Latest News
|^| Home -> Editorial -> പുരാണത്തെ ചരിത്രമാക്കുമ്പോള്‍

പുരാണത്തെ ചരിത്രമാക്കുമ്പോള്‍

Sathyadeepam

പാഠപുസ്തകങ്ങളിലെ ചരിത്രവസ്തുതകളില്‍ പുനഃപരിശോധന ആവശ്യ പ്പെട്ട് ഇക്കഴിഞ്ഞ ജനുവരി 13-ന് വിദ്യാഭ്യാസകാര്യ പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നു. ‘പാഠപുസ്തകങ്ങളില്‍ ചരിത്രവിരുദ്ധമായ വസ്തുതകളും, ദേശീയ നായകരെ വക്രീകരിച്ച് കാണിക്കുന്നതും ഒഴിവാക്കല്‍’ എന്ന അജണ്ട ചര്‍ച്ചയാക്കിയപ്പോള്‍ ആര്‍.എസ്.എസ്.-ന് അനുകൂലമായി ചരിത്ര രചന നടത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന വാദമുയര്‍ത്തി പ്രതിപക്ഷം ചര്‍ച്ച ബഹിഷ്‌ക്കരിച്ചു. രജിസ്റ്റര്‍ ചെയ്ത അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളെ മാത്രമെ പാര്‍ലമെന്ററി സമിതിയിലേയ്ക്ക് ക്ഷണിക്കാവൂ എന്നിരിക്കെ സംഘപരിവാര്‍ സംഘടനയായ ഭാരതീയ ശിക്ഷണ്‍ മണ്ഡലിന്റെ (ബി.എസ്.എം.) പ്രതിനിധിയെ അവതരണത്തിനായി ക്ഷണിച്ചതും പ്രതിപക്ഷ പ്രതിഷേധത്തിന് മറ്റൊരു കാരണമായി.
എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ചരിത്രപഠനമാണ് അനിവാര്യമെന്ന് വാദിച്ച് പൗരാണികമായ കാര്യങ്ങള്‍ ചരിത്രമായി പരിഗണിക്കണമെന്ന വാദമുയര്‍ന്നതോടെ, പൊതുപട്ടികയിലുള്ള വിഷയമാണ് വിദ്യാഭ്യാസമെന്നതിനാല്‍, സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താതെ പരിഷ്‌ക്കരണം പറ്റില്ലെന്ന നിലപാടുയര്‍ത്തി സമിതിയധ്യക്ഷന്‍ വിനയ് പി. സഹസ്രബുദ്ധേയ്ക്ക് പ്രതിപക്ഷാംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്കി മടങ്ങി.
ആര്യന്‍ അധിനിവേശ സിദ്ധാന്തം, സരസ്വതീ നദി, രാം സേതു തുടങ്ങിയവയുമായി ബന്ധപ്പെട്ട പുതിയ വസ്തുതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചരിത്ര നിര്‍മ്മാണത്തിനുള്ള ശ്രമങ്ങളെ സജീവമാക്കി ഇന്ത്യയെ പുറകോട്ട് നടത്തുന്നതിന്റെ ഈ പുതിയ സങ്കടത്തിന് രാജ്യം മുഴുവന്‍ ഉത്തരവാദിയാണ്. ”നമ്മുടെ സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടാലും നമ്മുടെ ചരിത്രം നഷ്ടപ്പെടാന്‍ നാം ഒരിക്കലും അനുവദിക്കരുത്. കാരണം ചരിത്രം നശിക്കാതെ നിന്നാല്‍ സ്വാതന്ത്ര്യം നമുക്ക് വീണ്ടെടുക്കാ” മെന്ന മഹാവീര്‍ പ്രസാദ് ദ്വിവേദിയുടെ വാക്കുകളില്‍ നമുക്ക് നഷ്ടപ്പെടുന്നതെന്തെന്ന കൃത്യമായ അളവെടുപ്പുണ്ട്.
