മലയാളിയുടെ മാറേണ്ട തൊഴിൽ സംസ്കാരം

മലയാളിയുടെ മാറേണ്ട തൊഴിൽ സംസ്കാരം

പ്രവാസി മലയാളികളെക്കുറിച്ചുള്ളള 2016-ലെ സര്‍വേ ഫലം പുറത്തിറങ്ങി. തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് സ്റ്റഡീസിന്‍റെ സംഘമാണു സര്‍വേ നടത്തിയത്. മലയാളിയുടെ പ്രവാസജീവിതത്തിന്‍റെ 50 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി മറുനാടന്‍ മലയാളികളുടെ എണ്ണത്തില്‍ കുറവു വന്നതായാണു 2016-ലെ സര്‍വേഫലം. 1998 മുതല്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ഈ സര്‍വേയുടെ 2016-ലെ ഫലം തൊഴില്‍ സംസ്കാരത്തോടു മലയാളി പുലര്‍ത്തേണ്ട ഒരു പുനര്‍വിചിന്തനത്തിലേക്കു പരോക്ഷമായെങ്കിലും വിരല്‍ചൂണ്ടുന്നുണ്ട്. 2014-ലെ സര്‍വേ പ്രകാരം 24 ലക്ഷം പ്രവാസി മലയാളികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലായുണ്ടായിരുന്നെങ്കില്‍ 2016-ല്‍ അത് 22.4 ലക്ഷമായി ചുരുങ്ങി. 1998-ല്‍ 13.6 ലക്ഷമുണ്ടായിരുന്നതാണു വളര്‍ന്നു 2014-ല്‍ 24 ലക്ഷത്തിലെത്തി 2016-ല്‍ 22.4 ലക്ഷമായി ചുരുങ്ങിയത്.

പ്രവാസി മലയാളികളില്‍ 90 ശതമാനവും ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സിലിലെ ആറു രാജ്യങ്ങളിലായാണുള്ളത്. ബാക്കി പത്തു ശതമാനം യു,എസ് (4.2%), യു.കെ. (1.6%), കാനഡ (1.2%), ആസ്ത്രേലിയ (0.7%), സിംഗപ്പൂര്‍ (0.5%) എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. കേരളത്തിലെ 14 ജില്ലകളില്‍ നിന്നു മറുനാട്ടിലേക്കു ചേക്കേറിയ മലയാളികളുടെ എണ്ണത്തില്‍ ഏറ്റവും ശോഷണം നേരിട്ട സ്ഥലങ്ങള്‍ തൃശൂരും എറണാകുളവുമാണ്.

ഈ കുറവിന്‍റെ അടിസ്ഥാന കാരണമായി സര്‍വേ നടത്തിയ ഇരുദയ രാജനും സംഘവും ചൂണ്ടിക്കാണിക്കുന്നത് 1980-കളിലും 1990-കളിലും കേരളം നടപ്പാക്കിയ ജനനനിയന്ത്രണ തീരുമാനങ്ങളാണ്. ഭാരതത്തിലെ ഏററവും താഴ്ന്ന ജനനനിരക്കിലാണു കേരളമെന്നതിനാല്‍ പ്രവാസി മലയാളികളുടെ എണ്ണത്തിലെ ഈ ഇടിവ്, വരും വര്‍ഷങ്ങളിലും തുടരുമെന്നാണു സര്‍വേ സംഘത്തിന്‍റെ വിലയിരുത്തല്‍. 20-നും 35-നും ഇടയ്ക്കു പ്രായമുള്ളവര്‍ക്കാണു മറുനാടുകളിലേക്കു ചേക്കേറാനുളള ആഗ്രഹം കൂടുതലുണ്ടാവുക എന്നതാണ് ഈ നിഗമനത്തിന്‍റെ അടിസ്ഥാനം.

