ഭീതിയുടെ രണ്ടാം തരംഗം

ഭീതിയുടെ രണ്ടാം തരംഗം

അതിവേഗ വ്യാപനത്തിന്റെ തീവ്രതാത്തോതുയരുമ്പോള്‍, കോവിഡിന്റെ രണ്ടാം വരവ് ആരോഗ്യകേരളത്തിന്റെ നെഞ്ചിടിപ്പുയര്‍ത്തുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം കടന്നതോടെ ഇത്രയധികം കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യരാജ്യമായി ഇന്ത്യ മാറി. കേരളത്തില്‍ അത് 22,000 ആയതോടെ ജാഗ്രത ഭയത്തിനു വഴിപ്പെടുന്ന അസാധാരണമായ സ്ഥിതി വിശേഷമുണ്ടാകുന്നു. ലോകത്തിലാകെ 14.14 കോടി പേര്‍ക്ക് രോഗം ബാധിച്ചു.

കോവിഡ് വാക്‌സിന്റെ ലഭ്യതക്കുറവ് ഈ ഗുരുതര സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നു. 50 ലക്ഷത്തോളം വാക്‌സിന്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ 5.50 ലക്ഷം മാത്രമെ കേന്ദ്രം നല്കിയൊള്ളൂ എന്ന പരാതി നിലനില്‍ക്കെ 12 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസ് ഈ മാസം മാത്രം വിദേശത്തേയ്ക്ക് അയച്ചു എന്ന പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പരിപാടികളുടെ ദിശാമാറ്റം അപലപനീയമാണ്. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ ഇന്ത്യന്‍ വാക്‌സിനുകളുടെ ലഭ്യതയില്‍ രാജ്യത്ത് കടുത്തക്ഷാമമുണ്ട്. വാക്‌സിന്‍ നിര്‍മ്മാണ മേഖലയില്‍ മേല്‍ക്കൈ നേടിക്കൊടുത്ത നാലു പൊതുമേഖലാ സ്ഥാപനങ്ങളെ സര്‍ക്കാര്‍ അവഗണിച്ചു വെന്നതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഏറ്റവും ഒടുവില്‍ സ്വകാര്യ കമ്പനികളുടെ ഔദാര്യത്തിന് വാക്‌സിന്‍ വിതരണ ചുമതല കൈമാറി കൈകഴുകിയതിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ ആരോഗ്യഅടിയന്തിരാവസ്ഥയെ അനാരോഗ്യകരമായി സര്‍ക്കാര്‍ കൈകാര്യം ചെയ്യുകയായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണ്.

2020 സെപ്തംബര്‍ വരെ 10 ലക്ഷമായിരുന്നു കോവിഡ് രോഗികളുടെ ആഗോള മരണസംഖ്യയെങ്കില്‍ 2021 ജനുവരിയില്‍ അത് ഇരുപത് ലക്ഷത്തിലേക്കും മാര്‍ച്ച് അവസാനമെന്ന രണ്ട് മാസത്തെ കാലയളവിനുള്ളില്‍ 30 ലക്ഷത്തിലേക്കുമായി വര്‍ദ്ധിച്ചുവെന്ന കണക്കുകള്‍, വാക്‌സിന്റെ വരവിനു പോലും രോഗവ്യാപന ശക്തിയെ നിയന്ത്രിക്കാനായില്ലെന്ന ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഇന്ത്യയില്‍ മരണസംഖ്യ 1,80,530 കടക്കുമ്പോള്‍ കേരളത്തില്‍ അത് 5000 ത്തോടടുക്കുകയാണ്.

കോവിഡ് 19 അല്ല ഇപ്പോള്‍ ഇന്ത്യയില്‍ വ്യാപിക്കുന്നതെന്നാണ് വിദഗ്ദ്ധ മതം. മാരക പ്രഹരശേഷിയുള്ള അതിന്റെ ഏറ്റവും പുതിയ വേരിയന്റുകള്‍ പ്രകടമായ ലക്ഷണങ്ങളില്ലാതെയാണ് പ്രത്യക്ഷപ്പെടുന്നത്. ശ്വാസതടസ്സമാണ് പ്രധാന പ്രയാസമെന്നതിനാല്‍ ഓക്‌സിജന്റെ ലഭ്യത ആശുപത്രികള്‍ ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ഗൗരവമുള്ളതാണ്. വ്യതിയാനം സംഭവിച്ച കോവിഡാണ് പരക്കുന്നതെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ പ്രയോജനക്ഷമതയും സംശയത്തിലാകുന്നു. അതേസമയം ആകെ വാക്‌സിനേഷന്റെ എണ്ണമല്ല, ജനസംഖ്യാനുപാതികമായി എത്ര ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്കുന്നുണ്ടെന്നതാണ് പ്രധാനമെന്ന, മുന്‍പ്രധാനമന്ത്രി ശ്രീ മന്‍മോഹന്‍സിംഗിന്റെ നിരീക്ഷണം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുകയും വേണം.

ഗുജറാത്ത്, യുപി, ദല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറ ഞ്ഞു കവിയുന്നു. മൃതദേഹങ്ങളുമായി ശ്മശാനത്തിലേക്ക് ഊഴം കാത്ത് നിരയായി കിടക്കുന്ന നിരവധി ആംബുലന്‍സുകളുടെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് ദഹിപ്പിക്കുന്ന അസാധാരണമായ അവസ്ഥയും രാജ്യത്തിന് ഇതുവരെയും പരിചിതമല്ലാത്തതാണ്. ഗുജറാത്തില്‍ മൂവായിരം കോടിയുടെ പ്രതിമയ്ക്ക് പകരം ആശുപത്രികളായിരുന്നു വേണ്ടിയിരുന്നത് എന്ന വൈകിയ വെളിപാടിന് ആ സംസ്ഥാനം വലിയ വിലകൊടുക്കുകയാണിപ്പോള്‍.

