Latest News
|^| Home -> Editorial -> തീൻമേശയിലെ നോമ്പ്

തീൻമേശയിലെ നോമ്പ്

Sathyadeepam

“എന്‍റെ ഹൃദയത്തിലേക്കു നോക്കുക; എന്‍റെ പീഡാനുഭവത്തിലേക്കു പ്രവേശിക്കുക.” യേശുവിന്‍റെ തിരുഹൃദയം വി. ഫൗസ്റ്റീനക്കു നല്‍കിയ ദര്‍ശനത്തില്‍ ഇങ്ങനെ പറഞ്ഞതായി വിശുദ്ധയുടെ ഡയറിക്കുറിപ്പുകളിലുണ്ട്. കാരുണ്യവര്‍ഷം കഴിഞ്ഞുള്ള നോമ്പുകാലത്തിലാണു നാം. എന്തൊക്കെ പരിത്യജിക്കണമെന്നല്ല, ഏതൊക്കെ ആര്‍ജ്ജിക്കണമെന്ന് ധ്യാനിക്കേണ്ട സമയം. ശരീരത്തിന്‍റെ പ്രവണതകളെ ആത്മാവില്‍ നിഹനിച്ച് യേശു സാരൂപ്യത്തിലേക്ക് നാം പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ലൗകികതയെ ജയിക്കാന്‍ ആചരിക്കുന്ന നോമ്പ് നമ്മില്‍ ലൗകിക സങ്കേതമായി തുടരും. ഈ ചിന്തയുടെ തുടര്‍ച്ചയെന്നോണമാണ് ഫ്രാന്‍സിസ് പാപ്പ 2017-ലെ തന്‍റെ നോമ്പുകാല സന്ദേശത്തിനാധാരമായി ലൂക്കായുടെ സുവിശേഷം 16-ാം അധ്യായത്തിലെ ധനവാന്‍റെയും ലാസറിന്‍റെയും ഉപമ തിരഞ്ഞെടുത്തത്.
വിശക്കുന്നവനുമായി ഭക്ഷണം പങ്കുവയ്ക്കുകയും ബന്ധങ്ങളെല്ലാം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതാണ് ഉപവാസം. ഇങ്ങനെ കൂടെവസിക്കാന്‍ ഉള്ള ഇടങ്ങളായി നമ്മുടെ വീട്ടകത്തെ ഭക്ഷണമേശകള്‍ മാറണം. വയറിന്‍റെ മാത്രമല്ല, മനസ്സിന്‍റെയും വിശപ്പുമാറാനുള്ള വേദികളാകണം നമ്മുടെ ഭവനങ്ങളിലെ ഭക്ഷണമേശ. കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷിക്കുമ്പോള്‍ പോലും മൊബൈല്‍ ഫോണിലായിരിക്കുകയും സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യുന്ന യുവജനങ്ങളുടെ പ്രവണതയെ ഫ്രാന്‍സിസ് പാപ്പ വിമര്‍ശിക്കുകയുണ്ടായി. കുടുംബങ്ങള്‍ക്കകത്ത് ഭക്ഷണസമയത്തെ മുഖാമുഖമുള്ള ആത്മഭാഷണങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. മുന്നിലിരിക്കുന്ന കുടുംബാംഗങ്ങളെക്കാള്‍ അകലത്തിരിക്കുന്ന അദൃശ്യസുഹൃത്തിന് നല്‍കുന്ന അമിത പ്രാധാന്യം നമ്മുടെ കുടുംബബന്ധങ്ങളില്‍ ഒരുതരം നിശ്ശബ്ദ യുദ്ധാന്തരീക്ഷം വളര്‍ത്തുന്നുണ്ട്.