ജനസംഖ്യയിലെ കുറവാണു പ്രവാസി മലയാളി തൊഴിലാളികളുടെ എണ്ണത്തിലെ ഇടിവിനു കാരണമെന്നു സര്‍വേ ചൂണ്ടിക്കാണിക്കുമ്പോഴും മറ്റ് അനുബന്ധ കാരണങ്ങളും ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ചേക്കേറുന്ന ഗള്‍ഫുനാടുകളില്‍ മലയാളിക്കു ലഭിക്കുന്ന ജോലി, വേതനത്തിലെ ഗണ്യമായ കുറവ്, ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളായ തമിഴ്നാട്, ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഗള്‍ഫ്നാടുകളിലേക്കുള്ള ആളുകളുടെ തള്ളിക്കയറ്റം, ഗള്‍ഫ്മേഖലയിലെ ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ് തുടങ്ങിയ കാരണങ്ങളും പ്രവാസിമലയാളികളുടെ എണ്ണം കുറയുന്നതിനു കാരണമാകുന്നു.

ഇതിനു പുറമേ കേരളത്തില്‍ ശക്തമായ വേരുകളുണ്ടായിരുന്ന പത്തു ഐടി കമ്പനികള്‍ കാരണം വ്യക്തമാക്കാതെ തങ്ങളുടെ ജോലിക്കാരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടതു കേരള യുവതയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ഐടിമേഖലയില്‍ നല്ല ശമ്പളത്തിലും ഉന്നത സ്ഥാനത്തുമുള്ളവരില്‍ പലരും പിരിച്ചുവിടലിന്‍റെ ഭീഷണിയുടെ നിഴലിലുമാണ്.

ആധുനിക ഉപകരണങ്ങളുടെ ഉപയോഗമാണു ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ കാരണമെന്ന് ഐടി കമ്പനികള്‍ പറയുന്നുണ്ടെങ്കിലും മലയാളിയുടെ ജോലിയിലെ ശ്രദ്ധക്കുറവും പരാതികളും അലസഭാവവും പ്രതിഫലത്തെക്കുറിച്ചുള്ള അമിത ശ്രദ്ധയുമാണ് ഐടി മേധാവികളെ ഇത്തരം തീവ്രനടപടികള്‍ക്കു പ്രേരിപ്പിക്കുന്നതെന്ന നിരീക്ഷണവുമുണ്ട്. മറുനാടന്‍ മലയാളിയുടെ എണ്ണത്തിലെ കുറവും ഐടി മേഖലയിലെ ഈ പുതുപ്രതിസന്ധിയും കേരളത്തിന്‍റെ ആഭ്യന്തര സമ്പദ് വ്യവസ്ഥിതിക്കു കനത്ത ആഘാതം തന്നെ. 2014-ല്‍ 71,142 കോടിയായിരുന്ന പ്രവാസി മലയാളിയുടെ വരുമാനം 2016-ല്‍ 63,289 കോടിയായാണു ചുരുങ്ങിയത്. ഐടിമേഖലയിലെ ജോലി നഷ്ടം മൂലമുണ്ടാകുന്ന ആഘാതം കണക്കാക്കി വരുന്നതേയുള്ളൂ.

ഈ രണ്ടു പ്രതിസന്ധികളും മലയാളിയുടെ തൊഴില്‍ സംസ്കാരത്തിനുള്ള ഒരു ഉണര്‍ത്തുപാട്ടാണ്. നാട്ടിലെ ജീവിതം വഴിമുട്ടിയപ്പോള്‍ കാടു കീഴടക്കി കുടിയേറ്റം നടത്തിയവരാണു നാം. രാജ്യസുരക്ഷയ്ക്കും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ക്കുമായി ലോകത്തിന്‍റെ ഏതറ്റം വരെ പോകാനും ഏതു ഭാഷയും സംസ്കാരവും സ്വായത്തമാക്കാനും ഏതു ജോലിയും കാര്യക്ഷമതയോടെ ചെയ്യാനും പ്രാഗത്ഭ്യമുള്ളവരാണു മലയാളികള്‍. ഇവ ഭൂതകാല മലയാളിയുടെ വിശേഷണങ്ങള്‍ മാത്രമാകാതെ വര്‍ത്തമാനകാല മലയാളിയുടെ തൊഴില്‍ സംസ്കാരത്തിന്‍റെ മൂലധനം കൂടിയാകട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org