ഉറവിടങ്ങളിലേക്കു മടങ്ങാം

ഉറവിടങ്ങളിലേക്കു മടങ്ങാം

"നിങ്ങള്‍ക്കൊരിക്കലും ഒരേ പുഴയില്‍ രണ്ടു പ്രാവശ്യം കാലുകുത്താനാവില്ല" എന്ന യവനചിന്തകന്‍ ഹെരാ ക്ലീറ്റസിന്‍റെ താത്ത്വികവാചകത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്കു നീങ്ങുകയാണു കേരളത്തിലെ നദികളുടെ സ്ഥിതി. ഒഴുകുന്ന പുഴ ഹെരാക്ലീറ്റസ് തത്ത്വചിന്തകന് എന്നും മാറ്റത്തിന്‍റെ ബിംബമായിരുന്നു. കാലം മാറുകയാണ്. ഒഴുക്കു നിലച്ച ഭാരതപ്പുഴയില്‍ പുഴയടെ ഒരു ഭാഗത്തു കെട്ടിക്കിടക്കുന്ന വെള്ളത്തെ പുഴയുടെ നടുവിലൂടെ ചാലുകീറി മറുഭാഗത്തേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന ചങ്കുലയ്ക്കുന്ന കാഴ്ച മാധ്യമങ്ങളിലൂടെ കഴിഞ്ഞയാഴ്ച നാം കണ്ടു. ഒരു കാലത്തു മലയാള നാടിന്‍റെ സാഹിത്യവും സംസ്കാരവും നിറഞ്ഞൊഴുകിയതാണ് ഈ പുഴ. അനേകം കവികള്‍ക്കു കാല്പനികതയുടെ ഭാവനാലോകത്തിനു ക്യാന്‍വാസായതാണ് ഈ നിളയുടെ തീരം. "മാനിഷാദാ" എന്ന് അനേകം വാല്മീകിമാര്‍ ആധുനിക കാട്ടാളന്മാരോട് ആവര്‍ത്തിച്ചു പറഞ്ഞതുമാണ്. ഒട്ടിയ പുഴയും വരണ്ട കിണറും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഏസികളും നമ്മോടു പറയാതെ പറയുന്നു; മടങ്ങാം ഉറവിടങ്ങളിലേക്ക്.
സംസ്ഥാനത്തു പലയിടങ്ങളിലായി 1300-ഓളം കിണറുകളിലെ ജലനിരപ്പു നിരീക്ഷിച്ചതില്‍ നിന്നു കേരളത്തിലെ ഭൂജലനിരപ്പു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു നാലു മീറ്റര്‍ വരെ താഴ്ന്നതായി കേന്ദ്ര ഭൂജലവകുപ്പു കണ്ടുപിടിച്ചിട്ടുണ്ട്. വേനല്‍മഴ ആവശ്യത്തിനു ലഭിച്ചില്ലെങ്കില്‍ ഏപ്രിലില്‍ ജലനിരപ്പ് ആറു മുതല്‍ എട്ടു മീറ്റര്‍ വരെ താഴുമെന്നാണു മുന്നറിയിപ്പ്. കടുത്ത വേനലുള്ള ഏപ്രില്‍-മേയ് മാസങ്ങളില്‍ ജലനിരപ്പു കുറയാറുണ്ടെങ്കിലും മാര്‍ച്ചില്‍ത്തന്നെ ജലവിതാനം കുറയുന്നത് ഇതാദ്യമാണെന്നു വിദഗ്ദ്ധര്‍ പറയുന്നു.
പെരിയാറിന്‍റെയും സ്ഥിതി ഭിന്നമല്ല. കടലിലേക്കൊഴുകേണ്ട പെരിയാറിലക്കു കടല്‍ തിരിച്ചൊഴുകുകയാണ്. തടയണകള്‍ ഭേദിച്ച് ഓരുവെള്ളം കയറുന്നതു പെരിയാറിനെ കുടിവെള്ളത്തിനാശ്രയിക്കുന്ന 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം മുട്ടിക്കാന്‍ സാദ്ധ്യതയുണ്ട്. രാസമാലിന്യങ്ങള്‍ അനധികൃതമായി പെരിയാറിലേക്കു തള്ളുന്ന ഫാക്ടറികള്‍ക്ക് അവരുടെ വ്യാവസായിക ആവശ്യത്തിനുപോലും പെരിയാറിലെ ജലം ഉപയോഗിക്കാനാവാത്തവിധം പുഴ ശോഷിക്കുകയാണ്, മലിനമാക്കപ്പെടുകയാണ്. ഈ പെരിയാറും നമ്മോടു പറയാതെ പറയുന്നു; മടങ്ങാം ഉറവിടങ്ങളിലേക്ക്.
