കെതിരായ ശക്തമായ സന്ദേശമാണ്. അത് വിശ്വാസ വഞ്ചനതന്നെയെന്ന് പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
മതഭേദം പുതിയ അതിരുകള്‍ തീര്‍ക്കുന്ന ആധുനിക ലോകഭൂപടത്തില്‍ സാഹോദര്യത്തിന്റെ സമഭാവനാ സന്ദേശവുമായായിരുന്നു പാപ്പായുടെ പര്യടനം. വിഭാഗീയത തീര്‍ത്ത മുറിവുകളില്‍ കാരുണ്യത്തിന്റെ തൈലവുമായാണ് ആ 84 കാരന്റെ സ്‌നേഹാശ്ലേഷം. വിഭജിത ജനതയില്‍ പരസ്പര വിശ്വാസം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളില്‍ ഒരു ശ്വാസകോശത്തിന്റെ പ്രവര്‍ത്തന പരിമിതി ഈ കൊറോണ വ്യാപന ഭീഷണിയിലും അദ്ദേഹത്തിന് പ്രതിബന്ധമായില്ല. (ശ്വാസകോശ പകുതി നേരത്തെ ശസ്ത്രക്രിയയിലൂടെ നീക്കിയിട്ടുണ്ട്.) പ്രായം തളര്‍ത്തുന്ന പാദങ്ങള്‍ വേച്ചുപോകുമ്പോഴും പദങ്ങള്‍ പതറാതെയാകുന്നുവെങ്കില്‍ അത് ഇനിയും പ്രതീക്ഷയിറ്റുന്ന ലോകത്തിന്റെ പ്രാര്‍ത്ഥനയാലാകണം. കാരണം ഈ വയോധികന്റെ കൈയ്യില്‍ വിരല്‍ചേര്‍ത്ത് ഒരു പീഡിതസമൂഹം പതുക്കെ എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്.
പാപ്പയുടെ യാത്ര ചരിത്രമാകുമ്പോള്‍ അത് മാനവീകതയുടെ വീണ്ടെടുപ്പുവേള കൂടിയാണെന്ന് ലോകം തിരിച്ചറിയുന്നുണ്ട്. മനുഷ്യാവകാശങ്ങള്‍ മായിച്ചുകളയാന്‍ മഹാമാരിയെപ്പോലും മറയാക്കിയ പല നേതാക്കള്‍ക്കും ഫ്രാന്‍സിസ് പാപ്പ വിസ്മയമല്ല, വെല്ലുവിളിയാണ്. ഏറെ ആഗ്രഹിച്ചിട്ടും ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് വൈകുന്നതില്‍ മോദിഭാരതം മറുപടി പറയണം.
വിശ്വാസികള്‍ക്ക് അന്ത്യശുശ്രൂഷകള്‍ പോലും നിഷേധിക്കാന്‍ കോവിഡിനെ കാരണമാക്കിയ അജപാലകര്‍ക്ക് ആടുകളുടെ ചൂരുള്ള ഈ വലിയ ഇടയന്റെ ഇറാക്കി മാതൃക 'ഇടര്‍ച്ച' തന്നെയാണ്. മതങ്ങള്‍ക്കപ്പുറം മാനുഷീകമൂല്യങ്ങളെ മഹനീയമാക്കുന്ന ഈ പാപ്പായുടെ ദൈവം 'കത്തോലിക്ക'നാകാത്തത് സ്വാഭാവികം, സത്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org