ഒരു വിവാഹത്തില്‍ എന്തിരിക്കുന്നു!

ഒരു വിവാഹത്തില്‍ എന്തിരിക്കുന്നു!
Published on

ഈയിടെയായിരുന്നു അംബാനി കുടുംബത്തിലെ ഒരു വിവാഹം. മാര്‍ച്ച് മാസത്തില്‍ ജാംനഗറിലും മെയ് മാസത്തില്‍ ഇറ്റലി-ഫ്രാന്‍സ് ക്രൂയിസ്ഷിപ്പ് പശ്ചാത്തലത്തിലും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍. ജൂലൈ 12 ന് മുംബൈയില്‍ മൂന്നു ദിവസങ്ങള്‍ നീണ്ട വിവാഹ ആഘോഷം. നരേന്ദ്രമോദി, ബില്‍ഗേറ്റ്‌സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, പോപ്പ് ഗായിക റിഹാന, ജസ്റ്റിന്‍ ബീബര്‍ തുടങ്ങി പ്രമുഖ രാഷ്ട്രീയ സിനിമ താര നിരകളുടെ ഒഴുക്ക്. അവരുടെ വരവും പോക്കും ആഹ്ലാദപ്രകടനങ്ങളും ഡാന്‍സുകളും നിമിഷങ്ങള്‍ക്കുള്ളില്‍ വാര്‍ത്തയായി മീഡിയ നിറയുന്നു. 2500 ലേറെ ഭക്ഷണവിഭവങ്ങള്‍, 5000 നെറ്റിപ്പട്ട ധാരികളായ ആനകള്‍, അതിലേറെ ഡ്രോണുകള്‍, വിദേശ സ്വദേശ പൂക്കള്‍, വസ്ത്രങ്ങള്‍, സമ്മാനകൈമാറ്റങ്ങള്‍, അവയുടെ വിവരണങ്ങള്‍ തുടങ്ങിയവ വൈറല്‍ അപ്‌ഡേറ്റ്‌സ്. വിവാഹത്തിന് 4000 മുതല്‍ 5000 കോടി വരെ ചെലവ് വരും എന്ന വാര്‍ത്തയും.

വിവാഹ ആര്‍ഭാടം ഇന്ത്യയില്‍ പുതിയ കാര്യമല്ല. ഒരു പരിധിവരെ സ്റ്റാറ്റസ് സിംബലാണു താനും! അതില്‍ എന്താണ് പ്രശ്‌നം? പ്രത്യേകിച്ച് വിവാഹം കഴിക്കുന്ന ആള്‍ ലോകത്തിലെ പ്രധാന ധനികരിലൊരാളാകുമ്പോള്‍. അവരുടെ വിശാലമായ പണവിനിയോഗത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ ഈ അതിശയം മാറിക്കിട്ടും എന്ന് ചിന്തിക്കുന്നവരുണ്ട്. ഇത്തരം പരിപാടികള്‍ അവരുടെ ബ്രാന്‍ഡിലും നെറ്റ്‌വര്‍ക്കിലു മുള്ള തന്ത്രപരമായ നിക്ഷേപമാണ് എന്ന് മനസ്സിലാക്കുന്നവരുമുണ്ട്. വ്യക്തിബന്ധങ്ങള്‍ക്കപ്പുറം ഇത്തരം അവസരം ബിസിനസ് ബന്ധം ഉറപ്പിക്കുന്നതിനും സ്വാധീനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും എന്ന് ധരിക്കുന്നവരുണ്ട്. എല്ലാത്തിലും ഉപരി ബിസിനസ് ലോകത്ത് അവരുടെ ഐശ്വര്യത്തിന്റെ അടയാളമായി ഇതിനെ മനസ്സിലാക്കുവാന്‍ കരുതിക്കൂട്ടി ആസൂത്രണം ചെയ്ത മാര്‍ക്കറ്റിംഗ് ആണെന്ന് പറയുന്നവരുണ്ട്. ഏതായാലും ലോക സാമ്പത്തിക ശ്രേണിയുടെ ഉന്നതിയില്‍ തുടരുവാന്‍ വിവാഹത്തെയും ആസൂത്രിതമായി കൈകാര്യം ചെയ്യേണ്ടി വരും എന്ന് രഹസ്യം പറയുന്നവരും ഉണ്ടാവാം. ഇത്രയും ചെലവ് വരുമ്പോള്‍ അത് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് തന്നെ വരുമെന്നും, തെരുവിലെ പൂക്കച്ചവടക്കാര്‍ മുതല്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ഏറ്റെടുത്തു നടത്തുന്നവര്‍ക്കുവരെ അതിന്റെ മെച്ചം ഉണ്ടാകും എന്നും കരുതുന്ന സാമ്പത്തിക വിദഗ്ധരും ഉണ്ടാവാം.