എക്കാലത്തും ഫാസിസത്തിന്റെ ഒന്നാമത്തെ ശത്രു ചരിത്രം തന്നെയാണ്. തങ്ങള്‍ക്കനുകൂലമല്ലാത്ത എന്തിനെയും അത് ചരിത്രപരമായി എത്ര സത്യസന്ധമെങ്കിലും നിരാകരിച്ച് നിരായുധമാക്കിത്തന്നെയാണ് അതിന്റെ സര്‍വ്വകാല നിലനില്പ്.
ദേശീയതയുടെ നിരന്തരാഖ്യാനത്തിലൂടെയാണ് ഫാസിസത്തിന്റെ ഏകതാത്മകതയെ പുതിയ ഇന്ത്യയുടെ ആത്മാവാക്കാനുള്ള മോദി ഭാരതത്തിലെ സജീവശ്രമങ്ങളത്രയും. ഇത് വെറുമൊരു പാഠപുസ്തക പരിഷ്‌ക്കരണം മാത്രമല്ലെന്ന് ചുരുക്കം.
ദേശസ്‌നേഹത്തെ ഒരിക്കലും തിന്മയായി ഗാന്ധിജി കണ്ടിരുന്നില്ല. 1925 ജൂണ്‍ 18-ന് ‘യംഗ് ഇന്ത്യ’യില്‍ അദ്ദേഹം എഴുതി. ”തിന്മയാകില്ല ദേശസ്‌നേഹം. ആധുനിക രാഷ്ട്രങ്ങളുടെ ശാപമായ, മറ്റുള്ളവരെ വരിക്കാനാവാത്ത ഇടുക്കം, സ്വാര്‍ത്ഥത, ഇതരരെ മാറ്റിനിര്‍ത്തല്‍ എന്നിവയാണ് തിന്മ. ഈ രാജ്യത്ത് പിറവികൊള്ളുകയും അത് തങ്ങളുടേതെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവരും – ഹിന്ദു, മുസ്ലിം, പാഴ്‌സി, ക്രിസ്ത്യന്‍, ജൈന, സിഖ് മതങ്ങളില്‍ ഏതുമാകട്ടെ – അതിന്റെ മക്കളാണ്. രക്തബന്ധത്തെക്കാള്‍ ശക്തിയേറിയ ബന്ധം അവരെ ചേര്‍ത്ത് നിറു ത്തുകയും ചെയ്യുന്നു.”
ഒരനുഷ്ഠാനം ദേശീയമാക്കപ്പെടുന്നത് അത്ര ‘നിരുദ്രവകര’മല്ല. സംസ്‌കൃതം ഒരു ഭാഷയെന്ന നിലയിലും അദ്വൈതം ഒരു ചിന്ത എന്ന നിലയിലും യോഗ ഒരു പ്രയോഗമെന്ന നിലയിലും പ്രസക്തമാകുമ്പോഴും അതിനെ ദേശീയതാ ബിംബമായി ചുരുക്കാനോ വികസിപ്പിക്കാനോ ശ്രമിക്കുന്നിടത്താണ് പ്രശ്‌നം. ദേശീയത അധികാര വ്യവസ്ഥയുടെ ഔദ്യോഗിക അടയാളമായി അവതരിപ്പിക്കപ്പെടുമ്പോള്‍, പ്രത്യേകിച്ചും.
