സാമൂഹ്യജീവിത പാഠത്തെ ഒഴിവാക്കുമ്പോള്‍

സാമൂഹ്യജീവിത പാഠത്തെ ഒഴിവാക്കുമ്പോള്‍

മഹാമാരിയുടെ മറവില്‍ മനഃപൂര്‍വ്വമായ ചില ഒഴിവാക്കലുകളുടെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ മാനവശേഷി വകുപ്പിനു കീഴിലുള്ള സിബിസിഇയുടെ പുതിയ സാമൂഹ്യപാഠ പരിഷ്‌ക്കാരം. കോവിഡ് പ്രതിസന്ധി കാരണം ഈ അധ്യയനവര്‍ഷത്തെ സിലബസ് 30% ചുരുക്കിയപ്പോള്‍, ഒഴിവാക്കിയ പാഠഭാഗങ്ങളില്‍ പൗരത്വവും മതനിരപേക്ഷതയുമുള്‍പ്പെടെയുള്ള ഭരണഘടനാ തത്ത്വങ്ങള്‍ മുതല്‍ ഫെഡറലിസം, ജനാധിപത്യ അവകാശങ്ങളും ജിഎസ്റ്റിയും, നോട്ടു നിരോധനവും വരെയുണ്ട്. കോവിഡ് ഭീഷണിയില്‍ സ്വാധ്യായദിനങ്ങള്‍ കുറഞ്ഞതിനാല്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ ഒറ്റത്തവണ എന്ന വിശദീകരണവുമായി സിബിഎസ്ഇ തന്നെ രംഗത്തെത്തി. എന്‍സി ഇആര്‍ടി തയ്യാറാക്കിയ ഓള്‍ട്ടര്‍നേറ്റീവ് അക്കാദമിക് കലണ്ടര്‍ പ്രകാരം ഒഴിവാക്കുന്ന പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വാദമുണ്ട്. പരീക്ഷയില്‍നിന്നും ഒഴിവാക്കപ്പെടുന്നവ പഠനമേശയില്‍ നിന്നുകൂടി ഒഴിവാക്കപ്പെടുമെന്ന സാമാന്യതത്വ ത്തെ അറിയാത്തവരല്ല ഈ ഒഴികഴിവ് പറയുന്നത്…!
ഒഴിവാക്കപ്പെടുന്ന പാഠഭാഗത്ത് പൗരത്വം, മതേതരത്വം, ഭരണ ഘടനാതത്വങ്ങള്‍, ജനാധിപത്യത്തിലെ വെല്ലുവിളികള്‍, ജനാധിപത്യവും വൈവിധ്യവും, ജനകീയ സമരങ്ങളും പ്രസ്ഥാനങ്ങളും, പോലുള്ളവ ഉള്‍പ്പെട്ടതില്‍ മനഃപൂര്‍വ്വമായ ഒരു തെരഞ്ഞെടുപ്പു നടന്നുവെന്ന് വിലയിരുത്താന്‍ പൊതുസമൂഹത്തിന് മതിയായ കാരണങ്ങള്‍, അതിവേഗം മതേതരമില്ലാതായിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് ധാരാളമുണ്ട്.

ഭരണഘടനയ്ക്ക് അന്തിമരൂപം നല്കിയ 1949 നവംബര്‍ 25-ന് ഭരണഘടനാ സമിതിയില്‍ ഡോ. അംബേദ്ക്കര്‍ വിശദീകരിച്ചതിങ്ങനെ, 'എന്താണ് സാഹോദര്യം – എല്ലാ ഇന്ത്യാക്കാരും സഹോദരന്മാരാണെന്ന വിശ്വാസം. സാമൂഹ്യജീവിതത്തിന് ഐക്യവും സഹാനുഭാവവും ഉണ്ടാകാന്‍ സഹായിക്കുന്ന തത്വമാണിത്. സാഹോദര്യം ഇല്ലെങ്കില്‍ സ്വാതന്ത്ര്യവും സമത്വവും വെറും വെള്ളപൂശല്‍ മാത്രമാണ്. അതിനാല്‍ സാഹോദര്യം നടപ്പിലാക്കാന്‍ ജാതിവ്യത്യാസം വിസ്മരിക്കേണ്ടത് വളരെ അത്യാവശ്യമാണ്." ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിവേചനമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുകയെന്നത് ഭൂരിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്ന് മുമ്പൊരിക്കല്‍ അദ്ദേഹം തന്നെ നടത്തിയ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കണം (1948 നവംബര്‍ 9).