പ്രതിദിന രോഗികളുടെ എണ്ണം 30000-ത്തിലധികമായാല്‍ കേരളത്തിലും മെഡിക്കല്‍ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം സ്ഥിതി നിയന്ത്രണാതീതമാകുമെന്ന ആശങ്ക ആരോഗ്യവകുപ്പിനുണ്ട്. അതുകൊണ്ടാണ് ജീവന്റെ വിലയുള്ള ജാഗ്രതയിലേക്ക് കേരളം അതിവേഗം മടങ്ങിപ്പോകണമെന്ന് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗരൂകമാകുന്നത്. ഓര്‍ക്കുക, നിങ്ങളുടെ അലംഭാവം മൂലം അര്‍ഹതയുള്ള ആര്‍ക്കോ ആശുപത്രി സേവനാവകാശം നിഷേധിക്കപ്പെടാനിടയുണ്ട്.

'സൂപ്പര്‍സ്‌പ്രെഡ്' വിഭാഗത്തില്‍പ്പെടുന്ന കോവിഡിന്റെ പുതിയ വകഭേദം 18-നും നാല്പത്തിയഞ്ച് വയസ്സിനുമിടയില്‍ പ്രായമുള്ളവരില്‍ കൂടുതലായി പിടിമുറുക്കുന്നതും അവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇതുവരെയും ആരംഭിച്ചിട്ടില്ലെന്നതും കാര്യങ്ങള്‍ കൈവിട്ട് പോകാനിടയാക്കിയേക്കാം. (മെയ് ഒന്നാം തീയതി മുതല്‍ ആരംഭിക്കുന്നു എന്ന വാര്‍ത്തയുണ്ട്.) ആര്‍ടി-പിസിആര്‍ ന്റെ പതിവ് പരിശോധനയില്‍ പുതിയ വേരിയന്റ് നിര്‍ണ്ണയിക്കപ്പെടാനുള്ള സാധ്യത കുറവാണെന്ന കണ്ടെത്തല്‍ ആശങ്ക കൂട്ടുന്നുണ്ട്.

കോവിഡ് പ്രോട്ടോക്കോളെല്ലാം കാറ്റില്‍ പറത്തിയ കുറ്റകരമായ അശ്രദ്ധയുടെയും അതിരുകടന്ന ആത്മവിശ്വാസത്തിന്റെയും നിയമസഭാ തെരഞ്ഞെടുപ്പ് നാളുകളാണ് കേരളത്തില്‍ രണ്ടാം വ്യാപനത്തെ ഇത്രമേല്‍ ഭയാനകമാക്കിയത്. ഭരണ പ്രതിപക്ഷ ഭേദമെന്യേ കൊറോണയെ കൂട്ടി ഇവിടെ വലിയ തെരഞ്ഞെടുപ്പ് റാലികളാണ് നടന്നത്. രോഗലക്ഷണങ്ങളോടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്കിയെന്ന ആക്ഷേപം മുഖ്യമന്ത്രി മുതല്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഉയര്‍ന്നത് ആരോഗ്യകേരളത്തെ അനുകൂലിക്കാത്ത നടപടിയായി.

ആള്‍ക്കൂട്ടം അനിവാര്യമാക്കുന്ന ആഘോഷങ്ങളെ ഒഴിവാക്കുക എന്നത് ഏറ്റവും നിര്‍ണ്ണായകമായ തീരുമാനം തന്നെയാണിപ്പോള്‍. ഉത്സവങ്ങളും, തിരുനാളുകളും പ്രതീകാത്മകമായോ, ചടങ്ങായോ മാത്രം സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സൗമനസ്യമുണ്ടാകണം. തൃശൂര്‍പൂരം ചടങ്ങായി മാത്രം നടത്താനെടുത്ത തീരുമാനം ശ്ലാഘനീയമാണ്. അനാവശ്യയാത്രകള്‍ ഒഴിവാക്കുക തന്നെ വേണം. മതപരമായ ചടങ്ങുകളില്‍ നിയന്ത്രണം തുടരണം. സഭാ ഇക്കാര്യത്തില്‍ മാതൃകാപരമായ നിലപാടെടുക്കണം. പള്ളികളിലെ ആദ്യകുര്‍ബാന സ്വീകരണച്ചടങ്ങുകള്‍ ലളിതമായും ആള്‍ക്കൂട്ടമൊഴിവാക്കിയും സംഘടിപ്പിക്കണം.

ഇനിയൊരു അടച്ചിടല്‍ അചിന്ത്യമായതിനാല്‍, കര്‍ശനമായി മാസ്‌ക്ക് ഉപയോഗിച്ചും, കൂടെക്കൂടെ കൈകഴുകിയും, സാമൂഹ്യഅകലം പാലിച്ചും, മഹാമാരിയുടെ ഈ രണ്ടാം തരംഗത്തെയും നമുക്ക് അതിജീവിക്കണം. ജീവനോടെയിരിക്കുക എന്നത് തന്നെയാണ് പരമപ്രധാനം. രോഗം പരുത്തുന്നയാള്‍ ഞാനാകുകയില്ലെന്ന ഉറപ്പ്; അത് മാത്രമാണ് കേരളം തുടരാനുള്ള ഏക ഉറപ്പും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org