ഒഴുക്കു നിലയ്ക്കുന്ന പുഴകള്‍ അപകടകാരികളാണ്. അതില്‍ അഴുക്കു നിറയുന്നു എന്നു മാത്രമല്ല, കടലിലെ ഓരുവെള്ളം കയറി ജലജീവിതത്തെ കൊന്നുകളുകയും ചെയ്യുന്നു. ഫാ. റോബിന്‍ സംഭവവുമായി ബന്ധപ്പെട്ടു ചിന്തിക്കുമ്പോള്‍ സമര്‍പ്പണത്തിന്‍റെ ഒഴുക്കു നിലയ്ക്കുന്ന ജീവിതങ്ങളെ നേരത്തെ തിരിച്ചറിയാന്‍, യഥാര്‍ത്ഥ സമര്‍പ്പിത ആത്മീയതയിലേക്കു ചാലുകീറി ജീവന്‍ വയ്പിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നാം ആരംഭിച്ചുവോ? വൈദികജീവിതത്തിന്‍റെ ഔന്നത്യവും മഹിമയും പ്രഘോഷിച്ചും, സമര്‍പ്പിത ബ്രഹ്മചര്യം എടുത്തുകളഞ്ഞ് അവരെ കല്യാണം കഴിക്കാനനുവദിക്കണമെന്നു പറഞ്ഞും, സമര്‍പ്പിതര്‍ക്കു സദാചാരപാഠങ്ങള്‍ നല്കിയും, ഫാ. റോബിന്‍ സംഭവം ഉണ്ടാക്കിയ മാനക്കേടു മറക്കാനെന്നവണ്ണം വൈദികരുടെ ത്യാഗപ്രവൃത്തികള്‍ വിവരിക്കുന്ന നെടുങ്കന്‍ ലേഖനങ്ങളും വാര്‍ത്തകളും നല്കിയും അല്ല ഇതിനു പ്രതിവിധി കണ്ടെത്തേണ്ടത്. ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വേദനയില്‍ പങ്കുചേരുന്നതിനോടൊപ്പം ഇതിന്‍റെ പിന്നിലെ കുറ്റക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നിഷ്കര്‍ഷിക്കുന്ന പരമാവധി ശിക്ഷ നല്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ തീരുമാനം നല്ലതു തന്നെ. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അല്മായര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു കമ്മിറ്റി വിപുലീകരിക്കുമെന്ന മാനന്തവാടി രൂപതാദ്ധ്യക്ഷന്‍റെ പ്രസ്താവനയും സ്വാഗതാര്‍ഹമാണ്.
ഈ പ്രസ്താവനകള്‍ക്കുശേഷമുള്ള കര്‍മജീവിതം കേരളസമൂഹം ഉറ്റുനോക്കുന്നു. സഭയുടെ കുറവുകളെ പര്‍വതീകരിച്ചു കാണിക്കുന്ന മാധ്യമങ്ങളോട് അതിന്‍റെ കാരണം ചോദിച്ചപ്പോള്‍ അവരിലൊരാള്‍ പറഞ്ഞത് ഇങ്ങനെ: "ക്രിസ്തു എന്ന വിപ്ലവകാരിയുടേതാണു തിരുസഭ. ആ സഭയില്‍ നിന്നു നൂറു ശതമാനമല്ല നൂറ്റിപ്പത്തു ശതമാനം പൂര്‍ണത ഞങ്ങള്‍ പ്രതീക്ഷിക്കുന്നു." മടങ്ങാം നമുക്ക് ഉറവിടങ്ങളിലേക്ക്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org