വിവേചനത്തിന്റെ വിവേകശൂന്യത വിഭജനത്തിനിടയാക്കുമെന്നതാണ് ഇന്ത്യയുടെ ആധുനിക ചരിത്രം. അത് വിദ്യാഭ്യാസ പ്രക്രിയയുടെ കൂടെ ഭാഗമാകുമ്പോള്‍ ഭാരതത്തിന്റെ വര്‍ത്തമാനം മാത്രമല്ല ഭാവികൂടിയാണ് ഇരുട്ടിലാകുന്നത്. "ഒരു സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വത്തിന്റെയും അധികാരഘടനയുടെയും പുനഃരുല്പാദനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുപ്തമായ ലക്ഷ്യങ്ങളുടെ ഭാഗമാകാ"മെന്ന ബ്രസീലിയന്‍ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയറുടെ മുന്നറിയിപ്പില്‍, വിദ്യാഭ്യാസരംഗത്തെ ചെറിയ പരിഷ്‌ക്കാരംപോലും എത്രയോ അവധാനതയോടെ ആവിഷ്‌ക്കരിക്കേണ്ടതാണെന്ന ഓര്‍മ്മപ്പെടുത്തലുണ്ട്.

ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക സാമൂഹ്യവളര്‍ച്ചയില്‍ ഏറെ നിര്‍ണ്ണായകമായ ഒരു കാലഘട്ടമാണ്. ഭരണഘടനയുടെ 86-ാമത് അമന്റ്‌മെന്റ് വഴി ആര്‍ട്ടിക്കിള്‍ 21അ പ്രകാരം രാജ്യത്ത് 14 വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം സമ്പൂര്‍ണ്ണമായി സൗജന്യമാക്കിയത്, അവകാശബോധത്തിന്റെ ഔന്നത്യം കൊണ്ടു മാത്രമല്ല, രാഷ്ട്രനിര്‍ മ്മാണ പ്രക്രിയയില്‍ അത് ചെലുത്തുന്ന അസാധാരണ സ്വാധീനം കൊണ്ടുകൂടിയാണ്. വിഭാഗീയതയ്ക്കതീതമായി വിശ്വമാനവ സാഹോദര്യത്തിന്റെ സാമൂഹ്യപാഠങ്ങളെ സ്വീകരിച്ചും, സ്വാംശീകരിച്ചും ഉയര്‍ന്നുവരേണ്ട പുതിയ തലമുറയെ ആധുനിക ഭാരതം മുമ്പെങ്ങുമില്ലാത്തവിധം ആഗ്രഹിക്കുന്ന ഈ കാലയളവില്‍ അതിനവളെ അനര്‍ഹയാക്കുന്നുണ്ട്, പാഠ്യപദ്ധതിയിലെ ചില പ്രത്യേക ഒഴിവാക്കലുകള്‍.

ഒഴിവാക്കിയത് ചില പാഠഭാഗങ്ങള്‍ മാത്രമല്ല. മതാതീത മാനവിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന് വിളനിലമാകേണ്ട വിദ്യാഭ്യാസ പ്രക്രിയയുടെ അന്തസ്സിനെത്തന്നെയാണ്. സാഹോദര്യത്തെ സാധൂകരിക്കുന്ന സമത്വത്തിന്റെ അടിസ്ഥാന പ്രമാണമായ ജനാധിപത്യാവകാശങ്ങളെപ്പറ്റി അവബോധമില്ലാതെ വളരുന്ന വിദ്യാര്‍ത്ഥികളുടെ സാമൂഹ്യബോധം ഈവിധം അരാഷ്ട്രീയമായി അവസാനിക്കുമെന്നുറപ്പാണ്. പ്ലസ് ടു പൂര്‍ത്തിയാക്കി അടുത്തവര്‍ഷം സമ്മ തീദാനാവകാശ നിവര്‍ത്തിക്കായി ഒരുങ്ങുന്ന യുവതയുടെ നീതി, തുല്യത, സത്യസന്ധത, സഹിഷ്ണുത, സേവനസന്നദ്ധത, സംവാദക്ഷമത തുടങ്ങിയ ഭരണഘടനാമൂല്യങ്ങളിലെ പരിശീലനത്തെ ഈ ഒഴിവാക്കല്‍ അപൂര്‍ണ്ണമാക്കും. അതിലൂടെ രാഷ്ട്രീയ പ്രബുദ്ധതയും, സാമൂഹ്യപ്രതിബദ്ധതയും നഷ്ടപ്പെട്ട യുവത്വനിര്‍മ്മിതിക്കാണ് കളമൊരുങ്ങുന്നത്.

ജീവിതം എന്ത് പഠിപ്പിച്ചുവെന്ന ചോദ്യംപോലും പൂര്‍ണ്ണമാകുന്നത് സമൂഹത്തെ അതിനോടു ചേര്‍ത്ത് ചിന്തിക്കുമ്പോഴാണ്. സാമൂഹ്യപാഠം ജീവിതപാഠം തന്നെയാണ്. ഒഴിവാക്കരുത്, ഉള്‍ച്ചേര്‍ക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org