ഒരുമിച്ചുള്ള ഭക്ഷണസമയത്തെ ഈ മൊബൈല്‍ ഉപയോഗം യുവാക്കളുടെ മാത്രം പ്രത്യേകതയല്ല. മുതിര്‍ന്നവരിലേക്കും ഇതു വ്യാപിച്ചു കഴിഞ്ഞു. ആശയസംവേദനത്തിനും ബന്ധങ്ങളില്‍ വളരാനും നമ്മെ സഹായിക്കുന്ന ഒന്നാണ് മൊബൈല്‍ ഫോണ്‍. എങ്കിലും അനവസരത്തിലും അനൗചിത്യത്തോടെയുമുള്ള ഇതിന്‍റെ ഉപയോഗം ക്ഷണിച്ചുവരുത്തുന്ന അപകടങ്ങള്‍ നിരവധി. നാം നേരിട്ടു കാണുന്ന ഇതിന്‍റെ അപകടത്തേക്കാള്‍ ഇതിന്‍റെ അമിത ഉപയോഗം നാമറിയാതെ നമ്മുടെ കുടുംബബന്ധങ്ങളില്‍ വരുത്തുന്ന അകലങ്ങളെ നാം തിരിച്ചറിയണം. ഊട്ടുമുറിയില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിനെക്കുറിച്ചുള്ള പാപ്പയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ശാന്ത സ്വരത്തില്‍ ഉള്ള സംസാരം, കുറച്ചു പറയാനും അധികം കേള്‍ക്കാനുമുള്ള ആഗ്രഹം. ഭക്ഷണസമയത്തെ കുടുംബാംഗങ്ങള്‍ക്കിടയിലെ ഇത്തരം ശൈലികള്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാനുള്ള മരുന്നാണ്, ഹൃദയങ്ങളെ അടുപ്പിക്കുന്ന കാന്തവും.
ട്വിറ്റര്‍ അക്കൗണ്ടും മൊബൈല്‍ ആപ്പും സ്വന്തമായുള്ള ഫ്രാന്‍സിസ് പാപ്പ അതിന്‍റെ പ്രാധാന്യവും അപകടവും ഒരുപോലെ മനസ്സിലാക്കുകയും അനുഭവിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. വേഗത്തില്‍ പായാന്‍ കുതിരകള്‍ സഹായിക്കുമെന്നത് ശരിതന്നെ. പക്ഷെ കടിഞ്ഞാണില്ലാത്ത കുതിരകള്‍, വിശ്രമമില്ലാതെ പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുതിരകള്‍, അപകടകാരികളാണ്.
നോമ്പുനാളുകളിലെ നമ്മുടെ തീന്‍മേശകള്‍ വയറുനിറയ്ക്കാനുള്ള വിഭവങ്ങള്‍ നിരക്കുന്ന ഇടങ്ങള്‍ മാത്രമാകാതെ ഹൃദയഭാഷണത്തിനുള്ള വിഭവങ്ങള്‍ കൂടി നിരക്കുന്നതാകട്ടെ. യേശുവും തന്‍റെ പരസ്യജീവിതത്തില്‍ ഹൃദയബന്ധങ്ങള്‍ ഉണ്ടാക്കാനും ഊട്ടിയുറപ്പിക്കാനും സ്വര്‍ഗ്ഗീയരഹസ്യങ്ങള്‍ വെളിപ്പെടുത്താനും ഉപയോഗിച്ചത് ഭക്ഷണമേശയിലെ ആത്മഭാഷണങ്ങളാണ്. ഈ യേശുവിനെ ധരിക്കുന്നതാണ് ഉപവാസം. കുടുംബത്തോട് ചേര്‍ന്നിരിക്കാന്‍ തടസ്സമാകുന്ന അകലങ്ങളെല്ലാം കുടുംബത്തിലായിരിക്കാന്‍ തള്ളിക്കളയുന്നതാണ് ഉപവാസം. നോന്വിന്‍റെ പതിവു ശീലങ്ങളിലല്ല, അവയില്‍ പ്രകാശിക്കുന്ന ക്രിസ്തുഭാവത്തിലേക്ക് നമ്മുടെ കുടുംബങ്ങള്‍ വളരട്ടെ.

Leave a Comment

*
*