‘ആധുനിക ഇന്ത്യയ്‌ക്കൊപ്പം’ ഗാന്ധിജീവിതം അസാധ്യമായതിനാലാണ് നാം അദ്ദേഹത്തെ വധിച്ചതെന്ന് പറയാറുണ്ട്. 1977-ല്‍ പുറത്തിറങ്ങിയ നാഥുറാം ഗോഡ്‌സെയുടെ ഗാന്ധിവധ ന്യായീകരണ പുസ്തകത്തിന്റെ പേര് ‘May it please your honour?’ എന്നായിരുന്നുവെങ്കില്‍ 2015-ല്‍ അതേ പുസ്തകത്തിന്റെ ടൈറ്റില്‍ ‘Why I killed Gandhi?’ എന്നായി മാറിയെന്നറിയുമ്പോഴാണ് കൃത്രിമ വിനയം ധാര്‍ഷ്ട്യമായി മാറുന്നതിലെ ചരിത്ര പരിണാമം പുതിയ ഇന്ത്യയുടെ പരിണാമ ചരിത്രമെന്ന് മനസ്സിലാകുന്നത്.
ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള നിരന്തര സംവാദം എന്നയര്‍ത്ഥത്തിലാണ് ചരിത്രം യഥാര്‍ത്ഥത്തില്‍ തിരിച്ചറിയപ്പെടേണ്ടത്. പകരം അതിനെ വെറും പുരാണമാക്കാനും അതുവഴി ഭാരതീയതയെ ബ്രാഹ്മണീയമാക്കാനും, രാഷ്ട്ര വൈവിധ്യത്തെ കൃത്രിമമായ ഏകത്വത്തിലേക്ക് വെട്ടിയൊതുക്കാനും ശ്രമിക്കുമ്പോള്‍ ഇല്ലാതാകുന്നത് ഭാരതമെന്ന സങ്കല്പവും അതിന്റെ ചരിത്രപരമായ ജൈവികാസ്ഥിത്വവുമാണ്. മറിച്ചായാല്‍ ചരിത്രം പുരാണവും പുരാണം ചരിത്രമാവുകയും ചെയ്യും. പുഷ്പക വിമാനത്തെ വ്യോമയാന ചരിത്രത്തിലെ ഇന്ത്യന്‍ നേട്ടമായി അവതരിപ്പിച്ചത് ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിലായിരുന്നുവെന്ന് മറക്കരുത്. അയോധ്യാതര്‍ക്കത്തെ അന്തിമമായി പരിഹരിച്ചത് വിചാരമല്ല, വിശ്വാസമായിരുന്നുവെന്നും മറക്കാതിരിക്കാം.
”ഓര്‍മ്മ എക്കാലത്തെക്കാളും കൂടുതല്‍ ഇന്ന് അപകടത്തിലാണെന്ന്” ടോണി മോറിസണ്‍ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍, അതിനെക്കാള്‍ അപകടകരം അത് കൃത്രിമമായി ക്രമീകരിക്കപ്പെടുമ്പോഴാണെന്ന് നാം തിരിച്ചറിയണം. ‘കാമധേനു’ പോലുള്ള മത്സര പരീക്ഷകള്‍ നാളത്തെ ഇന്ത്യയെ നന്നായി അടയാളപ്പെടുത്തുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ പുതിയ നയരേഖയില്‍ ചരിത്രാവലോകനത്തെ അവഗണിച്ചത് യാദൃശ്ചികമായി കരുതേണ്ടതില്ല. സമഭാവനയുടെ സാര്‍വ്വലൗകീകതയിലാണതിന്റെ വേരുകള്‍ എന്നത് ഫാസിസ്റ്റ് ഇന്ത്യയ്ക്ക് സഹിക്കാവുന്ന തിനപ്പുറമാണ്.
”അധികാരത്തിനെതിരായ സമരം മറവികള്‍ക്കെതിരെ ഓര്‍മ്മകള്‍ നയിക്കുന്ന സമരമാണെന്നാണ് മിലന്‍ കുന്ദേരയുടെ ഭാഷ്യം. ഇന്ത്യ എല്ലാവരുേടതുമാണെന്ന ഓര്‍മ്മയില്‍ സഹിഷ്ണുതയുടെ താളില്‍ സാധാരണക്കാരുടേതാകട്ടെ സാര്‍വ്വകാല ചരിത്ര നിര്‍മ്മിതി.

Leave a Comment

*
*