ഒരു വിവാഹത്തിന് 2500 ലേറെ ഭക്ഷണവിഭവങ്ങള്‍, 5000 നെറ്റിപ്പട്ട ധാരികളായ ആനകള്‍, അതിലേറെ ഡ്രോണുകള്‍, വിദേശ സ്വദേശ പൂക്കള്‍, വസ്ത്രങ്ങള്‍, സമ്മാനകൈമാറ്റങ്ങള്‍, അവയുടെ വിവരണങ്ങളടങ്ങിയ വൈറല്‍ മീഡിയ അപ്‌ഡേറ്റ്‌സ്. വിവാഹത്തിന് 4000 മുതല്‍ 5000 കോടി വരെ ചെലവ് വരും എന്ന വാര്‍ത്തയും.

50 ലക്ഷം രൂപ ആസ്തിയുള്ള ഒരു മധ്യവര്‍ഗ ഇന്ത്യക്കാരന്‍ 5 ലക്ഷം രൂപ അവന്റെ മകന്റെ വിവാഹത്തിന് ചെലവഴിച്ചാല്‍ ആരും അതില്‍ കുറ്റം കാണില്ല. 12,500 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള അംബാനി അതിന്റെ 5% പോലും ഈ വിവാഹത്തിനു ചെലവഴിച്ചു കാണില്ല എന്നുറപ്പാണ്. എല്ലാത്തിലും ഉപരി അവനവന്റെ പണം ഇഷ്ടമുള്ളതുപോലെ കൈകാര്യം ചെയ്യാമല്ലോ. അത് ഇന്ത്യന്‍ നിയമം അനുവദിക്കുന്നുമുണ്ട്.

നിയമപരമായി തെറ്റൊന്നും ഇല്ലെങ്കിലും ഇത്തരം ആഘോഷങ്ങളുടെ പ്രസക്തി ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഒരു സാമൂഹിക പ്രശ്‌നം എന്ന നിലയില്‍ മനസ്സിലാക്കപ്പെടുന്നത് ഉചിതമായിരിക്കും. 5,000 കോടി മുടക്കപ്പെടുന്ന ഈ വിവാഹം ഗൗരവമായി പരിഗണിക്കപ്പെടുന്നത് 2019 ലെ ഇന്ത്യയുടെ ആരോഗ്യ ബജറ്റില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഹെല്‍ത്ത് സെന്ററുകള്‍ക്കായി 1349 കോടി മാത്രമാണ് വകയിരുത്തിയിരുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ്. മാര്‍ച്ച് മാസത്തില്‍ ഈ വിവാഹത്തിന്റെ പ്രീ വെഡ്ഡിംഗിന് അതിഥികള്‍ക്ക് പറന്നിറങ്ങാന്‍ ജാംനഗര്‍ പരിസരത്തെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആയി പ്രഖ്യാപിക്കപ്പെട്ടുവെന്നതും കൗതുകം മാത്രമായി കണ്ടാല്‍ മതിയാകുമോ? അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ അധികാരവും ശക്തിയും സ്വാധീനവും ഒക്കെ എവിടെയിരിക്കുന്നു / ആരിലിരിക്കുന്നു എന്ന് ചിന്തിക്കുന്നവര്‍ക്ക്, സാമൂഹികനീതിയുടെ വിനിമയം എങ്ങനെ നടക്കുന്നുവെന്ന് ആലോചിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാകുന്ന കാര്യങ്ങള്‍ ഇതിലുണ്ട്. Oxfam പഠനമനുസരിച്ച് ഇന്ത്യയിലെ ധനികരായ ഒരു ശതമാനം ആളുകളാണ് ഇപ്പോള്‍ രാജ്യത്തിന്റെ 40% സമ്പത്ത് സ്വന്തമാക്കിയിരിക്കുന്നത്. താഴെത്തട്ടിലുള്ള 70 കോടി ജനങ്ങള്‍ കൈവശം വച്ചിരിക്കുന്നത് ആകെ സമ്പത്തിന്റെ മൂന്നു ശതമാനവും. അതേപഠനം അനുസരിച്ചു ലോകത്ത് ഏറ്റവും കൂടുതല്‍ ദരിദ്രര്‍ താമസിക്കുന്ന ഒരിടം കൂടിയാണ് ഇന്ത്യ (22.89 കോടി). താഴ്ന്ന വരുമാനം ഉള്ള 92 രാജ്യങ്ങളെ പഠിച്ചതനുസരിച്ച് സീറോ ഫുഡ് ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ (ആറുമാസത്തിനും 23 മാസത്തിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ ഒരു ദിവസമോ അതില്‍ കൂടുതലോ ഭക്ഷണമില്ലാതെ ഇവിടെ കഴിഞ്ഞുകൂടേണ്ടിവരുന്നു).

ഇത്തരം സാമ്പത്തിക പശ്ചാത്തലമുള്ള ഒരു സമൂഹത്തില്‍ വ്യവസായം നടത്തി പണം ഉണ്ടാക്കുന്ന വ്യക്തി എന്ന നിലയില്‍ ഈ സാമൂഹ്യവ്യവസ്ഥയ്ക്ക് എന്തു ഗുണം ഇത്തരം ആഡംബര വിവാഹങ്ങള്‍ കൊണ്ട് കിട്ടുന്നു എന്ന് ഗവണ്‍മെന്റിനും ജനങ്ങള്‍ക്കും ചിന്തിക്കാമല്ലോ? 3,000 സ്‌ക്വയര്‍ ഫീറ്റില്‍കൂടുതല്‍ അളവില്‍ വീട് പണിതാല്‍ ആഡംബര ടാക്‌സ് കൊടുക്കേണ്ടുന്ന ജനങ്ങള്‍ ഇവിടെയുണ്ട്. അതിനാല്‍ ഇത്തരം വിവാഹങ്ങള്‍ക്ക് ആഡംബര ടാക്‌സുകള്‍ ആകാം എന്ന് ഇനിയെങ്കിലും ഗവണ്‍മെന്റ് നിശ്ചയിച്ചാല്‍ അതില്‍ യുക്തിയുണ്ട്.

ഏഷ്യയിലെ ഏറ്റവും പ്രധാന വാര്‍ത്താ ഏജന്‍സികള്‍ ഓരോ മണിക്കൂറിലും വിവാഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് പുറത്തുവിടാന്‍ മത്സരിക്കുകയായിരുന്നു എന്നു പറഞ്ഞാല് അതില്‍ അതിശയോക്തിയില്ല. ഇതിന്റെ ഉപോല്‍പ്പന്നമാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിവാഹത്തിനുള്ള വാഴ്ത്തുപാട്ടുകളും വിവരണങ്ങളും ട്രോളുകളും. ഇതിനിടയില്‍ വിവാഹം നടന്ന മുംബൈയിലെ വെള്ളപ്പൊക്കം പോലും മുങ്ങിപ്പോയി. ആഘോഷിക്കപ്പെടേണ്ടതും, പക്വതയോടെ നോക്കി കാണേണ്ടതും തമ്മില്‍ തിരിച്ചറിയാന്‍ മാധ്യമങ്ങളും തയ്യാറാകണം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org